ഹൊവാർഡ് സിൻ
അമേരിക്കക്കാരനായ പ്രശസ്ത ചരിത്രകാരനും സാമൂഹ്യപ്രവർത്തകനുമായിരുന്നു ഹൊവാർഡ് സിൻ(ആഗസ്റ്റ് 24, 1922 – ജനുവരി 27, 2010).[2] പുകഴ്പെറ്റ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഇരുണ്ടവശം ചിത്രീകരിക്കുന്ന "അമേരിക്കൻ ഐക്യനാടുകളുടെ ജനകീയ ചരിത്രം" എന്ന കൃതിയിലൂടെയാണ് ഹൊവാർഡ് സിൻ ലോക പ്രശസ്തനാകുന്നത്. 1964 മുതൽ 1988 വരെ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ രാഷ്ട്രതന്ത്ര വിഭാഗം പ്രൊഫസറായിരുന്ന ഇദ്ദേഹം ചരിത്രകാരൻ, എഴുത്തുകാരൻ, നാടകകൃത്ത്, ബുദ്ധിജീവി, ഇടതുപക്ഷ അരാജകവാദ പ്രവർത്തകൻ എന്നിങ്ങനെ വിവിധ നിലകളിൽ പ്രസിദ്ധനായിരുന്നു. ജീവിതംഅമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിലെ ബ്രൂക്ലിൻ എന്ന സ്ഥലത്ത് ഒരു ജൂത - കുടിയേറ്റ കുടുംബത്തിൽ എഡ്ഢി സിന്നിന്റെയും ജെന്നി സിന്നിന്റെയും മകനായി ഹൊവാർഡ് സിൻ ആഗസ്റ്റ് 24, 1922 ന് ജനിച്ചു. മക്കളെ പോറ്റുന്ന ചെലവ് കണ്ടെത്താൻ ബുദ്ധിമുട്ടിയിരുന്ന, ഫാക്ടറി തൊഴിലാളികളായിരുന്ന, ഹൊവാർഡ് സിന്നിന്റെ മാതാപിതാക്കൾ വളരെ കഷ്ടപ്പെട്ടാണെങ്കിലും അദ്ദേഹത്തെ പഠിപ്പിച്ചു. രണ്ടാം ലോകമഹായുദ്ധത്തിൽ വ്യോമസേനയിലെ സേവനത്തിന് ശേഷം അദ്ദേഹം ന്യൂയോർക്ക് സർവ്വകലാശാലയിൽ നിന്ന് ചരിത്രത്തിൽ ബിരുദവും കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും ഗവേഷണ ബിരുദവും എടുത്തു. ഭാര്യ റോസ്ലിൻ സിൻ 2008 ൽ അന്തരിച്ചു. മകൾ മൈലാ കബത് സിൻ മകൻ ജെഫ് സിൻ. "അരാജകവാദത്തിന്റെ ചിലത്, സോഷ്യലിനത്തിന്റെ ചിലത്, ജനാധിപത്യ സോഷ്യലിസത്തിന്റെ അംശം " ഇവ തന്നിലുണ്ടെന്ന് സിൻ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. സാഹിത്യ സംഭാവനകൾപൌര സ്വാതന്ത്ര്യത്തെ കുറിച്ചും പൌരാവകാശത്തെക്കുറിച്ചും യുദ്ധക്കെടുതികളെകുറിച്ചും വിശദീകരിക്കുന്നലേഖനങ്ങളും നാടകങ്ങളുമായി ഇരുപതിലധികം പുസത്കങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. "ചലിക്കുന്ന ട്രെയിനിൽ നിങ്ങൾക്ക് നിഷ്പക്ഷനായിരിക്കാനാവില്ല" എന്ന അദ്ദേഹത്തിന്റെ സ്മരിണിക ഡോക്യുമെന്ററിയായിട്ടുണ്ട്. പൌരാവകാശങ്ങലെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ക്ലാസ്സുകൾ പ്രസിദ്ധങ്ങളായിരുന്നു. 1980 ൽ അദ്ദേഹം പ്രസിദ്ധീകരിച്ച അമേരിക്കൻ ഐക്യനാടുകളുടെ ജനകീയ ചരിത്രമാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ പുസ്തകം. അമേരിക്കയിലെ ആദിമ നിവാസികളെ യൂറോപ്യൻ അമേരിക്കൻ കയ്യേറ്റക്കാർ തകർത്തെറിഞ്ഞതിന്റെ ചരിത്രത്തോടൊപ്പം അമേരിക്കയിലെ അടിമകൾ അടിമത്തത്തിനെതിരായി നടത്തിയ, മുതലാളിത്തത്തിനെതിരായി തൊഴിലാളികൾ നടത്തിയ, സ്ത്രീകൾ പുരുഷമേധാവിത്വ ക്രമത്തിനെതിരെ നടത്തിയ, കറുത്തവർ വെള്ളക്കാർക്കെതിരെ നടത്തിയ നിരവധി സമരചരിത്രങ്ങൾ സിൻ തന്റെ ഈ പുസ്തകത്തിൽ വിവരിക്കുന്നു. സാമൂഹ്യ-രാഷ്ട്രീയ ഇടപെടലുകൾഫാസിസത്തിനെതിരായി പൊരുതുവാനുള്ള ആവേശം നിമിത്തം സിൻ അമേരിക്കൻ വ്യോമസേനയിൽ ചേരുകയും അതിലെ ബോംബിങ്ങ് സ്ക്വാഡിലെ അംഗമായി ഇരുന്നുകൊണ്ട് ബെർലിൻ, ചെക്കസ്ലോവാക്യ,ഹങ്കറി, റയാൻ തുടങ്ങിയ ഇടങ്ങളിൽ ബോംബ് വർഷിക്കുന്നതിൽ പങ്കാളിയാവുകയും ചെയ്തു. തന്റെ ഗവേഷണ ബിരുദാന്തര ഗവേഷണത്തിന്റെ ഭാഗമായി ഈ കൃത്യങ്ങളെക്കറിച്ച് പഠിക്കേണ്ടി വന്ന സിന്നിന് ഇതിൽ പശ്ചാത്താപം തോന്നുകയും യുദ്ധത്തിന്റെ രാഷ്ട്രീയത്തിന്റെ ഭീകരത വെളിപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ 'ചരിത്രത്തിന്റെ രാഷ്ട്രീയം' എന്ന കൃതി ഈ വിചിന്തനങ്ങളുടെ പ്രതിഫലനമാണ്. ഹിരോഷിമ-നാഗസാക്കി ആറ്റം ബോംബ് വർഷം, വിയറ്റ്നാം, അഫ്ഗാൻ, ഇറാക്ക് യുദ്ധങ്ങൾ തുടങ്ങിയവയെ എല്ലാം അപലപിക്കാനും യുദ്ധവിരുദ്ധ പ്രസ്ഥാനത്തിന് ശക്തിപകരാനും ഈ അനുഭവങ്ങൾ അദ്ദേഹത്തിന്റെ കരുത്തായി. നോം ചോംസ്കി അടക്കമുള്ള പ്രസിദ്ധരായ പല ചിന്തകർക്കും പ്രചോദനമായി വർത്തിക്കാനും ഹൊവാർഡ് സിന്നിന് കഴിഞ്ഞിട്ടുണ്ട്. അവലംബം
|