കേരളത്തിലെ നാലാമത് സ്ഥാപിതമായ പക്ഷിസങ്കേതമാണ് മുണ്ടേരിക്കടവ് പക്ഷിസങ്കേതം[1][2]. കണ്ണൂർ ജില്ലയിലെ മുണ്ടേരി ഗ്രാമപ്പഞ്ചായത്തിലാണ് പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്. 7.5 ചതുരശ്ര കിലോമീറ്റർ തണ്ണീർത്തടങ്ങൾ ചേർന്ന ഈ പ്രദേശം 2012 ലാണ് പക്ഷിസങ്കേതമായി പ്രഖ്യാപിച്ചത്. കണ്ണൂരിലെ ഏറ്റവും വലിയ പക്ഷിസങ്കേതമാണ് മുണ്ടേരിക്കടവ് പക്ഷി സങ്കേതം . വാരംകടവ്, കാട്ടാമ്പള്ളി, പുല്ലൂപ്പി, ചിറക്കൽ, ഏളയാവൂർ, കുറ്റ്യാട്ടൂർ, വലിയന്നൂർ തുടങ്ങിയ പ്രദേശങ്ങളിലെ തണ്ണീർത്തടങ്ങൾ ഉൾപ്പെടുന്നതാണ് ഈ പക്ഷിസങ്കേതം.[3] വിവിധയിനം ദേശാടനപ്പക്ഷികളുടെ സങ്കേതമാണ് ഈ പക്ഷി സങ്കേതം. സൈബീരിയയിൽനിന്നും യുറേഷ്യ ഹിമാലയസാനുക്കളിൽനിന്നുമാണ് ദേശാടനപ്പക്ഷികൾ ഇവിടെ എത്തുന്നത്[4]. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ ഒരു ലക്ഷത്തിലധികം എരണ്ട പക്ഷികൾ ഇവിടെ എത്തിച്ചേരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. വരി എരണ്ട, ചൂളൻ എരണ്ട, പച്ച എരണ്ട, പട്ടക്കണ്ണൻ എരണ്ട, കരിആള, മേടുതപ്പി, പവിഴക്കാലി, ചായമുണ്ടി, നീലക്കോഴി, വയൽവരമ്പൻ, ചതുപ്പൻ തുടങ്ങിയ ഇനം പക്ഷികൾ ഇവിടെ എത്തുന്നു. മനുഷ്യ കൈകടത്തലുകൾ കുറഞ്ഞ ഈ പ്രദേശത്ത് അപൂർവ്വയിനത്തിൽ പെട്ട പന്ത്രണ്ടോളം പക്ഷികളെ കണ്ടെത്തിയിട്ടുണ്ട്. അക്വില കുടംബത്തിൽ പെട്ടതും വംശനാശഭീഷണി നേരിടുന്നതുമൂലം റെഡ് ഡാറ്റ ബുക്കിലുൾപെടുത്തിയതുമായ നാലിനം പരുന്തുകളെയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഇരുനൂറിലധികം സ്പീഷിസുകളിലായി ലക്ഷക്കണക്കിന് പക്ഷികൾ വർഷം തോറും ഇവിടെ സന്ദർശകരായി എത്തുന്നുണ്ടെന്നാണ് പക്ഷി നിരീക്ഷകരുടെ കണക്ക്. ഇവിടുത്തെ ജൈവവൈവിധ്യവും കാലാവസ്ഥയുടെ പ്രത്യേകതകളുമാണ് പ്രധാനമായും പക്ഷികളെ ഇവിടേക്ക് ആകർഷിക്കുന്നത്. പക്ഷികൾക്ക് പുറമെ വൈവിധ്യമാർന്ന അമ്പതോളം അപൂർവയിനം മത്സ്യങ്ങളേയും കണ്ടെത്തിയിട്ടുണ്ട്. ഇവയ്ക്ക് പുറമേ ഔഷധ ഗുണമുള്ള അമ്പതിലധികം സസ്യങ്ങളും പുൽച്ചെടികളുമാണ് മറ്റൊരു സവിശേഷത.
അവലംബം