Share to: share facebook share twitter share wa share telegram print page

സാമുവൽ ജോൺസൺ

സാമുവൽ ജോൺസൺ
സാമുവൽ ജോൺസൺ c. 1772, വരച്ചത്: സർ ജോഷ്വാ റെയ്നോൾഡ്സ്
സാമുവൽ ജോൺസൺ c. 1772,
വരച്ചത്: സർ ജോഷ്വാ റെയ്നോൾഡ്സ്
തൊഴിൽലേഖകൻ, നിഘണ്ടുകാരൻ, ജീവചരിത്രകാരൻ, കവി
പങ്കാളിഇലിസബത്ത് ജെർവിസ് പോർട്ടർ

ഡോക്ടർ ജോൺസൺ എന്നും അറിയപ്പെടുന്ന സാമുവൽ ജോൺസൺ (18 സെപ്റ്റംബർ 1709 [O.S. 7 സെപ്റ്റംബർ]– 13 ഡിസംബർ 1784) ഒരു ഇംഗ്ലീഷ് എഴുത്തുകാരനായിരുന്നു. ഗ്രബ് സ്ട്രീറ്റ് പത്രപ്രവർത്തകനായി ഉപജീവനം ആരംഭിച്ച് കവി, ഉപന്യാസകാരൻ, ധാർമ്മികചിന്തകൻ, ആഖ്യായികാകാരൻ, സാഹിത്യവിമർശകൻ, ജീവചരിത്രകാരൻ, എഡിറ്റർ, നിഘണ്ടുകാരൻ എന്നീ നിലകളിൽ കാലാതിവർത്തിയായ സംഭാവനകൾ ഇംഗ്ലീഷ് ഭാഷയ്ക്ക് അദ്ദേഹം നൽകി. അടിയുറച്ച ആംഗ്ലിക്കൻ മതവിശ്വാസിയും രാഷ്ട്രീയ യാഥാസ്ഥിതികനും ആയിരുന്ന ജോൺസൺ, ആംഗലചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയനായ അക്ഷരോപാസകൻ (Man of letters) എന്നുപോലും വിശേഷിക്കപ്പെട്ടിട്ടുണ്ട്.[1] ജോൺസന്റെ ദീർഘകാലസഹചാരിയും ആരാധകനും ആയിരുന്ന ജെയിംസ് ബോസ്വെൽ എഴുതിയ 'സാമുവൽ ജോൺസന്റെ ജീവിതം' എന്ന ജീവചരിത്രം ഏറെ പ്രശസ്തമാണ്.[2]

സ്റ്റാഫോർഡ്ഷയറിലെ ലിച്ച്‌ഫീൽഡിൽ ജനിച്ച ജോൺസൺ ഒരു വർഷം ഒക്സ്ഫോർഡിലെ പെംബ്രോക്ക് കലാലയത്തിൽ പഠിച്ചശേഷം സാമ്പത്തികപരാധീനതമൂലം പഠനം നിർത്തി അദ്ധ്യാപകവൃത്തി തുടങ്ങി. പിന്നീട് ലണ്ടണിലെത്തി ജെന്റിൽമാൻസ് മാസികയിൽ എഴുത്തുകാരനായി. അദ്ദേഹത്തിന്റെ ആദ്യകാലരചനകളിൽ റിച്ചാർഡ് സാവേജിന്റെ ജീവിതം എന്ന ജീവചരിത്രകൃതി, ലണ്ടൺ, "മനുഷ്യകാമനകളുടെ വ്യർഥത" (The Vanity of Human Wishes) എന്നീ കവിതകൾ, ഐറീൻ എന്ന നാടകം എന്നിവ ഉൾപ്പെടുന്നു.

ഒൻപതുവർഷത്തെ പ്രയത്നത്തിന്റെ ഫലമായി ജോൺസന്റെ ഇംഗ്ലീഷ് ഭാഷാ നിഘണ്ടു 1755-ൽ പ്രസിദ്ധീകരികരിച്ചു; ആധുനിക ഇംഗ്ലീഷ് ഭാഷയെ അസാധാരണമാം‌വിധം സ്വാധീനിച്ച ആ നിഘണ്ടു, പാണ്ഡിത്യത്തിന്റെ രംഗത്ത് ഒരു വ്യക്തിയുടെ ശ്രമഫലമായുണ്ടായ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നെന്ന് വിശേഷിക്കപ്പെട്ടിട്ടുണ്ട്.[3] നിഘണ്ടു, ജോൺസണ് ജനപ്രീതിയും വിജയവും നേടിക്കൊടുത്തു. 150 വർഷത്തിനുശേഷം ഓക്സ്ഫോർഡ് ഇംഗ്ലീഷ് നിഘണ്ടു പൂർത്തിയാകുന്നതുവരെ, ജോൺസന്റെ കൃതി ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും പ്രധാനപ്പെട്ട നിഘണ്ടുവായി പരിഗണിക്കപ്പെട്ടിരുന്നു.[4] അദ്ദേഹത്തിന്റെ പിൽക്കാലസൃഷ്ടികളിൽ ഉപന്യാസങ്ങൾ, വില്യം ഷേക്സ്പിയറുടെ നാടകങ്ങളുടെ പ്രത്യേകം സംശോധിതമായ ഒരു പതിപ്പ്, റാസ്സെലാസിന്റെ കഥ എന്ന നോവൽ എന്നിവ ഉൾപ്പെടുന്നു. 1763-ൽ ജെയിംസ് ബോസ്വെലുമായി സൗഹൃദത്തിലായ ജോൺസൺ അദ്ദേഹത്തോടൊപ്പം സ്കോട്ട്‌ലണ്ടിലേക്ക് യാത്ര ചെയ്തു; സ്കോട്ട്‌ലണ്ടിലെ പടിഞ്ഞാറൻ ദ്വീപുകളിലേക്കുള്ള യാത്ര എന്ന കൃതിയിൽ ജോൺസൻ ഈ യാത്രയുടെ കഥ പറയുന്നു. ജീവിതാവസാനത്തോടടുത്ത് അദ്ദേഹം "ഏറ്റവും പ്രഗല്ഭരായ ഇംഗ്ലീഷ് കവികളുടെ ജീവിതം" എന്ന ബൃഹദ്‌രചന നിർവഹിച്ചു. പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളിലെ ഇംഗ്ലീഷ് കവികളുടെ ജീവിതകഥകളും വിലയിരുത്തലുമായിരുന്നു അത്.

കരുത്തുള്ള ശരീരപ്രകൃതിയായിരുന്നു ജോൺസൻ. എന്നാൽ അദ്ദേഹത്തിന്റെ വിചിത്രമായ ആംഗ്യങ്ങളും അംഗവിക്ഷേപങ്ങളും (tics) ആദ്യ പരിചയത്തിൽ പലർക്കും ചിന്താക്കുഴപ്പമുണ്ടാക്കി. ബോസ്വെൽ എഴുതിയ ജീവചരിത്രവും മറ്റുള്ളവർ ജോൺസണെക്കുറിച്ച് എഴുതിയ വിവരണങ്ങളും ചേർന്ന്, ജോൺസന്റെ പെരുമാറ്റത്തേയും ചേഷ്ടാവിശേഷങ്ങളേയും അതിവിശദമായി രേഖപ്പെടുത്തിയിരുന്നതിനെ ആശ്രയിച്ച്, അദ്ദേഹത്തിന് ടൂറേറ്റിന്റെ രോഗം എന്ന അവസ്ഥയായിരുന്നെന്ന് മരണശേഷം കണ്ടെത്തിയിട്ടുണ്ട്.[5] പതിനെട്ടാം നൂറ്റാണ്ടിൽ ഈ രോഗത്തെക്കുറിച്ച് അറിവില്ലായിരുന്നു. രോഗങ്ങളുടെ ഒരു പരമ്പരക്കുശേഷം 1784, ഡിസംബർ 13-ന് അദ്ദേഹം അന്തരിച്ചു. വെസ്റ്റ് മിൻസ്റ്റർ പള്ളിയിലാണ് ജോൺസണെ സംസ്കരിച്ചത്. മരണത്തെ തുടർന്നുവന്ന വർഷങ്ങളിൽ, ആംഗലഭാഷയിലെ നിരൂപണത്തെ അഗാധമായി സ്വാധീനിച്ച വ്യക്തിയായും, ഇംഗ്ലീഷ് ഭാഷയ്ക്ക് ലഭിച്ച ഒരേയൊരു മഹാനിരൂപകൻ തന്നെയായും ജോൺസൺ അംഗീകരിക്കപ്പെട്ടു.[6]

ആദ്യകാലജീവിതവും വിദ്യാഭ്യാസവും

ലിച്ച്‌ഫീൽഡിലെ മാർക്കറ്റ് സ്ക്വയറിലുള്ള ജോൺസന്റെ ജന്മസ്ഥലം

1709 സെപ്റ്റംബർ 18-ന്, ഒരു പുസ്തകവ്യാപാരിയായ മൈക്കിൾ ജോൺസന്റേയും ഭാര്യ സാറാ ഫോർഡിന്റേയും മകനായി ജനിച്ച[7] സാമുവൽ ജോൺസൺ, താൻ വളർന്നത് ദാരിദ്ര്യത്തിലായിരുന്നെന്ന് അവകാശപ്പെട്ടിരുന്നു. മാതാപിതാക്കൾ ഇരുവരുടേയും കുടുംബങ്ങൾ ധനസ്ഥിതിയുള്ളവയായിരുന്നു. മൈക്കിളിന്റേയും സാറായുടേയും വിവാഹത്തിനും മൂന്നുവർഷത്തിനുശേഷം സാമിന്റെ ജനനത്തിനും ഇടക്ക് അവരുടെ സാമ്പത്തികസ്ഥിതി ഇങ്ങനെ മാറാൻ കാരണം എന്തെന്ന് വ്യക്തമല്ല.[8] സ്റ്റാഫോർഡ്ഷയറിലെ ലിച്ച‌‌ഫോർഡിൽ, പിതാവിന്റെ പുസ്തകക്കടയ്ക്ക് മുകളിലുള്ള കുടുംബവീട്ടിലാണ് ജോൺസൺ ജനിച്ചത്.[7] സാം ജനിക്കുമ്പോൾ അമ്മ സാറായ്ക്ക് നാല്പതുവയസ്സിലേറെ ആയിരുന്നതുകൊണ്ട്, ഒരു "ആൺ-മി‌ഡ്‌വൈഫിനേയും" പേരുകേട്ട ഒരു ശസ്ത്രക്രിയാവിദഗ്ദ്ധനേയും സഹായത്തിനു വിളിച്ചിരുന്നു.[9] ജനിച്ചപ്പോൾ, കുട്ടി കരഞ്ഞില്ല. കുട്ടിയുടെ ആരോഗ്യത്തെക്കുറിച്ച് ജോൺസന്റെ അമ്മായി പിന്നീട് പറഞ്ഞത്, "അതുപോലൊരു ജീവി വഴിയിൽ കിടക്കുന്നതുകണ്ടാൽ താൻ എടുക്കുമായിരുന്നില്ല എന്നാണ്".[10] കുഞ്ഞ് മരിച്ചുപോയേക്കുമെന്ന ഭയം മൂലം വിശുദ്ധമാതാവിന്റെ പള്ളിയിലെ വികാരിയെ വരുത്തി ജ്ഞാനസ്നാനം നൽകി.[11] വൈദ്യനും ഓക്സ്ഫോർഡിലെ പെമ്പ്രോക്ക് കലാലയത്തിൽ നിന്ന് ബിരുദം എടുത്തിരുന്നവനുമായ സാമുവൽ സ്വിൻഫെന്നും, വക്കീലും ലിച്ച്‌ഫീൾഡിലെ പട്ടണഗുമസ്തനുമായ റിച്ചാർഡ് വേക്ക്‌ഫീൽഡും അദ്ദേഹത്തിന്റെ തലതൊട്ടപ്പന്മാരായി[12]

ജോൺസന്റെ ആരോഗ്യം ക്രമേണ മെച്ചപ്പെട്ടു. കുട്ടിയെ മുലയൂട്ടാനായി ജൊവാൻ മാർക്ക്‌ലൂവെന്ന സ്ത്രീയെ നിയോഗിച്ചിരുന്നു. താമസിയാതെ കുട്ടിക്ക് സ്ക്രോഫുല രോഗം പിടിപെട്ടു.[13] രാജകുടുംബത്തിലുള്ളവരുടെ സ്പർശനത്താൻ ആ രോഗം സുഖപ്പെടുമെന്ന വിശ്വാസം മൂലം, അത് രാജതിന്മ (King's Evil) എന്നും അറിയപ്പെട്ടിരുന്നു. ചാൾസ് രണ്ടാമൻ രാജാവിന്റെ മുൻവൈദ്യനായിരുന്ന സർ ജോൺ ഫ്ലോയർ, കുഞ്ഞുജോൺസണ് രാജസ്പർശനം കൊടുക്കണമെന്ന് വിധിച്ചു.[14] 1712 മാർച്ച് 30-ന് ജോൺസണ് ബ്രിട്ടണിലെ രാജ്ഞിയായിരുന്ന ആനിയുടെ സ്പർശനം കിട്ടി. ആ ആനുഷ്ടാനം കൊണ്ടു ഒരു പ്രയോജനവും കിട്ടാതിരുന്നതിനെ തുടർന്നു നടത്തിയ ശസ്ത്രക്രിയ, ജോൺസന്റെ മുഖത്തും ഉടലിലും വടുക്കൾ അവശേഷിപ്പിച്ചു.[15] ഏതാനും മാസത്തിനുശേഷം ജോൺസന്റെ സഹോദരൻ നഥാനിയേലിന്റെ ജനനം കഴിഞ്ഞപ്പോൾ മൈക്കിൾ ഏറെ കടത്തിലായി, കുടുംബത്തിന് നേരത്തേ ശീലിച്ച രീതിയിൽ ജീവിക്കാൻ നിവൃത്തിയില്ലാതായി.[16]

കുഞ്ഞു ജോൺസൺ വായിക്കാൻ പഠിച്ച് ഏറെക്കഴിയുന്നതിനുമുൻപ്, ഒരുദിവസം രാവിലെ അമ്മ, ആംഗ്ലിക്കൻ സഭയുടെ പൊതുപ്രാർഥനാപുസ്തകത്തിൽ ആ ദിവസത്തെ പ്രാർത്ഥന കാണിച്ചുകൊടുത്തിട്ട്, "സാം, നീ ഇത് മനഃപാഠമാക്കണം" എന്നു പറഞ്ഞു. കുട്ടിയെ പഠിക്കാനേല്പച്ചിട്ട് അമ്മ മുകളിലത്തെ നിലയിലേക്കുപോയി. എന്നാൽ അവർ രണ്ടാം നിലയിൽ എത്തിയപ്പോൾ തന്നെ, കുട്ടി പുറകേ വരുന്ന ശബ്ദം കേട്ടു. "എന്താണ് കാര്യം" എന്ന് അവർ ചോദിച്ചപ്പോൾ "എനിക്കിപ്പോൾ അത് പറയാൻ പറ്റും" എന്നായിരുന്നു കുട്ടിയുടെ മറുപടി; രണ്ടുവട്ടത്തിലധികം അത് വായിച്ചിട്ടില്ലായിരുന്നെങ്കിലും, ആ പ്രാർഥന ജോൺസൺ വ്യക്തതയോടെ ആവർത്തിച്ചു.[17]
സാമുവൽ ജോൺസന്റെ ജീവിതം: ജെയിംസ് ബോസ്വെൽ-

ജോൺസൺ ചെറിയ പ്രായത്തിലേ ഏറെ ബുദ്ധി പ്രകടിപ്പിച്ചു. മകന്റെ "പുതിയ നേട്ടങ്ങൾ" മാതാപിതാക്കന്മാർ മറ്റുള്ളവരുടെ മുൻപിൽ കൊട്ടിഘോഷിച്ചിരുന്നത് ജോൺസണെ വിഷമിപ്പിച്ചിരുന്നു.[18] പൊതുപ്രാർഥനാപുസ്തകത്തിലെ ഭാഗങ്ങൾ മനഃപാഠമാക്കി ആവർത്തിക്കാൻ പരിശീലിപ്പിച്ച അമ്മയാണ് മൂന്നാം വയസ്സിൽ ജോൺസന്റെ വിദ്യാഭ്യാസത്തിന് തുടക്കമിട്ടത്.[19] നാലുവയസ്സായപ്പോൾ അടുത്തുള്ള ഒരു സ്കൂളിൽ പോകാൻ തുടങ്ങിയ ജോൺസൻ, ആറുവയസ്സുള്ളപ്പോൾ, ജോലിയിൽ നിന്ന് നിവൃത്തിയെടുത്ത ഒരു ചെരുപ്പുകുത്തിയുടെയടുത്ത് തുടർന്നു പഠിക്കാനായി പോയി.[20] ഒരു വർഷംകൂടി കഴിഞ്ഞപ്പോൾ അദ്ദേഹം ലിച്ച്‌ഫീൽഡിലെ വ്യാകരണപാഠശാലയിൽ ചേർന്നു. അവിടെ ജോൺസൺ ലത്തീനിൽ ഏറെ ശോഭിച്ചു.[21] പിൽക്കാലത്ത് ജനങ്ങളുടെ മനസ്സിൽ രൂപപ്പെട്ട ജോൺസന്റെ ചിത്രത്തിന്റെ ഒരു പ്രധാന ഭാഗമായിരുന്ന, മരണശേഷം ടൂറേറ്റിന്റെ രോഗം എന്ന കണ്ടെത്തലിൽ കലാശിച്ച, വിചിത്ര അംഗവിക്ഷേപങ്ങൾ അദ്ദേഹം പ്രകടിപ്പിക്കാൻ തുടങ്ങിയത് ഇക്കാലത്താണ്.[22] പഠനത്തിൽ നന്നായി ശോഭിച്ച ജോൺസൺ, ഒൻപതാം വയസ്സിൽ മുകളിലത്തെ ക്ലാസിൽ പ്രവേശിച്ചു.[21] ഈ സമയത്ത് തന്റെ ജനനത്തെ സഹായിച്ച ആൺ-മിഡ്‌വൈഫ് ജോർജ്ജ് ഹെക്ടറുടെ അനന്തരവനായ എഡ്മണ്ട് ഹെക്ടറുമായും ജോൺ ടൈലറുമായും ജോൺസൻ സൗഹൃദത്തിലായി. ടൈലറുമായുള്ള സൗഹൃദം ജോൺസന്റെ ജീവിതകാലമത്രയും നിലനിന്നു.[23]

പതിനാറാമത്തെ വയസ്സിൽ ജോൺസണ് റോച്ചസ്റ്ററിലെ പെദ്മോറിൽ ബന്ധുക്കളായ ഫോർഡുമാരോടൊപ്പം കഴിയാൻ അവസരം കിട്ടി.[24] അവിടെ അദ്ദേഹം കൊർണേലിയസ് ഫോർഡുമായി ഉറ്റ സൗഹൃദത്തിലായി. ക്ലാസ്സിക്കുകളിൽ നല്ല അറിവുണ്ടായിരുന്ന കൊർണേലിയസ്, ഒഴിവുസമയങ്ങളിൽ ആ അറിവ് ജോൺസണ് പകർന്നുകൊടുത്തു.[25] പണ്ഡിതനായി അംഗീകരിക്കപ്പെട്ടവനും പിടിപാടുള്ളവനുമായിരുന്നെങ്കിലും മദ്യത്തിനടിമയായിരുന്ന ഫോർഡ്, ജോൺസന്റെ സന്ദർശനം കഴിഞ്ഞ് ആറുവർഷത്തിനുള്ളിൽ മരിച്ചു.[26] ബന്ധുക്കളോടൊത്ത് ആറുമാസം ചെലവഴിച്ചശേഷം ജോൺസൻ ലിച്ച്‌ഫീൽഡിൽ മടങ്ങിയെത്തി. ദീർഘമായ ഈ അസാന്നിദ്ധ്യം ഉത്തരവാദിത്തമില്ലായ്മയായെടുത്ത ഹെഡ്മാസ്റ്റർ ഹണ്ടർ, ലിച്ച്‌ഫീൽഡിലെ വ്യാകരണപാഠശാലയിൽ പഠനം തുടരാൻ ജോൺസണെ അനുവദിച്ചില്ല.[27] ലിച്ച്‌ഫീൽഡിലെ പഠനം സാധ്യമല്ലെന്നായപ്പോൾ ജോൺസൺ സ്റ്റൂർബ്രിഡ്ജിൽ എഡ്‌വേർഡ് ആറാമൻ രാജാവിന്റെ പേരിലുള്ള വ്യാകരണപാഠശാലയിൽ ചേർന്നു.[25] പാഠശാല പെഡ്മോറിന് അടുത്തായിരുന്നതുകൊണ്ട്, ഫോർഡുമാർക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ജോൺസണ് അവസരം കിട്ടി. അദ്ദേഹം കവിതകളും ഗദ്യപരിഭാഷകളും രചിക്കാൻ തുടങ്ങി.[27] എന്നാൽ സ്റ്റൂർബ്രിഡ്ജിൽ ആറുമാസം കൂടിമാത്രം കഴിച്ചുകൂട്ടിയിട്ട് അദ്ദേഹം ലിച്ച്‌ഫീൽഡിൽ മാതാപിതാക്കന്മാരുടെ അടുത്തേക്ക് മടങ്ങി..[28]

ഓക്സ്ഫോർഡിലെ പെംബ്രോക്ക് കോളജിന്റെ പ്രവേശനകവാടം.

ഇക്കാലമത്രയും, കുടുംബത്തിന്റെ ദാരിദ്യവും പിതാവിന്റെ കടങ്ങളും മൂലം, ജോൺസൺ ഭാവിയെക്കുറിച്ചുള്ള ആകാക്ഷയിലായിരുന്നു.[29] ജോൺസൺ പിതാവിനൊപ്പം പുസ്തകങ്ങൾ തുന്നിക്കെട്ടുന്ന ജോലി ചെയ്തിരുന്നു. അതിനിടെ അദ്ദേഹം വായിച്ച അനേകം പുസ്തകങ്ങൾ ജോൺസന്റെ വിപുലമായ സാഹിത്യജ്ഞാനത്തെ സഹായിച്ചിട്ടുണ്ടാകാം. അവർ ദാരിദ്ര്യത്തിൽ തന്നെ തുടർന്നു. ഇതിന് അറുതിവന്നത് 1728-ൽ, ബന്ധു എലിസബത്ത് ഹാരിയറ്റിന്റെ മരണത്തെ തുടർന്ന് വലിയൊരു സംഖ്യ ജോൺസന്റെ അമ്മ സാറാ ജോൺസണ് അവകാശമായി കിട്ടിയതോടെയാണ്. അതോടെ ജോൺസണ് കോളജ് വിദ്യാഭ്യാസം തുടങ്ങാമെന്നായി.[30] 1728 ഒക്ടോബർ 31-ന്, പത്തൊൻപത് വയസ്സ് തികഞ്ഞ് ഏതാനും ആഴ്ചകൾ കഴിഞ്ഞ്, ജോൺസൺ, ഓക്സ്ഫോർഡിലെ പെംബ്രോക്ക് കലാലയത്തിൽ ചേർന്നു.[31] സാറാ ജോൺസണ് കിട്ടിയ പണം പെംബ്രോക്കിലെ ചെലവ് മുഴുവൻ താങ്ങാൻ മതിയാവുമായിരുന്നില്ല. എന്നാൽ, സുഹൃത്തും സഹവിദ്യാർത്ഥിയും ആയിരുന്ന അൻഡ്രൂ കോർബറ്റ് ആ കുറവ് നികത്താമെന്നേറ്റു.[30]

പെംബ്രോക്കിൽ ജോൺസൺ ഏറെ വായിക്കുകയും പുതിയ സുഹൃത്തുക്കളെ നേടുകയും ചെയ്തു. അക്കാലത്തെ "അലസജീവിതത്തെക്കുറിച്ചുള്ള" കഥകൾ പിന്നീട് ജോൺസൺ പറഞ്ഞിരുന്നു.[32] ക്രിസ്മസ് കാലത്ത് ഗൃഹപാഠമായി അദ്ധ്യാപകൻ കൊടുത്തത് അലക്സാണ്ടർ പോപ്പിന്റെ 'മിശിഹാ' എന്ന കവിത ലത്തീനിലേക്ക് പരിഭാഷപ്പെടുത്താനായിരുന്നു.[33] പരിഭാഷയുടെ പകുതി ജോൺസൺ ഒരു സായാഹ്നത്തിലും, അവശേഷിച്ചത് അടുത്ത പ്രഭാതത്തിലും തീർത്തു. ആ പരിഭാഷ അദ്ദേഹത്തിന് പ്രശംസ നേടിക്കൊടുത്തെങ്കിലും അതിൽ നിന്ന് ലഭിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ച സാമ്പത്തികലാഭം ഉണ്ടായില്ല.[34] പെംബ്രോക്കിൽ അദ്ധ്യാപകനായിരുന്ന ജോൺ ഹസ്ബൻഡ്സ് സംശോധനചെയ്ത് പിന്നീട് പ്രസിദ്ധീകരിച്ച പലവകകവിതകൾ എന്ന പ്രസിദ്ധീകരണത്തിൽ ആ കവിതയും ഉൾപ്പെട്ടിരുന്നു. ജോൺസന്റെ ഇന്നു ലഭ്യമായ പ്രസിദ്ധീകൃതരചനകളിൽ ഏറ്റവും ആദ്യത്തേതാണത്. അവശേഷിച്ച സമയമത്രയും, ക്രിസ്മസ് അവധിക്കാലമടക്കം, ജോൺസൺ പഠനത്തിൽ മുഴുകി. "അഡ്‌വേഴ്സേറിയ" എന്ന പേരിൽ ഒരു പഠനപദ്ധതിപോലും ജോൺസൺ എഴുതിയുണ്ടാക്കി. അത് അദ്ദേഹം പൂർത്തിയാക്കിയില്ല. അതിനിടെ ഫ്രഞ്ച് ഭാഷ പഠിക്കാനും, ലത്തീനിലുള്ള ജ്ഞാനം പുഷ്ടിപ്പെടുത്താനും ഒക്കെ അദ്ദേഹം സമയം കണ്ടെത്തി.[35]

സാമ്പത്തികപരാധീനതമുലം ബിരുദം എടുക്കാതെ, പതിമൂന്നു മാസത്തിനുള്ളിൽ ഓക്സ്ഫോർഡ് വിടാൻ ജോൺസൻ നിർബന്ധിതനായി. അദ്ദേഹം ലിച്ച്‌ഫീൽഡിലേക്കു മടങ്ങി.[36] ഓക്സ്ഫോർഡിലെ ജോൺസന്റെ താമസത്തിന്റെ അവസാനഭാഗത്തിനടുത്ത്, അദ്ദേഹത്തിന്റെ അദ്ധ്യാപകനായിരുന്ന ജോർഡൻ പെംബ്രോക്ക് വിട്ടു. അദ്ദേഹത്തിന്റെ സ്ഥാനത്ത് വന്നത് വില്യം ആഡംസ് ആണ്. അദ്ധ്യാപകനെന്ന നിയയിൽ ജോൺസൺ ആഡംസിനെ ഇഷ്ടപ്പെട്ടു. എന്നാൽ ഡിസംബർ മാസമായപ്പോൾ, ജോൺസൻ ഫീസിൽ മൂന്നുമാസത്തെ കുടിശ്ശിക വരുത്തിയിരുന്നു. വീട്ടിലേക്കുമടങ്ങാൻ അദ്ദേഹം നിർബന്ധിതനായി. പിതാവിന്റെ വക പുസ്തകങ്ങൾ പലതും ജോൺസൺ പഠനത്തിൽ ഉപയോഗിക്കാനായി പെംബ്രോക്കിലേക്ക് കൊണ്ടുവന്നിരുന്നു. അവ തിരികെകൊണടുപോകാനുള്ള ചെലവ് താങ്ങാൻ കഴിവില്ലാതിരുന്നതുകൊണ്ടും, എന്നെങ്കിലും താൻ മടങ്ങി വരുമെന്നതിന്റെ സൂചനയായും, ജോൺസൻ അവ കോളേജിൽ ഉപേക്ഷിച്ചുപോയി.[37] [ക]

ഒടുവിൽ ജോൺസണ് ബിരുദം ലഭിച്ചത് വർഷങ്ങൾക്കുശേഷം, അദ്ദേഹത്തിന്റെ നിഘണ്ടുവിന്റെ പ്രസിദ്ധീകരണത്തിന് തൊട്ടുമുൻപാണ്. അന്ന് ഓക്സ്ഫോർഡ് സർവകലാശാല അദ്ദേഹത്തെ എം.ഏ. (Master of Arts) ബിരുദം നൽകി ബഹുമാനിച്ചു.[38] 1765-ൽ ഡബ്ലിനിലെ ട്രിനിറ്റി കോളേജും 1775-ൽ ഓക്സ്ഫോർഡ് സർവകലാശാലയും ജോൺസണ് ഡോക്ടർ ഓഫ് ഫിലോസഫി ബിരുദവും നൽകി.[39]

ആദ്യകാലസം‌രംഭങ്ങൾ

1729-നും 1784-നും ഇടക്കുള്ള ജോൺസന്റെ ജീവിതത്തെക്കുറിച്ച് വളരെക്കുറിച്ച് വിവരങ്ങൾ മാത്രമേ ലഭ്യമായുള്ളു; അക്കാലത്ത് അദ്ദേഹം മാതാപിതാക്കന്മാർക്കൊപ്പം ജീവിക്കുകയായിരുന്നിരിക്കാം. രോഗാവസ്ഥയിൽ ജോൺസൺ, മാനസികവൈഷമ്യങ്ങളിലും ശരീരവേദനയിലും കൂടി കടന്നുപോയി.[40] "ടൂറെറ്റിന്റെ രോഗം" കൊടുത്ത വിചിത്രചലനങ്ങളും അംഗവിക്ഷേപങ്ങളും മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാൻ തുടങ്ങി.[41] 1731 ആയപ്പോൾ ഏറെ കടത്തിലായ ജോൺസന്റെ പിതാവിന് ലിച്ച്‌ഫീൽഡിൽ ഉണ്ടായിരുന്ന ബഹുമാന്യതയൊക്കെ നഷ്ടപ്പെട്ടു. സ്റ്റൂർബ്രിഡ്ജിലെ വ്യാകരണവിദ്യാലയത്തിൽ ഒഴിവുവന്ന ഒരു ജോലി കിട്ടുമെന്ന് ജോൺസൺ ആശിച്ചെങ്കിലും ബിരുദം ഇല്ലെന്ന കാരണം പറഞ്ഞ് 1731 സെപ്റ്റംബർ 6-ന് ജോൺസന്റെ അപേക്ഷ തള്ളപ്പെട്ടു.[40] ഏതാണ്ട് ഇതേസമയം രോഗബാധിതനായ ജോൺസന്റെ പിതാവ്, 1731 ഡിസംബറിൽ മരിച്ചു.[42] ഒടുവിൽ ബിരുദം ഇല്ലാതെ തന്നെ ബോസ്വർത്ത് മാർക്കറ്റിൽ സർ വോൾട്ടൺ ഡിക്സി നടത്തിയിരുന്ന സ്കൂളിൽ ജോൺസണ് സഹാദ്ധ്യാപകനായി നിയമനം കിട്ടി.[43] അവിടെ പരിചാരകനോടെന്നവണ്ണമുള്ള പെരുമാറ്റമാണ് കിട്ടിയിരുന്നതെങ്കിലും,[44] അദ്ദേഹം അദ്ധ്യാപനത്തിൽ ആനന്ദം കണ്ടെത്തി. എന്നാൽ, 1732-ൽ ഡിക്സിയുമായുണ്ടായ ഒരു വാക്കുതർക്കത്തെ തുടർന്ന് ജോൺസൻ ജോലി ഉപെക്ഷിച്ച് വീട്ടിലേക്കു മടങ്ങി.[45]

ജോൺസന്റെ ഭാര്യയായിരുന്ന ഇലിസബത്ത് "ടെറ്റി" പോർട്ടർ

ലിച്ച്‌ഫീൽഡിൽ തന്നെ ഏതെങ്കിലും സ്കൂളിൽ ജോലി കിട്ടുമോയെന്ന അന്വേഷണം ജോൺസൺ തുടർന്നു. ആഷ്ബോണിൽ ജോലി നിഷേധിക്കപ്പെട്ടതിനെ തുടർന്ന്, അദ്ദേഹം സുഹൃത്ത് എഡ്മണ്ട് ഹെക്ടർക്കൊപ്പം താമസമാക്കി. ഹെക്ടർ അപ്പോൾ പ്രസാധകനായ തോമസ് വാറന്റെ വീട്ടിൽ താമസിക്കുകയായിരുന്നു. വാറൻ അദ്ദേഹത്തിന്റെ "ബിർമിങ്ങാം പത്രിക" തുടങ്ങാൻ പദ്ധതിയിടുകയായിരുന്നു. അദ്ദേഹം ജോൺസന്റേയും സഹായം തേടി.[46] വാറനുമായുള്ള ഈ ബന്ധം കൂടുതൽ ബലപ്പെട്ടപ്പോൾ ജോൺസൺ, അബിസീനിയക്കാരെക്കുറിച്ച് ജെറോനിമോ ലോബോ എഴുതിയ കൃതി പരിഭാഷ ചെയ്തു പ്രസിദ്ധീകരിക്കാമെന്നു നിർദ്ദേശിച്ചു.[47] ആബേ ജോവാക്കിം ലെ ഗ്രാന്റിന്റെ ഫ്രഞ്ച് പരിഭാഷ വായിച്ചിരുന്ന ജോൺസൺ ഇംഗ്ലീഷിൽ ഒരു സംഗ്രഹപതിപ്പ് ഉപയോഗപ്രദവും ലാഭകരവും ആയിരിക്കുമെന്ന് കരുതി.[48] പരിഭാഷ മുഴുവൻ സ്വയം എഴുതുന്നതിനുപകരം, ജോൺസൺ ഹെക്ടർക്ക് പറഞ്ഞുകൊടുത്ത് എഴുതിക്കുകയാണ് ചെയ്തത്. കൈയെഴുത്തുപ്രതി പ്രസാധകനെ ഏല്പ്പിച്ചതും ആവശ്യമനുസരിച്ച് തിരുത്തിയയും ഹെക്ടർ തന്നെയായിരുന്നു. "അബിസീനിയയിലേക്കുള്ള യാത്ര" പ്രസിദ്ധീകരിച്ചത് ഒരുവർഷം കഴിഞ്ഞാണ്.[48] 1734-ൽ ലിച്ച്‌ഫീൽഡിലേക്കു മടങ്ങിയ ജോൺസൺ, പോളിസിയാനോയുടെ ലത്തീൻ കവിതകളുടെ ഒരു സംശോധിതപതിപ്പും പെട്രാർക്ക് മുതൻ പോളിസിയാനോവരെയുള്ള കാലത്തെ ലത്തീൻ കവിതയുടെ ഒരു ചരിത്രവും തയ്യാറാക്കാൻ തുടങ്ങി; അതിന്റെ അച്ചടി താമസിയാതെ തുടങ്ങിയെങ്കിലും സാമ്പത്തിക ഞെരുക്കം ഇടക്ക് പുരോഗതിക്ക് തടസ്സം നിന്നു.[49]

ജോൺസൺ സുഹൃത്ത് ഹാരി പോർട്ടറുടെ രോഗാവസ്ഥയിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.[50] 1734 സെപ്റ്റംബർ മൂന്നാം തിയതി പോർട്ടർ മരിച്ചു. അദ്ദേഹത്തിന്റെ 45 വയസ്സുണ്ടായിരുന്ന വിധവ, എലിസബത്ത് ജെർവിസ് പോർട്ടർ, ടെറ്റി എന്നും അറിയപ്പെട്ടിരുന്നു. അവർക്ക് മൂന്നു കുട്ടികളുണ്ടായിരുന്നു.[51] കുറേ മാസങ്ങൾക്കുശേഷം ജോൺസൺ അവരുമായി അടുപ്പത്തിലായി. ബന്ധുക്കളുടെയെല്ലാം എതിർപ്പിനെ അവഗണിച്ച് അതിന് മുൻകൈ എടുത്തത് എലിസബത്താണെന്ന് റെവറന്റ് വില്യം ഷാ അവകാശപ്പെടുന്നു.[52] ഇത്തരം കാര്യങ്ങളിൽ ജോൺസൺ അനുഭവസ്ഥനല്ലായിരുന്നു. സാമ്പത്തികഭദ്രതയുണ്ടായിരുന്ന എലിസബത്ത്, അവരുടെ ഗണ്യമായ സ്വത്തിൽ നിന്ന് ജോൺസണെ സഹായിക്കാമെന്ന് വാക്കുകൊടുത്തു[53] 1735 ജൂലൈ ഒൻപതാം തിയതി ഡെർബിയിലെ വിശുദ്ധ വെർബർഗിന്റെ പള്ളിയിൽ, അവർ വിവാഹിതരായി[54] ഈ ബന്ധത്തെ പോർട്ടർ കുടുംബം അംഗീകരിച്ചില്ല. 25 വയസ്സുമാത്രമുണ്ടായിരുന്ന ജോൺസണേക്കാൾ എലിസബത്തിനുണ്ടായിരുന്ന പ്രായക്കൂടുതലായിരുന്നു എതിർപ്പിന്റെ കാരണങ്ങളിലൊന്ന്. ഈ ബന്ധത്തെ ഏറെ വെറുത്ത എലിസബത്തിന്റെ മകൻ ജെർവിസ് അമ്മയുമായുള്ള ബന്ധം വിഛേദിച്ചു.[55] എന്നാൽ അവരുടെ മകൾ ലൂസി ഈ ബന്ധത്തെ ആദ്യം മുതലേ അംഗീകരിച്ചിരുന്നു. എലിസബത്തിന്റെ മറ്റൊരു മകൻ ജോസഫ് പിന്നീട് അവരുമായി രമ്യതയിലായി.[56]

എഡിയൽ ഹാൾ വിദ്യാലയം

1735 ജൂണിൽ തോമസ് വിറ്റ്ബിയുടെ കുട്ടികളുടെ ട്യൂട്ടറായിരിക്കെ, സോളിഹൾ സ്കൂളിലെ പ്രധാനാദ്ധ്യാപകന്റെ ജോലിക്ക് ജോൺസൺ അപേക്ഷ സമർപ്പിച്ചു.[57] വാമസ്ലിയുടെ പിന്തുണ ഉണ്ടായിരുന്നിട്ടും ജോൺസന്റെ അപേക്ഷ നിരസിക്കപ്പെട്ടു. ജോൺസന്റെ "മോശം പ്രകൃതിയും അഹം‌ഭാവവും" ആണ് സ്കൂളിന്റെ ഡയറക്ടർമാർ ഇതിന് കാരണമായി പറഞ്ഞത്. മനഃപൂർ‌വമല്ലെങ്കിലും ജോൺസൺ ഇടക്കിടെ മുഖം വക്രീകരിക്കുന്നത് കുട്ടികളെ ബാധിച്ചേക്കാമെന്നും ഡയറക്ടർമാർ കരുതി.[58] വാമസ്ലിയുടെ പ്രോത്സാഹനത്തിന്റെ ബലത്തിൽ, അദ്ധ്യാപകനെന്ന നിലയിൽ വിജയിക്കാൻ സ്വന്തം വിദ്യാലയം തുടങ്ങുകയാണ് വേണ്ടതെന്ന് ജോൺസൺ തീരുമാനിച്ചു.[59] 1735-ലെ ശരദ്ക്കാലത്ത് ലിച്ച്‌ഫീൽഡിനടുത്തുള്ള എഡിയലിൽ, "എഡിയൽ സ്കൂൾ" എന്ന പേരിൽ ജോൺസൺ ഒരു സ്വകാര്യ അക്കാദമി തുടങ്ങി. മൂന്നു വിദ്യാർത്ഥികളേ ഉണ്ടായിരുന്നുള്ളു: ലോറൻസ് ഓഫ്ലിയും, ജോർജ്ജ് ഗാറിക്കും, പതിനെട്ടുവയസ്സുണ്ടായിരുന്ന ഡേവിഡ് ഗാറിക്കും. ഡേവിഡ് പിന്നീട് അഭിനേതാവെന്ന നിലയിൽ പേരെടുത്തു.[58] ഈ സം‌രംഭം വിജയിച്ചില്ല. ടെറ്റിയുടെ സമ്പാദ്യത്തിൽ ഒരു വലിയ ഭാഗം ഇതിൽ നഷ്ടമായി. വിജയിക്കാത്ത സ്കൂൾ നടത്തുന്ന ശ്രമം ഉപേക്ഷിച്ച്, ജോൺസൺ തന്റെ ആദ്യത്തെ പ്രധാനകൃതിയായ "ഐറീൻ" എന്ന ചരിത്രനാടകത്തിന്റെ രചനയിൽ മുഴുകി. ഐറീൻ ഒരു ദുരന്തനാടകമായിരുന്നു.[60] ടൂറെറ്റിന്റെ അവസ്ഥ, സ്കൂൾ ആദ്ധ്യപകനോ ട്യൂട്ടറോ ഒക്കെ ആയി ജോലി ചെയ്യുന്നതിന് അദ്ദേഹത്തെ അസമർഥനാക്കിയെന്നാണ് ജീവചരിത്രകാരനായ റോബർട്ട് ഡി-മരിയ അഭിപ്രായപ്പെട്ടിട്ടുള്ളത്; ഇതായിരിക്കാം, എഴുത്തുകാരന്റെ സ്വകാര്യലോകത്തേക്ക് ജോൺസണെ ആകർഷിച്ചത്.[22]

തന്റെ പഴയ വിദ്യാർത്ഥി ഡേവിഡ് ഗാറിക്കുമൊത്ത് ജോൺസൺ 1737 മാർച്ച് രണ്ടാം തിയതി ലണ്ടണിലേക്കുപോയി. അദ്ദേഹത്തിന്റെ സഹോദരൻ മരിച്ചത് ആ ദിവസമായിരുന്നു. കയ്യിൽ പണമോ മനസ്സിൽ പ്രതീക്ഷയോ ഇല്ലാതെയായിരുന്നു ജോൺസന്റെ യാത്ര. എന്നാൽ ഭാഗ്യത്തിന്, ഗാറിക്കിന് ലണ്ടണിൽ പരിചയക്കാരുണ്ടായിരുന്നു. അയാളുടെ അകന്ന ബന്ധു, റിച്ചാർഡ് നോറിസിനൊപ്പം അവർക്ക് താമസിക്കാനായി.[61] വൈകാതെ ജോൺസൺ, ഐറീൻ എഴുതിത്തീർക്കാനായി, ഗ്രീൻവിച്ചിൽ ഗോൾഡൻ ഹാർട്ട് ഭോജനശാലക്കടുത്തേക്ക് താമസം മാറ്റി.[62] 1737 ജൂലൈ പന്ത്രണ്ടാം തിയതി, പാവോലോ സാർപി 1619-ൽ എഴുതിയ "ത്രെന്തോസ് സൂനഹദോസിന്റെ ചരിത്രം" പരിഭാഷ ചെയ്ത് പ്രസിദ്ധീകരിക്കുന്നത് നിർദ്ദേശിച്ച് ജോൺസൺ എഡ്‌വേർഡ് കേവിന് എഴുതി. ഈ നിർദ്ദേശം കേവ് സ്വീകരിച്ചത് മാസങ്ങൾ കഴിഞ്ഞാണ്.[63] 1737 ഒക്ടോബറിൽ ജോൺസൺ ഭാര്യയെ ലണ്ടണിലേക്ക് കൊണ്ടുവന്നു. ജോൺസണ് കേവിന്റെ കീഴിൽ ജെന്റിൽമാൻസ് മാസികയിൽ എഴുത്തുകാരനായി ജോലി കിട്ടി.[64] ജെന്റിൽമാൻ മാസികക്കും മറ്റു പ്രസിദ്ധീകരണങ്ങൾക്കും വേണ്ടി, ഇക്കാലത്ത് ജോൺസൺ നിർവഹിച്ച രചനകൾ എണ്ണത്തിലും വൈവിദ്ധ്യത്തിലും ഏറെയാണ്. ചിതറിക്കിടന്ന ആ രചനകളുടെ ഒരു പൂർണ്ണ പട്ടിക ഉണ്ടാക്കാൻ ജോൺസണ് പോലും കഴിഞ്ഞില്ല.[65]

'ലണ്ടൺ' എന്ന കവിതയുടെ രണ്ടാം പതിപ്പിന്റെ പുറംചട്ട

1738 മേയ് മാസത്തിൽ ജോൺസന്റെ മുഖ്യകൃതികളിൽ ആദ്യത്തേതായ ലണ്ടൺ എന്ന കവിത പേരുവെളിപ്പെടുത്താതെ പ്രസിദ്ധീകരിച്ചു.[66] റോമൻ ഹാസ്യകവിയായ ജൂവെനലിന്റെ റോമിൽ റോമാക്കാർക്ക് ഇടമില്ല എന്ന കൃതിയെ ആശ്രയിച്ചെഴുതിയ ആ കവിത, തേൽസ് എന്ന കഥാപാത്രം കുറ്റകൃത്യങ്ങളും അഴിമതിയും, ദീനദയാരാഹിത്യവും നിറഞ്ഞ ലണ്ടണിൽ നിന്ന് രക്ഷപെടാനായി വെയിൽസിലേക്ക് പോകുന്നത് വിവരിക്കുന്നു.[67] തനിക്ക് കവിയെന്ന നിലയിൽ എന്തെങ്കിലും മഹത്ത്വം നേടിത്തരുന്ന രചനയായി ഈ കവിതയെ ജോൺസൺ കണക്കാക്കിയില്ല.[68] ആ കവിത എഴുതിയ ആൾ താമസിയാതെ പ്രസിദ്ധനാകുമെന്ന് അലക്സാണ്ടർ പോപ്പ് അഭിപ്രായപ്പെട്ടെങ്കിലും അത് സംഭവിക്കാൻ പതിനഞ്ചുവർഷം കാത്തിരിക്കേണ്ടിവന്നു.[66]

ആയിടക്ക്, ഓക്സ്ഫോർഡിലോ കേംബ്രിഡ്ജിലോ നിന്നുള്ള എം.എ. ബിരുദം ഇല്ലെന്ന കാരണം പറഞ്ഞ് ആപ്പിൾബി വ്യാകരണവിദ്യാലയത്തിലെ അദ്ധ്യാപകസ്ഥാനത്തിനുള്ള ജോൺസന്റെ അപേക്ഷ തള്ളിപ്പോയി. തന്റെ സ്വാധീനം ഉപയോഗിച്ച് ജോൺസണ് ഒരു ബഹുമതി ബിരുദം (Honourary Degree) നേടിക്കൊടുത്ത് ഈ "അയോഗ്യതക്ക്" അവസാനമുണ്ടാക്കാൻ അലക്സാണ്ടർ പോപ്പ് ഗോവർ പ്രഭുവിനോട് അഭ്യർഥിച്ചു.[10] അങ്ങനെ ഒരു ബിരുദം കൊടുക്കാൻ ഗോവർ ഓക്സ്ഫോർഡ് സർവകലാശാലയോട് ആവശ്യപ്പെട്ടെങ്കിലും "അതിരുകടന്ന ആവശ്യം" എന്നുപറഞ്ഞ് ആ അഭ്യർഥന സർവകലാശാല തള്ളിക്കളഞ്ഞു.[69] തുടർന്ന് ഗോവർ, ഡബ്ലിൻ സർവകലാശാലയിൽ നിന്ന് ജോൺസണ് ഒരു ബിരുദം നേടിക്കിട്ടാൻ സഹായിക്കാൻ ഒരു സുഹൃത്തുവഴി, ജോനാഥൻ സ്വിഫ്റ്റിനോട് അഭ്യർഥിച്ചു. ഡബ്ലിനിലെ ബിരുദത്തിന്റെ ബലത്തിൽ ഓക്സ്ഫോർഡ് ബിരുദം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഈ ശ്രമം.[69] എന്നാൽ ജോൺസന്റെ കാര്യത്തിൽ ഇടപെടാൻ സ്വിഫ്റ്റ് വിസമ്മതിച്ചു.[70]

1737-നും 1739-നും ഇടക്ക് ജോൺസൺ റിച്ചാർഡ് സാവേജുമായി സൗഹൃദത്തിലായി.[71] ഭാര്യയുടെ വരുമാനത്തെ ആശ്രയിച്ച് ജീവിക്കുന്നതിലെ കുറ്റബോധം മൂലം ജോൺസൺ ടെറ്റിയുടെ വീട്ടിലെ താമസം അവസാനിപ്പിച്ച് സാവേജിനോടൊപ്പം കഴിയാൻ തുടങ്ങി. ദരിദ്രരായിരുന്ന അവർ, ഭോജനാലയങ്ങളിലും നിശാസങ്കേതങ്ങളിലും (night cellars) കഴിയുകയും അതിനുപോലും പണമില്ലാതിരുന്ന രാത്രികളിൽ തെരുവുകളിൽ അലഞ്ഞുതിരിയുകയും ചെയ്തു.[72] സാവേജിന്റെ സുഹൃത്തുക്കൾ അദ്ദേഹത്തോട് വെയിൽസിലേക്ക് പോയി ഈ അവസ്ഥയിൽ നിന്ന് കരകയറാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ബ്രിസ്റ്റളിൽ ചെന്നുപെടുകയും വീണ്ടും കടത്തിലാവുകയും ചെയ്തു. ഒടുവിൽ അധമർണ്ണരുടെ ജെയിലിലായ സാവേജ് 1743-ൽ മരിച്ചു. ഒരു വർഷം കഴിഞ്ഞ് ജോൺസൺ റിച്ചാർഡ് സാവേജിന്റെ ജീവിതം, എന്ന ഹൃദയസ്പർശിയായ രചന നിർവഹിച്ചു. ജീവചരിത്രസാഹിത്യത്തിന്റെ ചരിത്രത്തെ നിർണ്ണായകമായി സ്വാധീനിച്ച രചന എന്നാണ്, ജീവചരിത്രകാരനും വിമർശകനുമായ വാൾട്ടർ ജാക്സൻ ബേറ്റ് ഈ കൃതിയെ വിശേഷിപ്പിച്ചിരിക്കുന്നത്.[73]

ഇംഗ്ലീഷ് ഭാഷക്ക് ഒരു നിഘണ്ടു

1755-ൽ പ്രസിദ്ധീകരിച്ച ജോൺസന്റെ നിഘണ്ടുവിന്റെ ഒന്നാം പുറം

1746-ൽ ഒരു കൂട്ടം പ്രസാധകർ ഇംഗ്ലീഷ് ഭാഷക്ക് ഒരു ആധികാരികനിഘണ്ടു എന്ന് ആശയവുമായി ജോൺസണെ സമീപിച്ചു.[66] 1746 ജൂൺ പതിനെട്ടാം തിയതി പ്രഭാതത്തിൽ ജോൺസണും വില്യം സ്ട്രഹാൻ കമ്പനിയുമായി 1500 ഗിനിയുടെ ഒരു ഉടമ്പടിയിൽ ഒപ്പുവച്ചു.[74] പദ്ധതി മൂന്നുവർഷം കൊണ്ട് പൂർത്തിയാക്കാൻ തനിക്കാകുമെന്ന് ജോൺസൻ അവകാശപ്പെട്ടു. ഫ്രഞ്ച് ഭാഷാ നിഘണ്ടുവിന്റെ നിർമ്മാണത്തിന് നാല്പ്പതു പണ്ഡിതന്മാർ നാല്പതുവർഷം പ്രയത്നിക്കേണ്ടിവന്നു എന്ന് ചൂണ്ടിക്കാട്ടിയപ്പോൾ ജോൺസന്റെ മറുപടി ഇതായിരുന്നു: "അതുതന്നെയാണ് അതിന്റെ ശരിയായ അനുപാതവും. നാല്പതിന്റെ നാല്പതിരട്ടി ആയിരത്തിഅറുനൂറാണ്. ഫ്രഞ്ചുകാരനും ഇംഗ്ലീഷുകാരനും തമ്മിലുള്ള അനുപാതം മൂന്നും ആയിരത്തിഅറുനൂറും തമ്മിലുള്ളതാണ്."[66] മൂന്നുവർഷം കൊണ്ട് നിഘണ്ടു പൂർത്തിയാക്കാൻ ജോൺസണ് കഴിഞ്ഞില്ലെങ്കിലും ഒൻപതുവർഷം കൊണ്ട് അത് പൂർത്തിയാക്കി അദ്ദേഹം തന്റെ വീമ്പിനെ ഒരളവുവരെ ക്ഷമിക്കാവുന്നതാക്കി.[66] ഏറെ പ്രതികൂലസാഹചര്യങ്ങളിൽ ഒരു വ്യക്തിയുടെ പാണ്ഡിത്യത്തിന് കൈവരിക്കാവുന്ന ഏറ്റവും വലിയ നേട്ടം എന്ന്, ജോൺസന്റെ നിഘണ്ടുവിനെ ജീവചരിത്രകാരൻ ബേറ്റ് വിശേഷിപ്പിച്ചിട്ടുണ്ട്.[3]

ജോൺസന്റെ നിഘണ്ടു ആദ്യത്തേതോ അസാധാരണമോ ആയിരുന്നില്ല. എന്നാൽ അതിന്റേയും 1928-ൽ ഓക്സ്ഫോർഡ് ഇംഗ്ലീഷ് നിഘണ്ടുവിന്റേയും പ്രസിദ്ധീകരണങ്ങൾക്കിടയിലുള്ള 150 വർഷക്കാലം, അത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുകയും അനുകരിക്കപ്പെടുകയും ചെയ്ത നിഘണ്ടു ആയിരുന്നു. നാഥാൻ ബെയ്‌ലിയുടെ "ഡിക്‌ഷ്ണേറിയം ബ്രിട്ടാനിക്കം" പോലുള്ള നിഘണ്ടുക്കളിൽ, അധികം വാക്കുകൾ ഉണ്ടായിരുന്നു.[4] ജോൺസന്റെ നിഘണ്ടുവിന്റെ പ്രസിദ്ധീകരണത്തിനു തൊട്ടുമുൻപുള്ള 150 വർഷക്കാലം ഇരുപതോളം മറ്റും നിഘണ്ടുക്കൾ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തിരുന്നു.[75] എന്നാൽ അക്കാലങ്ങളിൽ നിഘണ്ടുക്കളെക്കുറിച്ച് വ്യാപകമായ അസംതൃപ്തി നിലനിന്നിരുന്നു. 1741-ൽ ഡേവിഡ് ഹ്യൂം ഇങ്ങനെ പറഞ്ഞു: "ശൈലിയുടെ ഉദാത്തതയും അനുയോജ്യതയും നമുക്കിടയിൽ വിസ്മൃതമായിരിക്കുന്നു. നമുക്ക് നമ്മുടെ ഭാഷയുടെ ഒരു നിഘണ്ടുവില്ല. എടുത്തുപറയാവുന്ന ഒരു വ്യാകരണഗ്രന്ഥവുമില്ല."[76] ജോൺസന്റെ നിഘണ്ടുവിൽ പതിനെട്ടാം നൂറ്റാണ്ടിന്റെ ചിത്രം പ്രതിഫലിക്കുന്നു. "സാധാരണജനങ്ങൾ ഉപയോഗിച്ചിരുന്ന ഭാഷയുടെ ഒരു വിശ്വസ്തരേഖ" എന്ന പ്രാധാന്യവും അതിനുണ്ട്.[4] അത് വെറും റെഫറൻസ് ഗ്രന്ഥമല്ല; ഒരു സാഹിത്യസൃഷ്ടിയാണത്[75]

നിഘണ്ടുവിന്റെ പണി ഒരു ദശാബ്ദക്കാലം ജോൺസന്റേയും ടെറ്റിയുടേയും ജീവിതത്തെ ഇളക്കിമറിച്ചു. പകർത്തിയെഴുത്തിനും സാങ്കേതികജോലികൾക്കുമായി ജോൺസണ് കുറേ സഹായികളെ നിയമിക്കേണ്ടിവന്നത് പരിസരമാകെ കോലാഹലഭരിതമാക്കി. അദ്ദേഹം എപ്പോഴും ഏറെ പുസ്തകങ്ങൾക്കുനടുവിൽ തിരക്കിലായിരുന്നു. ലേഖകനായ ജോൺ ഹോക്കിൻസ് ആ രംഗം ഇങ്ങനെ വിവരിക്കുന്നു[77]: "നിഘണ്ടുവിനുവേണ്ടി ജോൺസൻ ഉപയോഗിച്ചത് സ്വന്തം ശേഖരത്തിലുണ്ടായിരുന്ന പരിതാപകരമാംവിധം കീറിപ്പറിഞ്ഞ കണക്കറ്റ ഗ്രന്ഥങ്ങളും, മറ്റുള്ളവരിൽ നിന്ന് വാങ്ങിയവയും ആണ്; മറ്റുള്ളവരുടെ ഗ്രന്ഥങ്ങൾ ഭാഗ്യത്തിന്, കൈവശം വക്കാൻ പറ്റാത്ത സ്ഥിതിയിൽ തിരികെ കിട്ടിയെങ്കിലായി."[78] ടെറ്റിയുടെ ആരോഗ്യപ്രശ്നങ്ങളും ജോൺസണെ അലട്ടിയിരുന്നു. അവരുടെ മരണത്തിൽ കലാശിച്ച രോഗം തുടങ്ങിക്കഴിഞ്ഞിരുന്നു.[77] ജോലിയുടേയും കുടുംബത്തിന്റേയും സൗകര്യം പരിഗണിച്ച്, ജോൺസൺ, ഗൗ സ്ക്വയറിലുള്ള വില്യം സ്ട്രഹാന്റെ അച്ചടിശാലക്കടുത്തേക്ക് താമസം മാറ്റി.[79]

ജോൺസന്റെ നിഘണ്ടുവിന്റെ 1755-ൽ പ്രസിദ്ധീകരിച്ച രണ്ടാം വാല്യത്തിന്റെ പുറംചട്ട

ജോൺസൺ ആദ്യം നിഘണ്ടുവിന്റെ ഒരു രചനാപദ്ധതി എഴുതിയുണ്ടാക്കി. ഈ പദ്ധതിക്ക്, ജോൺസന്റെ ഇഷ്ടത്തെ മറികടന്ന്, ചെസ്റ്റർഫീൽഡിലെ പ്രഭു, ഫിലിപ്പ് സ്റ്റാൻഹോപ്പ്, രക്ഷാധികാരിയായി.[80] പദ്ധതിയുടെ കാര്യത്തിൽ ജോൺസണുമായി കൂടിക്കണ്ട് ഏഴുവർഷത്തിനു ശേഷം, "ദ വേൾഡ്" എന്ന പ്രസിദ്ധീകരണത്തിൽ ചെസ്റ്റർഫീൽഡ്, നിഘണ്ടുവിനെ ശുപാർശചെയ്ത് രണ്ടു ലേഖനങ്ങൾ പേരുവക്കാതെ എഴുതി.[81] അലങ്കോലപ്പെട്ടുകിടക്കുന്ന ഇംഗ്ലീഷ് ഭാഷക്ക് ഒരു നിഘണ്ടു അത്യാവശ്യമാണെന്ന് അവയിൽ അദ്ദേഹം വാദിച്ചു. എന്നാൽ ലേഖനങ്ങളിൽ ചെസ്റ്റർഫീൽഡ് കാട്ടിയ ഭാവം ജോൺസണെ അരിശം കൊള്ളിക്കുകയാണുണ്ടായത്. രക്ഷാധികാരിയെന്നനിലയിൽ ചെസ്റ്റർഫീൽഡ് ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം കരുതി.[82] ഈ നിലപാട് പ്രകടിപ്പിച്ചും, ചെസ്റ്റർഫീൽഡിനെ നിശിതമായി വിമർശിച്ചും അയച്ച കത്തിൽ ജോൺസൺ ഇങ്ങനെ എഴുതി: "വെള്ളത്തിൽ വീണ് മുങ്ങിച്ചാകാൻ പോകുന്നവനെ കൈനീട്ടി സഹായിക്കാതിരുന്നിട്ട്, അവൻ ഏതെങ്കിലും വിധം സ്വയം കരയെത്തുമ്പോൾ സഹായവുമായി ഓടിയെത്തി വിഷമിപ്പിക്കുന്നവനല്ലേ പ്രഭോ, രക്ഷാധികാരി? എന്റെ കാര്യത്തിൽ അങ്ങു കാണിക്കുന്ന താത്പര്യം നേരത്തേ ഉണ്ടായിരുന്നെങ്കിൽ, ഔദാര്യമായേനെ: എന്നാൽ ഞാൻ അതിൽ താത്പര്യമില്ലാത്തവനും അതിനെ പ്രയോജനപ്പെടുത്താൻ കഴിവില്ലാത്തവനും ആകുവോളം അത് വൈകിയിരിക്കുന്നു; ഏകനായ എനിക്ക്, അതിന്റെ സന്തോഷം ആരുമായും പങ്കുവക്കാനില്ല; അറിയപ്പെടുന്നവനായിക്കഴിഞ്ഞ എനിക്ക് അതിന്റെ ആവശ്യവുമില്ല."[83] ഈ ശകാരം ചെസ്റ്റർഫീൽഡ് പരിഭവമില്ലാതെ സ്വീകരിച്ചു. കത്തിന്റെ ഭാഷയുടെ ആകർഷണത്തിലായ അദ്ദേഹം, ആർക്കും വായിക്കത്തക്കവണ്ണം അതിനെ ഒരു മേശയിൽ പ്രതിഷ്ഠിച്ചെന്ന് പറയപ്പെടുന്നു.[83]

ജോൺസന്റെ ഈ കത്ത് സാഹിത്യത്തിലെ രക്ഷാധികാരവ്യവസ്ഥയുടെ പഠനങ്ങളിലും അല്ലാതെയും ഏറെ ചർച്ചചെയ്യപ്പെട്ടിട്ടണ്ട്. പ്രഖ്യാതചരിത്രകാരനായ തോമസ് കാർലൈൽ ഉൾപ്പെടെയുള്ളവർ അതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞിട്ടുണ്ട്. "സാഹിത്യകാരന്റെ സ്വാതന്ത്ര്യപ്രഖ്യാപനം", "ആധുനികകാലത്തെ മാഗ്നകാർട്ട" എന്നൊക്കെ അത് വിശേഷിക്കപ്പെട്ടിട്ടുമുണ്ട്. രക്ഷാധികാരി(Patron) യെന്നതിന് തന്റെ നിഘണ്ടുവിൽ ജോൺസൺ കൊടുത്ത നിർവചനം "അഹങ്കാരത്തോടെ സഹായിച്ച് മുഖസ്തുതി പ്രതിഫലമായി വാങ്ങുന്ന നികൃഷ്ടൻ" (a wretch who supports with insolence and is paid with flattery) എന്നാണ്.

നിഘണ്ടുവിനുവേണ്ടിയുള്ള ജോലിക്കിടെ ജോൺസൺ സാമ്പത്തികസഹായത്തിനുവേണ്ടി പല അഭ്യർഥനകളും ഇറക്കി: ധനസഹായം കൊടുക്കുന്നവർക്ക് നിഘണ്ടുവിന്റെ നിർമ്മാണത്തിൽ നൽകിയ സഹകരണത്തിന് സമ്മാനമായി, ആദ്യപതിപ്പ് ഇറങ്ങിയാലുടനെ അതിന്റെ പ്രതി നൽകുമെന്ന വാഗ്ദാനത്തോടെയായിരുന്നു ഈ അഭ്യർഥന. 1752 വരെ ഈ അഭ്യർഥനകൾ തുടർന്നു. നിഘണ്ടു 1755-ൽ ഇറങ്ങിയപ്പോൾ, ആ നേട്ടം കണക്കിലെടുത്ത് ഓക്സ്ഫോർഡ് സർവകലാശാല ജോൺസണ് എം.എ. ബിരുദം നൽകി എന്ന അറിയിപ്പ് പുറംചട്ടയിൽ ഉണ്ടായിരുന്നു.[84] നിഘണ്ടു ഒരു കൂറ്റൻ ഗ്രന്ഥമായിരുന്നു. അതിന്റെ പുറങ്ങൾക്ക് പതിനെട്ടിഞ്ച് നീളവും തുറന്നുവച്ചാൽ ഇരുപതിഞ്ച് വ്യാസവും ഉണ്ടായിരുന്നു; അതിൽ 42,773 വാക്കുകൾ ഉണ്ടായിരുന്നു. തുടർന്നുള്ള പതിപ്പുകളിൽ കൂടുതൽ വാക്കുകൾ ചേർത്തു. 4 പൗണ്ട് പത്തു ഷില്ലിങ്ങ് ആയിരുന്നു നിഘണ്ടുവിന്റെ വില. ഇന്നത്തെ 350 പൗണ്ടിനു തുല്യമായി അതിനെ കണക്കാക്കാം.[85] ഇംഗ്ലീഷിലെ നിഘണ്ടുനിർമ്മാണത്തിൽ ജോൺസൺ കൊണ്ടുവന്ന ഒരു പ്രധാന പരിഷ്കാരം വാക്കുകളുടെ അർത്ഥത്തെ സാഹിത്യ ഉദ്ധരണികൾ വഴി ഉദാഹരിക്കുക എന്നതായിരുന്നു. ജോൺസന്റെ നിഘണ്ടുവിൽ അത്തരം 114,000 ഉദ്ധരണികൾ ഉണ്ടായിരുന്നു. ഉദ്ധരണികൾക്ക് ഏറെയും ആശ്രയിച്ചത്, വില്യം ഷേക്സ്പിയർ, ജോൺ മിൽട്ടൺ, ജോൺ ഡ്രൈഡൻ തുടങ്ങിയ ഒന്നാം കിടയിലെ എഴുത്തുകാരുടെ രചനകളെയാണ്.[86] "ജോൺസന്റെ നിഘണ്ടു" ലാഭമുണ്ടാക്കാൻ തുടങ്ങിയത് വർഷങ്ങൾ കഴിഞ്ഞാണ്. ഗ്രന്ഥകാരനുള്ള റോയൽറ്റി എന്ന സങ്കല്പം അക്കാലത്ത് അജ്ഞാതമായിരുന്നതിനാൽ, പുസ്തകം നിർമ്മിക്കാനുള്ള ഉടമ്പടി നടപ്പായിക്കഴിഞ്ഞതിൽ പിന്നെ ജോൺസണ് വില്പ്പനയിൽ നിന്ന് പ്രതിഫലമൊന്നും കിട്ടിയില്ല. വർഷങ്ങൾക്കുശേഷം, ജോൺസന്റെ നിഘണ്ടുവിലുണ്ടായിരുന്ന ഉദ്ധരണികളിൽ പലതും വെബ്സ്റ്ററുടെ നിഘണ്ടുവും പുതിയ ഇംഗ്ലീഷ് നിഘണ്ടുവും ഉപയോഗിച്ചു.[87]

ഈ ഒൻപതുവർഷക്കാലം നിഘണ്ടുസംബന്ധമായി ജോലിക്കു പുറമേ, ജോൺസൻ അനേകം ലേഖനങ്ങളും, പ്രഭാഷണങ്ങളും കവിതകളും എഴുതി.[88] 'റാംബ്ലർ' എന്ന പേരിൽ ലേഖനങ്ങളുടെ ഒരു പരമ്പര എഴുതി ചൊവ്വാഴ്ചകളിലും ശനിയാഴ്ചകളിലും രണ്ടു പെനിക്ക് വിൽക്കാൻ ജോൺസൻ തീരുമാനിച്ചു. റാംബ്ലർ എന്ന പേരിനെ വർഷങ്ങൾക്കുശേഷം തന്റെ സുഹൃത്തായ പ്രഖ്യാതചിത്രകാരൻ സർ ജോഷ്വാ റെയ്നോൾഡിന് ജോൺസൻ വിശദീകരിച്ചുകൊടുത്തത് ഇങ്ങനെയാണ്. "അതിന് എന്തുപേരാണ് കൊടുക്കേണ്ടതെന്ന് എനിക്കു നിശ്ചയമില്ലായിരുന്നു. ഒരുദിവസം, പേര് ഉറപ്പിക്കുന്നതുവരെ ഉറങ്ങുകയില്ലെന്ന് തീരുമാനിച്ച് ഞാൻ കിടക്കയിൽ ഇരുന്നു. മനസ്സിൽ തോന്നിയ പേരുകളിൽ 'റാംബ്ലർ' ഏറ്റവും നല്ലതാണെന്ന് തോന്നിയപ്പോൾ ഞാനത് സ്വീകരിച്ചു."[89] ധാർമ്മികവും മതപരവുമായ വിഷയങ്ങളെ സംബന്ധിച്ച ആ ലേഖനങ്ങൾ, പരമ്പരയുടെ പേര് സൂചിപ്പിച്ചതിനേക്കാൾ ഗൗരവമുള്ളവയായിരുന്നു. ഈ പ്രാർഥനയോടെയാണ് ജോൺസൺ, 'റാംബ്ലർ' പരമ്പര തുടങ്ങിയത്: "ഈ സം‌രംഭത്തിൽ അങ്ങേ പരിശുദ്ധാത്മാവിനെ എന്നിൽ നിന്ന് മറച്ചുവക്കാതെ ഞാൻ അവിടുത്തെ മഹത്ത്വത്തിനും എന്റേയും മറ്റുള്ളവരുടേയും രക്ഷക്കും ഉതകുന്നതുചെയ്യാൻ ഇടയാക്കണമേ".[89] റാംബ്ലർ പരമ്പരയിലെ ലേഖനങ്ങൾ സമാഹരിച്ചതോടെ അവയുടെ ജനസമ്മതി പെരുകി; ജോൺസന്റെ ജീവിതകാലത്തുതന്നെ അവയ്ക്ക് ഒൻപതു പതിപ്പുകൾ ഇറങ്ങി. ലേഖനങ്ങൾ ഏറെ ആസ്വദിച്ച എഴുത്തുകാരനും അച്ചടിക്കാരനുമായ സാമുവൽ റിച്ചാർഡ്സൺ, പ്രസാധകനോട് ആരാണ് അവ എഴുതിയതെന്ന് ആരാഞ്ഞു; പ്രസാധകനും ജോൺസന്റെ അടുത്ത സുഹൃത്തുക്കളിൽ ചിലരും മാത്രമേ, ജോൺസണാണ് 'റാംബ്ലർ' ലേഖനങ്ങൾ എഴുതിയതെന്ന് അറിഞ്ഞിരുന്നുള്ളു.[90] ജോൺസന്റെ സുഹൃത്തായിരുന്ന ഷാർലോട്ട് ലെനോക്സ് 1752-ൽ പ്രസിദ്ധീകരിച്ച അവരുടെ "പെൺക്വിക്സോട്ട്" എന്ന നോവലിൽ റാംബ്ലറെ പുകഴ്ത്തുന്നുണ്ട്. അതിൽ ഒരിടത്ത് കഥാപാത്രങ്ങളിൽ ഒരാളായ ഗ്ലാൻവിൽ ഇങ്ങനെ പറയുന്നു: "ഒരു യങ്ങിന്റെയോ, റിച്ചാർഡ്സന്റെയോ, ജോൺസന്റെയോ സൃഷ്ടിയിൽ നിങ്ങൾ കുറ്റം കണ്ടെത്താൻ ശ്രമിച്ചേക്കാം; മുൻനിശ്ചിതമായ വെറുപ്പോടെ റാംബ്ലർക്കെതിരെ ആക്രോശിച്ചേക്കാം; കുറ്റമൊന്നും കാണാനാവത്തപ്പോൾ അതിലെ മഹത്തായ സാരോപദേശത്തെ അവഹേളിച്ചേക്കാം." (പുസ്തകം 6, അദ്ധ്യായം 11). "ഈ യുഗത്തിലെ ഏറ്റവും മഹാനായ പ്രതിഭ" എന്നും നോവലിൽ മറ്റൊരിടത്ത് അവർ ജോൺസണെ വിശേഷിപ്പിക്കുന്നുണ്ട്.[91]

തന്റെ നാടകത്തിന്റെ റിഹേഴ്സലിലും അവതരണത്തിലും അദ്ദേഹത്തിന് ഏടുക്കേണ്ടിവന്ന തത്പര്യം നടീനടന്മാരിൽ പലരുമായും ജോൺസണെ പരിചയത്തിലാക്കി. "റിച്ചാർഡ് സാവേജിന്റെ ജീവിതം" എന്ന കൃതിയിൽ അദ്ദേഹം പ്രകടിപ്പിച്ചതിനേക്കാൾ അനുകൂലമായ മനോഭാവം നാടകരംഗത്തുള്ളവരെക്കുറിച്ച് ഉണ്ടാകാൻ ഈ ഇടപെടൽ കാരണമായി. ചമയമുറിയിൽ വന്ന് അവിടത്തെ ആൾക്കൂട്ടവുമായി ഇടകലർന്നും രസകരമായ സംഭാഷണങ്ങളിൽ പങ്കുചേർന്നും തന്റെ വിഷാദഭാവം മാറ്റാൻ ജോൺസൺ ശ്രമിച്ചിരുന്നു. ഗാറിക്കിൽ നിന്ന് കേട്ടതനുസരിച്ച് ഡേവിഡ് ഹ്യൂം എന്നോട് പറഞ്ഞത് ജോൺസൺ തന്റെ കണിശമായ സദാചാരബോധത്തെ മുൻനിർത്തി ഈ നേരമ്പോക്ക് പിന്നീട് വേണ്ടെന്നുവച്ചു എന്നാണ്. "ഡേവിഡ്, ഞാൻ നിങ്ങളുടെ തിരശീലക്കുപിന്നിൽ ഇനി വരില്ല; നിങ്ങളുടെ നടിമാരുടെ പട്ടുകാലുറകളും വെളുത്ത വക്ഷസുകളും എന്നെ ഉത്തേജിപ്പിക്കുന്നു".[92]
–സാമുവൽ ജോൺസന്റെ ജീവിതം - ബോസ്വെൽ

ജോൺസന്റെ രചനാവൈഭവം പ്രകടമായത് റാംബ്ലറിൽ മാത്രമായിരുന്നില്ല. മനുഷ്യകാമനകളുടെ വ്യർഥത, എന്ന കവിത എഴുതിയ അസാമാന്യവേഗത കണക്കിലെടുത്ത് ജോൺസൺ നിത്യകവി ആയിരുന്നെന്ന് ബോസ്വെൽ അഭിപ്രായപ്പെട്ടിട്ടുണ്ട്.[93] ജൂവനലിന്റെ പത്താം സറ്റയറിന്റെ അനുകരണമായ ആ കൃതിയിൽ മനുഷ്യരുടെ വ്യർഥമോഹങ്ങൾക്കുള്ള മറുമരുന്ന് വ്യർഥതതീണ്ടാത്ത ആത്മീയമോഹങ്ങളാണെന്ന് ജോൺസൻ സ്ഥാപിക്കുന്നു.[94] "സാമൂഹ്യപശ്ചാത്തലത്തിൽ വ്യക്തിയുടെ നിസ്സഹായത", "മനുഷ്യരെ വഴിതെറ്റിക്കുന്ന ആത്മവഞ്ചന" തുടങ്ങിയവയും ആകൃതിയിൽ ജോൺസന്റെ വിഷയങ്ങളാണ്.[95] വിമർശകർ ആ കവിതയെ പുകഴ്ത്തിയെങ്കിലും അത് ജനസമ്മതി നേടുന്നതിൽ പരാജയപ്പെട്ടു. ജോൺസന്റെ ലണ്ടൻ എന്ന കവിതയേക്കാൾ കുറച്ചുമാത്രമാണ് അത് വിറ്റഴിഞ്ഞത്.[96] 1749-ൽ ഐറീനെ സ്റ്റേജിൽ അവതരിപ്പിക്കാമെന്ന തന്റെ വാക്ക് ഗാറിക്ക് പാലിച്ചു. എന്നാൽ സ്റ്റേജിൽ സ്വീകാര്യത കിട്ടാൻ വേണ്ടി, മുഹമ്മദും ഐറീനും എന്ന മാറിയ പേരിലായിരുന്നു അവതരണം.[97] ആ നാടകം ഒൻപതുദിവസം അരങ്ങേറി.[98]

ലണ്ടണിലായിരുന്ന സമയം മിക്കവാറും ടെറ്റി ജോൺസൺ രോഗാവസ്ഥയിലായിരുന്നു. 1752-ൽ ജോൺസൺ നിഘണ്ടുവിന്റെ ജോലിയുടെ തിരക്കിലായിരിക്കെ അവർ നാട്ടിൻപുറത്തേക്ക് മടങ്ങാൻ തീരുമാനിച്ചു. 1752 മാർച്ച് 17-ന് അവർ മരിച്ച വാർത്തയറിഞ്ഞ് ജോൺസൻ തനിക്കെഴുതിയ കത്തിൽ പ്രതിഫലിച്ചതുപോലെയുള്ള ദുഃഖപ്രകടനം താൻ വായിച്ചിട്ടില്ലെന്നാണ് ജോൺസന്റെ സുഹൃത്ത് ടെയ്‌ലർ നിരീക്ഷിച്ചത്.[99] അവരുടെ സംസ്കാരസമയത്ത് വായിക്കാനായി ജോൺസൺ ഒരു പ്രഭാഷണം എഴുതിയെങ്കിലും അജ്ഞാതമായ കാരണങ്ങളാൻ ടെയ്‌ലർ അത് വായിച്ചില്ല. ഭാര്യയുടെ മരണത്തെതുടർന്ന് ഒറ്റപ്പെട്ടവനായെന്ന തോന്നൽ ജോൺസണെ അലട്ടി. ജോൺസന്റെ നിരാശാവസ്ഥയിൽ ശവസംസ്കാരം ഏർപ്പാടാക്കിയത് പുസ്തകപ്രസാധകനായ ജോൺ ഹോക്ക്‌സണാണ്. താൻ ടെറ്റിയെ ദരിദ്രാവസ്ഥയിലാക്കിയതായും അവരെ അവഗണിച്ചതായുമൊക്കെയുള്ള തോന്നൽ ജോൺസണ് കുറ്റബോധം കൊടുത്തു. അദ്ദേഹം പുറമേ തന്നെ അസംതൃപ്തനായി കാണപ്പെട്ടു. സ്വന്തം മരണം വരെ അവരുടെ മരണവുമായി ബന്ധപ്പെട്ട വിലാപങ്ങളും പ്രാർഥനകളുമായിരുന്നു അദ്ദേഹത്തിന്റെ ഡയറിയിലാകെ. അവരായിരുന്നു അദ്ദേഹത്തിന്റെ മുഖ്യപ്രചോദനം. തന്റെ രചനാസം‌രംഭങ്ങൾ പൂർത്തിയാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനെ അവരുടെ മരണം തടസ്സപ്പെടുത്തി.[100]

പിൽക്കാലജീവിതം

1756 മാർച്ച് 16-ന് 5 പൗണ്ട് 18 ഷില്ലിങ്ങിന്റെ ഒരു കടത്തിന്റെപേരിൽ ജോൺസണെ അറസ്റ്റുചെയ്തു. മറ്റാരെങ്കിലുമായി ബന്ധപ്പെടാൻ കഴിയാതെ വന്നപ്പോൾ ജോൺസൺ എഴുത്തുകാരനും പ്രസാധകനുമായ സാമുവൽ റിച്ചാർഡ്സനുമായി ബന്ധപ്പെട്ടു. മുൻപും ജോൺസണ് പണം കടം കൊടുത്തിട്ടുണ്ടായിരുന്ന റിച്ചാർഡ്സൺ, ജോൺസണ് സൗമനസ്യപൂർവം 6 പൗണ്ട് അയച്ചുകൊടുത്തു. തുടർന്ന് അവർ സുഹൃത്തുക്കളായി.[101] താമസിയാതെ ജോൺസൺ ചിത്രകാരനായ ജോഷ്വാ റെയ്നോൾഡ്സിനെ പരിചയപ്പെട്ടു. റെയ്നോൾഡ്സിനെ ജോൺസൺ ഏറെ ഇഷ്ടപ്പെട്ടു. "ഞാൻ സുഹൃത്തെന്നുവിളിക്കാൻ ഇഷ്ടപ്പെടുന്ന ഒരേയൊരു മനുഷ്യൻ" എന്നുവരെ അദ്ദേഹം റെയ്നോൾഡ്സിനെ വിശേഷിപ്പിച്ചു.[102] അവർ ഒന്നിച്ചുകഴിഞ്ഞ സമയത്തെക്കുറിച്ച് റെയ്നോൾഡ്സിന്റെ ഇളയ സഹോദരി ഫ്രാൻസിസ് പറയുന്നത്, "സ്ത്രീകളും, പുരുഷന്മാരും, കുട്ടികളും ജോൺസണു ചുറ്റും കൂടി അദ്ദേഹത്തിന്റെ ചലനങ്ങളും അംഗവിക്ഷേപങ്ങളും കണ്ടു ചിരിച്ചു" എന്നാണ്.[103] റെയ്നോൾഡിനുപുറമേ ജോൺസന്റെ അടുത്ത സുഹൃത്തുക്കളായിരുന്നത് ബെന്നറ്റ് ലാങ്ങ്‌ടണും ആർതർ മർഫിയുമാണ്. ജോൺസണുമായി ഒരു കൂടിക്കാഴ്ച വളരെ ബുദ്ധിമുട്ടി നേടിയെടുത്തശേഷം ഒടുവിൽ അദ്ദേഹത്തിന്റെ ദീർഘസൗഹൃദം സമ്പാദിച്ച പണ്ഡിതനും ആരാധകനുമായിരുന്നു ലാങ്ങ്‌ടൺ. റാംബ്ലറിന്റെ 190-ആം ലക്കം അബദ്ധത്തിൽ പുനപ്രസിദ്ധീകരിക്കപ്പെട്ടതിനെതുടർന്ന് 1754-ലെ വേനൽക്കാലത്ത് ജോൺസണെ വന്നു കാണുകയും തുടർന്നു സൗഹൃദത്തിലാവുകയും ചെയ്തയാളാണ് മർഫി.[104] ഇക്കാലത്തിനടുത്ത് കവയിത്രി അന്നാ വില്യംസ്, ജോൺസണൊപ്പം താമസിക്കാൻ തുടങ്ങി. കവിതകളുടെ പേരിൽ ഏറെ പ്രശസ്തിയോ പണമോ ഇല്ലാത്ത അന്നയുടെ കാഴ്ച നഷ്ടപ്പെടുകയായിരുന്നു. അവർക്ക് താമസിക്കാനിടം നൽകിയും, തിമിരശസ്ത്രക്രിയയുടെ ചെലവ് വഹിച്ചും ജോൺസൺ അവരെ സഹായിക്കാൻ ശ്രമിച്ചു. അന്നയാകട്ടെ ജോൺസന്റെ വീട്ടുസൂക്ഷിപ്പുകാരിയുമായി.[105]

1781-ൽ സർ ജോഷ്വാ റെയ്നോൾഡ്സിന്റെ വീട്ടിൽ നടന്ന ഒരു സാഹിത്യവിരുന്നിൽ "ക്ലബിലെ" അംഗങ്ങളായ ബോസ്വെൽ (ഇടത്തേയറ്റം), ജോൺസൺ, റെയ്നോൾഡ്സ്, അഭിനേതാവ് ഡേവിഡ് ഗാറിക്ക്, രാഷ്ട്രതന്ത്രജ്ഞാൻ ഏഡ്മൻഡ് ബർക്ക്, കോർസിക്കൻ ദേശീയവാദി പാസ്കൽ പാവോളി, സംഗീതചരിത്രകാരൻ ചാൾസ് ബർണി, ആസ്ഥാനകവി തോമസ് വാർട്ടൺ, എഴുത്തുകാരൻ ഒലിവർ ഗോൾഡ്സ്മിത്ത് എന്നിവർ

തിരക്കിലായിരിക്കാനായി ജോൺസൻ "യൂണിവേഴ്സൽ റിവ്യൂ" എന്നും അറിയപ്പെട്ട "സാഹിത്യമാസിക"-യുടെ പണി തുടങ്ങി. അതിന്റെ ആദ്യലക്കം 1756 മാർച്ച് പത്തൊമ്പതാം തിയതി പുറത്തിറങ്ങി. സപ്തവത്സരയുദ്ധത്തിന്റെ തുടക്കവും അതിനെ നിശിതമായ എതിർത്തുകൊണ്ട് ജോൺസൻ എഴുതിയ ലേഖനങ്ങളും, സാഹിത്യമാസികയുടെ ഉദ്ദേശത്തെക്കുറിച്ചുള്ള ആശയപരമായ തർക്കങ്ങൾക്ക് കാരണമായി. അക്കാലത്ത് "മാസിക" പ്രസിദ്ധീകരിച്ച അനേകം നിരൂപണങ്ങളിൽ 34 എണ്ണമെങ്കിലും ജോൺസന്റേതായിരുന്നു.[106] മാസികയുടെ പണിയിൽ നിന്ന് ഒഴിവുകിട്ടിയപ്പോൾ ഗ്യൂസപ്പേ ബാരെറ്റി, വില്യം പെയ്ൻ, ഷാർലോട്ട് ലെനോക്സ് തുടങ്ങിയ എഴുത്തുകാർക്കുവേണ്ടി ആമുഖങ്ങളുടെ ഒരു പരമ്പരതന്നെ ജോൺസൺ എഴുതി.[107] ഇക്കാലത്ത് ലെനോക്സും അവരുടെ രചനകളുമായി ജോൺസണ് അടുത്ത ബന്ധമുണ്ടായിരുന്നു. അവർ ജോൺസണെ ഏറെ ആശ്രയച്ചു. അവരുടെ സാഹിത്യജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ സ്വാധീനം അദ്ദേഹമായിരുന്നു.[108] അവരുടെ രചനകളുടെ ഒരു പുതിയ പതിപ്പിറക്കാൻ അദ്ദേഹം ശ്രമിച്ചു. എന്നാൽ അദ്ദേഹത്തിന്റെ പിന്തുണ ഉണ്ടായിട്ടും പ്രസിദ്ധീകരണത്തെ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കത്തക്കവണ്ണം ആരും ആ രചനകളിൽ താത്പര്യം കാട്ടിയില്ല.[109] ജോൺസൺ അദ്ദേഹത്തിന്റെ വിവിധ പദ്ധതികളുടെ തിരക്കിലായിരിക്കുമ്പോൾ വീട്ടുകാര്യങ്ങളിൽ സഹായിക്കാനായി, ജോൺസന്റെ ക്ലബിലെ അംഗവും ഭിഷഗ്വരനുമായിരുന്ന റിച്ചാർഡ് ബാത്തസ്റ്റിന്റെ നിർബ്ബന്ധത്തിൽ ജോൺസൻ, ഫ്രാൻസിസ് ബാർബർ എന്നുപേരുള്ള സ്വതന്ത്രനാക്കപ്പെട്ട അടിമയെ പരിചാരകനായി എടുത്തു.[110]

ഈ സം‌രംഭങ്ങൾ ജോൺസന്റെ പ്രയത്നത്തിന്റെ ഒരു ഭാഗം മാത്രമേ ആയിരുന്നുള്ളു. ഷേക്സ്പിയർ നാടകങ്ങളുടെ ഒരു സംശോധിതപതിപ്പ് തയ്യാറാക്കുന്ന ജോലിയിലും അദ്ദേഹം ഏർപ്പെട്ടിരുന്നു. 1756 ജൂൺ എട്ടാം തിയതി, ഷേക്സ്പിയർ നാടകങ്ങളുടെ ഒരു പുതിയ പതിപ്പ്, മുൻകൂർ വരിക്കാരുടെ സഹായത്തോടെ (by subscription) പ്രസിദ്ധീകരിക്കുന്നതിന് ഒരു പദ്ധതി ജോൺസൺ പ്രസിദ്ധീകരിച്ചു. നാടകങ്ങളുടെ പഴയ പതിപ്പുകൾ തെറ്റായി സംശോധനം ചെയ്യപ്പെട്ടവയാണെന്നും അവ തിരുത്തേണ്ടത് ആവശ്യമാണെന്നും അതിൽ അദ്ദേഹം വാദിച്ചു.[111] എന്നാൽ ഈ സം‌രംഭം മുന്നോട്ടുപോയത് വളരെ മെല്ലെയായിരുന്നു. 1757 ഡിസംബറിൽ സംഗീതചരിത്രകാരനായ ചാൾസ് ബർണിയോട് ജോൺസൺ പറഞ്ഞത്, അത് പൂർത്തിയാകാൻ അടുത്ത മാർച്ച് മാസം വരെ കാത്തിരിക്കേണ്ടിവരുമെന്നാണ്. എന്നാൽ അതിനുമുൻപേ 1758 ഫെബ്രുവരിയിൽ ജോൺസൺ വീണ്ടും അറസ്റ്റിലായി. 40 പൗണ്ടിന്റെ കടത്തിന്റെ പേരിലായിരുന്നു ഇത്തവണ അറസ്റ്റ്. ഷേക്സ്പിയർ പതിപ്പിന്റെ പ്രസിദ്ധീകരണത്തിന് ജോൺസണുമായി ഉടമ്പടിയിലേർപ്പെട്ടിരുന്ന ജേക്കബ് ടോൺസൺ കടം വീട്ടി. ഈ ഔദാര്യം വീട്ടുകയെന്നതും ഷേക്സ്പിയർ പതിപ്പ് ഉടൻ പൂർത്തിയാക്കുന്നതിന് ജോൺസണ് ഒരു കാരണമായി. പദ്ധതി പൂർത്തിയാകാൻ ഏഴുവർഷം കൂടി എടുത്തെങ്കിലും അതിനോടുള്ള തന്റെ പ്രതിബദ്ധത തെളിയിക്കാനായി ഷേക്സ്പിയറുടെ ഏതാനും വാല്യങ്ങൾ അദ്ദേഹം ഉടൻ പ്രസിദ്ധീകരിച്ചു.[112]

1758 ഏപ്രിലിൽ ജോൺസൺ 'സമയംകൊല്ലി' (Idler) എന്ന പേരിൽ ഒരു പ്രതിവാരപരമ്പര എഴുതാൻ തുടങ്ങി. അത് 1760 ഏപ്രിൽ വരെ തുടർന്നു. റാംബ്ലറിനേക്കാൾ ചെറുതായിരുന്ന ഈ പരമ്പരക്ക് അതിന്റെ പല പ്രത്യേകതകളും ഇല്ലായിരുന്നു. റാംബ്ലർ ജോൺസൺ സ്വയം പ്രസിദ്ധീകരിച്ചപ്പോൾ, സമയംകൊല്ലി, ജോൺ പെയ്ൻ, ജോൺ ന്യൂബെറി, റോബർട്ട് സ്റ്റീവെൻസ്, വില്യം ഫാഡൻ തുടങ്ങിയവർ പിന്തുണച്ചിരുന്ന "യൂണിവേഴ്സൽ ക്രോണിക്കിൾ" എന്ന പത്രികയിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.[113] 'സമയംകൊല്ലി'-ക്ക് ജോൺസന്റെ പ്രയത്നം മുഴുവൻ ആവശ്യമില്ലാതിരുന്നതിനാൽ, അബിസീനിയയിലെ രാജപുത്രൻ റസ്സേലാസിന്റെ ചരിത്രം എന്ന തത്ത്വചിന്താപരമായ ലഘുനോവൽ 1759-ൽ ഏപ്രിലിൽ പ്രസിദ്ധീകരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ചെറിയ കഥപ്പുസ്തകം എന്നാണ് അദ്ദേഹം അതിനെ വിളിച്ചത്. അബിസീനിയയിൽ, സന്തുഷ്ടിയുടെ താഴ്വരയിൽ വളർന്ന റസ്സേലാസിന്റേയും അയാളുടെ സഹോദരി നെകായായുടേയും കഥയാണ് അത് പറഞ്ഞത്. ഒരുവിധത്തിലുമുള്ള പ്രശ്നങ്ങളില്ലാത്തതും എല്ലാ ആഗ്രഹങ്ങളും ഉടൻ പൂർത്തീകരിച്ചുകിട്ടിയിരുന്നതുമായ സ്ഥലമായിരുന്നു ആ താഴ്വര. എന്നാൽ നിരന്തരമായ സുഖം സംതൃപ്തിയിലേക്ക് നയിച്ചില്ല. ഒടുവിൽ ഇംലാക്ക് എന്ന തത്ത്വചിന്തകന്റെ സഹായത്തോടെ താഴ്വരയിൽ നിന്ന് രക്ഷപെട്ട് ലോകം ചുറ്റിക്കറങ്ങുന്ന റസ്സേലാസ്, പുറംലോകത്തെ സമൂഹവും ജീവിതവും ദുരിതപൂർണ്ണമാണെന്ന് കണ്ടെത്തുന്നു. അവർ അബിസീനിയയിലേക്ക് മടങ്ങിയെങ്കിലും സന്തുഷ്ടിയുടെ താഴ്വരയിലെ നിരന്തരമായ സുഖാനുഭവത്തിലേക്ക് മടങ്ങാൻ ആഗ്രഹിച്ചില്ല.[114] ജോൺസൺ അമ്മയുടെ ശവസംസ്കാരത്തിന്റെ ചെലവിനും അവരുടെ കടങ്ങൾ തീർക്കാനുമായി ഒരാഴ്ചകൊണ്ട് എഴുതിയതാണ് റസ്സേലാസ്. അതിന്റെ ജനസമ്മതിമൂലം മിക്കവാറും എല്ലാവർഷവും അതിന്റെ ഒരു പുതിയപതിപ്പ് ഇറക്കേണ്ടിവന്നു. പിന്നീട് പ്രസിദ്ധീകരിക്കപ്പെട്ട ജെയിൻ ഐർ, ക്രാൻഫോർഡ്, ഹൗസ് ഓഫ് സെവൻ ഗേബിൾസ് എന്നീ കഥകളിൽ അത് പരാമർശിക്കപ്പെടുന്നുണ്ട്. അതിന്റെ പ്രശസ്തി ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന നാടുകളിൽ മാത്രമായി ഒതുങ്ങിയില്ല: പ്രസിദ്ധീകരിച്ച ഉടനെ അത് ഫ്രഞ്ച്, ഡച്ച്, ജർമ്മൻ, റഷ്യൻ, ഇറ്റാലിയൻ ഭാഷകളിലേക്കും, പിന്നീട് മറ്റു പല ഭാഷകളിലേക്കും പരിഭാഷപ്പെടുത്തപ്പെട്ടു.[115]

ജെയിംസ് ബോസ്വെൽ 25 വയസ്സുള്ളപ്പോൾ

1762 ആയപ്പോൾ, ജോൺസന്റെ രചനാസം‌രംഭങ്ങളുടെ മെല്ലെപ്പോക്ക് കുപ്രസിദ്ധമായി; അക്കാലത്ത ഹാസ്യകവി ചാൾസ് ചർച്ചിൽ, ഏറെക്കാലമായി പറഞ്ഞുകേട്ടിരുന്ന ജോൺസന്റെ ഷേക്സ്പിയർ പതിപ്പ് വൈകുന്നതിനെച്ചൊല്ലി ജോൺസണെ കളിയാക്കി: "വരിക്കാരെ ചൂണ്ടയിട്ട് കാശുവാങ്ങിയിട്ട് പുസ്തകമെവിടെ?"[116] ഈ കളിയാക്കൽ ഷേക്സ്പിയർ പതിപ്പിന് കൂടുതൽ സമയം ചെലവാക്കാൻ ജോൺസണെ പ്രേരിപ്പിച്ചു. 1762 ജൂലൈ ഇരുപതാം തിയതി സർക്കാർ അനുവദിച്ച പെൻഷന്റെ ആദ്യഗഡു കിട്ടിയതോടെ ഷേക്സ്പിയർ പതിപ്പിൽ കൂടുതൽ ശ്രദ്ധിക്കാനുള്ള സ്വാതന്ത്ര്യവും അദ്ദേഹത്തിന് കിട്ടി.[116] 24 വയസ്സുണ്ടായിരുന്ന ജോർജ്ജ് മൂന്നാമൻ രാജാവാണ് നിഘണ്ടു വഴി നൽകിയ സേവനത്തിന്റെ പേരിൽ ജോൺസണ് മുന്നൂറു പൗണ്ട് വാർഷിക പെൻഷനായി അനുവദിച്ചത്.[39] പെൻഷൻ അദ്ദേഹത്തെ ധനവാനാക്കിയില്ലെങ്കിലും, ജീവിതത്തിൽ ബാക്കിയുണ്ടായിരുന്ന ഇരുപത്തിരണ്ടുവർഷം, താരതമ്യേനയുള്ള സ്വാതന്ത്ര്യത്തിലും സൗകര്യത്തിലും കഴിയാൻ അത് അദ്ദേഹത്തെ സഹായിച്ചു.[117] തോമസ് ഷെരിഡൻ, ബ്യൂട്ടിലെ പ്രഭു ജോൺ സ്റ്റുവാർട്ട് എന്നിവരുടെ പരിശ്രമം മൂലമാണ് അത് അനുവദിച്ചുകിട്ടിയത്. പെൻഷൻ ഏതെങ്കിലും രാഷ്ട്രീയകാര്യപരിപാടിയെയോ, ഉദ്യോഗസ്ഥന്മാരെയോ പിന്തുണക്കാൻ തനിക്ക് ബാദ്ധ്യതവരുത്തുമോ എന്ന് ജോൺസൺ ചോദിച്ചപ്പോൾ, ബ്യൂട്ട് പറഞ്ഞത് "താങ്കൾ ചെയ്യേണ്ടതായുള്ള എന്തിന്റെയെങ്കിലും പേരിലല്ല, ചെയ്തു കഴിഞ്ഞതിന്റെ പേരിലാണ് പെൻഷൻ നൽകിയത്" എന്നാണ്".[118]

ജോൺസന്റെ പ്രഖ്യാതമായ ജീവചരിത്രം എഴുതിയ ജെയിംസ് ബോസ്വെല്ലിനെ ജോൺസൺ ആദ്യം കണ്ടത് 1763 മേയ് 16-ന്, സുഹൃത്ത് ടോം ഡേവീസിന്റെ പുസ്തകക്കടയിലാണ്. ബോസെല്ലിന് സ്കോട്ട്ലണ്ടിലെ അദ്ദേഹത്തിന്റെ വീട്ടിലേക്കുള്ള യാത്രകളിലും മറ്റുമായി മാസങ്ങളോളം മാറിനിൽക്കേണ്ടിവന്നെങ്കിലും അവർക്കിടയിൽ ദൃഢമായ സൗഹൃദം വളർന്നു.[119] 1763-ലെ വസന്തകാലത്ത് ജോൺസൺ തന്റെ ക്ലബ്ബ് രൂപവത്കരിച്ചു. അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ചിത്രകാരൻ ജോഷ്വാ റെയ്നോൾഡ്സ്, രാഷ്ട്രതന്ത്രജ്ഞൻ എഡ്മണ്ട് ബർക്ക്, അഭിനേതാവ് ഡേവിഡ് ഗാറിക്ക്, സാഹിത്യകാരൻ ഒലിവർ ഗോൾഡ്സ്മിത്ത് തുടങ്ങിയവർ ഉൾപ്പെട്ട ഒരു സാമൂഹ്യ കൂട്ടായ്മയായിരുന്നു അത്. പിന്നീട് അതിൽ സാമ്പത്തിക ശാസ്ത്രജ്ഞൻ ആഡം സ്മിത്ത്, ചരിത്രകാരൻ എഡ്‌വേർഡ് ഗിബ്ബൺ തുടങ്ങിയവരും ഉൾപ്പെട്ടു. തിങ്കളാഴ്ചകളിൽ വൈകിട്ട് ഏഴുമണിക്ക് സോഹോയിൽ ജെരാർഡ് തെരുവിലെ ടർക്ക്‌സ് ഹെഡ് എന്ന ഭോജനാലയത്തിൽ സമ്മേളിക്കാൻ അവർ തീരുമാനിച്ചു. ക്ലബ്ബിന്റെ സ്ഥാപകന്മാരുടെ മരണത്തിനുശേഷവും വർഷങ്ങളോളം ഈ സമ്മേളനങ്ങൾ തുടർന്നു.[120]

കൂടിക്കാഴ്ചയുടെ സമയമത്രയും ജോൺസൺ തിരുമേനിയോട് അങ്ങേയറ്റം ബഹുമാനപൂർവമെങ്കിലും, ഉറപ്പോടെയും തന്റേടത്തോടെയും, തന്റെ മുഴക്കമുള്ള സാധാരണ സ്വരത്തിലും സംസാരിച്ചു. രാജദർശനങ്ങളിലും അകത്തളങ്ങളിലും പതിവുള്ള പതിഞ്ഞ സ്വരം അദ്ദേഹം ഉപയോഗിച്ചതേയില്ല. രാജാവ് വിടവാങ്ങിക്കഴിഞ്ഞപ്പോൾ, തിരുമേനിയുടെ സംഭാഷണത്തിലും കുലീനമായ പെരുമാറ്റത്തിലും ജോൺസൺ ഏറെ സന്തുഷ്ടനായി കാണപെട്ടു. അദ്ദേഹം മിസ്റ്റർ ബർനാർഡിനോട് ഇങ്ങനെ പറഞ്ഞു: "സർ, രാജാവിനെക്കുറിച്ച് അവർ എന്തുവേണമെങ്കിലും പറഞ്ഞുകൊള്ളട്ടെ; എന്നാൽ ഞാൻ കണ്ടിട്ടുള്ളവരിൽ ഏറ്റവും മാന്യനായ മനുഷ്യനാണ് അദ്ദേഹം".[121]
– സാമുവൽ ജോൺസന്റെ ജീവിതം - ബോസ്വെൽ

1765 ജനുവരി ഒൻപതാം തിയതി, മർഫി, മദ്യവ്യാപാരിയും പാർലമെന്റ് അംഗവുമായിരുന്ന ഹെന്റി ത്രേൽ, അദ്ദേഹത്തിന്റെ പത്നി ഹെസ്റ്റർ ത്രേൽ എന്നിവരെ ജോൺസണ് പരിചയപ്പെടുത്തി. അവർക്കിടയിൽ പെട്ടെന്ന് സൗഹൃദം രൂപപ്പെട്ടു; ജോൺണോട് അവർ ഒരു കുടുംബാംഗത്തോടെന്നപോലെ പെരുമാറി. ഷേക്സ്പിയർ പതിപ്പിന്റെ പണിയിൽ മുഴുകാൻ ജോൺസണ് ഒരിക്കൽ കൂടി പ്രചോദനം കിട്ടി.[122] തുടർന്ന്, 1781-ൽ ഹെന്റിയുടെ മരണം വരെയുള്ള പതിനേഴുവർഷക്കാലം ജോൺസൺ ത്രേൽമാർക്കൊപ്പം താമസിച്ചു. ചിലപ്പോഴൊക്കെ അദ്ദേഹം ത്രേലിന്റെ സൗത്ത്‌വാർക്കിലുള്ള മദ്യനിർമ്മാണശാലയോടുചേർന്നുള്ള മുറിയിലും താമസിച്ചു.[123] ഇക്കാലത്തെ ജോൺസന്റെ ജീവിതത്തെപ്പറ്റി ഹെസ്റ്റർ ത്രേൽ അവരുടെ ഡയറിയിലും കത്തുകളിലും രേഖപ്പെടുത്തിയത്, ജോൺസന്റെ മരണശേഷം ജീവചരിത്രകാരന്മാർക്ക് വിലപ്പെട്ട രേഖയായി.[124]

ജോൺസന്റെ ഷേക്സ്പിയർ നാടകപ്പതിപ്പ്, 1765 ഒക്ടോബർ പത്താം തിയതി, എട്ടുവാല്യങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ടു. ആയിരം പ്രതികളാണ് അച്ചടിച്ചത്. ആദ്യപതിപ്പ് പെട്ടെന്ന് വിറ്റഴിഞ്ഞതിനെ തുടർന്ന് രണ്ടാമതൊരു പതിപ്പിറക്കി.[125] ഷേക്സ്പിയർ നാടകങ്ങളുടെ ഒരു പ്രത്യേകപാഠമാണ് ജോൺസൺ ഉപയോഗിച്ചത്. കൈയെഴുത്തുപതിപ്പുകളുടെ പരിശോധനയിൽ ശരിയായതെന്ന് ജോൺസണ് തോന്നിയ പാഠമായിരുന്നു അത്. നാടകങ്ങളിലെ സങ്കീർണ്ണഭാഗങ്ങളും നേരത്തേ തെറ്റായി പകർത്തികിട്ടിയ ഭാഗങ്ങളും വായനക്കാർക്ക് മനസ്സിലാകാനായി, നാടകഭാഗങ്ങൾക്ക് സമാന്തരമായി കുറിപ്പുകൾ എഴുതിച്ചേർത്തത് ജോൺസൺ കൊണ്ടുവന്ന ഒരു വലിയ നവീനതയായിരുന്നു.[126] കുറിപ്പുകളിൽ ഷേക്സ്പിയറുടെ മുൻ സംശോധകർക്കും പതിപ്പുകൾക്കും നേരേയുള്ള ആക്രമണവും ഉൾക്കൊള്ളിച്ചിരുന്നു.[127] വർഷങ്ങൾക്കുശേഷം ജോൺസന്റെ സുഹൃത്തും പ്രശസ്ത ഷേക്സ്പിയർ പണ്ഡിതനുമായ എഡ്മണ്ട് മാലോൺ പറഞ്ഞത്, ജോൺസന്റെ ചടുലവും വിശദവുമായ സമീപനം ഷേക്സ്പിയറെ മനസ്സിലാക്കുന്നതിൽ ഏറെ സഹായകമായെന്നും ഇക്കാര്യത്തിൽ ജോൺസന്റെ സംഭാവന അദ്ദേഹത്തിന്റെ മുൻഗാമികൾ എല്ലാം ചേർന്ന് നൽകിയതിനേക്കാൾ അധികമാണെന്നുമാണ്.[128]

1767 ഫെബ്രുവരി മാസത്തിൽ ജോൺസണ് ജോർജ്ജ് മൂന്നാമൻ രാജാവുമായി ഒരു കൂടിക്കാഴ്ചക്ക് അവസരംകിട്ടി. രാജ്ഞിയുടെ കൊട്ടാരത്തോടുചേർന്നുള്ള ഗ്രന്ഥാലയത്തിൽ നടന്ന ഈ കൂടിക്കാഴ്ച ഏർപ്പാടാക്കിയത് രാജാവിന്റെ ലൈബ്രേറിയനായിരുന്ന ഫ്രെഡറിക് അഗസ്റ്റാ ബർണാർഡായിരുന്നു.[129] ജോൺസൺ ലൈബ്രറി സന്ദർശിക്കുമെന്നറിഞ്ഞ രാജാവ്, തനിക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തി തരാൻ ബർണാർഡിനോട് ആവശ്യപ്പെടുകയായിരുന്നു.[130] ഹ്രസ്വമായ ആ കൂടിക്കാഴ്ചയിൽ ജോൺസൺ രാജാവിനെ ഇഷ്ടപ്പെടുകയും തങ്ങളുടെ സംഭാഷണത്തിൽ സംതൃപ്തനാവുകയും ചെയ്തു.[121]

അന്തിമരചനകൾ

1775-ൽ ജോഷ്വാ റെയ്നോൾഡ്സ് വരച്ച ജോൺസന്റെ ഈ ചിത്രം വായനയിലെ അഗാധശ്രദ്ധയും കണ്ണുകളുടെ ദൗർബ്ബല്യവും സൂചിപ്പിക്കുന്നു; "കണ്ണുചിമ്മുന്ന സാം" (Blinking Sam) ആയി ചിത്രീകരിക്കപ്പെടാൻ ജോൺസൺ ഇഷ്ടപ്പെട്ടിരുന്നില്ല."[131]

1773 ഓഗസ്റ്റ് ആറാം തിയതി, ബോസ്വെലുമായി പരിചയപ്പെട്ട് പതിനൊന്നുവർഷം കഴിഞ്ഞ്, തന്റെ സുഹൃത്തിനെ സ്കോട്ട്ലൻഡിൽ സന്ദർശിക്കാൻ ജോൺസൺ പുറപ്പെട്ടു. ഈ യാത്രയുടെ 1775-ലെ വിവരണത്തിന് ജോൺസൺ പേരിട്ടത്, "സ്കോട്ട്ലൻഡിന്റെ പടിഞ്ഞാറൻ ദ്വീപുകളിലേക്കുള്ള യാത്ര" എന്നാണ്.[132] സ്കോട്ട്ലണ്ടിലെ ജനങ്ങളെ ബാധിച്ച സവിശേഷമായ സാമൂഹ്യപ്രശ്നങ്ങളേയും സംഘർഷങ്ങളേയും കുറിച്ചെഴുതുകയായിരുന്നു ലക്ഷ്യം. ഒപ്പം അവിടത്തെ സമൂഹത്തിന്റെ പല നല്ലവശങ്ങളേയും അദ്ദേഹം എടുത്തുപറഞ്ഞു പുകഴ്ത്തി. എഡിൻബറോയിലെ ബധിര-മൂകവിദ്യാലയം അദ്ദേഹത്തിന്റെ പ്രത്യേകപ്രശംസ പിടിച്ചുപറ്റി.[133] ജെയിംസ് മാക്പേഴ്സന്റെ ഓസ്സിയൻ കവിതകളെക്കുറിച്ച് ഒരു തർക്കത്തിൽ ഏർപ്പെടാനും അദ്ദേഹം ഈ കൃതി അവസരമാക്കി. ആ കവിതകൾ പുരാതന സ്കോട്ട്ലൻഡിലെ സാഹിത്യത്തിൽ നിന്നുള്ള പരിഭാഷയായിരിക്കാൻ സാധ്യതയില്ലെന്ന് ജോൺസൺ വാദിച്ചു. അക്കാലങ്ങളിൽ ഗേലിക് (Gaelic) ഭാഷയിൽ ഒന്നും എഴുതപ്പെട്ടിട്ടില്ലായിരുന്നു എന്നാണ് ഇതിന് അദ്ദേഹം പറഞ്ഞ ന്യായം.[134] മക്പേഴ്സണും ജോൺസണുമായി ചൂടുപിടിച്ച വാദപ്രതിവാദം നടന്നു. ജോൺസന്റെ ഒരു കത്തനുസരിച്ച് മാക്പേഴ്സൺ ജോൺസണെ ശാരീരികമായി ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകപോലും ചെയ്തു.[135] ഈ യാത്രയെ തുടർന്ന്, ഹെബ്രൈഡ്സ് യാത്രക്കുറിപ്പ് എന്നപേരിൽ ബോസ്വെൽ എഴുതിയ വിവരണം അദ്ദേഹം പിന്നീടെഴുതിയ ജീവചരിത്രത്തിന്റെ മുന്നോടിയായിരുന്നു. അതിൽ അദ്ദേഹം അനേകം ഉദ്ധരണികളും സംഭവവിവരണങ്ങളും സ്കോട്ട്ലൻഡിലെ രീതിയിൽ വസ്ത്രധാരണം നടത്തിയ ജോൺസൺ ഒരു ഇരുതലവാൾ എടുത്തുവീശുന്നതും, നൃത്തം ചെയ്യുന്നതും മറ്റും പോലുള്ള രസകരമായ സന്ദർഭങ്ങളുടെ ചിത്രീകരണങ്ങളും ഉൾപ്പെടുത്തിയിരുന്നു.[136]

അദ്യമൊക്കെ സർക്കാരിനെ എതിർത്തിരുന്ന ജോൺസൺ, 1770-കളിൽ അതിന്റെ നയങ്ങളെ പിന്തുണച്ച് ഏതാനും ലഘുലേഖകൾ പ്രസിദ്ധീകരിച്ചു. അമേരിക്കൻ കോളനികളെ സംബന്ധിച്ച ജോർജ്ജ് മൂന്നാമൻ രാജാവിന്റെ നയങ്ങളുടെ വലിയ വിമർശകനായിരുന്ന ജോൺ വിൽക്ക്‌സിനെ വിമർശിച്ച്, "അനാവശ്യമായ പേടിപ്പെടുത്തൽ" എന്നപേരിൽ ഒരു ലഘുലേഖ ജോൺസൺ പ്രസിദ്ധീകരിച്ചത് 1770-നായിരുന്നു. 1771-ൽ ഫാക്ക്‌ലാൻഡ് ദ്വീപിന്റെ കാര്യത്തിൽ സ്പെയിനുമായി യുദ്ധത്തിനുപോകുന്നതിനെ എതിർത്തും അദ്ദേഹം എഴുതി.[137] 1774-ൽ, "രാജ്യസ്നേഹി" എന്ന പേരിൽ പ്രസിദ്ധീകരിച്ച ലേഖനം, കപടദേശസ്നേഹം എന്ന് അദ്ദേഹം കരുതിയ നിലപാടിന്റെ നിശിതവിമർശനമായിരുന്നു. "ദേശസ്നേഹം തെമ്മാടിയുടെ അവസാന അഭയസ്ഥാനമണ്" എന്ന പ്രഖ്യാതമായ പ്രസ്താവന ജോൺസൺ നടത്തിയത് 1775 ഏപ്രിൽ 7-നാണ്.[138] ഈ വരികൾ, പലരും കരുതുന്നതുപോലെ, ദേശസ്നേഹത്തിന്റെ പൊതുവായ വിമർശനമായിരുന്നില്ല. "ദേശസ്നേഹത്തിന്റെ മന്ത്രി" ആയിരുന്ന ബ്യൂട്ടിലെ പ്രഭുവും അദ്ദേഹത്തെ പിന്തുണച്ചവരും ആ സങ്കല്പത്തെ ദുരുപയോഗിച്ചതിനെ മാത്രമാണ് ജോൺസൺ വിമർശിച്ചത്; രാജ്യസ്നേഹികളെന്ന് സ്വയം ഘോഷിച്ചുനടന്നവരെ ജോൺസൺ പൊതുവെ വെറുത്തു. എന്നാൽ യഥാർഥ രാജ്യസ്നേഹമെന്ന് തനിക്ക് തോന്നിയതിനെ അദ്ദേഹം എപ്പോഴും വിലമതിച്ചിരുന്നു.[139]

1775-ൽ ഇറക്കിയ അവസാനത്തെ ലഘുലേഖയുടെ പേര് "നികുതിപിരിവ് ഭീകരതയല്ല" എന്നായിരുന്നു. അമേരിക്കൻ കോളനികളുടെ കാര്യത്തിൽ ബ്രിട്ടീഷ് പാർലമെന്റ് അംഗീകരിച്ച കർക്കശനിയമങ്ങളെ (Coercive Acts) ന്യായീകരിക്കുകയും, പ്രാതിനിധ്യം ഇല്ലാതെയുള്ള നികുതിപിരിവിനെ എതിർത്ത ഒന്നാം അമേരിക്കൻ ഭൂഖണ്ഡസമ്മേളനത്തെ (First Continental Congress) വിമർശിക്കുകയുമാണ് ഈ ലഘുലേഖയിൽ ജോൺസൺ ചെയ്തത്.[140] അമേരിക്കയിലേക്ക് കുടിയേറുകവഴി കോളനിക്കാർ അവരുടെ സമ്മതിദാനാവകാശം സ്വയം ഉപേക്ഷിച്ചെന്നും എന്നാൽ അവർക്ക് ഇപ്പോഴും പാർലമെന്റിൽ ഒരുതരത്തിലുള്ള പ്രാതിനിധ്യം ഉണ്ടെന്നും ജോൺസൺ വാദിച്ചു. പഴയ കോൺവാളിലെ ആദിവാസികൾക്ക് അനുവദിച്ചുകൊടുക്കാവുന്നത്ര സ്വയംഭരണത്തിനുമാത്രമേ അമേരിക്കൻ കോളനിവാസികൾക്കും അവകാശമുള്ളു എന്ന് അദ്ദേഹം പരിഹസിച്ചു. പാർലമെന്റിൽ പങ്കെടുക്കണെമെന്നുണ്ടെങ്കിൽ കോളനിക്കാർ ഇംഗ്ലണ്ടിൽ വന്ന് ഭൂമിവാങ്ങി താമസിക്കുകയാണ് വേണ്ടത്.