ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യകാല രാഷ്ട്രീയ നേതാക്കളിലൊരാൾ ആയിരുന്നു സുരേന്ദ്രനാഥ് ബാനർജി (10 നവംബർ 1848 – 6 ഓഗസ്റ്റ് 1925).[1] ഇന്ത്യൻ നാഷണൽ അസ്സോസ്സിയേഷൻ എന്ന രാഷ്ട്രീയ സംഘടന കെട്ടിപ്പടുത്തത് സുരേന്ദ്രനാഥ ബാനർജി ആയിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പതിനൊന്നാമത് ദേശീയ പ്രസിഡന്റായിരുന്നു സുരേന്ദ്രനാഥ ബാനർജി.[2][3] സുരേന്ദ്രനാഥ ബാനർജിയെ അദ്ദേഹത്തോടുള്ള ബഹുമാനസൂചകമായി രാഷ്ട്രഗുരു എന്നും വിശേഷിപ്പിക്കാറുണ്ട്.
ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാൾ പ്രവിശ്യയിലുള്ള കൽക്കട്ടയിലെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ബാനർജി ജനിച്ചത്.[4] പിതാവ് ദുർഗാ ചരൺ ബാനർജി ഒരു ഭിഷഗ്വരനായിരുന്നു. പുരോഗമനാശയക്കാരനായിരുന്ന പിതാവിന്റെ പാത പിന്തുടരാനായിരുന്നു സുരേന്ദ്രനാഥ് ആഗ്രഹിച്ചത്. തന്റെ ഗ്രാമത്തിലെ തന്നെ ഒരു പാഠശാലയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1868 ൽ കൽക്കട്ട സർവ്വകലാശാലക്കു കീഴിലുള്ള ഡോവ്ടൺ കോളേജിൽ നിന്നും അദ്ദേഹം ബിരുദം പൂർത്തിയാക്കി.[5] ഇന്ത്യൻ സിവിൽ സർവീസ് കരസ്ഥമാക്കുന്നതിനു വേണ്ടി 1868 ൽ ബാനർജി ഇംഗ്ലണ്ടിലേക്കു യാത്ര തിരിച്ചു. പഠനം പൂർത്തിയാക്കിയെങ്കിലും, പ്രായം കൂടുതലാണെന്നു പറഞ്ഞ് അദ്ദേഹത്തിനെ പരീക്ഷ എഴുതിക്കാൻ സിവിൽ സർവ്വീസ് കമ്മീഷണർ തയ്യാറായില്ല. ലണ്ടനിലെ രാജ്ഞിയുടെ കോടതിയിൽ അദ്ദേഹം പരാതി നൽകുകയും, പരാതിയുടെ അടിസ്ഥാനത്തിൽ ബാനർജിയെ പരീക്ഷയെഴുതിക്കുകയും അദ്ദേഹം സിവിൽ സർവ്വീസ് പരീക്ഷ ജയിക്കുകയും ചെയ്തു.[6]
1871 സിവിൽ സർവ്വീസ് പരീക്ഷ ജയിച്ച ബാനർജി, സിൽഹട്ട് എന്ന സ്ഥലത്ത് അസിസ്റ്റന്റ് മജിസ്ട്രേട്ടായി നിയോഗിക്കപ്പെട്ടു. എന്നാൽ രണ്ടു വർഷങ്ങൾക്കു ശേഷം അദ്ദേഹത്തെ സിവിൽ സർവ്വീസിൽ നിന്നും നീക്കം ചെയ്തു. ഇതിനെക്കുറിച്ചുള്ള തന്റെ പരാതി ബാനർജി ലണ്ടനിൽ നേരിട്ടു പോയി സമർപ്പിച്ചുവെങ്കിലും, ഇത്തവണ അദ്ദേഹത്തിനു കേസ് ജയിക്കാനായില്ല. 1876 ൽ ബാനർജി തിരികെ ഇന്ത്യയിലേക്കു വരുകയും, മെട്രോപോളിറ്റൻ ഇൻസ്റ്റിറ്റ്യൂഷനിൽ പ്രൊഫസറായി തന്റെ അദ്ധ്യാപന ജീവിതം ആരംഭിക്കുകയും ചെയ്തു.[7] 1881 ൽ ബാനർജി ഫ്രീ ചർച്ച് കോളേജിൽ ഇംഗ്ലീഷ് സാഹിത്യവിഭാഗത്തിൽ പ്രൊഫസറായി ജോലിയിൽ പ്രവേശിച്ചു. 1875 മുതൽ 1912 വരെ നീണ്ട 37 വർഷത്തോളം അദ്ദേഹം അദ്ധ്യാപനരംഗത്ത് സ്വയം സമർപ്പിച്ചിരിക്കുകയായിരുന്നു.[8]
1875 ൽ തന്നെ ബാനർജി രാഷ്ട്രീയപ്രവർത്തനങ്ങളിൽ ഭാഗഭാക്കായിരുന്നു. 1876 ജൂലൈ 26ന് അദ്ദേഹം ഇന്ത്യൻ അസ്സോസ്സിയേഷൻ എന്ന സംഘടനക്ക് രൂപം നൽകി. പതിനെട്ടാം നൂറ്റാണ്ടിന്റെ രാഷ്ട്രീയത്തിൽ ഇന്ത്യൻ അസ്സോസ്സിയേഷന് ഒരു സുപ്രധാന സ്ഥാനമുണ്ടായിരുന്നു.[9] അദ്ദേഹം കൽക്കട്ടാ മുനിസിപ്പാലിറ്റിയിലേക്ക് ഒരു തവണ തിരഞ്ഞെടുക്കപ്പെട്ടു.[10] കൂടാതെ ബംഗാൾ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നാലു തവണയും തിരഞ്ഞെടുക്കപ്പെട്ടു.[11]
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സ്ഥാപകാംഗങ്ങളിൽ ഒരാൾ കൂടിയായിരുന്നു ബാനർജി. രണ്ടു തവണ ബാനർജി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1895 ലെ പൂനെ സമ്മേളനത്തിലും, 1902 ലെ അഹമ്മദാബാദ് സമ്മേളനത്തിലുമാണ് അദ്ദേഹം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.[12]
{{cite web}}