2024ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ഒരു ദക്ഷിണ കൊറിയൻ എഴുത്തുകാരിയാണ് ഹാൻ കാങ് (Hangul: 한강; born November 27, 1970).[1] കാങിന്റെ ദ വെജിറ്റേറിയൻ എന്ന നോവൽ 2016 ലെ മാൻ ബുക്കർ പുരസ്‌കാരത്തിന് അർഹമായി. [2] മാംസാഹാരം കഴിയ്ക്കുന്നത് നിറുത്തിയ ഒരു സ്ത്രീയുടെ അവസ്ഥാന്തരം ആണ് ഈ നോവലിന്റെ പ്രതിപാദ്യം. ഇംഗ്ലീഷിലേയ്ക്ക് തർജമ ചെയ്യപ്പെട്ട ഇവരുടെ ആദ്യ പുസ്തകമാണിത്.
ജീവിതരേഖ
ഹാൻ സ്യൂങ്-വോൻ എന്ന കൊറിയൻ നോവലിസ്റ്റിന്റെ മകളാണ് ഇവർ.[3] ദക്ഷിണകൊറിയയിലെ ഗ്വാൻഗ്ജു എന്ന നഗരത്തിലാണ് ഇവർ ജനിച്ചത്. പത്തു വയസ്സായപ്പോഴേയ്ക്കും സുയുരി എന്ന നഗരത്തിലേയ്ക്ക് മാറി. യോൻസെയ് സർവകലാശാലയിൽ കൊറിയൻ സാഹിത്യം പഠിച്ചു.[4] അവരുടെ സഹോദരനായ ഹാൻ ഡോങ് റിം'ഉം ഒരു എഴുത്തുകാരനാണ്. ലിറ്റെറേചർ ആൻഡ് സൊസൈറ്റി എന്ന മാസികയിൽ തന്റെ ഒരു കവിത പ്രസിദ്ധീകരിച്ചു കണ്ടതോടെയാണ് അവർ എഴുത്ത് ഗൌരവമായി എടുത്തുതുടങ്ങിയത്. അടുത്ത വർഷം അവരുടെ ദി സ്കാർലെറ്റ് ആങ്കർ എന്ന ചെറുകഥ സിയൂൾ ആസ്ഥാനമായ ഷിൻമുൻ ദിനപത്രത്തിന്റെ എഴുത്തുമത്സരത്തിൽ ഒന്നാം സമ്മാനം നേടി. തുടർന്ൻ 2005 ൽ യി സാങ് സമ്മാനവും അതിനുശേഷം ടുഡേ'സ് യങ് ആർടിസ്റ്റ്, കൊറിയൻ ലിറ്റെറേചർ നോവൽ അവാർഡ് എന്നിവയും നേടി. ഇപ്പോൾ(2018 ൽ) അവർ സീയൂൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ്സ്'ൽ ക്രിയേറ്റിവ് റൈറ്റിങ്ങ്'ന്റെ പ്രൊഫസർ ആയി ജോലി നോക്കുന്നു.[5]
തനിയ്ക്ക് ഇടയ്ക്കിടയ്ക്ക് അനുഭവപ്പെടാറുള്ള ചെന്നിക്കുത്ത് തന്റെ സാഹിത്യജീവിതത്തിൽ നല്ലൊരു സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നാണ് ഇവരുടെ അഭിപ്രായം. യഥാർത്ഥത്തിൽ താൻ ഒരു നോവലിസ്റ്റ് ആകാൻ കാരണം ഇടയ്ക്കിടയ്ക്കുള്ള ഈ ചെന്നിക്കുത്ത് ആണെന്നാണ് അവർ പറയുന്നത്.[6]
സൃഷ്ടികൾ
ഹാൻ കാങ്ങ്'ന്റെആദ്യകൃതി എ ലവ് ഓഫ് യീസു 1995 ൽ പ്രസിധീകരിയ്ക്കപ്പെട്ടു. സൂക്ഷ്മതയും കയ്യടക്കവുമുള്ള ആഖ്യാനം ഈ കൃതി ശ്രദ്ധിയ്ക്കപ്പെടാൻ ഇടയാക്കി.[7] അമിതമായി കീബോർഡിൽ ടൈപ്പ് ചെയ്ത് കൈകൾക്ക് പരിക്ക് പറ്റിയതുമൂലം ദി വെജിറ്റേറിയൻ, അതിനോട് ബന്ധപ്പെട്ട മംഗോളിയൻ മാർക്ക് എന്നീ പുസ്തകങ്ങൾ അവർ കൈ കൊണ്ട് എഴുതുകയായിരുന്നു.
[8]
അവരുടെ കോളേജ് ജീവിതത്തിനിടയ്ക്ക് കൊറിയൻ കവിയായ യി സാങ്'ന്റെ ഒരു വരിയിൽ അവർ അത്യധികം ആകൃഷ്ടയായിരുന്നു എന്നു പറയപ്പെടുന്നു. "മനുഷ്യർ വൃക്ഷങ്ങൾ ആകെണ്ടിയിരിയ്ക്കുന്നു എന്നാണെനിയ്ക്കു തോന്നുന്നത്" എന്നതായിരുന്നു ഈ വരി.[3] കൊളോണിയൽ കാലഘട്ടത്തിലെ ആക്രമങ്ങൾക്കെതിരെയുള്ള ഒരു ചെരുത്തുനിൽപ്പായാണ് അവർ ഈ വരികളെ കണ്ടിരുന്നത്. ദി വെജിറ്റേറിയൻ എന്ന പുസ്തകം ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് എഴുതിയതാണ്. ഇംഗ്ലീഷിലേയ്ക്ക് തർജമ ചെയ്യപ്പെട്ട അവരുടെ ആദ്യപുസ്തകം ഇതാണെങ്കിലും ഡെബോറ സ്മിത്ത് ഈ പുസ്തകം തർജമ ചെയ്യുമ്പോഴേയ്ക്കും ഇവർ കൊറിയയ്ക്ക് പുറത്തും പ്രശസ്തയായി തുടങ്ങിയിരുന്നു.[9] തർജമയിൽ പല തെറ്റുകളും കണ്ടതിനെ തുടർന്ൻ ചില വിവാദങ്ങൾ ഉണ്ടായി. സ്മിത്ത് ചില സംഭാഷണങ്ങൾ തെറ്റായ കഥാപാത്രങ്ങളുടെ പേരിൽ ആണ് എഴുതിയതെന്നു പറയപ്പെടുന്നു. എന്തായാലും തർജമ ചെയ്ത പുസ്തകത്തിന് രണ്ടു പേർക്കും സംയുക്തമായി 2016 ലെ മാൻ ബുക്കർ സമ്മാനം ലഭിച്ചു.
കൊറിയയിൽ പ്രസിദ്ധീകരിയ്ക്കപ്പെട്ട അവരുടെ പ്രധാന രചനകൾ ഫ്രൂട്സ് ഓഫ് മൈ വുമൻ (2000), ഫയർ സലമാണ്ടെർ (2012), ദി ബ്ലാക്ക് ഡീർ (1998), യുവർ കോൾഡ് ഹാൻഡ് (2002), ദി വെജിറ്റേറിയൻ (2007), ബ്രീത്ത് ഫൈറ്റിങ് (2010), ഗ്രീക്ക് ലെസ്സൻസ് (2011), ഹുമൻ ആക്ട്‌സ് (2014), വൈറ്റ് ബുക്ക് (2016) എന്നിവയാണ്.
അവർ സംഗീത'രചനയിലും തൻറെ കഴിവ് തെളിയിച്ചിട്ടുണ്ട്. അതോടൊപ്പം ചിത്രകലയിലും താല്പര്യമുണ്ട്. ഈ താല്പര്യം അവരുടെ പല പുസ്തകങ്ങളിലും പ്രതിഫലിയ്ക്കുന്നുണ്ട്.[4]
ഹാൻ'ന്റെ "ബേബി ബുദ്ധ" എന്ന ലഘുനോവെലിനാണ് 1999 ലെ കൊറിയൻ നോവൽ അവാർഡ് ലഭിച്ചത്. 2000 ലെ ടുഡേ'സ് യങ് ആർടിസ്റ്റ് അവാർഡും 2005 ലെ യീ സാങ് ലിറെറററി അവാർഡും അവർക്ക് ലഭിച്ചു. ബേബി ബുദ്ധ, ദി വെജിറ്റേറിയൻ എന്നീ പുസ്തകങ്ങൾ ചലച്ചിത്രങ്ങളാക്കി മാറ്റിയിട്ടുണ്ട്. ബുസാൻ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ ഇത് നിരൂപകശ്രദ്ധ നേടി.[10]
മംഗോളിയൻ മാർക്ക് എന്ന കൃതിയ്ക്ക് 2005 ലെ യീ സാങ് അവാർഡ് ലഭിച്ചു. എന്നാൽ ഇതിന്റെ ബാക്കി ഭാഗങ്ങളായി ഉദ്ദേശിച്ചിരുന്ന ദി വെജിറ്റേറിയൻ, ഫയർ ട്രീ എന്നിവ പ്രസാധകരുമായുള്ള തർക്കങ്ങൾ മൂലം പുറത്തിറങ്ങാൻ വൈകി.[3] ഹാൻ കാങ്'ന്റെ ഏറ്റവും അടുത്തിറങ്ങിയ ദി വൈറ്റ് ബുക്ക് എന്ന പുസ്തകം ആത്മകഥാപരമാണ്. ഇത് പ്രധാനമായും ജനിച്ചു രണ്ടു മണിക്കൂറിനുള്ളിൽ തന്നെ മരിച്ചു പോയ അവരുടെ മൂത്ത സഹോദരിയെപ്പറ്റിയാണ്.[11]
↑Korean Writers: The Novelists, Minumsa Publishing p. 78
↑Montgomery, Charles (15 November 2015). "Review of Han Kang's (한강) "The Vegetarian"". www.ktlit.com. KTLit. Retrieved 7 April 2016. Kang revealed in an interview at the Seoul ABC book club (7 November 7, 2015) that she wrote this work in longhand, because too much keyboarding had injured her wrist.