പരിച രാശിയിൽ സ്ഥിതിചെയ്യുന്ന തുറന്ന താരവ്യൂഹമാണ് മെസ്സിയർ 26 (M26) അഥവാ NGC 6694. ചാൾസ് മെസ്സിയർ 1764 ജൂൺ 20ന് ഈ താരവ്യൂഹത്തെ കണ്ടെത്തുകയും തന്റെ പട്ടികയിൽ ഇരുപത്തി ആറാമത്തെ അംഗമായി ഉൾപ്പെടുത്തുകയും ചെയ്തു.[1]
22 പ്രകാശവർഷം വ്യാസമുള്ള ഈ താരവ്യൂഹം ഭൂമിയിൽ നിന്ന് 5,000 പ്രകാശവർഷം അകലെയായാണ് സ്ഥിതിചെയ്യുന്നത്. 8.9 കോടി വർഷം പ്രായം കണക്കുകൂട്ടുന്ന ഈ താരവ്യൂഹത്തിലെ ഏറ്റവും ദീപ്തിയേറിയ നക്ഷത്രത്തിന്റെ ദൃശ്യകാന്തിമാനം 11.9 ആണ്. താരവ്യൂഹകാമ്പിനടുത്ത് നക്ഷത്രസാന്ദ്രത കുറവാണെന്നതാണ് M26 ന്റെ ഒരു സവിശേഷത. താരവ്യൂഹത്തിനും നമുക്കുമിടയിൽ താരവ്യൂഹത്തെ മറയ്ക്കുന്ന നക്ഷത്രാന്തരീയ മാദ്ധ്യമം ഉള്ളതാവാം ഇതിനു കാരണം.