ഹൊവാർഡ് ഫ്ലോറി
ഹോവാർഡ് വാൾട്ടർ ഫ്ലോറി, ബാരൻ ഫ്ലോറി ഓഫ് അഡ്‌ലെയ്ഡ് ആന്റ് മാർസ്റ്റൺ OM FRS (ജീവിതകാലം: 24 സെപ്റ്റംബർ 1898 – 21 ഫെബ്രുവരി 1968) പെനിസിലിന്റെ വികസനത്തിൽ പങ്കുവഹിച്ചതിന്റെ പേരിൽ സർ ഏണസ്റ്റ് ചെയിൻ, സർ അലക്സാണ്ടർ ഫ്ലെമിംഗ് എന്നിവരുമായി 1945 ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം പങ്കിട്ട ഒരു ഓസ്ട്രേലിയൻ ഔഷധശാസ്‌ത്രജ്ഞനും രോഗലക്ഷണശാസ്‌ത്രജ്ഞനുമായിരുന്നു. പെനിസിലിൻ കണ്ടെത്തിയതിന്റെ ബഹുമതിയിൽ ഏറിയപങ്കും അലക്സാണ്ടർ ഫ്ലെമിംഗിന് ലഭിച്ചിട്ടുണ്ടെങ്കിലും, 1941 ൽ ഓക്‌സ്‌ഫോർഡിലെ റാഡ്‌ക്ലിഫ് ഇൻഫർമറിയിൽ ആദ്യത്തെ രോഗിയായ ഓക്‌സ്‌ഫോർഡ് സ്വദേശിയായ ഒരു പോലീസ് ഉദ്യോഗസ്ഥനിൽ പെനിസിലിന്റെ ആദ്യ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തിയത് ഫ്ലോറിയായിരുന്നു. രോഗി സുഖം പ്രാപിക്കാൻ തുടങ്ങിയെങ്കിലും പിന്നീട് അക്കാലത്തെ സാഹചര്യത്തിൽ ആവശ്യത്തിന് പെനിസിലിൻ ഫ്ലോറിക്ക് ഉത്പാദിപ്പിക്കാൻ കഴിയാതിരുന്നതിനാൽ രോഗി മരണമടഞ്ഞു. ഫ്ലോറിയും ഏണസ്റ്റ് ചെയിനും തന്നെയാണ് ഏറെ ബുദ്ധിമുട്ടുള്ളതിന്റെപേരിൽ ഏറെക്കുറെ ഉപേക്ഷിക്കപ്പെട്ട ഈ സംരംഭത്തിൽനിന്ന് ഉപയോഗപ്രദവും ഫലപ്രദവുമായ ഒരു മരുന്ന് നിർമ്മിച്ചത്. ഫ്ലെമിംഗിന്റെയും ഏണസ്റ്റ് ചെയിന്റെയും കണ്ടെത്തലുകൾക്കൊപ്പമുള്ള ഫ്ലോറിയുടെ കണ്ടെത്തലുകളുടെ പേരിൽ 200 ദശലക്ഷത്തിലധികം[4] മനുഷ്യ ജീവൻ രക്ഷിക്കപ്പെട്ടുവെന്ന് കണക്കാക്കപ്പെടുന്നതിനാൽ അദ്ദേഹത്തെ ഓസ്‌ട്രേലിയൻ ശാസ്ത്ര-മെഡിക്കൽ സമൂഹം അതിന്റെ ഏറ്റവും വിശിഷ്ട വ്യക്തികളിലൊരാളായി കണക്കാക്കുന്നു. ഓസ്‌ട്രേലിയയിലെ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച പ്രധാനമന്ത്രി സർ റോബർട്ട് മെൻസീസ് പറഞ്ഞത്, “ലോക ക്ഷേമത്തിന്റെ കാര്യത്തിൽ, ഓസ്‌ട്രേലിയയിൽ ജനിച്ച ഏറ്റവും പ്രധാനപ്പെട്ട മനുഷ്യൻ ഫ്ലോറി ആയിരുന്നു” എന്നാണ്.[5] ആദ്യകാലവും വിദ്യാഭ്യാസവുംതെക്കൻ ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡിന്റെ തെക്കൻ പ്രാന്തപ്രദേശമായ മാൽവെണിൽ മാതാപിതാക്കളുടെ മൂന്ന് മക്കളിൽ ഇളയവനും ഏക മകനുമായാണ് ഹോവാർഡ് ഫ്ലോറി ജനിച്ചത്.[6] അദ്ദേഹത്തിന്റെ പിതാവ് ജോസഫ് ഫ്ലോറി ഒരു ഇംഗ്ലീഷ് കുടിയേറ്റക്കാരനും മാതാവ് ബെർത്ത മേരി വാധാം ഒരു രണ്ടാം തലമുറ ഓസ്‌ട്രേലിയക്കാരിയും ആയിരുന്നു.[7]:255 ഫ്ലോറിയുടെ വിദ്യാഭ്യാസം കൈർ കോളേജ് പ്രിപ്പറേറ്ററി സ്കൂളിലും (ഇപ്പോൾ സ്കോച്ച് കോളേജ്) അഡ്ലെയ്ഡിലെ സെന്റ് പീറ്റേഴ്സ് കോളേജിലുമായിരുന്നു. അവിടെ അദ്ദേഹം ഗണിതശാസ്ത്രത്തിലൊഴിച്ച് രസതന്ത്രത്തിലും ഭൗതികശാസ്ത്രത്തിലും മികവ് പുലർത്തി. സ്കൂളിനായി ക്രിക്കറ്റ്, ഫുട്ബോൾ, അത്‌ലറ്റിക്സ്, ടെന്നീസ് തുടങ്ങി വിവിധ കായിക ഇനങ്ങളിലും അദ്ദേഹം തിളങ്ങിയിരുന്നു. 1917 മുതൽ 1921 വരെ അഡ്ലെയ്ഡ് സർവകലാശാലയിൽ വൈദ്യശാസ്ത്രം പഠിച്ച അദ്ദേഹത്തിന്ഒരു പൂർണ്ണ സംസ്ഥാന സ്കോളർഷിപ്പ് നൽകപ്പെട്ടു. സർ ചാൾസ് സ്കോട്ട് ഷെറിംഗ്ടണിന്റെ കീഴിൽ റോഡ്‌സ് സ്കോളറായി ഓക്സ്ഫോർഡിലെ മഗ്ദാലൻ കോളേജിൽ പഠനം തുടർന്ന ഫ്ലോറി 1924 ൽ അവിടെനിന്ന് ബി.എ.യും 1935 ൽ എം.എ.യും നേടി. 1925 ൽ കേംബ്രിഡ്ജ് സർവകലാശാലയിൽ ചേരുന്നതിനായി ഓക്സ്ഫോർഡ് വിട്ട സമയത്ത് അദ്ദേഹം റോക്ക്ഫെല്ലർ ഫൌണ്ടേഷനിൽ നിന്ന് ഫെലോഷിപ്പ് നേടി പത്തുമാസം അമേരിക്കൻ ഐക്യനാടുകളിൽ പഠനം നടത്തി. 1926 ൽ ഇംഗ്ലണ്ടിലേക്ക് മടങ്ങിയ അദ്ദേഹം കേംബ്രിഡ്ജിലെ ഗോൺവില്ലെ ആന്റ് കയൂസ് കോളേജിൽ ഫെലോഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ഒരു വർഷത്തിനുശേഷം പി.എച്ച്.ഡി. ബിരുദം നേടുകയും ചെയ്തു. സ്വകാര്യജീവിതംഅഡ്ലെയ്ഡ് സർവകലാശാലയിൽ വച്ച് കണ്ടുമുട്ടിയ മെഡിക്കൽ വിദ്യാർത്ഥിനിയായ എഥേൽ റീഡ് (മേരി എഥേൽ ഹെയ്റ്റർ റീഡ്) പിൽക്കാലത്ത് അദ്ദേഹത്തിന്റെ പത്നിയും ഗവേഷണ സഹപ്രവർത്തകയുമായി. പക്വിറ്റ മേരി ജോവാന, ചാൾസ് ഡു വി അവർക്ക് രണ്ട് കുട്ടികളാണ് അവർക്കുണ്ടായിരുന്നത്. എഥേലിന്റെ മരണശേഷം, 1967 ൽ തന്റെ ദീർഘകാല സഹപ്രവർത്തകയും ഗവേഷണ സഹായിയുമായിരുന്ന മാർഗരറ്റ് ജെന്നിംഗ്സിനെ (1904–1994) അദ്ദേഹം വിവാഹം കഴിച്ചു. 1968 ൽ ഹൃദയാഘാതത്തെത്തുടർന്ന് മരണമടഞ്ഞ അദ്ദേഹത്തന് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ അനുസ്മരണ ശുശ്രൂഷ നൽകി ആദരിച്ചിരുന്നു. അവലംബം
|