സാമുവൽ അജയി ക്രൗത്തർ
ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ആദ്യത്തെ തദ്ദേശീയ ആംഗ്ലിക്കൻ മെത്രാനും വേദപ്രചാരകനും ബഹുഭാഷാനിപുണനും ആയിരുന്നു സാമുവൽ അജയി ക്രൗത്തർ (ജനനം : 1809-നടുത്ത്; മരണം 1891 ഡിസംബർ 31). പത്തൊൻപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ ആഫ്രിക്കൻ ക്രിസ്തീയ നേതാവായി അദ്ദേഹം കണക്കാക്കപ്പെടുന്നു.[1] നൈജീരിയയിൽ ഓയോ പ്രവിശ്യയിലെ ഇസെയിൻ പ്രദേശത്ത്, യോറുബാ ഗോത്രത്തിൽ ജനിച്ച ക്രൗത്തർ 12 വയസ്സുള്ളപ്പോൾ ഫുലാനി അടിമവേട്ടക്കാരുടെ പിടിയിലായി. പല ഉടമകളൾക്കിടയിൽ കൈമാറ്റം ചെയ്യപ്പെട്ട അദ്ദേഹം അവസാനം പോർച്ചുഗീസുകാരായ അടിമക്കച്ചവടക്കാരുടെ കൈയ്യിലെത്തി. അവർ അടിമക്കപ്പലിൽ അമേരിക്കയിലേക്കു കൊണ്ടുപോകുന്നതിനിടെ, ബ്രിട്ടീഷ് നാവികസേന അദ്ദേഹത്തെ മോചിപ്പിച്ച് പശ്ചിമാഫ്രിക്കൻ രാജ്യമായ സിയരാ ലിയോണിൽ എത്തിച്ചു. അവിടെ ആംഗ്ലിക്കൻ വേദപ്രചാരകരുടെ സി.എം.എസ് സ്കൂളിൽ ചേർന്നു പഠിച്ച അദ്ദേഹം ക്രമേണ ക്രിസ്തീയവിശ്വാസവുമായി പരിചയപ്പെട്ട് 16-ആം വയസ്സിൽ ക്രിസ്തുമതം സ്വീകരിച്ചു.[2] തുടർന്ന് നൈജർ, യോറുബാ പ്രദേശങ്ങളിലെ വേദപ്രചാരണദൗത്യങ്ങളിൽ പ്രധാന പങ്കു വഹിച്ച അദ്ദേഹത്തിന് ആംഗ്ലിക്കൻ സഭയിൽ ആദ്യം പൗരോഹിത്യവും ഒടുവിൽ മെത്രാൻ പദവിയും ലഭിച്ചു. ഇംഗ്ലീഷിനു പുറമേ സ്വന്തം മാതൃഭാഷ യോറുബാ ഉൾപ്പെടെയുള്ള പല ആഫ്രിക്കൻ ഭാഷകളും പഠിച്ച ക്രൗത്തർ, ബൈബിളിന്റെ യോറുബാ പരിഭാഷക്കു മേൽനോട്ടം വഹിച്ചു. പല പശ്ചിമാഫ്രിക്കൻ ഭാഷകളുടേയും വികാസത്തിൽ അദ്ദേഹത്തിന്റെ സംഭാവന നിർണ്ണായകമായി. [3] അവലംബം
|