ന്യൂയോർക്ക്
![]() ![]() ![]() ![]() ![]() ![]() ![]() അമേരിക്കൻ ഐക്യനാടുകളിലെ വടക്കുകിഴക്കൻ തീരത്ത് അറ്റ്‌ലാന്റിക് മഹാസമുദ്രത്തോടു ചേർന്നു സ്ഥിതിചെയ്യുന്ന സംസ്ഥാനമാണ് ന്യൂ യോർക്ക്. ഏറ്റവും വലിയ നഗരം ന്യൂ യോർക്ക് നഗരവും തലസ്ഥാനം ആൽബനിയുമാണ്. അമേരിക്കൻ ഐക്യനാടുകൾ രൂപംകൊള്ളുന്നതിനു കാരണമായ പതിമൂന്ന് യഥാർത്ഥ കോളനികളിലൊന്നാണ് ന്യൂയോർക്ക്. 2019 ലെ കണക്കുകൾപ്രകാരം 19 ദശലക്ഷത്തിലധികം ജനങ്ങൾ അധിവസിക്കുന്ന ഇത് അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ജനസംഖ്യയുള്ള നാലാമത്തെ സംസ്ഥാനമാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്ക് നഗരത്തിൽനിന്ന് സംസ്ഥാനത്തെ വേർതിരിച്ചറിയാൻ, സംസ്ഥാനത്തെ ചിലപ്പോൾ ന്യൂയോർക്ക് സ്റ്റേറ്റ് എന്നും വിളിക്കാറുണ്ട്. സംസ്ഥാനത്തെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും ന്യൂയോർക്ക് മെട്രോപൊളിറ്റൻ പ്രദേശത്താണ് (ലോംഗ് ഐലൻഡിലെ ഏതാണ്ട് 40% ജനങ്ങൾ ഉൾപ്പെടെ) താമസിക്കുന്നത്.[1] പതിനേഴാം നൂറ്റാണ്ടിലെ യോർക്കിലെ ഡ്യൂക്കും, പിൽക്കാലത്ത് ഇംഗ്ലണ്ടിലെ രാജാവുമായിരുന്ന ജെയിംസ് രണ്ടാമൻ പേരിലാണ് സംസ്ഥാനവും നഗരവും നാമകരണം ചെയ്യപ്പെട്ടത്. 2019 ലെ കണക്കുകൾപ്രകാരം 8.34 ദശലക്ഷം[2] ജനസംഖ്യയുള്ള ന്യൂയോർക്ക് നഗരം അമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമെന്നതുപോലെ അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിനുള്ള ഒരു പ്രധാന കവാടവുമായിരുന്നു.[3][4][5] ന്യൂയോർക്ക് മെട്രോപൊളിറ്റൻ പ്രദേശം ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശമാണ്.[6][7] NYC എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ ആഗോള നഗരം[8] ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനമെന്ന[9] പദവി അലങ്കരിക്കുന്നതോടൊപ്പം ലോകത്തിന്റെ സാംസ്കാരിക,[10][11] സാമ്പത്തിക,[12][13] മാധ്യമ തലസ്ഥാനമായും,[14][15] ഒപ്പം ലോകത്തെ സാമ്പത്തികമായി ഏറ്റവും ശക്തിയുള്ള നഗരമായും വിശേഷിപ്പിക്കപ്പെടുന്നു.[12][16][17] സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള മറ്റ് നാല് നഗരങ്ങളിൽ ബഫല്ലോ, റോച്ചസ്റ്റർ, യോങ്കേഴ്‌സ്, സിറാക്കൂസ് എന്നിവ ഉൾപ്പെടുന്നു. ഭൂതല വിസ്തീർണ്ണമനുസരിച്ച് അമേരിക്കൻ ഐക്യനാടുകളിലെ 27-ആമത്തെ വലിയ സംസ്ഥാനമായ ന്യൂയോർക്കിന് ഒരു വൈവിധ്യമാർന്ന ഭൂമിശാസ്ത്രമുണ്ട്. സംസ്ഥാനത്തിന്റെ തെക്ക് ന്യൂജേഴ്‌സി, പെൻസിൽവാനിയ എന്നിവയും കിഴക്ക് കണക്റ്റിക്കട്ട്, മസാച്യുസെറ്റ്സ്, വെർമോണ്ട് എന്നിവയുമാണ് അതിർത്തികൾ. ലോംഗ് ഐലന്റിന് കിഴക്ക് റോഡ് ഐലൻഡുമായി സമുദ്രാതിർത്തിയും അതുപോലെതന്നെ കനേഡിയൻ പ്രവിശ്യകളായ ക്യൂബെക്കുമായി വടക്കുഭാഗത്തും ഒണ്ടാറിയോയുമായി വടക്കുപടിഞ്ഞാറ് ഭാഗത്തും സംസ്ഥാനത്തിന് അന്താരാഷ്ട്ര അതിർത്തിയുമുണ്ട്. അറ്റ്ലാന്റിക് തീരപ്രദേശത്തുള്ള സംസ്ഥാനത്തിന്റെ തെക്ക് ഭാഗത്ത് ലോംഗ് ഐലൻഡും നിരവധി ചെറിയ അനുബന്ധ ദ്വീപുകളും ന്യൂയോർക്ക് നഗരവും നിമ്ന്ന ഹഡ്‌സൺ റിവർ വാലിയും ഉൾപ്പെടുന്നു. ബൃഹത്തായ അപ്‌സ്റ്റേറ്റ് ന്യൂയോർക്ക് മേഖലയിൽ വിശാലമായ അപ്പലേചിയൻ പർവതനിരകളും സംസ്ഥാനത്തിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള അഡിറോണ്ടാക്ക് പർവതനിരകളും ഉൾപ്പെടുന്നു. വടക്ക്-തെക്ക് ഹഡ്സൺ റിവർ വാലി, കിഴക്ക്-പടിഞ്ഞാറ് മൊഹാവ്ക് റിവർ വാലി എന്നിവ ഭൂരിഭാഗവും പർവത പ്രകൃതിയുള്ള ഈ പ്രദേശങ്ങളെ വിഭജിക്കുന്നു. പടിഞ്ഞാറൻ ന്യൂയോർക്ക് ഗ്രേറ്റ് ലേക്സ് മേഖലയുടെ ഭാഗമായി കണക്കാക്കപ്പെടുന്നു, കൂടാതെ ഒണ്ടാറിയോ തടാകം, ഈറി തടാകം, നയാഗ്ര വെള്ളച്ചാട്ടം എന്നിവയുടെ അതിർത്തികളുമാണ്. സംസ്ഥാനത്തിന്റെ മധ്യഭാഗത്ത് പ്രശസ്ത അവധിക്കാല കേന്ദ്രവും വിനോദസഞ്ചാര കേന്ദ്രവുമായ ഫിംഗർ തടാകങ്ങൾക്കാണ് പ്രാമുഖ്യം. ആദ്യകാല യൂറോപ്യൻ വംശജർ ന്യൂയോർക്കിലെത്തുമ്പോഴേക്കും നൂറുകണക്കിനു വർഷങ്ങളായി ന്യൂയോർക്ക് പ്രദേശത്ത് അൽഗോൺക്വിയൻ, ഇറോക്വോയൻ സംസാരിക്കുന്ന തദ്ദേശീയരായ അമരിന്ത്യാക്കാർ അധിവസിച്ചിരുന്നു. ഫ്രഞ്ച് കോളനിക്കാരും ജെസ്യൂട്ട് മിഷനറിമാരും വ്യാപാരത്തിനും മതപരിവർത്തനത്തിനുമായി മോൺട്രിയാലിൽ നിന്ന് തെക്കൻ ഭാഗത്തേയ്ക്ക് എത്തി. 1609-ൽ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് വേണ്ടി ഹെൻറി ഹഡ്‌സൺ ഇവിടേയ്ക്ക് നാവികയാത്ര നടത്തി. ഇന്നത്തെ തലസ്ഥാനമായ അൽബാനിയായി പിന്നീട് വികസിപ്പിച്ചെടുത്ത ഹഡ്സൺ, മൊഹാവ് നദികളുടെ സംഗമസ്ഥാനത്ത് 1614 ൽ ഡച്ചുകാർ ഫോർട്ട് നസ്സാവു നിർമ്മിച്ചു. ഡച്ചുകാർ താമസിയാതെ ന്യൂ ആംസ്റ്റർഡാമിലും ഹഡ്‌സൺ താഴ്‌വരയുടെ ഭാഗങ്ങളിലും താമസമാക്കുകയും വ്യാപാരത്തിന്റെയും കുടിയേറ്റത്തിന്റെയും കേന്ദ്രമായ ന്യൂ നെതർലാൻഡ് എന്ന സാംസ്കാരികവൈവിധ്യമുള്ള കോളനി സ്ഥാപിക്കുകയും ചെയ്തു. 1664-ൽ ഇംഗ്ലീഷുകാർ ഡച്ചുകാരിൽ നിന്ന് കോളനി പിടിച്ചെടുത്തു. അമേരിക്കൻ വിപ്ലവ യുദ്ധകാലത്ത് (1775–1783) ന്യൂയോർക്ക് പ്രവിശ്യയിലെ ഒരു കൂട്ടം കോളനിക്കാർ ബ്രിട്ടീഷ് കോളനിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുകയും ഒടുവിൽ സ്വാതന്ത്ര്യം സ്ഥാപിക്കുന്നതിൽ വിജയിക്കുകയും ചെയ്തു. പത്തൊൻപതാം നൂറ്റാണ്ടിൽ, ന്യൂയോർക്കിലെ ഉൾനാടൻ വികസനം, ഈറി കനാലിന്റെ നിർമ്മാണത്തോടെ തുടങ്ങുകയും, കിഴക്കൻ തീരത്തെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് താരതമ്യപ്പെടുത്താനാവാത്ത അനുകൂല സന്ദർഭങ്ങൾ നൽകിയതോടൊപ്പം രാഷ്ട്രീയവും സാംസ്കാരികവുമായ ഉയർച്ച കെട്ടിപ്പടുക്കുകയും ചെയ്തു.[18] ടൈംസ് സ്ക്വയർ, സെൻട്രൽ പാർക്ക്, നയാഗ്ര വെള്ളച്ചാട്ടം, ഗ്രാൻഡ് സെൻട്രൽ ടെർമിനൽ പോലെ 2013 ൽ ലോകത്തെ ഏറ്റവുമധികം ആളുകൾ സന്ദർശിച്ച പത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നാലെണ്ണം ഉൾപ്പെടെ ന്യൂയോർക്കിലെ പല ലാൻഡ്‌മാർക്കുകളും ഏറെ പ്രസിദ്ധമാണ്. സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ ആസ്ഥാനമാണ് ന്യൂയോർക്ക്. 21ആം നൂറ്റാണ്ടിൽ ന്യൂയോർക്ക് സർഗ്ഗാത്മകതയുടെയും സംരംഭകത്വത്തിന്റെയും സാമൂഹിക സഹിഷ്ണുതയുടെയും പാരിസ്ഥിതിക സുസ്ഥിരതയുടെയും ഒരു ആഗോള ടെർമിനലായി മാറി. ന്യൂയോർക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഉൾപ്പെടെ ഏകദേശം 200 കോളേജുകളും സർവ്വകലാശാലകളും ന്യൂയോർക്കിലുണ്ട്. ഇവയിൽ പലതും രാജ്യത്തെയും ലോകത്തെതന്നെയും മികച്ച 100 സ്ഥാപനങ്ങളിലുൾപ്പെടുന്നതാണ്. ചരിത്രംതദ്ദേശീയ അമേരിക്കൻ ചരിത്രംഇപ്പോൾ ന്യൂയോർക്കായി അറിയപ്പെടുന്ന പ്രദേശത്തെ തദ്ദേശീയ ഗോത്രവർഗ്ഗക്കാർ പ്രധാനമായും ഹൌഡെനോസൗണിയും അൽഗോൺക്വിയൻ വർഗ്ഗക്കാരുമായിരുന്നു. ലോംഗ് ഐലൻഡിനെ വാമ്പനോഗും ലെനാപികളും തമ്മിൽ പകുതിയായി വിഭജിച്ച് അധിവസിച്ചിരുന്നു. ന്യൂയോർക്ക് ഹാർബറിനു ചുറ്റുമുള്ള മിക്ക പ്രദേശങ്ങളും ലെനാപെ വർഗ്ഗക്കാരാൽ നിയന്ത്രിയ്ക്കപ്പെട്ടു. ലെനാപികളുടെ വടക്കുവശം മൂന്നാമത്തെ അൽഗോൺക്വിയൻ രാഷ്ട്രമായ മൊഹിക്കാൻ വർഗ്ഗക്കാരുടെ ആധിപത്യത്തിലായിരുന്നു. അവയുടെ വടക്കുവശത്തായി, കിഴക്ക് നിന്ന് പടിഞ്ഞാറ് വരെ മൊഹാവ്ക്, യഥാർത്ഥ ഇറോക്വോയിസ്, പെറ്റൂൺ എന്നിങ്ങനെ മൂന്ന് ഇറോക്വിയൻ രാഷ്ട്രങ്ങളായിരുന്നു നിലനിന്നിരുന്നത്. അവയുടെ തെക്ക്, അപ്പലേചിയ മേഖലയാൽ ഏതാണ്ട് വിഭജിക്കപ്പെട്ട പ്രദേശത്ത് സുസ്‌കെഹാനോക്ക്, ഈറി വംശജർ അധിവസിച്ചിരുന്നു..[19][20][21][22][23][24] യൂറോപ്പ്യൻ കുടിയേറ്റക്കാരെ തങ്ങളുടെ ദേശത്തുനിന്ന് പിന്തള്ളാനുള്ള മിക്ക ന്യൂ ഇംഗ്ലണ്ട് ഗോത്രങ്ങളുടേയും സംയുക്ത പരിശ്രമമായ കിംഗ് ഫിലിപ്പ് യുദ്ധത്തിൽ വാമ്പനോഗ്, മൊഹിക്കൻ ജനങ്ങളിൽ അനേകംപേർ പിടിക്കപ്പെട്ടു. അവരുടെ നേതാവായ ചീഫ് ഫിലിപ്പ് മെറ്റാകോമെറ്റിന്റെ മരണശേഷം, ആ ജനങ്ങളിൽ ഭൂരിഭാഗവും ഉൾനാടുകളിലേക്ക് പലായനം ചെയ്യുകയും അബെനാക്കി, ഷാഗ്ടിക്കോക്ക് വർഗ്ഗങ്ങൾക്കിടയിലേയ്ക്ക് പിരിഞ്ഞുപോകുകയും ചെയ്തു. 1800 വരെ മൊഹിക്കൻ വർഗ്ഗക്കാരിൽ പലരും ഈ പ്രദേശത്ത് തുടർന്നുവെന്നിരുന്നാലും ഒബാനോ എന്നറിയപ്പെടുന്ന ഒരു ചെറിയ സംഘം പടിഞ്ഞാറൻ വിർജീനിയയുടെ തെക്കുപടിഞ്ഞാറ പ്രദേശത്തേയ്ക്ക് മുമ്പുതന്നെ കുടിയേറിയിരുന്നു. അവർ ഷാവ്നീ വർഗ്ഗക്കാരുമായി ലയിപ്പിച്ചിരിക്കാമെന്നാണ് കരുതപ്പെടുന്നത്.[25][26] മൊഹാവ്ക്കും സുസ്‌ക്ഹെനോക്കും ഇവരിൽ ഏറ്റവും രണശൂരരായിരുന്നു. യൂറോപ്യന്മാരുമായി വ്യാപാരം വ്യാപിപ്പിക്കാൻ അവർ മറ്റ് ഗോത്രങ്ങളെ കരുവാക്കി. തങ്ങളുടെ ഭൂമിയിൽ വെള്ളക്കാരെ താമസിക്കാൻ അനുവദിക്കാതിരിക്കുന്നതിനും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട് സ്വന്തം ഗോത്രത്തിലുള്ളവരെ നാടുകടത്തിയതിന്റെപേരിലു മൊഹാവ്ക് വർഗ്ഗം അറിയപ്പെട്ടിരുന്നു. അവർ അബെനാകികൾക്കും മൊഹിക്കക്കാർക്കും വലിയ ഭീഷണി ഉയർത്തിയപ്പോൾ 1600 കളിൽ സുസ്‌ക്ഹെനോക്ക് ലെനപ്പികളെ കീഴടക്കി. എന്നിരുന്നാലും, നൂറ്റാണ്ടിലെ ഏറ്റവും വിനാശകരമായ സംഭവം ബീവർ യുദ്ധങ്ങളായിരുന്നു. ഏകദേശം 1640-1680 മുതൽ, ഇറോക്വോയൻ ജനത ആധുനിക മിഷിഗൺ മുതൽ വിർജീനിയ വരെയുള്ള പ്രദേശത്ത് അൽഗോൺക്വിയൻ, സിയാൻ ഗോത്രങ്ങൾക്കെതിരെയും പരസ്പരവും പ്രചാരണം നടത്തി. ആദ്യം വെള്ളക്കാരുമായി കച്ചവടം നടത്താമെന്ന പ്രതീക്ഷയിൽ മിക്ക തദ്ദേശീയരും മൃഗങ്ങളെ കെണിവച്ചു പിടിക്കുന്നതിനായി കൂടുതൽ ഭൂമി നിയന്ത്രിക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിനുപിന്നിൽ. ഇത് പ്രദേശത്തിന്റെ വംശീയഘടന പൂർണ്ണമായും മാറ്റിമറിക്കുന്നതിലേയ്ക്കു നയിച്ചു. എന്നിട്ടും, ഇറോക്വോയിസ് കോൺഫെഡറസി മാസ്കൌട്ടൻ, ഈറി, ചൊന്നോന്റൺ, ടുട്ടെലോ, സപ്പോണി, ടസ്കറോറ എന്നീ നേഷനുകളിലെ അഭയാർഥികൾക്ക് അഭയം നൽകിയിരുന്നു. 1700 കളിൽ, ഫ്രഞ്ച്-ഇന്ത്യൻ യുദ്ധസമയത്ത് അവർ മൊഹാവാക്കുമായി ലയിക്കുകയും യുദ്ധത്തിൽ നശിച്ചതിനുശേഷം അവശേഷിക്കുന്ന പെൻസിൽവാനിയയിലെ സുസ്‌ക്ഹെനോക്കുകളെ ഏറ്റെടുക്കുകയും ചെയ്തു.[27] ഈ ഗ്രൂപ്പുകളിൽ ഭൂരിഭാഗവും മറ്റു വർഗ്ഗക്കാരുമായി കൂടിച്ചേർന്നു. വിപ്ലവത്തിനുശേഷം, അവരിൽ വലിയൊരു വിഭാഗം പിരിഞ്ഞ് ഒഹായോയിലേക്ക് മടങ്ങുകയും മിംഗോ സെനേക്ക എന്നറിയപ്പെടുകയും ചെയ്തു. ഇറോക്വോയിസ് കോൺഫെഡറസിയുടെ നിലവിലെ ആറ് ഗോത്രങ്ങൾ സെനേക്ക, കയുഗ, ഒനോണ്ടാഗ, ഒനെയ്ഡ, ടസ്കറോറ, മൊഹാവ്ക് എന്നിവയാണ്. വിപ്ലവ യുദ്ധത്തിൽ ഇറോക്വോയിസ് ഇരുപക്ഷത്തായി വേണ്ടിയും പോരാടുകയും പിന്നീട് ബ്രിട്ടീഷ് അനുകൂല ഇറോക്വോയിസുകളിൽ അനേകം പേർ കാനഡയിലേക്ക് കുടിയേറുകയും ചെയ്തു. ഇന്ന് ഇറോക്വോയിസ് വർഗ്ഗക്കാർ അപ്‌സ്റ്റേറ്റ് ന്യൂയോർക്കിലെ നിരവധി റിസർവേഷനുകളിൽ താമസിക്കുന്നു.[28][29][30][31] അതേസമയം, ലെനാപെ വർഗ്ഗക്കാർ വില്യം പെന്നുമായി അടുത്ത ബന്ധം സ്ഥാപിച്ചു. എന്നിരുന്നാലും, പെന്നിന്റെ മരണത്തെത്തുടർന്ന്, അദ്ദേഹത്തിന്റെ പുത്രന്മാർ തദ്ദേശീയരുടെ ഭൂമി ഏറ്റെടുക്കുകയും ഈ വർഗ്ഗക്കാരെ ഒഹായോയിലേക്ക് നാടുകടത്തുകയും ചെയ്തു.[32] അമേരിക്കൻ ഐക്യനാടുകൾ ഇന്ത്യൻ നീക്കംചെയ്യൽ നിയമം തയ്യാറാക്കിയപ്പോൾ, ലെനാപെകളെ മിസ്സൗറിയിലേക്ക് മാറ്റുകയും, അതേസമയം അവരുടെ ബന്ധുക്കളായ മൊഹിക്കൻ വർഗ്ഗക്കാരെ വിസ്കോൺസിനിലേക്ക് പിന്തള്ളുകയും ചെയ്തു. 1778-ൽ, അമേരിക്കൻ ഐക്യനാടുകൾ നാന്റികോക്ക് വർഗ്ഗത്തെ ഡെൽമാർവ ഉപദ്വീപിൽ നിന്ന് ഒണ്ടാറിയോ തടാകത്തിന് തെക്ക് പഴയ ഇറോക്വോയിസ് ദേശങ്ങളിലേക്ക് മാറ്റിസ്ഥാപിച്ചുവെങ്കിലും അവർ അവിടെ അധികകാലം താമസിച്ചിരുന്നില്ല. ഇവരിൽ ചിലർ പടിഞ്ഞാറോട്ട് നീങ്ങി ലെനാപുമായി ലയിച്ചെങ്കിലും കാനഡയിലേക്ക് കുടിയേറാനും ഇറോക്വോയിസുമായി ലയിക്കാനും ഭൂരിപക്ഷവും തീരുമാനിച്ചു.[33] 16 ആം നൂറ്റാണ്ട്1524-ൽ ഫ്രഞ്ച് കിരീടത്തിന്റെ സേവനത്തിൽ ഇറ്റാലിയൻ പര്യവേക്ഷകനായ ജിയോവന്നി ഡാ വെരാസാനോ, ന്യൂയോർക്ക് ഹാർബറും നരഗാൻസെറ്റ് ബേയും ഉൾപ്പെടെ കരോലിനകൾക്കും ന്യൂഫൌണ്ട് ലാൻഡിനുമിടയിൽ വടക്കേ അമേരിക്കയിലെ അറ്റ്ലാന്റിക് തീരത്ത് പര്യവേക്ഷണം നടത്തി. 1524 ഏപ്രിൽ 17-ന് വെറാസാനോ ന്യൂയോർക്ക് ബേയിൽ പ്രവേശിക്കുകയും ഇപ്പോൾ നാരോസ് എന്ന് വിളിക്കപ്പെടുന്ന കടലിടുക്കിലൂടെ വടക്കൻ ഉൾക്കടലിലിലെത്തി അതിന് ഫ്രാൻസിലെ രാജാവിന്റെ സഹോദരിയുടെ ബഹുമാനാർത്ഥം സാന്താ മാർഗരിറ്റ എന്ന് പേരിടുകയും ചെയ്തു. "എല്ലാത്തരം കപ്പലുകൾക്കും കടന്നുപോകാൻ കഴിയുന്നത്ര ആഴത്തിലുള്ള അഴിമുഖമുള്ളതും വിശാലവുമായ തീരപ്രദേശമാണ്" ഇതെന്ന് വെറാസാനോ വിശേഷിപ്പിച്ചു. "ഇത് ഒരു നാവികമൈലോളം ഉൾനാടുകളിലേക്ക് വ്യാപിച്ചുകിടക്കുകയും മനോഹരമായ ഒരു തടാകമായി മാറുകയും ചെയ്യുന്നു. ഈ വിശാലമായ ജലാശയത്തിൽ തദ്ദേശീയരുടെ വള്ളങ്ങൾ കൂട്ടത്തോടെ കാണപ്പെട്ടിരുന്നു " എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. അദ്ദേഹം മാൻഹട്ടന്റെ അഗ്രത്തിലും ഒരുപക്ഷേ ലോംഗ് ഐലൻഡിന്റെ ഏറ്റവുമടുത്ത സ്ഥലത്തും എത്തിച്ചേർന്നിരുന്നു. വെരാസാനോയുടെ പ്രദേശത്തെ താമസം ഒരു കൊടുങ്കാറ്റിനാൽ തടസ്സപ്പെടുകയും അദ്ദേഹം വടക്കോട്ട് മാർത്താസ് വൈൻയാർഡിലേയ്ക്ക് തള്ളിമാറ്റപ്പെടുകയും ചെയ്തു.[34] 1540-ൽ ന്യൂ ഫ്രാൻസിൽ നിന്നുള്ള ഫ്രഞ്ച് വ്യാപാരികൾ ഇന്നത്തെ ആൽബാനിയിലെ കാസിൽ ദ്വീപിൽ ഒരു പ്രഭുമന്ദിരം നിർമ്മിക്കുകയും അടുത്ത വർഷം വെള്ളപ്പൊക്കം കാരണം ഇത് ഉപേക്ഷിക്കപ്പെടുകയും ചെയ്തു. 1614-ൽ ഡച്ചുകാർ ഹെൻഡ്രിക് കോർസ്റ്റിയായെൻസന്റെ നേതൃത്വത്തിൽ ഫ്രഞ്ച് പ്രഭുമന്ദിരം പുനർനിർമിച്ച് അതിന് ഫോർട്ട് നസ്സാവു എന്ന് പേരിട്ടു വിളിച്ചു. വടക്കേ അമേരിക്കയിലെ ആദ്യത്തെ ഡച്ച് വാസസ്ഥലമായിരുന്ന ഫോർട്ട് നസ്സാവു, ഹഡ്സൺ നദിയോരത്ത് ഇന്നത്തെ ആൽബാനിയ്ക്കുള്ളിലായി സ്ഥിതിചെയ്യുന്നു. ഈ ചെറിയ കോട്ട ഒരു ട്രേഡിംഗ് പോസ്റ്റായും വെയർഹൌസായും പ്രവർത്തിച്ചിരുന്നു. ഹഡ്‌സൺ നദിയിലെ വെള്ളപ്പൊക്ക സമതലത്തിൽ സ്ഥിതിചെയ്തിരുന്ന ഈ ബാല്യാവസ്ഥയിലുള്ള "കോട്ട" 1617 ൽ[35] വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോകുകയും ഇതിനു സമീപത്തായി 1623 ൽ ഫോർട്ട് ഓറഞ്ച് (ന്യൂ നെതർലാന്റ്) നിർമ്മിക്കപ്പെടുകയും ചെയ്തു.[36] 17 ആം നൂറ്റാണ്ട്ഹെൻറി ഹഡ്സന്റെ 1609 നാവിക യാത്ര ഈ പ്രദേശവുമായുള്ള യൂറോപ്യൻ ഇടപെടലിനു തുടക്കം കുറിച്ചു. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്കുവേണ്ടി കപ്പൽ യാത്ര നടത്തി ഏഷ്യയിലേക്കുള്ള ഒരു പാത തേടിയിരുന്ന അദ്ദേഹം ആ വർഷം സെപ്റ്റംബർ 11 ന് അപ്പർ ന്യൂയോർക്ക് ബേയിൽ പ്രവേശിച്ചു.[37] പ്രാദേശിക അമേരിക്കൻ ഗോത്രവർഗ്ഗക്കാരുമായി ലാഭകരമായ രോമക്കച്ചവടത്തിനായി പര്യവേക്ഷണം നടത്താൻ ഡച്ച് വ്യാപാരികളെ ഹഡ്സന്റെ കണ്ടെത്തലുകൾ പ്രോത്സാഹിപ്പിച്ചു. പതിനേഴാം നൂറ്റാണ്ടിൽ ലെനാപെ, ഇറോക്വോയിസ്, മറ്റ് ഗോത്രങ്ങൾ തുടങ്ങിയവരിൽനിന്നുള്ള രോമ വ്യാപാരത്തിനായി സ്ഥാപിതമായ ഡച്ച് വ്യാപാര പോസ്റ്റുകൾ ന്യൂ നെതർലാന്റ് കോളനിയിൽ സ്ഥാപിക്കപ്പെട്ടു. ഈ ട്രേഡിംഗ് പോസ്റ്റുകളിൽ ആദ്യത്തേത് ഫോർട്ട് നസ്സാവു (1614, ഇന്നത്തെ ആൽബാനിക്ക് സമീപം); മറ്റുള്ളവ ഫോർട്ട് ഓറഞ്ച് (1624, നിലവിലെ ആൽബാനി നഗരത്തിന് തൊട്ട് തെക്ക് ഹഡ്സൺ നദിയോരത്ത് ഫോർട്ട് നസ്സാവുവിന് പകരമായി നിർമ്മിക്കപ്പെട്ടു), ബെവർവിജ്ക്ക് (1647) കുടിയേറ്റ കേന്ദ്രമായി വികസിക്കുകയും ഇന്നത്തെ ആൽബാനി ആയിത്തീരുകയും ചെയ്തു; ഫോർട്ട് ആംസ്റ്റർഡാം (1625 ൽ ന്യൂ ആംസ്റ്റർഡാം പട്ടണമായി വികസിക്കുകയും ഇന്നത്തെ ന്യൂയോർക്ക് നഗരമായിത്തീരുകയും ചെയ്തു); ഇസോപ്പസ് (1653, ഇപ്പോൾ കിംഗ്സ്റ്റൺ) എന്നിവയുമായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതി വരെ അൽബാനിയെ വലയം ചെയ്ത് നിലനിന്നിരുന്ന റെൻസീലേഴ്‌സ്വിക്ക് (1630) എന്ന ഡച്ച് കൊളോണിയൽ എസ്റ്റേറ്റ് ഭൂമിയുടെ പട്രൂൺഷിപ്പിന്റെ (കൈവശാവകാശം) വിജയവും കോളനിയുടെ ആദ്യകാല വിജയത്തിന്റെ പ്രധാന ഘടകങ്ങളിലൊന്നായിരുന്നു. രണ്ടാം ആംഗ്ലോ-ഡച്ച് യുദ്ധത്തിൽ ഇംഗ്ലീഷുകാർ കോളനി പിടിച്ചടക്കുകയും ന്യൂയോർക്ക് പ്രവിശ്യയായി ഭരണം നടത്തുകയും ചെയ്തു. എന്നാൽ മൂന്നാം ആംഗ്ലോ-ഡച്ച് യുദ്ധത്തിൽ (1672-1674) ന്യൂയോർക്ക് നഗരം ഡച്ചുകാർ തിരിച്ചുപിടിക്കുകയും ന്യൂ ഓറഞ്ച് എന്ന് പുനർനാമകരണം നടത്തുകയും ചെയ്തു. ഒരു വർഷത്തിനുശേഷം വെസ്റ്റ്മിൻസ്റ്റർ ഉടമ്പടി പ്രകാരം ഇത് ഇംഗ്ലീഷുകാർക്ക് തിരിച്ചുകൊടുത്തു.[38] പതിനെട്ടാം നൂറ്റാണ്ട്പ്രധാനമായും 1765 ൽ ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ അടിച്ചമർത്തൽ സ്റ്റാമ്പ് നിയമത്തിന് പ്രതികരണമായി 1760 കളിൽ ന്യൂയോർക്ക് നഗരത്തിലാണ് സൺസ് ഓഫ് ലിബർട്ടി സംഘടിപ്പിക്കപ്പെട്ടത്. ആ വർഷം ഒക്ടോബർ 19 ന് കോണ്ടിനെന്റൽ കോൺഗ്രസിന് പിന്തുടരാൻ വേദിയൊരുക്കിയ പതിമൂന്ന് കോളനികളിൽനിന്നുള്ള പ്രതിനിധികൾ ഉൾപ്പെട്ട സ്റ്റാമ്പ് ആക്ട് കോൺഗ്രസ് നഗരത്തിൽ യോഗം ചേർന്നു. സ്റ്റാമ്പ് ആക്റ്റ് കോൺഗ്രസ് അവകാശങ്ങളുടെയും പരാതികളുടെയും പ്രഖ്യാപനത്തിന് കാരണമാകുകയും ഇത് അമേരിക്കൻ ഐക്യനാടുകളിലെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ പ്രകടിപ്പിക്കപ്പെട്ട നിരവധി അവകാശങ്ങളുടെയും പരാതികളുടെയും അടിസ്ഥാനത്തിലുള്ള അമേരിക്കൻ പ്രതിനിധികളുടെ ആദ്യത്തെ രേഖാമൂലമുള്ള പ്രയോഗമായിരുന്നു. പ്രതിനിധി സർക്കാരിനുള്ള അവകാശവും ഇതിൽ ഉൾപ്പെടുന്നു. അതേസമയം, ബ്രിട്ടനുമായി ശക്തമായ വാണിജ്യപരവും വ്യക്തിപരവും വൈകാരികവുമായ ബന്ധങ്ങൾ പുലർത്തിയിരുന്ന ന്യൂയോർക്ക് നിവാസികളിൽ പലരും രാജഭക്തരായിരുന്നു. 1775-ൽ ബോസ്റ്റൺ ഉപരോധത്തിൽ നിന്ന് ബ്രിട്ടീഷുകാരെ പിന്തിരിപ്പിക്കാൻ നിർബന്ധിതമാക്കുന്നതിന് ആവശ്യമായ പീരങ്കിയും വെടിമരുന്നും ഫോർട്ട് ടിക്കോണ്ടൊറോഗ പിടിച്ചെടുത്തതിലൂടെ സാധിച്ചിരുന്നു. സ്വാതന്ത്ര്യത്തിനായി വോട്ട് ചെയ്യാത്ത ഒരേയൊരു കോളനിയായിരുന്നു ന്യൂയോർക്ക്, കാരണം പ്രതിനിധികൾക്ക് അതിനുള്ള അധികാരമില്ലായിരുന്നു. 1776 ജൂലൈ 9 ന് ന്യൂയോർക്ക് സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് അംഗീകാരം നൽകി.[39] 1776 ജൂലൈ 10 ന് വൈറ്റ് പ്ലെയിൻസിൽ സമ്മേളിച്ച ഒരു കൺവെൻഷനിൽ ന്യൂയോർക്ക് സ്റ്റേറ്റ് കോൺസ്റ്റിറ്റ്യൂഷൻ രൂപീകരിക്കപ്പെടുകയും ആവർത്തിച്ചുള്ള അവധിവയ്ക്കലുകൾക്കും സ്ഥലമാറ്റങ്ങൾക്കും ശേഷം 1777 ഏപ്രിൽ 20 ഞായറാഴ്ച വൈകുന്നേരം കിംഗ്സ്റ്റണിൽവച്ച് ഇതിന്റെ ജോലികൾ പൂർത്തിയാക്കുകയും ചെയ്തു. ജോൺ ജയ് കരട് തയ്യാറാക്കിയ പുതിയ ഭരണഘടന വിയോജിപ്പുള്ള ഒരു വോട്ടോടെയാണ് സ്വീകരിക്കപ്പെട്ടത്. ഇത് അംഗീകാരത്തിനായി ജനങ്ങൾക്ക് സമർപ്പിച്ചിട്ടില്ലായിരുന്നു. 1777 ജൂലൈ 30 ന് ജോർജ്ജ് ക്ലിന്റൻ ന്യൂയോർക്കിലെ ആദ്യത്തെ ഗവർണറായി കിംഗ്സ്റ്റണിൽവച്ച് ചുമതലകൾ ഏറ്റെടുത്തു. അമേരിക്കൻ വിപ്ലവ യുദ്ധത്തിന്റെ മൂന്നിലൊന്ന് യുദ്ധങ്ങൾ ന്യൂയോർക്കിലാണ് നടന്നത്; 1776 ഓഗസ്റ്റിൽ നടന്നതും ബ്രൂക്ലിൻ യുദ്ധം എന്നുകൂടി അറിയപ്പെടുന്നതുമായ ലോംഗ് ഐലന്റ് യുദ്ധമാണ് ഇതിൽ ആദ്യത്തെ പ്രധാന യുദ്ധം (മുഴുവൻ യുദ്ധത്തിലേയും ഏറ്റവും വലിയത്). വിജയത്തിനുശേഷം ബ്രിട്ടീഷുകാർ ന്യൂയോർക്ക് നഗരം കൈവശപ്പെടുത്തുകയും ഇത് പോരാട്ട കാലത്തെ അവരുടെ വടക്കേ അമേരിക്കയിലെ സൈനിക, രാഷ്ട്രീയ പ്രവർത്തനത്തിനുള്ള താവളമാക്കി മാറ്റുകയും ജനറൽ ജോർജ്ജ് വാഷിംഗ്ടണിന്റെ രഹസ്യാന്വേഷണ ശൃംഖലയിലേയ്ക്കു ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു . വാലാബൌട്ട് ബേയിലെ കുപ്രസിദ്ധമായ ബ്രിട്ടീഷ് ജയിൽ കപ്പലുകളിൽ, ഓരോ പോരാട്ടത്തിലും യുദ്ധത്തിൽ കൊല്ലപ്പെട്ടതിനേക്കാൾ കൂടുതൽ അമേരിക്കൻ ഭടന്മാർ മനഃപൂർവ്വമുള്ള അവഗണന മൂലം മരിച്ചു. ഇരുപക്ഷത്തും മുറിവുവേറ്റു മരിച്ചതിനേക്കാൾ കൂടുതൽ ഭടന്മാർ രോഗബാധിതരായി മരണമടഞ്ഞു. രണ്ട് പ്രധാന ബ്രിട്ടീഷ് സൈന്യങ്ങളിൽ ആദ്യത്തേത് 1777 ലെ സരറ്റോഗ യുദ്ധത്തിൽ കോണ്ടിനെന്റൽ ആർമി പിടിച്ചെടുക്കുകയും ഇത് ഫ്രാൻസിനെ വിപ്ലവകാരികളുമായി സഖ്യമുണ്ടാക്കുന്നതിൽ നിർണ്ണായകമായി സ്വാധീനിക്കുകയും ചെയ്തു. 1777 ൽ സംസ്ഥാന ഭരണഘടന നടപ്പിലാക്കി. 1788 ജൂലൈ 26 ന് യു.എസ്. ഭരണഘടന അംഗീകരിക്കുന്ന പതിനൊന്നാമത്തെ സംസ്ഥാനമായി. തങ്ങളുടെ പരമാധികാരം നിലനിർത്താനും പുതിയ അമേരിക്കയ്ക്കും ബ്രിട്ടീഷ് വടക്കേ അമേരിക്കയ്ക്കുമിടയിൽ ഒരു സ്വതന്ത്ര രാഷ്ട്രമായി തുടരാനുമുള്ള ശ്രമത്തിൽ, ഇറോക്വോയിസ് രാഷ്ട്രങ്ങളിൽ നാലെണ്ണം ബ്രിട്ടീഷുകാരുടെ പക്ഷത്തുനിന്നു പോരാടിയപ്പോൾ; ഒനെയ്ഡയും അവരുടെ ആശ്രിതരായ ടസ്കറോറയും മാത്രമാണ് അമേരിക്കക്കാരുമായി സഖ്യമുണ്ടാക്കിയത്.[40] ജോസഫ് ബ്രാന്റിന്റെയും രാജപക്ഷക്കാരായ മൊഹാവ്ക് സേനയുടെയും നേതൃത്വത്തിലുള്ള അതിർത്തിയിലെ ആക്രമണത്തിന് പ്രതികാരമായി, 1779 ലെ സള്ളിവൻ പര്യവേഷണം 50 ഓളം ഇറോക്വോയിസ് ഗ്രാമങ്ങളും സമീപത്തെ വിളനിലങ്ങളും ശീതകാല സംഭരണകേന്ദ്രങ്ങളും നശിപ്പിച്ചതോടെ നിരവധി അഭയാർഥികൾ ബ്രിട്ടീഷ് കൈവശമുള്ള നയാഗ്രയിലേക്ക് ഓടിപ്പോകാൻ നിർബന്ധിതരായി.[41] ഉടമ്പടി ചർച്ചകളുടെ ഭാഗമായിരുന്നില്ലെങ്കിലും ബ്രിട്ടീഷുകാരുടെ സഖ്യകക്ഷികളെന്ന നിലയിൽ ഇറോക്വോയിസ് ന്യൂയോർക്കിൽ നിന്ന് പുറത്താക്കപ്പെട്ടു. യുദ്ധാനന്തരം കാനഡയിൽ പുനരധിവസിപ്പിച്ച ഇവർക്ക് ബ്രിട്ടീഷ് കിരീടാവകാശി ഭൂമി നൽകി. ഉടമ്പടി ഒത്തുതീർപ്പുപ്രകാരം ബ്രിട്ടീഷുകാർ മിക്ക ഇന്ത്യൻ ഭൂമികളും പുതിയ ഐക്യനാടുകൾക്ക് വിട്ടുകൊടുത്തു. കോൺഗ്രസിന്റെ അംഗീകാരം ലഭിക്കാതെ ന്യൂയോർക്ക് ഇറോക്വോയിസുമായി കരാർ ഉണ്ടാക്കിയതിനാൽ, ചില ഭൂമി വാങ്ങലുകൾ 20-ആം നൂറ്റാണ്ടിന്റെ അവസാനം മുതൽ ഫെഡറൽ അംഗീകാരമുള്ള ഗോത്രവർഗക്കാരുടെ ഭൂമിയ്ക്കുമേലുള്ള അവകാശ വ്യവഹാരങ്ങളിലെ പ്രധാന വിഷയമായിരുന്നു. വിപ്ലവ യുദ്ധത്തിനുശേഷമുള്ള വർഷങ്ങളിൽ ന്യൂയോർക്ക് 5 ദശലക്ഷം ഏക്കറിലധികം (20,000 ചതുരശ്ര കിലോമീറ്റർ) മുൻ ഇറോക്വോയിസ് ഭൂപ്രദേശം വിൽപ്പനയ്ക്ക് വയ്ക്കുകയും ഇത് അപ്‌സ്റ്റേറ്റ് ന്യൂയോർക്കിലെ അതിവേഗ വികസനത്തിന് വഴിയൊരുക്കുകയും ചെയ്തു.[42] പാരിസ് ഉടമ്പടി പ്രകാരം, പതിമൂന്ന് മുൻ കോളനികളിലെ ബ്രിട്ടീഷ് അധികാരത്തിന്റെ അവസാന അവശിഷ്ടമായ ന്യൂയോർക്ക് നഗരത്തിലെ അവരുടെ സൈന്യം 1783-ൽ ഒഴിഞ്ഞുപോകുകയും, അത് വളരെക്കാലം കഴിഞ്ഞ് പലായന ദിനമായി ആഘോഷിക്കപ്പെടുകയും ചെയ്തു.[43] ആദ്യത്തെ ദേശീയ സർക്കാരായ ആർട്ടിക്കിൾസ് ഓഫ് കോൺഫെഡറേഷൻ ആന്റ് പെർപെച്ച്വൽ യൂണിയന്റെ കീഴിലുള്ള ദേശീയ തലസ്ഥാനമായിരുന്നു ന്യൂയോർക്ക് നഗരം. ആ സംഘടന അപര്യാപ്‌തമാണെന്ന് കണ്ടെത്തുകയും, പ്രമുഖ ന്യൂയോർക്ക് നിവാസിയായിരുന്ന അലക്സാണ്ടർ ഹാമിൽട്ടൺ എക്സിക്യൂട്ടീവ്, ദേശീയ കോടതികൾ, നികുതി നൽകാനുള്ള അധികാരം എന്നിവകൂടി ഉൾപ്പെടുന്ന ഒരു പുതിയ സർക്കാരിനുവേണ്ടി വാദിക്കുകയും ചെയ്തു. അമേരിക്കൻ ഐക്യനാടുകളിലെ ഭരണഘടന തയ്യാറാക്കിയ, അദ്ദേഹവുംകൂടി ഭാഗമായിരുന്ന ഫിലാഡൽഫിയ കൺവെൻഷന് ആഹ്വാനം ചെയ്ത അന്നാപൊലിസ് കൺവെൻഷന് (1786) ഹാമിൽട്ടൺ നേതൃത്വം നൽകി. ഒറ്റപ്പെട്ട സംസ്ഥാനങ്ങളുടെ താരതമ്യേന ദുർബലമായ ഈ കോൺഫെഡറേഷനെ മാറ്റി സ്ഥാപിച്ചുകൊണ്ടുള്ള ശക്തമായ ഒരു ഫെഡറൽ ദേശീയ സർക്കാരായിരുന്നു പുതിയതായി നിലവിൽവന്ന സർക്കാർ. ചൂടേറിയ സംവാദത്തെത്തുടർന്ന്, ഇപ്പോൾ ഭരണഘടനാ വ്യാഖ്യാനത്തിന്റെ ഏറ്റവും സാരമായതും ന്യൂയോർക്ക് നഗരത്തിലെ പത്രങ്ങളിൽ തവണകളായി പ്രസിദ്ധീകരിച്ചതുമായ - ഫെഡറലിസ്റ്റ് പേപ്പറുകൾ ഉൾപ്പെടുത്തിയ 1788 ജൂലൈ 26 ന് അമേരിക്കൻ ഐക്യനാടുകളിലെ ഭരണഘടനയെ അംഗീകരിക്കുന്ന പതിനൊന്നാമത്തെ സംസ്ഥാനമായിത്തീർന്നു ന്യൂയോർക്ക്.[44] ന്യൂയോർക്ക് നഗരം 1790[45] വരെ പുതിയ ഭരണഘടന പ്രകാരം ദേശീയ തലസ്ഥാനമായി തുടരുകയും പ്രസിഡന്റ് ജോർജ്ജ് വാഷിംഗ്ടണിന്റെ ഉദ്ഘാടനം,[46] യുണൈറ്റഡ് സ്റ്റേറ്റ്സ് ബിൽ ഓഫ് റൈറ്റ്സ് തയ്യാറാക്കൽ, യുണൈറ്റഡ് സ്റ്റേറ്റ്സ് സുപ്രീം കോടതിയുടെ ആദ്യ സെഷൻ എന്നിവ ഇവിടെ നടക്കുകയും ചെയ്തു. യുദ്ധാനന്തരം കനത്ത കടബാധ്യതയുള്ള അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ ഹാമിൽട്ടന്റെ പുനരുജ്ജീവനവും ഒരു ദേശീയ ബാങ്കിന്റെ സൃഷ്ടിയും ന്യൂയോർക്ക് നഗരം പുതിയ രാജ്യത്തിന്റെ സാമ്പത്തിക കേന്ദ്രമായി മാറുന്നതിന് ഗണ്യമായ സംഭാവന നൽകിയിരുന്നു. ഡച്ചുകാരും ബ്രിട്ടീഷുകാരും ആഫ്രിക്കൻ അടിമകളെ നഗരത്തിലേക്കും കോളനിയിലേക്കും തൊഴിലാളികളായി ഇറക്കുമതി ചെയ്യുകയും സൗത്ത് കരോലിനയിലെ ചാൾസ്റ്റണിനുശേഷം ഏറ്റവും കൂടുതൽ അടിമ ജനസംഖ്യയുള്ള രണ്ടാമത്തെ പ്രദേശമായി ന്യൂയോർക്ക് മാറുകയും ചെയ്തു. ന്യൂയോർക്ക് നഗരത്തിലും ചില കാർഷിക മേഖലകളിലും അടിമത്തം വ്യാപകമായിരുന്നു. വിപ്ലവ യുദ്ധത്തിനുശേഷം താമസിയാതെ അടിമത്തം ക്രമേണയായി നിർത്തലാക്കുന്നതിന് ഭരണകൂടം ഒരു നിയമം പാസാക്കിയെങ്കിലും ന്യൂയോർക്കിലെ അവസാന അടിമ 1827 വരെ മോചിപ്പിക്കപ്പെട്ടിരുന്നില്ല.[47] 19 ആം നൂറ്റാണ്ട്കനാലുകൾ ഫലഭൂയിഷ്ഠമായ കൃഷിസ്ഥലങ്ങളിലേയ്ക്ക് ദീർഘദൂര ഗതാഗതത്തിനായി തുറക്കുന്നതിന് മുമ്പുള്ള കാലത്ത് പടിഞ്ഞാറൻ ന്യൂയോർക്കിലെ ഗതാഗതം ചെളി നിറഞ്ഞ റോഡുകളിൽക്കൂടി പണച്ചിലവേറിയ വണ്ടികളിലൂടെയായിരുന്നു. ഗവർണർ ഡെവിറ്റ് ക്ലിന്റൺ ന്യൂയോർക്ക് നഗരത്തെ മഹാ തടാകങ്ങളുമായി ഹഡ്സൺ നദി, പുതിയ കനാലുകൾ, നദികൾ, തടാകങ്ങൾ എന്നിവയിലൂടെ ബന്ധിപ്പിക്കുന്ന ഈറി കനാലിൻറെ നിർമ്മാണത്തെ പ്രോത്സാഹിപ്പിച്ചു. 1817 ൽ നിർമ്മാണമാരംഭിച്ച കനാൽ 1825 ൽ തുറന്നു. യാത്രക്കാരേയും ചരക്കുകളും വഹിച്ചുകൊണ്ടുള്ള ബോട്ടുകൾ കനാലിലൂടെ സാവധാനം സഞ്ചരിച്ചു. കാർഷിക ഉൽപന്നങ്ങൾ മിഡ്‌വെസ്റ്റിൽ നിന്ന് വന്നപ്പോൾ പൂർത്തിയായ ഉൽപന്നങ്ങൾ പടിഞ്ഞാറൻ പ്രദേശത്തേയ്ക്കു നീങ്ങി. ഒരു എഞ്ചിനീയറിംഗ് വിസ്മയമായിരുന്ന അത് ന്യൂയോർക്കിലെ വിശാലമായ പ്രദേശങ്ങളെ വാണിജ്യത്തിനും കുടിയേറ്റത്തിനുമായി തുറന്നുകൊടുത്തു. മഹാ തടാകമേഖലയിലെ തുറമുഖ നഗരങ്ങളായ ബഫല്ലോ, റോച്ചസ്റ്റർ എന്നിവ വളരാനും അഭിവൃദ്ധി പ്രാപിക്കാനും കനാൽ പ്രാപ്തമാക്കി. ഇത് മിഡ്‌വെസ്റ്റിലെ വളർന്നുവരുന്ന കാർഷിക ഉൽപാദനത്തെയും മഹാ തടാകങ്ങളിലെ കപ്പൽ വ്യാപാരത്തേയും ന്യൂയോർക്ക് നഗരത്തിലെ തുറമുഖവുമായി ബന്ധിപ്പിച്ചു. ഗതാഗതം മെച്ചപ്പെട്ടതിലൂടെ, ന്യൂയോർക്കിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലേക്ക് കൂടുതൽ ജനസംഖ്യ കുടിയേറാനും ഇത് പ്രാപ്തമാക്കി. 1850 ന് ശേഷം റെയിൽവേകൾ ലൈനുകൾ പ്രധാനമായും കനാൽ വഴിയുള്ള ഗതാഗതത്തെ മാറ്റിസ്ഥാപിച്ചു. ഒരു പ്രധാന സമുദ്ര തുറമുഖമായിരുന്ന ന്യൂയോർക്ക് നഗരത്തിന് തെക്ക് നിന്ന് പരുത്തി ഇറക്കുമതി ചെയ്യുന്നതിനും ഉൽപാദന വസ്തുക്കൾ കയറ്റുമതി ചെയ്യുന്നതിനും പര്യാപ്തമായ വ്യാപകമായ ഗതാഗത സൌകര്യമുണ്ടായിരുന്നു. സംസ്ഥാനത്തിന്റെ കയറ്റുമതിയുടെ പകുതിയോളം പരുത്തിയുമായി ബന്ധപ്പെട്ടതാണ്. തെക്കൻ പരുത്തി വ്യാപര പ്രതിനിധികളും തോട്ടം ഉടമകളും ബാങ്കർമാരും അവർക്ക് പ്രിയപ്പെട്ട ഹോട്ടലുകൾ ഉണ്ടായിരുന്നതിനാൽ പലപ്പോഴും ഇവിടം സന്ദർശിക്കാറുണ്ടായിരുന്നു. അതേസമയംതന്നെ, അടിമത്തവിരുദ്ധ പ്രസ്ഥാനം ഉൾനാടുകളിൽ ശക്തമായിരുന്നു. അവിടെ ചില സമൂഹങ്ങൾ രഹസ്യമായ അണ്ടർഗ്രൌണ്ട് റെയിൽറോഡിൽ സ്റ്റോപ്പുകൾ നൽകി. ഉൾനാടുകളും ന്യൂയോർക്ക് നഗരവും അമേരിക്കൻ ആഭ്യന്തരയുദ്ധത്തിന് സാമ്പത്തികമായും, അതുപോലെതന്നെ സന്നദ്ധ സൈനികർ, അവശ്യ സാധനങ്ങൾ എന്നിവയുമായും ശക്തമായ പിന്തുണയാണ് നൽകിയിരുന്നത്. 370,000 സൈനികരെ സംസ്ഥാനം കേന്ദ്രസേനയ്ക്ക് നൽകിയിരുന്നു. 53,000 ന്യൂയോർക്ക് വാസികൾ, അതായത് സേവനമനുഷ്ഠിച്ച ഏഴ് പേരിൽ ഒരാൾ സന്നദ്ധ സേവനമദ്ധ്യേ മരണമടഞ്ഞു. എന്നിരുന്നാലും, 1862 ലെ ഐറിഷ് ഡ്രാഫ്റ്റ് കലാപം നഗരത്തിന് ഒരു വലിയ നാണക്കേടായിരുന്നു. കുടിയേറ്റംപത്തൊൻപതാം നൂറ്റാണ്ടിന്റെ പ്രാരംഭം മുതൽ, അമേരിക്കൻ ഐക്യനാടുകളിലേക്കുള്ള നിയമപരമായ കുടിയേറ്റത്തിനുള്ള ഏറ്റവും വലിയ തുറമുഖമാണ് ന്യൂയോർക്ക് നഗരം. അമേരിക്കൻ ഐക്യനാടുകളിൽ, 1890 വരെ ഫെഡറൽ സർക്കാർ കുടിയേറ്റം സംബന്ധമായ കാര്യങ്ങളിൽ നേരിട്ടുള്ള അധികാരപരിധി ഏറ്റെടുത്തില്ല. ഈ സമയത്തിന് മുമ്പ്, വ്യക്തിഗത സംസ്ഥാനങ്ങൾക്ക് കൈമാറിയിരുന്ന ഈ വിഷയം, തുടർന്ന് സംസ്ഥാനങ്ങളും ഫെഡറൽ സർക്കാരും തമ്മിലുള്ള കരാർ വഴിയായിരുന്നു നടന്നിരുന്നത്. ന്യൂയോർക്കിലേക്കുള്ള കുടിയേറ്റക്കാരിൽ ഭൂരിഭാഗവും ഹഡ്സൺ, ഈസ്റ്റ് നദികളിലെ തിരക്കേറിയ തുറമുഖങ്ങളിൽ കപ്പലിറങ്ങി അന്തിമമായി ലോവർ മാൻഹട്ടനിൽ എത്തിയിരുന്നു. 1847 മെയ് 4 ന് ന്യൂയോർക്ക് സംസ്ഥാന നിയമസഭ കുടിയേറ്റം നിയന്ത്രിക്കുന്നതിന് ഇമിഗ്രേഷൻ കമ്മീഷണർമാരുടെ ഒരു ബോർഡ് രൂപീകരിച്ചു. ന്യൂയോർക്കിലെ ആദ്യത്തെ സ്ഥിരമായ ഇമിഗ്രേഷൻ ഡിപ്പോ 1812 ലെ യുദ്ധ കാലഘട്ടത്തിലെ പരിവർത്തനം ചെയ്യപ്പെട്ട ഒരു കോട്ടയും ലോവർ മാൻഹട്ടന്റെ അഗ്രഭാഗത്ത് ഇന്നത്തെ ബാറ്ററി പാർക്കിനുള്ളിലായി സ്ഥിതിചെയ്യുന്നതുമായ കാസിൽ ഗാർഡനിൽ 1855-ൽ സ്ഥാപിക്കപ്പെട്ടു. പുതിയ ഡിപ്പോയിലെത്തിയ ആദ്യ കുടിയേറ്റക്കാർ മൂന്ന് കപ്പലുകളിൽ എത്തിയവരായിരുന്നു. 1890 ഏപ്രിൽ 18 ന് ഫെഡറൽ സർക്കാർ കുടിയേറ്റത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതുവരെ ന്യൂയോർക്കിലെ കുടിയേറ്റ ഡിപ്പോ ആയി കാസിൽ ഗാർഡൻ പ്രവർത്തിച്ചിരുന്നു. ആ കാലയളവിൽ, എട്ട് ദശലക്ഷത്തിലധികം കുടിയേറ്റക്കാർ അതിന്റെ വാതിലുകളിലൂടെ കടന്നുപോയി (ഓരോ മൂന്ന് യു.എസ്. കുടിയേറ്റക്കാരിൽ രണ്ട് പേർ). ഫെഡറൽ സർക്കാർ നിയന്ത്രണം ഏറ്റെടുത്തപ്പോൾ, ബ്യൂറോ ഓഫ് ഇമിഗ്രേഷൻ സ്ഥാപിക്കുകയും, അപ്പർ ന്യൂയോർക്ക് ഹാർബറിലെ മൂന്ന് ഏക്കർ വരുന്ന എല്ലിസ് ദ്വീപ് ഒരു എൻട്രി ഡിപ്പോയ്ക്കായി തിരഞ്ഞെടുക്കുകയും ചെയ്തു. ഇതിനകം ഫെഡറൽ നിയന്ത്രണത്തിലായിരുന്ന ഈ ദ്വീപ് ഒരു വെടിമരുന്ന് ഡിപ്പോ ആയി പ്രവർത്തിച്ചിരുന്നു. ന്യൂയോർക്ക് നഗരത്തിനും ന്യൂജേഴ്‌സിയിലെ ജേഴ്സി സിറ്റിയുടെ റെയിൽ പാതകൾക്കും സമീപത്ത് ഒരു ചെറിയ ഫെറി സവാരി വഴി എത്തിപ്പെടാവുന്നതും ഒറ്റപ്പെട്ട നിലനിൽപ്പുമാണ് ഇത് തിരഞ്ഞെടുക്കുന്നതിനു കാരണമായത്. ഭൂമി വീണ്ടെടുക്കൽ വഴി ദ്വീപ് വികസിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുമ്പോൾ ഫെഡറൽ സർക്കാർ ബാറ്ററിയിലെ ബാർജ് ഓഫീസിൽ ഒരു താൽക്കാലിക ഡിപ്പോ നടത്തിയിരുന്നു. ![]() കുടിയേറ്റം നിയന്ത്രിച്ചുകൊണ്ട് 1924-ൽ നാഷണൽ ഒറിജിൻസ് ആക്ട് പാസാക്കുന്നതുവരെ 1892 ജനുവരി 1-ന് തുറന്ന എല്ലിസ് ദ്വീപ് ഒരു കേന്ദ്രീകൃത കുടിയേറ്റ സങ്കേതമായി പ്രവർത്തിച്ചു. ആ തീയതിക്ക് ശേഷം, ഇതുവഴി കുടിയേറുന്നവർ രാജ്യത്തുനിന്നു പുറത്താക്കപ്പെട്ടവരെ അല്ലെങ്കിൽ യുദ്ധകാല അഭയാർഥികൾ മാത്രമായിരുന്നു. 1954 നവംബർ 12 ന് ദ്വീപ് എല്ലാ ഇമിഗ്രേഷൻ നടപടിക്രമങ്ങളും നിർത്തിവയ്ക്കുകയും, ദ്വീപിൽ അവസാനമായി തടഞ്ഞുവച്ചിരുന്ന വ്യക്തിയായ നോർവീജിയൻ നാവികൻ ആർനെ പീറ്റേഴ്‌സൺ മോചിതനാവുകയും ചെയ്തു. 1892 നും 1954 നും ഇടയിൽ പന്ത്രണ്ട് ദശലക്ഷത്തിലധികം കുടിയേറ്റക്കാർ എല്ലിസ് ദ്വീപിലൂടെ കടന്നുപോയി. അമേരിക്കയിലുടനീളമുള്ള നൂറു ദശലക്ഷത്തിലധികം അമേരിക്കക്കാർക്ക് ഈ കുടിയേറ്റക്കാരിൽ അവരുടെ വംശപരമ്പര കണ്ടെത്താൻ കഴിയും. രണ്ടു സംസ്ഥാനങ്ങളും അവകാശവാദമുന്നയിച്ചിരുന്നതിനാൽ, എല്ലിസ് ദ്വീപ് ന്യൂയോർക്ക് സംസ്ഥാനവും ന്യൂജേഴ്സി സംസ്ഥാനവും തമ്മിൽ നീണ്ടുനിന്ന അതിർത്തി തർക്കത്തോടൊപ്പം അധികാരപരിധി സംബന്ധവുമായ ഒരു വിഷയമായിരുന്നു. 3.3 ഏക്കർ (1.3 ഹെക്ടർ) വിസ്തൃതിയുണ്ടായിരുന്ന യഥാർത്ഥ ദ്വീപ് ന്യൂയോർക്ക് സംസ്ഥാനത്തിന്റെ പ്രദേശമാണെന്നും 1834 ന് ശേഷം മണ്ണിട്ടു നികത്തി കൂട്ടിച്ചേർത്ത 27.5 ഏക്കർ (11 ഹെക്ടർ) ന്യൂജേഴ്‌സി സംസ്ഥാനത്തിന് അവകാശപ്പെട്ടതാണെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് യുഎസ് സുപ്രീം കോടതി 1998 ൽ ഈ പ്രശ്നം പരിഹരിച്ചു. 1965 മെയ് മാസത്തിൽ പ്രസിഡന്റ് ലിൻഡൺ ബി. ജോൺസൺ നാഷണൽ പാർക്ക് സർവീസ് സിസ്റ്റത്തിൽ ചേർത്ത ഈ ദ്വീപ്, സ്റ്റാച്യു ഓഫ് ലിബർട്ടി നാഷണൽ സ്മാരകത്തിന്റെ ഭാഗമായി ഇപ്പോഴും ഫെഡറൽ ഗവൺമെന്റിന്റെ ഉടമസ്ഥതയിലാണ്. 1990 ൽ ഒരു ഇമിഗ്രേഷൻ മ്യൂസിയമായി എല്ലിസ് ദ്വീപ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. സെപ്റ്റംബർ 11, 20012001 സെപ്റ്റംബർ 11 ന്, ഹൈജാക്ക് ചെയ്യപ്പെട്ട നാല് വിമാനങ്ങളിൽ രണ്ടെണ്ണം ലോവർ മാൻഹട്ടനിലെ യഥാർത്ഥ ലോക വ്യാപാര കേന്ദ്രത്തിന്റെ ഇരട്ട ഗോപുരങ്ങളിലേക്ക് പറക്കുകയും, ടവറുകൾ തകർന്നടിയുകയും ചെയ്തു. തീപിടുത്തത്തിൽ ഉണ്ടായ നാശത്തെത്തുടർന്ന് 7 വേൾഡ് ട്രേഡ് സെന്ററും തകർന്നിരുന്നു. വേൾഡ് ട്രേഡ് സെന്റർ സമുച്ചയത്തിലെ മറ്റ് കെട്ടിടങ്ങളും അറ്റകുറ്റപ്പണികൾക്കപ്പുറമുള്ള കേടുപാടുകൾ സംഭവിച്ചതിനാൽ താമസിയാതെ പൊളിച്ചു നീക്കുകയും ചെയ്തു. ഇരട്ട ഗോപുരങ്ങളുടെ തകർച്ച വ്യാപകമായി നാശനഷ്ടമുണ്ടാക്കുകയും രണ്ട് വിമാനങ്ങളിലായി ഉണ്ടായിരുന്ന 147 പേർ ഉൾപ്പെടെ 2,753 ഇരകളുടെ മരണത്തിനിടയാക്കുകയും ചെയ്തു. ഈ സംഭവത്തിനുശേഷം ലോവർ മാൻഹട്ടന്റെ ഭൂരിഭാഗവും പുനഃസ്ഥാപിക്കപ്പെട്ടു. അതിനുശേഷമുള്ള വർഷങ്ങളിൽ, 7,000-ലധികം രക്ഷാപ്രവർത്തകരിലും പ്രദേശവാസികളിലും നിരവധി ജീവൻ അപകടപ്പെടുത്തുന്ന രോഗങ്ങൾ വികസിപ്പിക്കുകയും ചിലർ മരണമടയുകയും ചെയ്തിരുന്നു.[48][49] സൈറ്റിലെ ഒരു സ്മാരകമായ നാഷണൽ സെപ്റ്റംബർ 11 മെമ്മോറിയൽ & മ്യൂസിയം, 2011 സെപ്റ്റംബർ 11 ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ഒരു സ്ഥിരം മ്യൂസിയം പിന്നീട് 2014 മാർച്ച് 21 ന് ഈ സൈറ്റിൽ തുറന്നു. 2014 ൽ പൂർത്തിയായപ്പോൾ 1776 ൽ അമേരിക്ക സ്വാതന്ത്ര്യം നേടിയ വർഷത്തിന്റെ പ്രതീകമായി 1,776 അടി (541 മീറ്റർ) ഉയരമുള്ള പുതിയ വൺ വേൾഡ് ട്രേഡ് സെന്റർ പടിഞ്ഞാറൻ അർദ്ധഗോളത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായി മാറി.[50] 2006 മുതൽ 2018 വരെയുള്ള വർഷങ്ങളിൽ 3 വേൾഡ് ട്രേഡ് സെന്റർ, 4 വേൾഡ് ട്രേഡ് സെന്റർ, 7 വേൾഡ് ട്രേഡ് സെന്റർ, വേൾഡ് ട്രേഡ് സെന്റർ ട്രാൻസ്പോർട്ടേഷൻ ഹബ്, ലിബർട്ടി പാർക്ക്, ഫിറ്റർമാൻ ഹാൾ എന്നിവ പൂർത്തിയായി. വേൾഡ് ട്രേഡ് സെന്ററിന്റെ സൈറ്റിൽ സെന്റ് നിക്കോളാസ് ഗ്രീക്ക് ഓർത്തഡോക്സ് ചർച്ചും റൊണാൾഡ് ഒ. പെരെൽമാൻ പെർഫോമിംഗ് ആർട്സ് സെന്ററും നിർമ്മാണത്തിലാണ്. സാൻഡി ചുഴലിക്കാറ്റ്, 20122012 ഒക്ടോബർ 29, 30 തീയതികളിൽ സാൻഡി ചുഴലിക്കാറ്റ് സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങൾ വ്യാപകമായി നശിപ്പിക്കുകയും ന്യൂയോർക്ക് നഗരത്തിന്റെ ഭാഗങ്ങൾ, ലോംഗ് ഐലൻഡ്, തെക്കൻ വെസ്റ്റ്ചെസ്റ്റർ എന്നിവിടങ്ങളിൽ രേഖപ്പെടുത്തപ്പെട്ടതിൽവച്ച് ഉയർന്ന കൊടുങ്കാറ്റ് വീശിയടിക്കുകയും കടുത്ത വെള്ളപ്പൊക്കവും ശക്തമായ കാറ്റും കാരണമായി നൂറുകണക്കിന് ന്യൂയോർക്ക് നിവാസികൾക്ക് വൈദ്യുതി മുടക്കവും അനുഭവപ്പെടുകയും ഇത് ഇന്ധന ക്ഷാമത്തിനും ബഹുജന ഗതാഗത സംവിധാനങ്ങളുടെ തടസ്സത്തിനും കാരണമായിരുന്നു. ഭാവിയിൽ സംഭവിക്കാവുന്ന മറ്റൊരു ദുരന്തത്തിൽ നിന്നുള്ള അപകടസാധ്യത കുറയ്ക്കുന്നതിന് ന്യൂയോർക്ക് നഗരത്തിലെയും ലോംഗ് ഐലന്റിലെയും തീരങ്ങളിൽ കടൽഭിത്തികളും മറ്റ് തീരദേശ സംരക്ഷണ കവചങ്ങളും നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചയെ കൊടുങ്കാറ്റും അതിന്റെ ആഴത്തിലുള്ള ഫലങ്ങളും പ്രേരിപ്പിച്ചു.[51][52] കോവിഡ് -19 പാൻഡമിക്, 20202020 മാർച്ച് 1 ന് ന്യൂയോർക്കിൽ COVID-19 കേസ് സ്ഥിരീകരിച്ചു. മാർച്ച് 28 ന് ശേഷം, അമേരിക്കയിൽ ഏറ്റവും കൂടുതൽ സ്ഥിരീകരിച്ച കേസുകൾ ന്യൂയോർക്കിലായിരുന്നു. അറിയപ്പെടുന്ന ദേശീയ കേസുകളിൽ 50 ശതമാനവും സംസ്ഥാനത്താണ്[53] എന്നതുപോലെതന്നെ ആകെ അറിയപ്പെടുന്ന യുഎസ് കേസുകളിലെ മൂന്നിലൊന്നും ന്യൂയോർക്ക് നഗരത്തിലാണ്.[54] 2020 മെയ് 19-20 മുതൽ പടിഞ്ഞാറൻ ന്യൂയോർക്കും തലസ്ഥാന മേഖലയും വീണ്ടും തുറക്കുന്നതിന്റെ ആദ്യ ഘട്ടത്തിൽ പ്രവേശിച്ചു.[55][56] മെയ് 26 ന്, ഹഡ്സൺ വാലി തുറക്കുന്നതിന്റെ ഒന്നാം ഘട്ടം ആരംഭിക്കുകയും[57] ജൂൺ 8 ന് ന്യൂയോർക്ക് നഗരം ഭാഗികമായി വീണ്ടും തുറക്കുകയും ചെയ്തു.[58] ഭൂമിശാസ്ത്രം54,555 ചതുരശ്ര മൈൽ (141,300 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയുള്ള ന്യൂയോർക്ക് സംസ്ഥാനം, വലിപ്പം അനുസരിച്ച് അമേരിക്കൻ ഐക്യനാടുകളിലെ 27-ആമത്തെ വലിയ സംസ്ഥാനമാണ്.[59] ന്യൂയോർക്ക് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഭാഗം സമുദ്രനിരപ്പിൽ നിന്ന് 5,344 അടി (1,629 മീറ്റർ) ഉയരത്തിലുള്ള അഡിറോണ്ടാക്ക് പർവ്വതനിരയിലെ മൌണ്ട് മാർസിയും ഏറ്റവും താഴ്ന്ന സ്ഥലം സമുദ്രനിരപ്പിൽ അറ്റ്ലാന്റിക് മഹാ സമുദ്രത്തിലുമാണ്.[60] ന്യൂയോർക്ക് നഗരത്തിന്റെ നഗര ഭൂപ്രകൃതിയിൽ നിന്ന് വ്യത്യസ്തമായി, സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രദേശത്തിന്റെ സിംഹഭാഗവും പുൽമേടുകൾ, വനനിരകൾ, നദികൾ, ഫാമുകൾ, പർവ്വതങ്ങൾ, തടാകങ്ങൾ എന്നിവ അടങ്ങിയതാണ്. തെക്കുകിഴക്കൻ ഐക്യനാടുകൾ മുതൽ ക്യാറ്റ്സ്കിൽ പർവതനിരകൾ വരെ വ്യാപിച്ചുകിടക്കുന്ന അല്ലെഗെനി പീഠഭൂമിയിലാണ് സംസ്ഥാനത്തിന്റെ തെക്കൻ ഭാഗത്തിന്റെ ഭൂരിഭാഗവും സ്ഥിതിചെയ്യുന്നത്. ന്യൂയോർക്ക് സംസ്ഥാനത്തെ വിഭാഗം സതേൺ ടയർ എന്നറിയപ്പെടുന്നു. ചാംപ്ലെയ്ൻ താഴ്‌വരയുടെ പടിഞ്ഞാറ് ഭാഗത്താണ് വിശാലമായ വന്യതകളടങ്ങിയ പരുക്കൻ അഡിറോണ്ടാക്ക് പർവതനിരകൾ. കിഴക്കൻ ന്യൂയോർക്കിൽ ഗ്രേറ്റ് അപ്പാലാച്ചിയൻ താഴ്വര ആധിപത്യം പുലർത്തുകയും ലേക്ക് ചാംപ്ലെയ്ൻ വാലി അതിന്റെ വടക്കൻ പകുതിയായും ഹഡ്സൺ വാലി അതിന്റെ തെക്കേ പകുതിയായും സംസ്ഥാനത്തിനകത്ത് ഉൾക്കൊള്ളുകയും ചെയ്യുന്നു. ടഗ് ഹിൽ മേഖല ഒരു ക്വെസ്റ്റ (ഒരു വശം സൌമ്യമായ ചരിവുള്ളതും (താഴ്ച്ച), മറുവശം ചെങ്കുത്തായ ചരിവുമുള്ളതുമായ പർവ്വത വരമ്പ്) ആയി ഒന്റാറിയോ തടാകത്തിന്റെ കിഴക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്നു.[61] റോഡ് ഐലൻഡ്, മസാച്യുസെറ്റ്സ്, കണക്റ്റിക്കട്ട്, വെർമോണ്ട്, പെൻസിൽവാനിയ എന്നിവയും കാനഡയിലെ സംസ്ഥാനങ്ങളായ ക്യുബെക്, ഒണ്ടേറിയോ എന്നിവയും അയൽസംസ്ഥാനങ്ങളാണ്. നയാഗ്ര വെള്ളച്ചാട്ടം ന്യൂ യോർക്കിന്റെയും ഒണ്ടാറിയോ സംസ്ഥാനത്തിന്റെയും അതിർത്തിയിലാണ് സ്ഥിതിചെയ്യുന്നത്. ന്യൂയോർക്ക് നഗരത്തെയോ അതിൻറെ വലിയ മെട്രോപൊളിറ്റൻ പ്രദേശത്തെയോ ന്യൂയോർക്ക് സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് വേർതിരിച്ചറിയാൻ അപ്‌സ്റ്റേറ്റ്, ഡൌൺസ്റ്റേറ്റ് എന്നിങ്ങനെ പലപ്പോഴും അനൗപചാരികമായി ഉപയോഗിക്കുന്നു. രണ്ടും തമ്മിലുള്ള അതിർത്തി സ്ഥാപിക്കുന്നത് വലിയ തർക്കവിഷയമാണ്.[62] അപ്‌സ്റ്റേറ്റ് ന്യൂയോർക്കിലെ അനൌദ്യോഗികവും അവ്യവസ്ഥിതവുമായ പ്രദേശങ്ങളിൽ പലപ്പോഴും പെൻസിൽവാനിയയുടെ അതിർത്തിയിലുള്ള കൌണ്ടികളുൾപ്പെട്ട സതേൺ ടയറും[63] കാനഡ-യുഎസ് അതിർത്തിയിലുടനീളമുള്ള ഭൂഭാഗത്ത് മൊഹാവ്ക് നദിയുടെ വടക്ക് ഭാഗത്തെ മുഴുവൻ പ്രതിനിധീകരിക്കുന്ന നോർത്ത് കൺട്രിയും ഉൾപ്പെടുന്നു.[64] ഒഹായോയിലേക്കും പെൻസിൽവാനിയയിലേക്കും വ്യാപിച്ചുകിടക്കുന്ന മാർസെല്ലസ് ഷെയ്‌ലിന്റെ ഒരു ഭാഗവും ന്യൂയോർക്കിൽ അടങ്ങിയിരിക്കുന്നു.[65] അതിരുകൾ![]() ന്യൂയോർക്ക് സംസ്ഥാനത്തിന്റെ ആകെ വിസ്തൃതിയുടെ 13.6 ശതമാനം വെള്ളം ഉൾക്കൊള്ളുന്നതാണ്.[66] ഹഡ്സൺ നദീ മുഖത്തെ മാൻഹട്ടൻ ദ്വീപ്; സ്റ്റാറ്റൻ ദ്വീപ്; പടിഞ്ഞാറെ അറ്റത്ത് ബ്രൂക്ലിൻ, ക്വീൻസ് എന്നിവ അടങ്ങിയിരിക്കുന്ന ലോംഗ് ഐലന്റ് എന്നീ മൂന്ന് ദ്വീപുകളിലായി അഞ്ച് ബറോകൾ സ്ഥിതിചെയ്യുന്നതും ഭൂരിഭാഗവും ജലാതിർത്തിയുള്ളതുമായ ന്യൂയോർക്ക് നഗരത്തിന്റെ കാര്യത്തിലെന്നപോലെ ന്യൂയോർക്ക് സംസ്ഥാനത്തിന്റെ അതിർത്തികളിൽ ഭൂരിഭാഗവും ജലമാണ്. സംസ്ഥാനത്തിന്റെ അതിർത്തികളിൽ (പടിഞ്ഞാറ് നിന്ന് ഘടികാരദിശയിൽ) രണ്ട് ഗ്രേറ്റ് തടാകങ്ങൾ (നയാഗ്ര നദിയുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈറി തടാകവും ഒണ്ടാറിയോ തടാകവും) ഉൾപ്പെടുന്നു. കാനഡയിലെ ഒണ്ടാറിയോ, ക്യൂബെക് പ്രവിശ്യകളിൽ, ന്യൂയോർക്കും ഒണ്ടാറിയോയും സെന്റ് ലോറൻസ് നദിക്കുള്ളിലായി തൌസന്റ് ഐലന്റ്സ് ദ്വീപസമൂഹം പങ്കിടുമ്പോൾ ഇതിന്റെ ക്യൂബെക്കുമായുള്ള അതിർത്തിയുടെ ഭൂരിഭാഗവും കരയിലാണ്. ഇത് ചാംപ്ലെയ്ൻ തടാകത്തെ ന്യൂ ഇംഗ്ലണ്ട് മേഖലയിലെ സംസ്ഥാനമായ വെർമോണ്ടുമായി പങ്കിടുന്നു. ന്യൂ ഇംഗ്ലണ്ട് മേഖലയിലെ സംസ്ഥാനമായ മസാച്യുസെറ്റ്സുമായി ഇതിന് കൂടുതലും കര അതിർത്തിയാണുള്ളത്. ന്യൂയോർക്ക് സംസ്ഥാനം ലോംഗ് ഐലന്റ് സൌണ്ടിലേക്കും അറ്റ്ലാന്റിക് സമുദ്രത്തിലേക്കും വ്യാപിച്ച് റോഡ് ഐലൻഡുമായി ജലാതിർത്തി പങ്കിടുമ്പോൾ കണക്റ്റിക്കട്ടിന് ന്യൂയോർക്കുമായി കര, കടൽ അതിർത്തികളുണ്ട്. ന്യൂയോർക്ക് തുറമുഖത്തിനും അപ്പർ ഡെലവെയർ നദിക്കും സമീപമുള്ള പ്രദേശങ്ങൾ ഒഴികെ, ന്യൂയോർക്കിന് രണ്ട് മിഡ്-അറ്റ്ലാന്റിക് സംസ്ഥാനങ്ങളായ ന്യൂജേഴ്‌സി, പെൻസിൽവാനിയ എന്നിവയുമായി ഭൂരിഭാഗവും കരഭാഗത്താണ് അതിർത്തികളുള്ളത്. അതിർത്തിക്കുള്ളിൽ മഹാ തടാകങ്ങളുടെയും അറ്റ്ലാന്റിക് മഹസമുദ്രത്തിന്റെയും ഭാഗങ്ങൾ ഉൾപ്പെടുന്ന ഏക സംസ്ഥാനം ന്യൂയോർക്ക് ആണ്. ഡ്രെയിനേജ്ടിയർ ഓഫ് ക്ലൌഡ്സ് തടാകത്തിനു സമീപത്തുനിന്ന് ഉറവെടുക്കുന്ന ഹഡ്‌സൺ നദി, സംസ്ഥാനത്തിന്റെ കിഴക്ക് ഭാഗത്തുകൂടി ജോർജ് അല്ലെങ്കിൽ ചാംപ്ലെയ്ൻ തടാകങ്ങളിലേയ്ക്ക് ഒഴുകാതെ തെക്കു ദിക്കിലേയ്ക്ക് ഒഴുകുന്നു. ജോർജ്ജ് തടാകം അതിന്റെ വടക്കേ അറ്റത്തുവച്ച് ചാംപ്ലെയ്ൻ തടാകത്തിലേക്ക് ഒഴുകുന്നു. വടക്കേ അറ്റം കാനഡയിലേക്കും വ്യാപിച്ചുകിടക്കുന്ന ചാംപ്ലെയ്ൻ തടാകം റിച്ചെലിയു നദിയിലേക്കും അന്തിമമായി സെന്റ് ലോറൻസ് നദിയിലേക്കുമാണ് ഒഴുകുന്നത്. സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് ജലസേചനം നടത്തുന്നത് അല്ലെഗെനി നദിയും സുസ്‌ക്വെഹന്ന, ഡെലവെയർ നദീ വ്യവസ്ഥകളുമാണ്. ഈറി തടാകത്തിൽ നിന്ന് ഒണ്ടാറിയോ തടാകത്തിലേക്ക് ഒഴുകി നയാഗ്ര നദിയിൽ പതിക്കുന്ന നയാഗ്ര വെള്ളച്ചാട്ടത്തെ ന്യൂയോർക്കും ഒണ്ടാറിയോയും തമ്മിൽ പങ്കിടുന്നു. ന്യൂയോർക്ക്, ന്യൂജേഴ്‌സി, പെൻസിൽവാനിയ, ഡെലവെയർ, ഫെഡറൽ സർക്കാർ എന്നിവർ 1961 ൽ ഒപ്പിട്ട ഡെലവെയർ റിവർ ബേസിൻ കോംപാക്റ്റ്, ഡെലവെയർ നദീ വ്യവസ്ഥയിലെ വെള്ളത്തിന്റെ ഉപയോഗത്തെ നിയന്ത്രിക്കുന്നു.[67] ഇതും കാണുക
|