ഇന്ത്യൻ രാഷ്ട്രീയ നേതാവും മൃഗാവകാശ പ്രവർത്തകയും പരിസ്ഥിതി പ്രവർത്തകയും മുൻ പത്രപ്രവർത്തകയുമാണ് മനേകാ ഗാന്ധി (26 ഓഗസ്റ്റ് 1956). അന്തരിച്ച രാഷ്ട്രീയ നേതാവ് സഞ്ജയ് ഗാന്ധിയുടെ ഭാര്യയാണ്. നാല് സർക്കാരുകളിൽ ഇവർ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പദോല്പത്തി പഠനം,[1] നിയമം, മൃഗസംരക്ഷണം എന്നീ വിഷയങ്ങളിലായി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ കുടുംബമായ നെഹ്രു കുടുംബത്തിലെ അംഗമാണിവർ.
1983-ൽ കോൺഗ്രസ് വിട്ട് സഞ്ജയ് വിചാർ മഞ്ച് രൂപവത്കരിച്ചു. അതിനുശേഷം അവർ ജനതാദളിൽ ചേർന്ന് പ്രവർത്തിച്ചു. ഇപ്പോൾ ബി.ജെ.പി.യിൽ പ്രവർത്തിക്കുന്നു. [2]
ന്യൂ ഡൽഹിയിലെ ഒരു സിക്ക് കുടുംബത്തിൽ ഇന്ത്യൻ ആർമി ഓഫീസറായിരുന്ന ലഫ്റ്റനൻ്റ് കേണൽ തർലോചൻ സിംഗിൻ്റെയും അമർദീപ് കൗറിൻ്റെയും മകളായി 1956 ഓഗസ്റ്റ് 26ന് ജനനം. സനാവർ ലോറൻസ് സ്കൂൾ, ശ്രീറാം കോളേജ് ഫോർ വിമൻ, ജെ.എൻ.യു ഡൽഹി എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി.
1973-ൽ ഒരു വിവാഹ പാർട്ടിക്കിടയിൽ പെട്ട് കണ്ടുമുട്ടിയ സഞ്ജയ് ഗാന്ധിയുമായുള്ള പരിചയം വിവാഹത്തിലെത്തിയതോടെയാണ് മേനക നെഹ്റു കുടുംബത്തിൽ അംഗമാകുന്നത്. 1980 ജൂൺ 23ന് വിമാന അപകടത്തിൽ പെട്ട് സഞ്ജയ് ഗാന്ധി കൊല്ലപ്പെട്ടതോടെ മദർ ഇൻ ലോ ഇന്ദിര ഗാന്ധിയുമായി തർക്കിച്ച് നെഹ്റു കുടുംബം വിട്ടു.
1983-ൽ രാഷ്ട്രീയ സഞ്ജയ് മഞ്ച് എന്ന പാർട്ടി രൂപീകരിച്ച മേനക 1984-ൽ ഉത്തർ പ്രദേശിലെ അമേഠി മണ്ഡലത്തിൽ രാജീവ് ഗാന്ധിയോട് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് തോറ്റു. 1988-ൽ ജനതാദൾ പാർട്ടിയിൽ ചേർന്ന മേനക 1989-ൽ ജനതാദൾ ടിക്കറ്റിൽ പിലിബിത്ത് മണ്ഡലത്തിൽ നിന്ന് ആദ്യമായി ലോക്സഭാംഗമായി.
1989-ലെ വി.പി.സിംഗ് പ്രധാനമന്ത്രിയായ കേന്ദ്ര മന്ത്രിസഭയിലെ സംസ്ഥാന ചുമതലയുള്ള കേന്ദ്ര മന്ത്രിയായിരുന്നു. 1991-ൽ പിലിഭിത്തിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1996-ൽ വീണ്ടും ജനതാദൾ ടിക്കറ്റിൽ നിന്ന് ലോക്സഭാംഗമായി എങ്കിലും 1998-ൽ ജനതാദൾ വിട്ട മേനക 1998-ലും 1999-ലും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വീണ്ടും ലോക്സഭാംഗമായി.
1998-1999, 1999-2004 വർഷങ്ങളിൽ നിലവിലിരുന്ന രണ്ട്, മൂന്ന് വാജ്പേയി മന്ത്രിസഭകളിലെ സംസ്ഥാന ചുമതലയുള്ള കേന്ദ്ര മന്ത്രിയായിരുന്ന മേനക 2004-ൽ ബിജെപിയിൽ ചേർന്നു. 2004, 2009, 2014, 2019 എന്നീ വർഷങ്ങളിൽ ബിജെപി ടിക്കറ്റിൽ ലോക്സഭാംഗമായ അവർ 2014 മുതൽ 2019 വരെ ഒന്നാം നരേന്ദ്ര മോദി സർക്കാരിലെ വനിത ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു.
2024-ൽ സുൽത്താൻപൂരിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും സമാജ്വാദി പാർട്ടിയുടെ രാം ബുവൽ നിഷാദിനോട് പരാജയപ്പെട്ടു.
പ്രധാന പദവികളിൽ