Share to: share facebook share twitter share wa share telegram print page

റോബർട്ട് ആഡം

റോബർട്ട് ആഡം
Portrait attributed to George Willison, c. 1770-1775
ജനനം3 July 1728
മരണം3 മാർച്ച് 1792(1792-03-03) (63 വയസ്സ്)
London
ദേശീയതScottish
BuildingsSyon House
Culzean Castle
Kedleston Hall
Pulteney Bridge
Harewood House
Charlotte Square

റോബർട്ട് ആഡം (1728 - 1792) ബ്രിട്ടനിലെ നവീനക്ലാസ്സിക് (neo-classic)[2] വാസ്തുവിദ്യാശൈലിയുടെ ആവിഷ്കർത്താക്കളിൽ പ്രമുഖനായിരുന്നു. പ്രശസ്ത വാസ്തുവിദ്യാകുശലനായിരുന്ന വില്യം ആഡമിന്റെ (1689-1748) ദ്വിതീയ പുത്രനായ ഇദ്ദേഹം സ്കോട്ട്ലൻഡിലെ ഫിഫെയിൻ കിർക്കാൽഡിയിൽ 1728 ജൂലൈ 3-നു ജനിച്ചു. പ്രശസ്ത ശില്പികളായ ജോൺ, ജെയിംസ്, വില്യം എന്നിവർ ഇദ്ദേഹത്തിന്റെ സഹോദരൻമാരായിരുന്നു. ഊർജസ്വലതയുള്ള പല്ലാഡിയൻ ശൈലിയിൽ അനേകം കെട്ടിടങ്ങൾ ഡിസൈൻ ചെയ്ത പ്രശസ്തനായ പിതാവുതന്നെയായിരുന്നു റോബർട്ട് ആഡമിന്റെ ആദ്യഗുരു. എഡിൻബറോയിലെ ഹൈസ്കൂളിലും സർവകലാശാലയിലും ആണ് റോബർട്ട് ആഡം വിദ്യാഭ്യാസം ചെയ്തത്. സി.എൻ. ക്ലെറിസോ എന്ന ഫ്രഞ്ചുവാസ്തുവിദ്യാവിദഗ്ദ്ധന്റെ കീഴിൽ ഇദ്ദേഹം 1755 മുതൽ 1757 വരെ പഠനം നടത്തി. നേപ്പിൾസ്, ഫ്ളോറൻസ്, വിസൻസാ, വെനീസ് മുതലായ സ്ഥലങ്ങളിൽ ഇവരൊരുമിച്ച് പഠനപര്യടനങ്ങൾ നടത്തുകയുണ്ടായി. ഈ പഠനപര്യടനങ്ങളുടെ അനന്തരഫലമായാണ് ദ് റൂയിൻസ് ഒഫ് ദ് പാലസ് ഒഫ് ദി എംപറർ ഡയക്ലീഷൻ അറ്റ് സ്പാലാട്രോ എന്ന കൃതി 1764-ൽ പ്രസിദ്ധീകരിച്ചത്.

അംഗീകാരം

ഹോപ്‌ടൗൺ ഹൗസിന്റെ പ്രവേശന കവാടം
കേഡൽസ്റ്റോൺ ഹാൾ

1758-ൽ ഇംഗ്ലണ്ടിൽ തിരിച്ചെത്തിയ ആഡം റോബർട്ട് വാസ്തുവിദ്യാവിദഗ്ദ്ധനെന്ന നിലയിൽ അതിവേഗം അംഗീകാരം നേടി. 1761-ൽ സർ. വില്യം ചേംബർസിനോടൊപ്പം ഇദ്ദേഹവും രാജകീയ വാസ്തുവിദ്യാവിദഗ്ദ്ധനായി നിയമിതനായി. ഇളയസഹോദരൻ ജെയിംസ് (1730-94) ക്ലെറിസോയോടൊപ്പം നടത്തിയ പഠന പര്യടനത്തിനുശേഷം (1760-63) ലണ്ടനിൽ എത്തിച്ചേരുകയുണ്ടായി. 1773-ൽ റോബർട്ടും ജെയിംസുംകൂടി എഴുതിയ പുസ്തകങ്ങളുടെ ആദ്യവാല്യം പുറത്തിറങ്ങി. ഫ്രാൻസിൽ ലൂയി പതിനാറാമൻ ശൈലി എന്നറിയപ്പെടുന്ന ഗൃഹോപകരണസംവിധാനശൈലിക്ക് (furniture design) ആദ്യരൂപം നൽകിയത് ഈ സഹോദരൻമാരായിരുന്നു. സീലിങ്ങ്, പുകക്കുഴൽ എന്നിങ്ങനെ പലതിന്റെയും പുതുമനിറഞ്ഞ ഡിസൈനുകളും, മറ്റു പല നവീനശൈലികളും ഇവർ അവതരിപ്പിക്കുകയുണ്ടായി.

ജീവിതാന്ത്യത്തിൽ

റോബട്ട് ആഡം ഡിസൈൻ ചെയ്ത ബുക്ക്ഷെൽഫ്

ജീവിതാന്ത്യത്തിൽ മാത്രമേ റോബർട്ട് ആഡമിന് തന്റെ കഴിവുകൾ മുഴുവൻ പ്രകടമാക്കാനുള്ള അവസരം ലഭിച്ചുള്ളു. ഇദ്ദേഹത്തിന്റെ പ്രസിദ്ധനിർമിതികളായ ഹേർവുഡ് ഹൗസ്, കെഡ്ലിസ്റ്റൺ, ന്യൂബിഹാൾ, കെൻവുഡ്, ലൂടൺഹൂ, നോസ്ട്രൽ പ്രിയോറി മുതലായ ഗ്രാമീണവസതികൾ 1760-നും 1770-നും ഇടയ്ക്ക് നിർമിച്ചവയാണ്. പ്രശസ്തങ്ങളായ ചില നാഗരിക സൗധങ്ങളും അടുത്ത ഒരു ദശാബ്ദക്കാലത്തിനിടയ്ക്ക് ഇദ്ദേഹം രൂപകല്പന ചെയ്തു നിർമ്മിക്കുകയുണ്ടായി. കേംബ്രിഡ്ജ്-എഡിൻബറോ സർവകലാശാലകൾക്കുവേണ്ടി പ്ലാനുകൾ തയ്യാറാക്കിയെങ്കിലും ഇദ്ദേഹത്തിനവ പൂർത്തിയാക്കാൻ അവസരം കിട്ടിയില്ല. എഡിൻബറോയിലുള്ള റെജിസ്റ്റർ ഹൗസ് മാത്രമാണ് ഇന്ന് ഇദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്ന നിർമിതി. നവീന ക്ലാസ്സിക് ശൈലിയുടെ പ്രമുഖപ്രയോക്താവായിരുന്നെങ്കിലും ആഡം നവീന റൊമാന്റിക് ഗോഥിക്ശൈലിയും ഉപയോഗപ്പെടുത്തിയിരുന്നു. ഇപ്പോൾ നാമാവശേഷമായിക്കഴിഞ്ഞ ആൻവിക്ക് കോട്ട (Anwick castle) ഇതിനുദാഹരണമാണ്. 1792 മാർച്ച് 3-ന് റോബർട്ട് ആഡം അന്തരിച്ചു.

ചിത്രങ്ങൾ

പബ്ലിക് ബിൽഡിംഗ്

പള്ളികൾ

മ്യൂസിയം

അവലംബം

  1. James, Jude (2005). Kirkcaldy: A History & Celebration of the Town. p. 60. ISBN 1-84567-749-8.
  2. http://architecture.about.com/od/neoclassical/a/What-Is-Neoclassical-Architecture.htm What Is Neoclassical Architecture?

പുറത്തേക്കുള്ള കണ്ണികൾ

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആഡം, റോബർട്ട് (1728 - 92) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya