കേരളത്തിന്റെ വടക്കെ അറ്റം മുതൽ തെക്കെ അറ്റം വരെ സഹ്യാദ്രിയുടെ താഴ്‌വാരങ്ങളിലൂടെ ഇടമുറിയാതെ ശലഭങ്ങൾക്കായ് ഒരു വഴിത്താര സൃഷ്ടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ് ശലഭത്താര. സംസ്ഥാന ശലഭമായ ബുദ്ധമയൂരി ഉൾപ്പെടെയുള്ള പതിമൂന്ന് ശലഭങ്ങളുടെ ലാർവഭക്ഷണസസ്യം ഒരുമിച്ച് നട്ടുവളർത്തി 'ശലഭക്കാവ്' ശൃംഖല സൃഷ്ടിക്കുകയുമാണ് പദ്ധതിയുടെ തുടക്കത്തിലുള്ള ലക്ഷ്യം.[1] പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മയിലൂടെയാണ് ഇത് പ്രാവർത്തികമാക്കുന്നത്. വനം വകുപ്പിന്റെ സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ സഹായത്തോടെ മനുഷ്യവാസ കേന്ദ്രങ്ങളിലൂടെ ലാർവാഭക്ഷണസസ്യങ്ങൾ (ലാഭസ) സമൃദ്ധമായി വളരുന്ന പാത ഇങ്ങനെ സൃഷ്ടിച്ചെടുക്കുകയാണ് ചെയ്യുന്നത്. പ്രാഥമിക ശലഭത്താരകളിൽ നിന്ന് പടിഞ്ഞാറോട്ടും കിഴക്കോട്ടും പോകുന്ന 'ശലഭ വഴികളും' ഇതോടൊപ്പം സൃഷ്ടിക്കപ്പെടും. ശലഭങ്ങൾ സംരക്ഷിക്കപ്പെടുമെന്നതുപോലെത്തന്നെ, ഇത്തരം ശലഭക്കാവുകൾ മറ്റനേകം സസ്യ ജന്തുജാലങ്ങൾക്കും സംരക്ഷണമേകും.[2][3][4][5]