ഇന്ത്യയിലെ ഒരു പ്രമുഖ ഒബ്സ്ട്രെട്രീഷ്യനും ഗൈനക്കോളജിസ്റ്റുമായിരുന്നു ഡോ. സുബോധ് മിത്ര എം.ഡി., എഫ്.ആർ.സി.എസ്., എഫ്.ആർ.സി.ഒ.ജി. (1896-1961).[1] സെർവിക്കൽ ക്യാൻസറിനുള്ള "മിത്ര ഓപ്പറേഷന്റെ" സ്ഥാപകനാണ് അദ്ദേഹം.
1896 നവംബർ 1 ന് ജെസ്സോറിൽ (ഇപ്പോൾ ബംഗ്ലാദേശിൽ) ജനിച്ചു. 1922-ൽ അദ്ദേഹം കൽക്കട്ട സർവകലാശാലയിൽ നിന്ന് ബിരുദം നേടി. ബിരുദ വിദ്യാർത്ഥിയായിരിക്കെ സ്ത്രീ രോഗികളുടെ അവസ്ഥ കണ്ട അദ്ദേഹം ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി തന്റെ കരിയറായി സ്വീകരിച്ചു. ജർമ്മനിയിൽ പോയി 2 വർഷത്തിനുള്ളിൽ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. 1924-ൽ ബെർലിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ഡി നേടി. എഡിൻബർഗിൽ പോയി 1925-ൽ റോയൽ കോളേജ് ഓഫ് സർജൻസിന്റെ (എഫ്.ആർ.സി.എസ്.) ഫെല്ലോഷിപ്പും 1928-ൽ എഫ്.ആർ.സി.ഒ.ജി.യും നേടി.
സെർവിക്കൽ ക്യാൻസർ ശസ്ത്രക്രിയയിൽ ഡോ. മിത്ര ഒരു സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തു. അദ്ദേഹത്തിന്റെ സാങ്കേതികത ലോകമെമ്പാടും പ്രശംസിക്കപ്പെട്ടു. കാൻസർ സെർവിക്സ് ഓപ്പറേഷനായി ഡോ. എസ്. മിത്ര വികസിപ്പിച്ചെടുത്ത എക്സ്റ്റൻഡഡ് റാഡിക്കൽ വജൈനൽ ഹിസ്റ്റെരെക്ടമി വിത്ത് എക്സ്ട്രാപെരിറ്റോണിയൽ ലിംഫഡെനെക്ടമി എന്ന സാങ്കേതികത ബ്രിട്ടീഷ്, അമേരിക്കൻ, ജർമ്മൻ ഗൈനക്കോളജിക്കൽ കോൺഫറൻസുകളിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 1952-ൽ അദ്ദേഹം വിയന്നയിൽ ഈ വിദ്യ പ്രദർശിപ്പിച്ചു. ചാൾസ് സി. തോമസ്, യു.എസ്.എ., റയേഴ്സൺ പ്രസ്, ടൊറന്റോ, ബ്ലാക്ക്വെൽ സയന്റിഫിക് പബ്ലിക്കേഷൻസ്, ഓക്സ്ഫോർഡ് എന്നിവ ഒരേസമയം "മിത്ര ഓപ്പറേഷൻ ഫോർ സെർവിക്സ് ക്യാൻസർ" എന്ന മോണോഗ്രാഫിൽ പ്രസിദ്ധീകരിച്ചു.