മനുഷ്യന്റെകാഴ്ചയെ ബാധിക്കുന്ന തരത്തിലുള്ള വൈകല്യങ്ങളെയാണ് വിഷൻ ഡിസോർഡർ എന്ന് പറയുന്നത്. വിഷൻ ഡിസോർഡറുകൾ മൂലം കാഴ്ച ശക്തിക്ക് സ്ഥായിയായ നഷ്ടം സംഭവിച്ചാൽ അത് കാഴ്ച വൈകല്യം എന്ന് പറയുന്നു.
വിഷൻ ഡിസോർഡർ എന്നത് നേത്രരോഗത്തിന് തുല്യമല്ല. പല കാഴ്ച വൈകല്യങ്ങളും കണ്ണുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. പക്ഷെ, കണ്ണുകളുമായി ബന്ധമില്ലാതെയും (ഉദാഹരണത്തിന് ഒപ്റ്റിക് പാതയിലെ പ്രശ്നങ്ങൾ) കാഴ്ച നഷ്ടങ്ങൾ ഉണ്ടാകാം.
കാരണങ്ങൾ
വിഷൻ ഡിസോർഡറുകൾക്ക് കാരണമാകുന്ന നിരവധി രോഗങ്ങളുണ്ട്. അവയിൽ ചിലത് താഴെ കൊടുക്കുന്നു.
മാക്യുലാർ ഡീജനറേഷൻ (ARMD): ARMD എന്നത് റെറ്റിന ഡീജനറേഷൻ ഉണ്ടാക്കുന്ന ഒരു രോഗമാണ്. ഇത് മാക്യുലയിലെ രക്തക്കുഴലുകളുമായി പ്രത്യേകമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ രോഗം കേന്ദ്ര കാഴ്ചയിലെ വൈകല്യത്തിന് കാരണമാകും.[2]
എക്സോഫ്താൽമോസ്: ഇവിടെ കണ്ണ് അതിന്റെ ഓർബിറ്റിൽ നിന്ന് പുറത്തേക്ക് തള്ളിവരുന്നു, കണ്ണുകൾ തള്ളിവരുന്നത് കണ്ണിന്റെ വരൾച്ച, വേദന, കാഴ്ച നഷ്ടം എന്നിവയിലേയ്ക്ക് നയിച്ചേക്കാം.[3]
ഐ ഫ്ലോട്ടറുകളും പാടുകളും: ഒരു വ്യക്തിയുടെ കാഴ്ച മണ്ഡലത്തിൽ ഒഴുകിനടക്കുന്നതോ പൊങ്ങിക്കിടക്കുന്നതായൊ കാണുന്ന വസ്തുക്കളാണ് ഫ്ലോട്ടറുകൾ.[6] ഫ്ലോട്ടറുകളും പാടുകളും സാധാരണയായി വാർദ്ധക്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. പൊതുവെ നിരുപദ്രവകാരികളായ അവ സാധാരണയായി അന്ധതയ്ക്ക് കാരണമാകില്ല.[7]
കണ്ണ് മിന്നുന്നത്: ഒരു വ്യക്തിയുടെ കാഴ്ച മണ്ഡലത്തിൽ ദൃശ്യമാകുന്ന ഫ്ലാഷുകൾ, അല്ലെങ്കിൽ പ്രകാശത്തിന്റെ വരകൾ റെറ്റിന ഡിറ്റാച്ച്മെന്റിനെ സൂചിപ്പിക്കുന്നതിനാൽ, വൈദ്യസഹായം ആവശ്യമാണ്.[8]
ബ്ലിഫറോസ്പാസം: കൺപോള പേശികൾ ക്രമരഹിതമായ അല്ലെങ്കിൽ അസാധാരണമായ രീതിയിൽ ചുരുങ്ങുന്നു. അത്തരം ചലനങ്ങൾ കണ്ണുകളിൽ പ്രകോപിപ്പിക്കലിനും ക്ഷീണത്തിനും കാരണമാകും.[9]
ഗ്ലോക്കോമ: ഗ്ലോക്കോമ മൂലം കണ്ണിലെ മർദ്ദം വർദ്ധിച്ച് ഒപ്റ്റിക് നാഡി തകരാറിലാകുന്നത് മാറ്റാനാവാത്ത കാഴ്ച നഷ്ടത്തിന് ഇടയാക്കും.[10]
കെരാറ്റോകോണസ് : കോർണിയ കനം കുറഞ്ഞ് കോണാകൃതിയിൽ തള്ളിവരുന്നതാണ് കെരാറ്റോകോണസ്. ഇത് മൂലം സ്ഥായിയായ കാഴ്ച പ്രശ്നങ്ങൾ ഉണ്ടാകാം.[11]
യൂവിയൈറ്റിസ്: ഇവിടെ കണ്ണിന്റെ യൂവിയൽ (മധ്യ) പാളി വീക്കം സംഭവിക്കുന്നു. കാഴ്ച മങ്ങൽ, കണ്ണ് വേദന, ഫ്ലോട്ടറുകൾ, കണ്ണ് ചുവപ്പ്, കാഴ്ച നഷ്ടം എന്നിവയ്ക്ക് കാരണമാകുമെന്നതിനാൽ യൂവിയൈറ്റിസിന് അടിയന്തര മെഡിക്കൽ ഇടപെടൽ ആവശ്യമാണ്.[12][13]
എപ്പിഡെമോളജി
ലോകാരോഗ്യ സംഘടനയുടെ 2004 ലെ കണക്ക് പ്രകാരം ലോകമെമ്പാടുമുള്ള 314 ദശലക്ഷം ആളുകൾ കാഴ്ചശക്തി ഇല്ലാത്തവരാണ് (എല്ലാ കാരണങ്ങളാലും), അവരിൽ 45 ദശലക്ഷം പേർ അന്ധരാണ്.[14] കാഴ്ച വൈകല്യങ്ങൾ പലപ്പോഴും പൊതുജനാരോഗ്യ സംരംഭങ്ങളാൽ ടാർഗെറ്റുചെയ്യപ്പെടുന്നില്ല, അവ കൂടുതലും മരണകാരണങ്ങൾക്ക് ആണ് മുൻഗണന നൽകുന്നത്.[15] എന്നിരുന്നാലും, സ്ഥായിയായ കാഴ്ച നഷ്ടങ്ങൾ ഒരു വ്യക്തിയുടെ ജീവിത നിലവാരത്തെ സാരമായി ബാധിക്കും.