സാമുവൽ ആഡംസ്
ഒരു അമേരിക്കൻ സ്വാതന്ത്ര്യസമരനേതാവായിരുന്നു സാമുവൽ ആഡംസ്. യു.എസ്സിലെ രണ്ടാമത്തെ പ്രസിഡന്റായിരുന്ന ജോൺ ആഡംസിന്റെ (1735-1826) അകന്ന ഒരു സഹോദരനായിരുന്നു സാമുവൽ. ഇദ്ദേഹം മാസാച്ചുസെറ്റ്സിലെ ബോസ്റ്റണിൽ 1722 സെപ്റ്റംബർ 27-നു ജനിച്ചു. ജീവിതരേഖബോസ്റ്റണിലെ ടാക്സ് കളക്റ്റർ ആയി ഉദ്യോഗം നോക്കിയെങ്കിലും ശരിയായി നികുതി പിരിക്കാനോ കണക്കുകൾ സൂക്ഷിക്കാനോ കഴിയാതിരുന്നതിനാൽ വ്യവഹാരത്തിൽ ഏർപ്പെടേണ്ടിവന്നു. പ്രാതിനിധ്യമില്ലാതെ നികുതിയില്ല (No Taxation without Representation) എന്ന പ്രഖ്യാപനത്തിന്റെ പിൻബലത്തോടെ 1764-ലെ പഞ്ചസാരനിയമത്തെ എതിർത്തതോടെയാണ് ആഡംസ് അറിയപ്പെട്ടു തുടങ്ങിയത്. ബോസ്റ്റണിൽ സ്റ്റാമ്പുനികുതിക്കെതിരായി നടന്ന വിപ്ലവത്തിൽ ഇദ്ദേഹം സജീവമായ പങ്കു വഹിച്ചു. വിപ്ലവകാരി1769-ൽ മാസാച്ചുസെറ്റ്സിലെ തീവ്രവാദികളുടെ നേതാവായി ഇദ്ദേഹം മാറി. 1774-നു മുൻപുതന്നെ ബ്രിട്ടീഷ് പാർലമെന്റിന് അമേരിക്കൻ കോളനികളുടെ മേൽഅധികാരമില്ലെന്നും കോളനികളുടെ ആത്യന്തികലക്ഷ്യം പൂർണസ്വാതന്ത്ര്യമാണെന്നും പ്രഖ്യാപിച്ച യു.എസ്സിലെ ആദ്യകാലനേതാക്കളിൽ ഒരാളാണ് സാമുവൽ ആഡംസ്. ബ്രിട്ടീഷുകാർക്കെതിരായി, പ്രസിദ്ധീകരണങ്ങളിലൂടെ ഇദ്ദേഹം നിരന്തര സമരം നടത്തി. അമേരിക്കൻ വിപ്ലവത്തിന്റെ ഒരു പ്രചാരകൻ എന്ന നിലയിലും ഇദ്ദേഹം ഖ്യാതി നേടി. ബോസ്റ്റൺ ടീ പാർട്ടി(1773)യുടെ സൂത്രധാരന്മാരിൽ ഒരാളായിരുന്ന ആഡംസ് കോണ്ടിനന്റൽ കോൺഗ്രസ്സിൽ (1774 ഒക്റ്റോബർ) പങ്കെടുത്തു. ഭരണഘടനാരൂപീകരണത്തിലെ പങ്ക്മാസാച്ചുസെറ്റ്സിലെ പ്രൊവിൻഷ്യൽ കോൺഗ്രസ് അംഗമായിരുന്ന (1774-75) ആഡംസ് അവിടത്തെ ഭരണഘടന രൂപവത്കരിക്കുന്നതിലും ഗണ്യമായ പങ്കു വഹിച്ചു. 1789 മുതൽ 94 വരെ മാസാച്ചുസെറ്റ്സിലെ ലെഫ്. ഗവർണറായും, 1794 മുതൽ 97 വരെ അവിടത്തെ ഗവർണറായും ആഡംസ് സേവനം അനുഷ്ഠിച്ചു. ഡെമോക്രാറ്റിക്-റിപ്പബ്ലിക്കൻ കക്ഷിനേതാവായി പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ (1796) മത്സരിച്ചെങ്കിലും ജെഫേഴ്സനോട് തോറ്റു. പിന്നീട് ഇദ്ദേഹം പൊതുപ്രവർത്തനങ്ങളിൽനിന്നു വിരമിച്ചു. 1803 ഒക്ടോബർ 2-ന് ആഡംസ് ബോസ്റ്റണിൽ നിര്യാതനായി. അവലംബംപുറത്തേക്കുള്ള കണ്ണികൾ
|