വിയറ്റ്നാമിന്റെ ദേശീയപതാക
വിയറ്റ്നാമിന്റെ ദേശീയപതാക "സ്വർണ്ണനക്ഷത്രത്തോടുകൂടിയ ചുവന്ന പതാക" (cờ đỏ sao vàng) എന്നും അറിയപ്പെടുന്നു. ഈ പതാക 1940-ലാണ് രൂപകല്പനചെയ്തത്. ഫ്രഞ്ച് ഭരണത്തിനെതിരായി ദക്ഷിണ വിയറ്റ്നാമിൽ നടന്ന മുന്നേറ്റത്തിൽ ഈ കൊടി ഉപയോഗിച്ചിരുന്നു. 1871-ലെ പാരീസ് കമ്യൂൺ മുതൽ അന്താരാഷ്ട്ര കമ്യൂണിസ്റ്റ് പ്രസ്ഥാനം ഉപയോഗിക്ക ചെങ്കൊടി എന്ന ആശയത്തിൽ നിന്നാണ് പശ്ചാത്തലം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ദേശീയ മുന്നേറ്റത്തിലൂടെ സാമൂഹിക വിപ്ലവം കൊണ്ടുവരുക എന്ന ആശയത്തെ ചുവപ്പ് നിറം പ്രതിനിധാനം ചെയ്യുന്നു. അഞ്ച് കോണുകളുള്ള നക്ഷത്രം വിയറ്റ്നാം സമൂഹത്തിലെ അഞ്ച് പ്രധാന വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നു (ബുദ്ധിജീവികൾ, കൃഷിക്കാർ, തൊഴിലാളികൾ, വ്യവസായികൾ, സൈനികർ).[1] 1941-ൽ ജപ്പാനീസ് അധിനിവേശത്തിനെതിരായി പ്രവർത്തിച്ച വിയറ്റ് മിങ് എന്ന കമ്യൂണിസ്റ്റ് നേതൃത്ത്വത്തിലുള്ള സംഘടന ഈ പതാക ഉപയോഗിച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടുകൂടി വിയറ്റ് മിങ് നേതാവ് ഹോ ചി മിൻ വിയറ്റ്നാം സ്വതന്ത്രമായതായി പ്രഖ്യാപിച്ചു. 1945 സെപ്റ്റംബർ അഞ്ചിന് ഈ പതാക വടക്കൻ വിയറ്റ്നാമിന്റെ ദേശീയപതാകയായി പ്രഖ്യാപിച്ചുകൊണ്ട് ഒരു ഉത്തരവിൽ ഇദ്ദേഹം ഒപ്പിട്ടു.[2] ഡി.ആർ.വി. ഗവണ്മെന്റ് 1954-ൽ ജനീവ കരാർ പ്രകാരം വടക്കൻ വിയറ്റ്നാമിന്റെ അംഗീകൃതസർക്കാരായി മാറി. 1955 നവംബർ 30ന് ഈ പതാകയിൽ മാറ്റം വരുത്തി. നക്ഷത്രത്തിന്റെ കോണുകൾ കൂടുതൽ മൂർച്ചയുള്ളതാക്കുന്നതായിരുന്നു മാറ്റം.[3] 1975-ൽ വിയറ്റ്നാം യുദ്ധം അവസാനിക്കുന്നതുവരെ തെക്കൻ വിയറ്റ്നാം മൂന്ന് ചുവന്ന വരകളുള്ള ഒരു മഞ്ഞ പതാക ഉപയോഗിച്ചിരുന്നു. 1976-ൽ വടക്കൻ വിയറ്റ്നാമിന്റെ ചുവന്ന പതാക ഐക്യ വിയറ്റ്നാമിന്റെ പതാകയായി സ്വീകരിച്ചു.[4] രൂപകൽപ്പനയും ചരിത്രവും1992-ലെ ഭരണഘടന അനുസരിച്ച്: "സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് വിയറ്റ്നാമിന്റെ ദേശീയ പതാക ദീർഘചതുരാകൃതിയുള്ളതാണ്. പതാകയുടെ വീതി നീളത്തിന്റെ മൂന്നിൽ രണ്ട് വരും. ഫ്രഷ് റെഡ് പശ്ചാത്തലത്തിൽ അഞ്ച് കോണുകളുള്ള ഒരു സുവർണ്ണ നക്ഷത്രമുണ്ട്".[5] 1940 നവംബർ 23-ന് ദക്ഷിണ വിയറ്റ്നാമിലെ ജനകീയ മുന്നേറ്റത്തിനിടെയാണ് (Nam Kỳ Khởi nghĩa) ഈ കൊടി ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ദക്ഷിണ വിയറ്റ്നാമിലെ ഫ്രഞ്ച് ഭരണത്തിനെതിരായിരുന്നു ഈ മുന്നേറ്റം.[6] 1981-ൽ ദേശീയ പതാക സംബന്ധിച്ച് സോൺ തുങ് എഴുതിയ ചില ലേഖനങ്ങൾ വിയറ്റ്നാമിലെ ദേശീയ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.[7] വിമതമുന്നേറ്റത്തിന്റെ നേതാവായിരുന്ന എൻഗുയൻ ഹ്രു ടിയൻ ആണ് ഈ പതാകയ്ക്ക് രൂപം കൊടുത്തത് എന്നാണ് സോൺ തുങ് വെളിപ്പെടുത്തിയത്. ഫ്രഞ്ചുകാർ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും 1941 ഓഗസ്റ്റ് 28-ന് വധിക്കുകയും ചെയ്തു.[6] ലുങ് സുയെൻ എന്ന വടക്കൻ ഗ്രാമത്തിൽ ജനിച്ച ടിയനെപ്പറ്റി വിയറ്റ്നാം ജനതയ്ക്ക് ടുങിന്റെ ഗവേഷണം പ്രസിദ്ധീകരിക്കുന്നതിന് മുൻപ് അറിവുണ്ടായിരുന്നില്ല. ടിയൻ എഴുതിയ ഒരു കവിതയിൽ പറയുന്നത് ചുവന്ന പശ്ചാത്തലം രക്തത്തെയും മഞ്ഞ നക്ഷത്രം വിയറ്റ്നാം ജനതയുടെ തൊലിയുടെ നിറവും പ്രതിനിധീകരിക്കുന്നു എന്നാണ്. നക്ഷത്രത്തിന്റെ അഞ്ച് കോണുകൾ ബുദ്ധിജീവികളെയും കർഷകരെയും തൊഴിലാളികളെയും വ്യാപാരികളെയും സൈനിയരെയും പ്രതിനിധാനം ചെയ്യുന്നു. കവിതയിലെ പ്രസക്തഭാഗം ഇതാണ്: ![]()
2001 ഏപ്രിലിൽ വിയറ്റ്നാമിലെ സാംസ്കാരിക വകുപ്പ് ടിയൻ ആണ് പതാക രൂപീകരിച്ചതെന്ന അവകാശവാദത്തിന് തെളിവൊന്നുമില്ല എന്ന് റിപ്പോർട്ട് ചെയ്തു. 2005-ൽ ലെ മിൻ ഡുക് എന്ന ടിയൻ ഗിയാങ് പ്രവിശ്യയിലെ ഒരു ഉദ്യോഗസ്ഥൻ വേറൊരു അഭിപ്രായം മുന്നോട്ട് വച്ചു. മൈ തോ സ്വദേശിയായ ലെ കുവാങ് സോ എന്ന വിപ്ലവകാരിയാണ് ഈ കൊടി നിർമിച്ചത് എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. സോ 1968-ൽ എഴുതിയ അനുഭവക്കുറിപ്പുകളും സോയുടെ മകന്റെ അവകാശവാദവും മുൻനിറുത്തിയാണ് ഇദ്ദേഹം ഈ അഭിപ്രായം മുന്നോട്ട് വച്ചത്. ഡുകിന്റെ അഭിപ്രായമനുസരിച്ച് മഞ്ഞ നിറം വിയറ്റ്നാമിനെയും ചുവന്ന നിറം കമ്യൂണിസ്റ്റ് പാർട്ടിയെയും വിപ്ലവത്തെയുമാണ് സൂചിപ്പിക്കുന്നത്. നക്ഷത്രങ്ങൾ പല സ്ഥാനങ്ങളിലും വലിപ്പത്തിലും പരീക്ഷിച്ച ശേഷമാണ് സൊ മദ്ധ്യത്തിലുള്ള വലിയ നക്ഷത്രം എന്ന ഡിസൈനിൽ എത്തിച്ചേർന്നത്. 1940 ഏപ്രിലിൽ മൈ ഥോ കമ്യൂണിസ്റ്റ് പാർട്ട് നേതാവായ ഫാൻ വാൻ ഖോയ് ഈ കൊടി അംഗീകരിച്ചു. ജൂലൈ മാസത്തിൽ ഈ പതാക ദേശീയ പാർട്ടിയും അംഗീകരിച്ചു.[1] 2006 വരെ ദേശീയ മാദ്ധ്യമങ്ങൾ ഡുകിന്റെ അവകാശവാദത്തെപ്പറ്റി പ്രതികരിച്ചിട്ടില്ല.[8]
ഇവയും കാണുകഅവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾFlags of Vietnam എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |