ആദ്യമായി ഉത്തരധ്രുവത്തിൽ എത്തിയ സംഘത്തിന്റെ തലവനാണ് അമേരിക്കൻ പര്യവേക്ഷകനായ റോബർട്ട് പിയറി.യു.എസ്.നാവികസേനയിൽ അംഗമായിരുന്ന പിയറി റിട്ടയർമെന്റിനു ശേഷം ആർട്ടിക്ക് യാത്രകൾ ആരംഭിച്ചു.ഗ്രീൻലൻഡിന്റെ മഞ്ഞുമലകളിലേക്കായിരുന്നു ആദ്യയാത്രകൾ.ഡെന്മാർക്കുകാരനായ ക്രിസ്റ്റ്യൻ മൈഗാർഡ്,അമേരിക്കൻ പര്യവേഷകനായ മാത്യു ഹെൻസൺ എന്നിവർ 1887 നും 1891നും ഇടയിലുള്ള പിയറിയുടെ ദൗത്യങ്ങൾക്ക് സഹയാത്രികരായുണ്ടായിരുന്നു.1891ലെ ഗ്രീന്ലൻഡ് യാത്രയിൽ അദ്ദേഹം ഭാര്യയെയും ഒപ്പം കൂട്ടി.ഉത്തരധ്രുവം കീഴടക്കാനുള്ള ആദ്യ ഉത്തമം 1893-94 ലായിരുന്നു.1909 ഏപ്രിൽ 6 ന് മൂന്നാമത്തെ ശ്രമത്തിലാണ് പിയറിക്കും സംഘാംഗങ്ങൾക്കും ലക്ഷ്യം നേടാനായത്.പക്ഷേ,തിരികെ നാട്ടിലെത്തിയ പിയറിക്ക് നേരിടേണ്ടിവന്നത് മുൻകാല സഹപ്രവർത്തകനായ ഫ്രഡറിക്ക് കുക്കിന്റെ അവകാശവാദങ്ങളെയാണ്.മൂന്നുവർഷം മുൻപേതന്നെ താൻ ഉത്തരധ്രുവത്തിലെത്തിയിരുന്നു എന്നായിരുന്നു കുക്കിന്റെ വാദം.കുക്കിന്റെ വാക്കുകളെ എല്ലാവരും തള്ളിയതോടുകൂടി പിയറിയുടെ ദൗത്യം ലോകം അംഗീകരിച്ചു. എങ്കിലും ചില സംശയങ്ങൾ ഇപ്പോഴും ഉയരുന്നുണ്ട്.
1980 ൽ പിയറിയുടെ ഡയറിയിലെ കുറിപ്പുകൾ വിശദമായി പരിശോധിക്കപ്പെട്ടു.പിയറിയുടെ യാത്രയിലെ ചില കണക്കുകൂട്ടലുകളും ദിശാസൂചകസംവിധാനത്തിലെ പിഴവുകളും പിയറിയേയും കൂട്ടരേയും ധ്രുവത്തിൽ നിന്നും 50-100 കിലോമീറ്റർ മാറിയായിരിക്കാം എത്തിച്ചതെന്ന ഒരു അനുമാനം ഇതോടെ ഉയർന്നുവന്നിട്ടുണ്ട്.സത്യം ഏതെന്ന് സ്തിതീകരിക്കപ്പെട്ടിട്ടില്ല.
അവലംബം