കേരളത്തിൽ ആദ്യമായി കഥാപ്രസംഗം അവതരിപ്പിച്ച കലാകാരനാണ് സി.എ. സത്യദേവൻ.
ആലപ്പുഴ സ്വദേശിയായ സത്യദേവൻ 1924 മേയ് മാസത്തിലാണ് ആദ്യ കഥാപ്രസംഗം അവതരിപ്പിച്ചത്. കുമാരാനാശാന്റെ 'ചണ്ഡാലഭിക്ഷുകി"യാണ് കഥാപ്രസംഗരൂപത്തിൽ അരങ്ങിലെത്തിച്ചത്. കവിതിലകൻ പണ്ഡിറ്റ് കെ.പി. കറുപ്പനാണ് ഗാനങ്ങൾ എഴുതിയത്. വടക്കൻപറവൂരിനടുത്ത് ചേന്ദമംഗലത്തെ കേളപ്പനാശാന്റെ പ്രാഥമിക വിദ്യാലയത്തിലായിരുന്നു അരങ്ങേറ്റം. ഡോ. പി. പല്പുവും കുമാരനാശാനും പിന്തുണ നൽകി. ഹരികഥ എന്ന കലാരൂപമാണ് കഥാപ്രസംഗമായി മാറിയത്. സത്യദേവൻ ജോലി സംബന്ധമായി തമിഴ്നാട്ടിൽ താമസിക്കുമ്പോഴാണ് 'ഹരികഥ"യിൽ ആകൃഷ്ടനായത്. നെയ്യാറ്റിൻകര കുന്നുംപാറ ക്ഷേത്രത്തിൽ സംഗീതജ്ഞനായ അദ്ദേഹം ഒരു ഹരികഥാ കാലക്ഷേപം നടത്തി, 'മാർക്കണ്ഡേയ ചരിതം'. ശിവ മാഹാത്മ്യം ഉദ്ഘോഷിക്കുന്ന ആ കഥയിൽ അദ്ദേഹം ഉദ്ധരിച്ച സംസ്കൃത ശ്ലോകങ്ങൾ പറഞ്ഞു കൊടുത്തത് മഹാകവി കുമാരനാശാൻ ആയിരുന്നു. അതിനാൽ ഹരികഥ കേൾക്കുവാൻ മഹാകവിയും അവിടെ എത്തി. ചണ്ഡാലഭിക്ഷുകിയും ദുരവസ്ഥയും ഇതുപോലെ അങ്ങ് പാടിപ്പറയണം എന്ന് അഭ്യർത്ഥിച്ച് രണ്ടു കൃതികളുടെയും കയ്യെഴുത്ത് പ്രതികൾ ആശാൻ സത്യദേവന് നൽകുകയും ചെയ്തു. കുമാരനാശാന്റെ നിർദേശത്തോടെ, ഡോ. പല്പുവിനെയും അദ്ദേഹം സന്ദർശിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് പണ്ഡിറ്റ് കറുപ്പനെ കാണുന്നത്. [1]ഏതാനും ആഴ്ചകഴിഞ്ഞ് ആശാൻ ബോട്ടപകടത്തിൽ മരണപ്പെട്ടു. ദുഖിതനായ സത്യദേവൻ ആശാന്റെ ആഗ്രഹം സഫലീകരിക്കാനായി കഠിനമായി പ്രയത്നിച്ചു. ഡോ.പൽപ്പുവും, സി.കെ.കുഞ്ഞിരാമനും പണ്ഡിറ്റ് കറുപ്പനുമൊക്കെയായി ചർച്ച ചെയ്ത് സത്യദേവൻ ആശാന്റെ ചണ്ഡാലഭിക്ഷുകിയെ അധികരിച്ച് ആ കലാരൂപത്തിന് ജന്മം നൽകുകയും കഥാപ്രസംഗം എന്ന് പേരിടുകയും ചെയ്തു. ചെറായിക്ക് സമീപം ചേന്ദമംഗലത്തുള്ള സ്കൂൾ അങ്കണത്തിൽ അവതരിപ്പിച്ചു.
ശ്രീ നാരായണ ഗുരുവിന്റെ ആശീർവാദങ്ങളോടെയാണ് സത്യദേവൻ കഥ പറയാനാരംഭിക്കുന്നത്. [2]കലാ രൂപത്തെ സംബന്ധിച്ച് ആരെയും കഠിനമായി അധിക്ഷേപിക്കരുത്. ധർമ്മവിരുദ്ധമായ രാജനീതികളെയും ഹൈന്ദവ ധർമ്മത്തിന്റെ പേരു പറഞ്ഞ് പുരോഹിതന്മാരായ ബ്രാഹ്മണരും മറ്റും നടത്തുന്ന അനാചാരങ്ങളെയും സഭ്യമായ ഭാഷയിൽ അധിക്ഷേപിക്കാം, ആരേയും വേദനിപ്പിക്കാതെ" എന്നായിരുന്നു ഗുരുവിന്റെ നിർദേശം.