അണുസംഖ്യ 39 ആയ മൂലകമാണ് യിട്രിയം. Y ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. വെള്ളി നിറമുള്ള ഒരു സംക്രമണ മൂലകമാണിത്. മിക്ക അപൂർവ എർത്ത് ധാതുക്കളിലും ഈ ലോഹം കാണപ്പെടുന്നു. ഇതിന്റെ രണ്ട് സംയുക്തങ്ങൾ ടെലിവിഷനുകളിൽ ഉപയോഗിക്കുന്ന കാഥോഡ് റേ ട്യൂബുകളിൽ ചുവന്ന നിറത്തിലുള്ള ഫോസ്ഫോർസ് ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നു.
ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ
യിട്രിയം
യിട്രിയം ലോഹ-വെള്ളി നിറമുള്ള, തിളക്കമുള്ള ഒരു അപൂർവ എർത്ത് ലോഹമാണ്. കാഴ്ചയിൽ സ്കാൻഡിയത്തോട് വളരെ സാമ്യങ്ങളുണ്ട്. രാസപരമായി ലാന്തനൈഡുകളുമായാണ് സാദൃശ്യമുണ്ട്. പ്രകാശത്തിൽ വെച്ചാൽ ചെറിയ പിങ്ക് നിറത്തിൽ തിളങ്ങുന്നു. നിർമ്മാണങ്ങൾക്കുപയോഗിച്ച് ശേഷം വരുന്ന ഈ ലോഹത്തിന്റെ അവശിഷ്ടങ്ങൾ, താപനില 400 °C ലും ഉയർന്നാൽ വായുവിൽ സ്വയം കത്തുന്നു. കൃത്യമായി വിഭജിച്ച യിട്രിയം വായുവിൽ അസ്ഥിരമാണ്. സാധാരണ നിലയിൽ ഇതിന്റെ ഓക്സീകരണാവസ്ഥ +3 ആണ്.
ഉപയോഗങ്ങൾ
യിട്രിയം(III) ഓക്സൈഡ് ആണ് ഏറ്റവും പ്രധാനപ്പെട്ട യിട്രിയം സംയുക്തം. ടെലിവിഷനിലെ പിച്ചർട്യൂബിന് ചുവന്ന നിറം നൽകുന്ന VO4:Eu, Y2O3:Eu എന്നീഫോസ്ഫോറുകൾ നിർമ്മിക്കാൻ ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
മറ്റ് ഉപയോഗങ്ങൾ:
യിട്രിയം ഓക്സൈഡ് യിട്രിയം ഇരുമ്പ് ഗാർനെറ്റുകളുടെ നിർമാനത്തിൽ ഉപയോഗിക്കുന്നു. മൈക്രോവേവ് അരിപ്പകളിൽ ഇവ വളരെ ഫലപ്രദമാണ്
എഥിലീൻ പൊളിമറൈസേഷനിൽ ഉത്പ്രേരകമായി ഉപയോഗിക്കുന്നു.
ചില സ്പാർക്ക് പ്ലഗ്ഗുകളുടെ ഇലക്ട്രോഡുകളിൽ ഉപയോഗിച്ചിരുന്നു.
വനേഡിയത്തേയും ഇരുമ്പിന്റെ അംശമില്ലാത്ത മറ്റ് ലോഹങ്ങളേയും നിരോക്സീകരിക്കാൻ ഉപയോഗിക്കുന്നു.
പ്രൊപ്പെയ്ൻ വിളക്കുകളുടെ വാതക മാന്റിൽ നിർമ്മാണത്തിൽ റേഡിയോആക്ടിവായ തോറിയത്തിന് പകരമായി ഉപയോഗിക്കുന്നു.