മാക്സ് വെബർ
ജർമ്മൻ സാമൂഹ്യശാസ്ത്രജ്ഞനായിരുന്നു മാക്സ് വെബർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മാക്സിമിലിയൻ കാൾ എമിൽ വെബർ (ജീവിതകാലം: ഏപ്രിൽ 21 1864 - ജൂൺ 14 1920). അഭിഭാഷകൻ, ചരിത്രകാരൻ, രാഷ്ട്രീയക്കാരൻ എന്നിവയെല്ലാമായിരുന്നു അദ്ദേഹം. സാമൂഹ്യസിദ്ധാന്തത്തെയും സാമൂഹ്യശാസ്ത്രത്തെത്തന്നെയും അദ്ദേഹം കാര്യമായി സ്വാധീനിച്ചു[2]. ജോർജ്ജ് സിമ്മെലുമായിച്ചേർന്ന് methodological antipositivism അദ്ദേഹം വികസിപ്പിച്ചെടുത്തു. സാമൂഹ്യശാസ്ത്രത്തിൽ ക്രിയകളെ ബാഹ്യനിരീക്ഷണത്തിലൂടെയല്ല, പങ്കാളിത്തത്തിലൂടെയാണ് മനസ്സിലാക്കേണ്ടതെന്ന് ഈ സിദ്ധാന്തം പറയുന്നു. മതസംബന്ധിയായ സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പഠനത്തിന് തുടക്കം കുറിച്ച പ്രൊട്ടസ്റ്റന്റ് ധർമ്മവും മുതലാളിത്തത്തിന്റെ സത്തയും (The Protestant Ethic and the Spirit of Capitalism) എന്ന ഉപന്യാസമാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതി. പാശ്ചാത്യലോകത്ത് മുതലാളിത്തം, ബ്യൂറോക്രസി എന്നിവയുടെ ഉദയത്തിന് പ്രോട്ടസ്റ്റന്റ് മതവിശ്വാസം പ്രധാന കാരണമായിട്ടുണ്ടെന്ന് ഇതിലൂടെ അദ്ദേഹം സമർത്ഥിച്ചു. മുതലാളിത്തത്തിന്റെ ഉദയത്തെക്കുറിച്ചുള്ള കാൾ മാർക്സിന്റെ സിദ്ധാന്തത്തിന് എതിരായിരുന്നു മതത്തെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വെബറുടെ സിദ്ധാന്തങ്ങൾ[3]. ഉപജീവനമാർഗ്ഗമായി രാഷ്ട്രീയം എന്ന കൃതിയിൽ അദ്ദേഹം പരമാധികാരരാഷ്ട്രത്തെ നിയമവിധേയമായ ഹിംസയുടെമേലുള്ള കുത്തക അവകാശപ്പെടുന്ന ഒന്ന് എന്നാണ് നിർവ്വചിച്ചത്. ആധുനിക പാശ്ചാത്യരാഷ്ട്രമീമാംസയിൽ ഈ നിർവ്വചനത്തിന് കേന്ദ്രസ്ഥാനമുണ്ട്. സമ്പദ്‌വ്യവസ്ഥയും സമൂഹവും എന്ന ഗ്രന്ഥത്തിൽ ബ്യൂറോക്രസിയെക്കുറിച്ച് അദ്ദേഹം നടത്തിയ വിശകലനം സംഘടനകളെക്കുറിച്ചുള്ള ആധുനികപഠനത്തിലും വ്യാപകമായി ഉപയോഗിക്കുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ സംഭാവനകളെ ചേർത്ത് വെബർ തീസിസ് എന്ന് വിളിക്കുന്നു. അവലംബം
|