ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷ സ്ഥാനം വഹിച്ചിരുന്ന 21-ആമത്തെ മലങ്കര മെത്രാപ്പോലീത്തയും സഭയുടെ എട്ടാമത്തെ പൗരസ്ത്യ കാതോലിക്കോസുമായിരുന്നു ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ. ജീവിതരേഖതൃശ്ശൂർ ജില്ലയിലെ കുന്നംകുളത്ത് പഴഞ്ഞിക്കടുത്തുള്ള മങ്ങാട് കൊള്ളന്നൂർ കെ.എ.ഐപ്പിന്റെയും കുഞ്ഞീറ്റയുടെയും രണ്ടാമത്തെ മകനായി 1946 ആഗസ്ത് 30 ന് ജനിച്ചു. ആദ്യനാമം കെ.ഐ. പോൾ എന്നായിരുന്നു. പഴഞ്ഞി ഗവ.ഹൈസ്‌കൂളിൽ സെക്കൻഡറി സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ നിന്ന് ഫിസിക്സിൽ ബി.എസ്.സി.ബിരുദവും കോട്ടയം സി.എം.എസ് കോളേജിൽ നിന്ന് സാമൂഹിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. കോട്ടയം ഓർത്തഡോക്സ് വൈദിക സെമിനാരിയിലും സെറാംപൂർ സർവ്വകലാശാലയിലുമായി വൈദിക പഠനം പൂർത്തിയാക്കിയ അദ്ദേഹം 1972-ൽ ശെമ്മാശ പട്ടവും 1973-ൽ വൈദിക സ്ഥാനവും സ്വീകരിച്ചു. 1982-ൽ പൗലോസ് മാർ മിലിത്തിയോസ് എന്ന പേരിൽ എപ്പിസ്ക്കോപ്പയായി വാഴിക്കപ്പെട്ട ഇദ്ദേഹത്തെ 1985-ൽ പുതുതായി രൂപീകരിച്ച കുന്നംകുളം ഭദ്രാസനത്തിന്റെ ആദ്യ മെത്രാപ്പൊലിത്തയായി നിയമിച്ചു. 2006 ഒക്‌ടോബർ 12-ന് നിയുക്ത കാതോലിക്കായായി തിരഞ്ഞെടുക്കപ്പെട്ടു. നാലു വർഷത്തിനുശേഷം ബസേലിയോസ് മാർത്തോമാ ദിദിമോസ് പ്രഥമൻ സ്ഥ്യാനത്യാഗം ചെയ്തതിനെ തുടർന്ന് 2010 നവംബർ 1-ന് പരുമല സെമിനാരിയിൽ വെച്ച് ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ എന്ന പേരിൽ കാതോലിക്കാ ബാവയായി വാഴിക്കപ്പെട്ടു.[2] മലങ്കര ഓർത്തഡോക്സ് സഭയുടെ ചരിത്രത്തിൽ കുന്നംകുളം പ്രദേശത്തു നിന്നുള്ള മൂന്നാമത്തെ മലങ്കര മെത്രാപ്പൊലിത്തയും പരുമല തിരുമേനിക്കു ശേഷം മെത്രാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമായിരുന്നു ഇദ്ദേഹം.[3]2020 ജനുവരിയിൽ അർബുദം സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹം 2021 ജൂലൈ 12-ന് അന്തരിച്ചു.[4] അവലംബം
|