മലയാളത്തിലും തമിഴിലുമുള്ള സിനിമകളിലൂടെ പ്രശസ്തനായ ഒരു തെന്നിന്ത്യൻ നടനാണ് ശങ്കർ. 1980-കളിൽ നിരവധി സിനിമകളിൽ നായകനായി അഭിനയിച്ച് അദ്ദേഹം മുൻനിരയിലേക്ക് ഉയർന്നു വന്നു. തമിഴ് സിനിമയിലെ "ഒരു തലൈ രാഗം" എന്ന ചിത്രത്തിലൂടെയാണ് ശങ്കർ തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. തുടർന്ന്, സൂപ്പർഹിറ്റ് ചിത്രമായ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലൂടെ അദ്ദേഹം മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. 1980-കളിൽ ശങ്കറും മോഹൻലാലും ഒരുമിച്ച് നിരവധി വിജയകരമായ മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. ഒരു കാലഘട്ടത്തിൽ നായകവേഷങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന ശങ്കർ പിന്നീട് പതിയെ സജീവമല്ലാതെയായി[2][3]
തൃശൂർ ജില്ലയിലെ കേച്ചേരിയിൽ തെക്കെ വീട്ടിൽ എൻ.കെ.പണിക്കരുടേയും സുലോചനയുടേയും മകനായി 1960 ജനുവരി 22ന് ജനനം. ശങ്കറിന്റെ നാലാം വയസിൽ കുടുംബം ചെന്നൈയിലേക്ക് താമസം മാറി. അച്ഛൻ ഇന്ത്യൻ ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിൽ സീനിയർ മാനേജരായിരുന്നു. കൃഷ്ണകുമാർ, ഇന്ദിര എന്നിവർ സഹോദരങ്ങളാണ്. ചെന്നെ സെന്റ്. ബർണാഡ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശങ്കർ ഉത്തരാഖണ്ഡിലെ എച്ച്.എൻ.ബി.ജി യൂണിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബി.എ ബിരുദം നേടി.[4] പിന്നീട്, ചെന്നൈയിലെ സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ സ്കൂൾ ഓഫ് ആക്ടിംഗിൽ രണ്ട് വർഷത്തെ അഭിനയ കോഴ്സ് പൂർത്തിയാക്കി.
1992 ഡിസംബറിൽ രാധികയുമായുള്ള ശങ്കറിന്റെ ആദ്യ വിവാഹം വിവാഹമോചനത്തിൽ അവസാനിച്ചു.[5] ആദ്യ വിവാഹം പരാജയപ്പെട്ടതിനെത്തുടർന്ന് അദ്ദേഹം രൂപരേഖയെ വിവാഹം കഴിച്ചു, പക്ഷേ ഈ വിവാഹവും വിവാഹമോചനത്തിൽ അവസാനിച്ചു. ദമ്പതികൾക്ക് ഗോകുൽ എന്നൊരു മകനുണ്ട്.[6] 2013 ൽ, നൃത്ത അധ്യാപികയായ ചിത്ര ലക്ഷ്മിയെ വിവാഹം കഴിച്ച് അദ്ദേഹം യു.കെ.യിൽ സ്ഥിരതാമസമാക്കി.[7][8]
ഒരു തലൈ രാഗം എന്ന തമിഴ് ചലച്ചിത്രത്തിലാണ് ശങ്കർ ആദ്യമായി അഭിനയിക്കുന്നത്. വമ്പിച്ച സാമ്പത്തിക നേട്ടം കൈവരിച്ച ഈ ചിത്രം ശങ്കറിന് ധാരാളം ജനശ്രദ്ധ നേടിക്കൊടുത്തു. ഇത് അദ്ദേഹത്തിന് മലയാളചലച്ചിത്രവേദിയിലേക്കുള്ള വഴി തുറന്നു. മലയാളത്തിൽ ശങ്കർ ആദ്യമായി അഭിനയിച്ചത് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലാണ്. ഫാസിൽ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. മോഹൻലാലിന്റെ ആദ്യം പുറത്തിറങ്ങിയ ചലച്ചിത്രവും ഇതായിരുന്നു. ശങ്കറിന്റെ പ്രശസ്തിയെ അശ്രയിച്ച് ധാരാളം ചലച്ചിത്രങ്ങൾ 80-കളിൽ പുറത്തിറങ്ങി. അവയിൽ മിക്കവയും വിജയിച്ചു. തുടക്കക്കാലത്ത് താരപരിവേഷം കുറവായിരുന്ന, മോഹൻലാലിന്റെയും, മമ്മൂട്ടിയുടേയും കൂടെ അനവധി ചിത്രങ്ങളിൽ നായകവേഷങ്ങളിൽ ശങ്കർ തിളങ്ങി. അക്കാലത്ത് നിലവാരം കുറഞ്ഞ ചിത്രങ്ങൾ പോലും ശങ്കറിന്റെ സാന്നിധ്യം മൂലം മാത്രം വിജയം കൈവരിച്ചിട്ടുണ്ട്. പഴയകാല നായിക നടിമാരായിരുന്ന മേനക, അംബിക തുടങ്ങിയവർ ധാരാളം ശങ്കർ-ചിത്രങ്ങളിൽ നായികമാരായി അഭിനയിച്ചിട്ടുണ്ട്. 80-കളുടെ അവസാനത്തോടെ ശങ്കർ ചലച്ചിത്രരംഗത്ത് സജീവമല്ലാതെയാകുകയും, വ്യക്തിപരമായതും, ബിസിനസ്സ് സംബന്ധവുമായ കാരണങ്ങളാൽ യു.എസ്.എ (USA) യിലേക്ക് താമസം മാറ്റുകയും ചെയ്തും. കുറച്ച് കാലം കഴിഞ്ഞ് ചലച്ചിത്രലോകത്തേയ്ക്ക് മടങ്ങിവന്ന ശങ്കറിന് വേണ്ടത്ര അവസരങ്ങൾ ലഭിക്കാതിരിക്കുകയും അഭിനയിച്ച ചിത്രങ്ങളാകട്ടെ വിജയിക്കാതെയാകുകയും ചെയ്തു. ഇത് ശങ്കറിന്റെ ചലച്ചിത്രരംഗത്തെ വളർച്ചയെ ബാധിച്ചു.
2006-ൽ ശങ്കർ ബാലവേലയെ ആസ്പദമാക്കി സംവിധാനം ചെയ്ത ഒരു വീഡിയോ ഈ ചിത്രത്തിന് മലയാള ടെലിവിഷൻ പ്രേക്ഷകരിൽ നിന്ന് മികച്ച സംവിധായകനുള്ള ദൃശ്യ അവാർഡുകൾ ലഭിച്ചു. എച്ച്ഐവി/എയ്ഡ്സ് ബാധിതരെ മാറ്റി നിറുത്തരുതെന്ന് സമൂഹത്തെ ഉദ്ബോധിപ്പിക്കുന്ന ഒരു ഇന്തോ-അമേരിക്കൻ സഹനിർമ്മാണമായ വൈറസ്[9] എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ ഫീച്ചർ ഫിലിം അരങ്ങേറ്റം കുറിച്ചത്.[10] കലാഭവൻ മണിയും വിനു മോഹനും അഭിനയിച്ച അദ്ദേഹത്തിന്റെ ആദ്യ വാണിജ്യ മലയാള സംവിധായക സംരംഭമായ കേരളോത്സവം 2009-ൽ[11] മൂന്ന് യുവാക്കൾ തീവ്രവാദ ബന്ധങ്ങൾക്ക് ഇരയാകുന്നത് എങ്ങനെയെന്ന് ചർച്ച ചെയ്തു.[12] 2015-ൽ, യുഎഇ ആസ്ഥാനമായുള്ള ഒരു തമിഴ് ചിത്രമായ സാൻഡ് സിറ്റി സംവിധാനം ചെയ്യുകയും[13] മികച്ച, നല്ല അവലോകനങ്ങൾ നേടുകയും ചെയ്തു.[14][15][16]
{{cite web}}