സുനിൽ ഗാവസ്കർ
ഇന്ത്യക്ക് ലോകപ്രശസ്തി നേടിക്കൊടുത്ത ക്രിക്കറ്റ് താരങ്ങളിലൊരാളാണ് സുനിൽ മനോഹർ ഗാവസ്കർ (ജനനം: 10 ജൂലൈ 1949). ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് നേടിയ ആദ്യത്തെ ബാറ്റ്സ്മാനാണ് ഗാവസ്കർ. 1971 മുതൽ 1987 വരെ ഇന്ത്യയെയും മുംബൈയെയും പ്രതിനിധീകരിച്ചിരുന്ന ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനാണ്.[1] എക്കാലത്തെയും മികച്ച ഓപ്പണിംഗ് ബാറ്റ്‌സ്മാൻമാരിൽ ഒരാളായാണ് ഗവാസ്‌കർ പരക്കെ അംഗീകരിക്കപ്പെടുന്നത്. അദ്ദേഹം മുംബൈയിൽ 1949 ജുലൈ 10-ന് ജനിച്ചു. 1967-ൽ ക്രിക്കറ്റ് മത്സരങ്ങളിൽ പങ്കെടുത്തുതുടങ്ങി. 1971-ൽ ടെസ്റ്റ് മത്സരങ്ങളിൽ കളിച്ചുതുടങ്ങിയ അദ്ദേഹം ഏഴു കൊല്ലം കഴിഞ്ഞപ്പോൾ ഇന്ത്യൻ ടീമിൻറെ ക്യാപ്റ്റനായി. 125 ടെസ്റ്റുകളിൽ പങ്കെടുത്ത് 34 സെഞ്ചുറികൾ ഉൾപ്പെടെ 10,122 റൺസ് നേടിയ അദ്ദേഹം 1987 നവംബർ 5-ന് ടെസ്റ്റ് ക്രിക്കറ്റ് രംഗത്തുനിന്നു വിരമിച്ചു. 1975-ൽ അർജ്ജുനാ അവാർഡ് നേടിയ അദ്ദേഹം ഗ്രന്ഥകാരനും കൂടിയാണ്. 1980-ൽ ഗവാസ്കറിനു പത്മഭൂഷൺ അവാർഡ് ലഭിച്ചു. ക്രിക്കറ്റിൽ നിന്നു വിരമിച്ചിട്ടും ഗവാസ്കർ അതിൽതന്നെ മറ്റുപല നിലയിലും തുടർന്നു. കമൻറേറ്റർ, എഴുത്തുകാരൻ, വിവിധ സാങ്കേതിക സമിതികളിലെ അംഗം, യുവകളിക്കാരുടെ ഉപദേഷ്ടാവ് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചുവരുന്നു. ഇന്ത്യൻ ക്രിക്കറ്റ് കളിക്കാർക്ക് “ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ”(ബി.സി.സി.ഐ)യിൽനിന്നു സാമ്പത്തിക അവകാശങ്ങൾ നേടിക്കൊടുക്കുന്നതിൽ ഗവാസ്കർ വലിയ പങ്കുവഹിച്ചു. ഇന്ത്യൻ കായിക ബഹുമതിയായ അർജ്ജുന അവാർഡും പത്മഭൂഷൺ എന്ന സിവിലിയൻ ബഹുമതിയും ഗവാസ്‌ക്കറിന് ലഭിച്ചിട്ടുണ്ട്.[2] 2009-ൽ ഐസിസി ക്രിക്കറ്റ് ഹാൾ ഓഫ് ഫെയിമിൽ അദ്ദേഹത്തെ ഉൾപ്പെടുത്തി.[3] 2012-ൽ, ഒരു മുൻ കളിക്കാരന് ബിസിസിഐ നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയായ സി.കെ. നായിഡു ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ് അദ്ദേഹത്തിന് ലഭിച്ചു.[4][5] ഗവാസ്‌കറിനെ അദ്ദേഹത്തിന്റെ ആരാധകരും സഹ ക്രിക്കറ്റ് കളിക്കാരും സണ്ണി എന്ന് വിളിക്കുന്നു.[1] കരിയറിനു ശേഷമുള്ള ജീവിതംവിരമിച്ചതിന് ശേഷം, അദ്ദേഹം ടിവിയിലും അച്ചടി മാദ്ധ്യമങ്ങളിലും ഒരു ജനപ്രിയ കമന്റേറ്ററാണ്. 1987-ൽ, പ്രിൻസ് എഡ്വേർഡ് യുണൈറ്റഡ് കിംഗ്ഡത്തിന്റെ ചാരിറ്റി ടെലിവിഷൻ സ്പെഷ്യൽ ആയ ദി ഗ്രാൻഡ് നോക്കൗട്ട് ടൂർണമെന്റ് എന്ന പരിപാടിയിൽ അദ്ദേഹം പങ്കെടുത്തു. 2003-ൽ, MCC സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് കൗഡ്രി പ്രഭാഷണം നടത്തുന്ന ആദ്യ ഇന്ത്യക്കാരനായി അദ്ദേഹം മാറി.[6] 2004-ൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ആഭ്യന്തര പരമ്പരയിൽ അദ്ദേഹം ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ ഉപദേശകനായി പ്രവർത്തിച്ചു.[7] കമന്റേറ്റർ അല്ലെങ്കിൽ കമ്മിറ്റി ചെയർമാൻ എന്നിവയിലൊന്ന് തിരഞ്ഞെടുക്കാൻ നിർബന്ധിതനാകുന്നതുവരെ അദ്ദേഹം ഐസിസി ക്രിക്കറ്റ് കമ്മിറ്റിയുടെ ചെയർമാനായിരുന്നു.[8] ഒരു ബ്രോഡ്കാസ്റ്റർ എന്ന നിലയിൽ തന്റെ കരിയർ തുടരുന്നതിനായി അദ്ദേഹം കമ്മിറ്റിയിൽ നിന്ന് പുറത്തുപോയി.[9] മൻസൂർ അലി ഖാൻ പട്ടൗഡി സ്മാരക പ്രഭാഷണം 2013 ഫെബ്രുവരി 20-ന് ചെന്നൈയിലെ താജ് കോറമാണ്ടലിൽ വെച്ച് ഗവാസ്‌കർ നടത്തി.[10] ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഏഴാം സീസണിന്റെ മേൽനോട്ടം വഹിക്കുന്നതിനായി 2014 മാർച്ച് 28-ന് ഇന്ത്യൻ സുപ്രീം കോടതി ഗവാസ്കറെ ബിസിസിഐയുടെ ഇടക്കാല പ്രസിഡൻ്റായി നിയമിച്ചു. അതേ സമയംതന്നെ കമന്റേറ്റർ എന്ന ജോലി ഉപേക്ഷിക്കാനും കോടതി അദ്ദേഹത്തോട് നിർദ്ദേശിച്ചു.[11] ട്രൈറ്റൺ സോളാറിന്റെ ബ്രാൻഡ് അംബാസഡറാണ് ഗവാസ്കർ.[12] ജീവിതരേഖമീനാളിന്റെയും (മുമ്പ്, മൻത്രി) മനോഹർ ഗവാസ്‌കറിന്റേയും മകനായി മറാത്തി ഭാഷ സംസാരിക്കുന്ന ഒരു കുടുംബത്തിൽ[13] ജനിച്ച ഗവാസ്‌കർ കാൺപൂരിലെ ഒരു തുകൽ വ്യവസായിയുടെ മകൾ മാർഷ്‌നെയിൽ ഗവാസ്‌കറിനെ (മുമ്പ് മെഹ്‌റോത്ര) വിവാഹം കഴിച്ചു. കാൺപൂരിൽ ജനിച്ച അവരുടെ മകൻ രോഹനും ഇന്ത്യക്കായി 11 ഏകദിനങ്ങൾ കളിച്ച ഒരു ക്രിക്കറ്റ് കളിക്കാരനായിരുന്നു, പക്ഷേ ടീമിൽ അദ്ദേഹത്തിന് തന്റെ സ്ഥാനം ഉറപ്പിക്കാനായില്ല. തന്റെ പ്രിയപ്പെട്ട 3 ക്രിക്കറ്റ് താരങ്ങളായ രോഹൻ കൻഹായ്; എം.എൽ. ജൈസിംഹ, രോഹന്റെ അമ്മാവൻ ഗുണ്ടപ്പ വിശ്വനാഥ് എന്നിവരോടുള്ള ആദരസൂചകമായി പിതാവ് സുനിൽ ഗാവാസ്കർ പുത്രൻ രോഹന് "രോഹൻ ജയ്വിശ്വ" എന്ന പേര് നൽകി. അദ്ദേഹത്തിന്റെ പേര് സാധാരണയായി രോഹൻ സുനിൽ ഗവാസ്‌കർ എന്നാണ് രേഖപ്പെടുത്തിയിരുന്നത്.[14] "സണ്ണി ഡേയ്‌സ്" എന്ന തന്റെ ആത്മകഥയുടെ ഒരു പതിപ്പിൽ സുനിൽ ഗവാസ്‌കർ താൻ ജനിച്ചപ്പോൾ ഒരു മത്സ്യത്തൊഴിലാളിയുടെ കുഞ്ഞുമായി കൈമാറ്റം ചെയ്യപ്പെട്ടതായി പ്രസ്താവിച്ചിരുന്നു. കുട്ടിയുടെ ചെവിക്ക് സമീപം ജന്മനാലുണ്ടായിരുന്ന ഒരു അടയാളം ഇല്ലാതിരുന്നതിനാൽ അത് സുനിൽ അല്ലെന്ന് അദ്ദേഹത്തിന്റെ അമ്മാവനാണ് കണ്ടെത്തിയത്. "ഒരുപക്ഷേ, പടിഞ്ഞാറൻ തീരത്ത് എവിടെയെങ്കിലും അധ്വാനിക്കുന്ന ഒരു അറിയപ്പെടാത്ത മത്സ്യത്തൊഴിലാളിയായി ഞാൻ വളരുമായിരുന്നു," ഗവാസ്‌കർ എഴുതി.[15] വിരമിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം മാധവ് മന്ത്രിയായിരുന്നു അദ്ദേഹത്തിന്റെ മാതൃ ഭാഗത്തുനിന്നുള്ള അമ്മാവൻ.[16] സഹോദരി കവിതാ വിശ്വനാഥ് ക്രിക്കറ്റ് താരം ഗുണ്ടപ്പ വിശ്വനാഥിനെ വിവാഹം കഴിച്ചു.[17] അദ്ദേഹത്തിൻ്റെ മറ്റൊരു സഹോദരിയായ നൂതൻ ഗവാസ്കർ വിമൻസ് ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (WCAI) ഓണററി ജനറൽ സെക്രട്ടറിയായിരുന്നു.[18] 1993 ലെ ബോംബെ കലാപത്തിൽ അക്രമാസക്തമായ ജനക്കൂട്ടത്തിൽ നിന്ന് ഒരു മുസ്ലീം കുടുംബത്തെ ഗവാസ്‌കർ രക്ഷിച്ചതായി അദ്ദേഹത്തിന്റെ മകൻ രോഹൻ ഓർമ്മിച്ചു പറയുന്നു. “ബോംബ് സ്‌ഫോടനങ്ങൾക്ക് തൊട്ടുപിന്നാലെ ഞങ്ങൾ വീടിന്റെ ടെറസിൽ നിൽക്കുകയായിരുന്നു, കുറച്ച് ദിവസങ്ങൾക്ക് ശേഷം, ഒരു കുടുംബത്തിനു ചുറ്റും കൂടിയിരിക്കുകയായിരുന്ന അക്രമാസക്തരായ ജനക്കൂട്ടത്തെ ഞങ്ങൾ കണ്ടു. അവർക്ക് ആ കുടുംബത്തോടുള്ള സമീപനം നല്ല ഉദ്ദേശത്തോടെയല്ല എന്ന് ഞങ്ങൾക്കറിയാമായിരുന്നു. അത് കണ്ട അച്ഛൻ ഓടിച്ചെന്ന് അക്രമികളായ ജനക്കൂട്ടത്തെ നേരിട്ടു. അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു, 'നിങ്ങൾ ആ കുടുംബത്തിന് നേരേ എന്ത് ചെയ്താലും, നിങ്ങൾ ആദ്യം എന്നോട് ചെയ്യുക', തുടർന്ന് നീതി ബോധം വിജയിക്കുകയും കുടുംബത്തെ അവരുടെ വഴിക്ക് പോകാൻ അനുവദിക്കുകയും ചെയ്തു.[19][20][21] സത്യസായി ബാബയുടെ കടുത്ത ഭക്തനാണ് ഗവാസ്‌കർ.[22] അവലംബം ഇന്ത്യയുടെ ക്രിക്കറ്റ് ടീം നായകന്മാർ
|