പോൾ ഡിറാക്
സൈദ്ധാന്തികഭൗതികത്തിന് സംഭാവനകൾ നൽകിയ പ്രമുഖനായ ഇംഗ്ളീഷ് ഭൗതികശാസ്ത്രജ്ഞനാണ് പോൾ അഡ്രിയൻ മോറിസ് ഡിറാക്ക്(8 ആഗസ്റ്റ് 1902-20 ഒക്ടോബർ 1984). ക്വാണ്ടം മെക്കാനിക്സ്,ക്വാണ്ടം ഇലകട്രോഡയനാമിക്സ് എന്നീ മേഖലകളിൽ മുദ്ര പതിപ്പിച്ചു.കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ഗണിതശാസ്ത്രത്തിനുള്ള ലൂക്കാഷ്യൻ പ്രൊഫസർ പദവി അലങ്കരിച്ചു.ഫെർമിയോണുകളെ സംബന്ധിക്കുന്ന ഡിറാക്ക് സമവാക്യം രൂപീകരിച്ചതും ആന്റിമാറ്ററുകളുടെ നിലനില്പ് പ്രവചിച്ചതും പ്രധാന സംഭാവനകളാണ്.1933ലെ ഭൌതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം എർവിൻ ഷ്രോഡിങ്ങറുമായി പങ്കിട്ടു. ആദ്യകാല ജീവിതംഇംഗ്ലണ്ടിൽ ബ്രിസ്റ്റൾ നഗരത്തിൽ ജനിച്ചു. പിതാവായ ചാൾസ് ഡിറാക്ക് സ്വിറ്റ്സർലന്റിൽ നിന്നും കുടിയേറിയ വ്യക്തിയായിരുന്നു. പോളിന്റെ മൂത്ത സഹോദരൻ റെജിനാൾഡ് ഫെലിക്സ് ഡിറാക് 1925-ൽ ആത്മഹത്യ ചെയ്യുകയാണുണ്ടായത്. ബിയാട്രിസ് എന്നൊരു സഹോദരിയും ഉണ്ടായിരുന്നു. ബിഷപ്പ് റോഡ് പ്രൈമറി സ്കൂൾ, മർച്ചന്റ് വെഞ്ചുറേഴ്സ് ടെക്നിക്കൽ കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം ബ്രിസ്റ്റൾ യൂണിവേഴ്സിറ്റിയിൽ നിന്നും 1921-ൽ ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം നേടി. 1923-ൽ ഗണിതശാസ്ത്രത്തിലും ബിരുദം നേടിയ ശേഷം കേംബ്രിഡ്ജിലെ സെന്റ് ജോൺസ് കോളേജിൽ ഗവേഷണം ആരംഭിച്ചു. ഡിറാക്കിന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾ ഏറെക്കുറെ ഇവിടെ തന്നെയായിരുന്നു. സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിലും (General theory of relativity), ക്വാണ്ടം ഭൗതികശാസ്ത്രത്തിലും അദ്ദേഹം പ്രത്യേക താല്പര്യമെടുത്തു. സംഭാവനകൾ1925-ൽ ഹൈസൻബർഗ് ക്വാണ്ടം ബലതന്ത്രം ആവിഷ്കരിച്ച ഉടനെ തന്നെ ഡിറാക് ആ വിഷയത്തിൽ ഗവേഷണം തുടങ്ങി. 1926-ൽ പി.എച്ച്.ഡി പൂർത്തിയാക്കി. 1928-ൽ ഇലക്ട്രോണുകളുടെ വേവ് ഫങ്ക്ഷൻ സംബന്ധിച്ച 'ഡിറാക്ക് സമവാക്യം' രൂപീകരിച്ചു. ഇതിനു തുടർച്ചയായി പോസിട്രോൺ (ഇലക്ട്രോണിന്റെ ആന്റി മാറ്റർ കണിക) ഉണ്ട് എന്നു ഡിറാക്ക് പ്രവചിച്ചു. 1932-ൽ കാൾ ആന്റേഴ്സൺ പോസിട്രോൺ കണ്ടെത്തി. 1930-കളുടെ തുടക്കത്തിൽ ഡിറാക് അവതരിപ്പിച്ച 'വാക്വം പോളറൈസേഷൻ' പിന്നീട് ഫെയ്ൻമാൻ പോലെയുള്ള ശാസ്ത്രജ്ഞർക്ക് ക്വാണ്ടം ഇലകട്രോഡയനാമിക്സിൽ വഴികാട്ടിയായി. 1930-ൽ ഡിറാക് പ്രസിദ്ധീകരിച്ച 'പ്രിൻസിപ്പിൾസ് ഓഫ് ക്വാണ്ടം മെക്കാനിക്സ്' ശാസ്ത്രചരിത്രത്തിലെ ഒരു നാഴികക്കല്ലായി കരുതപ്പെടുന്നു. ഇതേ വർഷം തന്നെ അദ്ദേഹം റോയൽ സൊസൈറ്റിയിൽ ഫെലോഷിപ്പ് നേടി. കാന്തിക ഏകധ്രുവങ്ങളുടെ സഹായത്തോടെ വൈദ്യുത ചാർജജിന്റെ ക്വാണ്ടവൽക്കരണം വിശദീകരിക്കാൻ കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു. എന്നാൽ കാന്തിക ഏകധ്രുവങ്ങളുടെ നിലനിൽപ്പ് ഇന്നും ഒരു സാദ്ധ്യത മാത്രമായി തുടരുന്നു. 1932 മുതൽ 1969 വരെ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ഗണിതശാസ്ത്രത്തിനുള്ള ലൂക്കാഷ്യൻ പ്രൊഫസർ പദവിയിൽ സേവനമനുഷ്ഠിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് യുറേനിയം സമ്പുഷ്ടീകരണത്തിൽ ചില പരീക്ഷണങ്ങൾ നടത്തുകയുണ്ടായി. ക്വാണ്ടം ഇലകട്രോഡയനാമിക്സിലെ 'റീനോർമലൈസേഷൻ' ഡിറാക് അംഗീകരിച്ചില്ല. അതോടെ അദ്ദേഹത്തിന്റെ ഗവേഷണങ്ങൾ മുഖ്യധാരയിൽ നിന്നും അകന്നു പോകുകയാണുണ്ടായത്. അവസാനത്തെ 14 വർഷങ്ങൾ അദ്ദേഹം യൂണിവേഴ്സിറ്റി ഓഫ് മയാമി, ഫ്ലോറിഡാ സ്റ്റേറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. വ്യക്തിജീവിതംമിതഭാഷിയും അന്തർമുഖനുമായി അറിയപ്പെട്ടിരുന്നു ഡിറാക്. യൂജീൻ വിഗ്നറുടെ സഹോദരിയായ മാർഗിറ്റിനെ ഡിറാക് 1937-ൽ വിവാഹം കഴിച്ചു. മേരി എലിസബത്ത്, ഫ്ലോറൻസ് മോണിക്ക എന്നിങ്ങനെ രണ്ട് പുത്രിമാർ അവർക്കുണ്ടായിരുന്നു. ഡിറാക് ഒരു നിരീശ്വരവാദിയായിരുന്നു. ദൈവം മനുഷ്യഭാവനയുടെ സൃഷ്ടിയാണെന്നും മതങ്ങൾ അബദ്ധജടിലങ്ങളാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. മതങ്ങളുടെ രാഷ്ട്രീയവൽക്കരണവും ഡിറാക്കിനെ നീരസപ്പെടുത്തി. അവസാനകാലത്ത് ഫ്ലോറിഡയിൽ തന്റെ മൂത്ത പുത്രിയോടൊത്തായിരുന്നു താമസം. 1984 ഒക്ടോബർ 20-ന് അന്തരിച്ചു. കൃതികൾപ്രിൻസിപ്പിൾസ് ഒഫ് ക്വാണ്ടം മെക്കാനിക്സ് (1930) എന്ന കൃതി ഡിറാക്കിന്റെ ക്ലാസിക് രചനയായി അംഗീകരിക്കപ്പെട്ടു. ഇതിനുപുറമേ, ലക്ചേഴ്സ് ഓൺ ക്വാണ്ടം മെക്കാനിക്സ് (1966), ദ ഡെവലപ്മെന്റ് ഒഫ് ക്വാണ്ടം തിയറി (1971), സ്പൈനോഴ്സ് ഇൻ ഹിൽബെർട്ട് സ്പേയ്സ് (1974), ജനറൽ തിയറി ഒഫ് റിലേറ്റിവിറ്റി (1975) എന്നീ കൃതികളും ഇദ്ദേഹത്തിന്റെ മുഖ്യ രചനകളിൽപ്പെടുന്നു. പുരസ്കാരം1932-ൽ റോയൽ സൊസൈറ്റിയുടെ ഫെലോ ആയും 1949-ൽ യു. എസ്. നാഷണൽ അക്കാദമി ഒഫ് സയൻസസിന്റെ ഫോറിൻ അസ്സോസിയേറ്റ് ആയും ഡിറാക് തിരഞ്ഞെടുക്കപ്പെട്ടു. 1939-ൽ റോയൽ മെഡലും 1952-ൽ റോയൽ സൊസൈറ്റി ഒഫ് ലണ്ടൻ വക കോപ്ലെ (Copley) മെഡലും നൽകി ഇദ്ദേഹത്തെ ആദരിച്ചു. 1973-ൽ ഇദ്ദേഹത്തിന് 'ഓർഡർ ഒഫ് മെറിറ്റ്' പദവി ലഭിച്ചു. അവലംബം
അധിക വായനയ്ക്ക്
പുറം കണ്ണികൾ![]()
വീഡിയോകൾ
|