ബിസ്കെയ്ൻ ദേശീയോദ്യാനം
അമേരിക്കൻ ഐക്യനാടുകളിലെ ഫ്ലോറിഡ സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ബിസ്കെയ്ൻ ദേശീയോദ്യാനം (ഇംഗ്ലീഷ്: Biscayne National Park). ബിസ്കെയ്ൻ ഉൾക്കടൽ പ്രദേശവും, അതിന്റെ തീരത്തോട് ചേർന്നുള്ള പവിഴപുറ്റുകളും ഇതിന്റെ ഭാഗമാണ്. ദേശീയോദ്യാനത്തിന്റെ 95 ശതമാനവും ജലമാണ്. ഉദ്യാനത്തിന്റെ തീരത്തോട് ചേർന്ന് കണ്ടൽ വനങ്ങളും സ്ഥിതിചെയ്യുന്നു. 172,971 ഏക്കർ (69,999 ഹെ) ആണ് ബിസ്കെയ്ൻ ദേശീയോദ്യാനത്തിന്റെ വിസ്തൃതി. എലിയറ്റ് കീ എന്ന ദ്വീപാണ് ഉദ്യാനത്തിലെ ഏറ്റവും വലിയ ദ്വീപ്. നാല് വ്യത്യസ്ത ആവാസവ്യവസ്ഥകളാണ് ബിസ്കെയ്ൻ ദേശീയോദ്യാനത്തിൽ ഉള്ളത്: തീരത്തോട് ചേർന്ന കണ്ടൽ വന ചതുപ്പ്, ബിസ്കെയ്ൻ ഉൾക്കടലിന്റെ ആഴം കുറഞ്ഞ ഭാഗം, ചുണ്ണാമ്പ്കല്ല്, പവിഴപുറ്റുകൾ എന്നിവ ചേർന്നുണ്ടായ ചെറു ദ്വീപുകൾ, ഫ്ലോറിഡ പവിഴപുറ്റുകൾ എന്നിവയാണവ. വിവിധയിനം മത്സ്യങ്ങൾ, കക്കകൾ, ഞണ്ട്, ചെമ്മീൻ മുതലായ ക്രസ്റ്റേഷ്യൻ ജീവികൾ തുടങ്ങിയവ തങ്ങളുടെ വംശവർദ്ധനവിനും കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനുമായി, കരയോട് ചേർന്നുള്ള ചതുപ്പ് നിലങ്ങളിലും, കണ്ടൽ വനങ്ങളിലും വന്നെത്തുന്നു. തീരത്തിൽനിന്നകലെയുള്ള പവിഴപ്പുറ്റുകളിലും ജലാശയങ്ങളിലുമായി ഏകദേശം 200ലധികം സ്പീഷീസ് മത്സ്യങ്ങൾ, വിവിധയിനം കടൽ പക്ഷികൾ, തിമിംഗിലങ്ങൾ എന്നിവ അധിവസിക്കുന്നുണ്ട്. വംശനാശഭീഷണി നേരിടുന്ന പതിനാറ് ജീവിവർഗ്ഗങ്ങൾക്ക് അഭയസ്ഥാനമാണ് ഈ ഉദ്യാനം. സചൗസ് സ്വാലൊടെയിൽ ശലഭങ്ങൾ, സ്മോൾടൂത്ത് സോഫിഷ്, പച്ച കടലാമ, ഹോക്സ്ബിൽ കടലാമ എന്നിവ ഇവിടെ കണ്ടുവരുന്നു. ചെറിയൊരു ശതമാനം അമേരിക്കൻ ചീങ്കണ്ണികളേയും, അമേരിക്കൻ അലിഗേറ്ററുകളേയും ഇവിടെ കാണപ്പെടുന്നുണ്ട്. ചിത്രശാല
അവലംബം
|