മരപ്പട്ടി
കേരളത്തിൽ പൊതുവേ കണ്ടുവരുന്ന ഒരു സസ്തനിയാണ് മരപ്പട്ടി[3] (ശാസ്ത്രീയനാമം: Paradoxurus hermaphroditus). വെരുകുമായി അടുത്ത ബന്ധമുള്ള മരപ്പട്ടി രാത്രിയിൽ ആണ് ഇരതേടുന്നത്. പനങ്കുലയും, തെങ്ങിൻ പൂക്കുലയും പാകമാകാത്ത തേങ്ങയും ഒക്കെ ഭക്ഷിക്കുന്നതിനാൽ കർഷകരുടെ ശത്രുവായി കേരളത്തിൽ ചിലപ്പോഴൊക്കെ കണക്കാക്കാറുണ്ട്. ഏഷ്യയിലെമ്പാടുമായി മരപ്പട്ടികളുടെ 16 ഉപജാതികളെ കണ്ടെത്തിയിട്ടുണ്ട്.[4] പ്രത്യേകതകൾ![]() ![]() മൂന്നുമുതൽ മൂന്നരകിലോഗ്രാം വരെ ഭാരമുണ്ടാകാറുള്ള മരപ്പട്ടികൾക്ക് മൂക്കുമുതൽ വാലിന്റെ അറ്റം വരെ ഏകദേശം ഒരു മീറ്റർ നീളമുണ്ടായിരിക്കും. വാലിനു ഏകദേശം 45 സെന്റീമീറ്ററാണു നീളമുണ്ടായിരിക്കും. വെളുത്ത ശരീരത്തിലൂടെ കറുത്തരോമങ്ങളാണുണ്ടാവുക. കണ്ണിനു മുകളിലും താഴെയുമായി വെളുത്ത പാട് കാണാവുന്നതാണ്. നെറ്റിയിൽ നിന്നു തുടങ്ങി വാലുവരെയെത്തുന്ന കറുത്ത വര, കൂടിനിൽക്കുന്ന രോമങ്ങൾ സൃഷ്ടിക്കുന്ന ഒന്നാണ്. ഉടലിൽ മുന്നിൽ നിന്നു പിന്നോട്ട് ആകെ മൂന്നു വരകൾ ഉണ്ട്. ശരീരത്തിൽ അവ്യക്തമായി മറ്റുപാടുകൾ കാണാവുന്നതാണ്. കുട്ടികളിൽ ഈ വരകൾ വ്യക്തമായിരിക്കണമെന്നില്ല. സാധാരണ മരത്തിൽ ജീവിക്കുന്ന മരപ്പട്ടികളുടെ കാൽനഖങ്ങൾ മരത്തിൽ പിടിച്ചു കയറാൻ പാകത്തിൽ വളരെ കൂർത്തതായിരിക്കും. മണ്ണിലിറങ്ങിയും ഇരതേടാറുണ്ട്. കറുത്ത രോമങ്ങളാൽ മൂടപ്പെട്ട ശക്തമായ വാലും മരങ്ങളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും സഹായമായി ഉപയോഗിക്കുന്നു. വെരുകുവംശത്തിൽ പെട്ട മറ്റു ജീവികളിൽ നിന്നു വ്യത്യസ്തമായി വാലിൽ വളയങ്ങളുണ്ടാകാറില്ല. അപകടഘട്ടങ്ങളിൽ പൂച്ചകളെ പോലെ ചീറ്റുകയും കടിക്കുകയും ചെയ്യുന്നതാണ്[4]. രാത്രിയിലാണ് മരപ്പട്ടികൾ ഇരതേടാനിറങ്ങുക. മിശ്രഭുക്ക് ആയ ഈ ജീവികളുടെ ഭക്ഷണം പ്രധാനമായും പഴങ്ങളും, ചെറു ഉരഗങ്ങളും, മുട്ടകളുമാണ്. വർഷത്തിലുടനീളം കുട്ടികളുണ്ടാവാറുണ്ട്. മരത്തിന്റെ പൊത്തുകളിലാണ് സാധാരണ കുട്ടികൾ ഉണ്ടാവുക. മൂന്നോ നാലോ കുട്ടികൾ ഒരു പ്രസവത്തിൽ ഉണ്ടാകുന്നു. പിറന്ന് ഒരു കൊല്ലമാകുമ്പോൾ പ്രായപൂർത്തിയാകുന്ന മരപ്പട്ടികൾ സാധാരണ 22 കൊല്ലം വരെ ജീവിക്കുന്നു[5]. ആവാസവ്യവസ്ഥ![]() ഈ ജീവിയുടെ ആവാസവ്യവസ്ഥ ചൈനയുടെ തെക്ക് ഭാഗം മുതൽ ദക്ഷിണേഷ്യയിലും ദക്ഷിണപൂർവ്വേഷ്യയിലും പരന്നു കിടക്കുന്നു. ഓരോ പ്രദേശത്തേയും മരപ്പട്ടികൾ വ്യത്യസ്ത ഉപജാതികളാണ്. വനങ്ങളിലും നാട്ടിൻപുറങ്ങളിലും കൃഷിഭൂമികളിലും മരപ്പട്ടിയെ കണ്ടുവരുന്നു. വീടുകളിൽ മച്ചുകളിലും മറ്റും മരപ്പട്ടി താമസമാക്കാറുണ്ട്. മനുഷ്യരോട് ഇവ ഇണങ്ങാറുമുണ്ട്. വംശനാശഭീഷണി![]() അടുത്ത ബന്ധമുള്ള മറ്റുജീവികളെ അപേക്ഷിച്ച് വംശനാശഭീഷണി മരപ്പട്ടികൾക്ക് ഇല്ല എന്നു തന്നെ പറയാം. ഇവയുടെ കൂടിയ എണ്ണവും, ഏതൊരു സാഹചര്യവുമായി ഒത്തുചേർന്നു പോകാനുള്ള കഴിവും മരപ്പട്ടികളെ വംശനാശ ഭീഷണിയിൽ നിന്നു രക്ഷിക്കുന്നു. എന്നിരുന്നാലും ഇറച്ചിയ്ക്കായി മരപ്പട്ടികളെ കൊല്ലാറുണ്ട്. അതുപോലെ വെരുകു വംശത്തിൽ പെട്ട ജീവികളെ അവയുടെ സുഗന്ധോത്പാദന കഴിവുകൊണ്ടും, മരുന്നുകളുണ്ടാക്കാനും പിടിക്കുന്നതിനാൽ, മരപ്പട്ടികളേയും പിടിക്കാറുണ്ട്[6]. 1972-ലെ ഇന്ത്യൻ വന്യജീവി (സംരക്ഷണ) നിയമപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള ജീവിയാണ് മരപ്പട്ടി[4]. സാർസ്സാർസ് എന്ന വൈറസ് മനുഷ്യരിലേക്ക് പകർന്നത് കാട്ടിൽ നിന്ന് പിടിച്ചു നന്നായി പാകം ചെയ്യാത്ത മരപ്പട്ടി വർഗത്തിൽ പെട്ട ജീവികളിൽ നിന്ന് ആണെന്നാണ് നിഗമനം.[7] എന്നാൽ ഡാനിഎൽ ജനീസ്-ഉം കൂട്ടരും ഫെബ്രുവരി 2008 ൽ Cladistics എന്ന ജേർണലിൽ പ്രസിദ്ധീ കരിച്ച ലേഖനം,ജനിതക തെളിവുകളുടെ അടിസ്ഥാനത്തിൽ പറയുന്നത് സാർസ് വൈറസ് മനുഷ്യരിൽ നിന്നാണ് Civets ലേക്ക് പകർന്നത് എന്നാണ്. വവ്വാലുകളിൽ നിന്നാകാം മനുഷരിലേക്ക് ഈ രോഗം പകർന്നത് എന്നും ഈ ലേഖനം പറയുന്നു.[8] ഇതും കാണുകഅവലംബം
പുറത്തേക്കുള്ള കണ്ണികൾവിക്കിസ്പീഷിസിൽ Paradoxurus hermaphroditus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. Wikimedia Commons has media related to Paradoxurus hermaphroditus. |