നോക്കിയ
വയർലസ് ടെലികമ്മ്യൂണിക്കേഷൻ രംഗത്ത് പ്രവർത്തിക്കുന്ന ഒരു ഫിന്നിഷ് ബഹുരാഷ്ട്ര കോർപറേഷനാണ് നോക്കിയ കോർപറേഷൻ. 1865 ൽ ഒരു പൾപ്പ് മിൽ ആയിട്ടാണ് ഇത് സ്ഥാപിതമായത്. ഫ്രഡറിക് ഐഡിസ് സാം എന്ന വ്യക്തിയാണ് പേപ്പർമിൽ സ്ഥാപിച്ചത്. പിന്നീട് ഇതൊരു റബർ കമ്പനിയായി മാറി. ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ മികച്ചപ്രവർത്തനം കാഴചവച്ച സ്ഥാപനം നിന്നിരുന്നിടം ക്രമേണ നോക്കിയടൗൺ എന്നറിയപ്പെട്ടു. 2007-ലെ കണക്കു പ്രകാരം ഏറ്റവും കൂടുതൽ മൊബൈൽ ഫോൺ വിറ്റുകൊണ്ടിരുന്നത് നോക്കിയ കോർപറേഷനാണ്. ജി.എസ്.എം., സി.ഡി.എം.എ., ഡബ്ലിയു-സി.ഡി.എം.എ. തുടങ്ങിയ പല സാങ്കേതികവിദ്യയിലും പ്രവർത്തിക്കുന്ന മൊബൈൽ ഫോണുകൾ നോക്കിയ പുറത്തിറക്കിയിരുന്നു. അത് പോലെ തന്നെ മൊബൈൽ ഫോണിതര ഉല്പന്നങ്ങളും ഇവർ പുറത്തിറക്കുന്നുണ്ട്. [അവലംബം ആവശ്യമാണ്] ഫിൻലാഡിന്റെ തലസ്ഥാനമായ ഹെൽസിങ്കിയുടെ അയൽ പട്ടണമായ എസ്പൂയിലാണ് നോക്കിയയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്. എന്നാൽ കമ്പനിയുടെ യഥാർത്ഥ വേരുകൾ പിർക്കൻമയിലെ ടാംപെരെ മേഖലയിലാണ്. നോക്കിയ റിസെർച്ച് സെന്റർ, കോർപറേഷന്റ് വ്യവസായിക ഗവേഷണശാല ഹെൽസിങ്കി; താമ്പെരെ; Toijala; ടോക്കിയോ; ബെയ്ജിംഗ്; ബുഡാപെസ്റ്റ്; Bochum; കാലിഫോർണിയയിലെ പാലോ ആൾട്ടോ, കേംബ്രിഡ്ജ്, മസാച്ചുസെറ്റ്സ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഉള്ളത്. 2020 ൽ, 100 ലധികം രാജ്യങ്ങളിലായി ഏകദേശം 92,000 പേർക്ക് ജോലി നൽകിയ നോക്കിയ 130 ലധികം രാജ്യങ്ങളിൽ ബിസിനസ്സ് ചെയ്തുകൊണ്ട് ഏകദേശം €23 ബില്യൺ വാർഷിക വരുമാനം റിപ്പോർട്ട് ചെയ്തു. നാസ്ഡാക്ക് ഹെൽസിങ്കിയിലും ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്തിട്ടുള്ള ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയാണ് നോക്കിയ. ഫോർച്യൂൺ ഗ്ലോബൽ 500 അനുസരിച്ച് 2016 ലെ വരുമാനം കണക്കാക്കിയ ലോകത്തിലെ 415-ാമത്തെ വലിയ കമ്പനിയായിരുന്നു ഇത്, 2009 ൽ 85-ാം സ്ഥാനത്തെത്തി. ഇത് യൂറോ സ്റ്റോക്സ് 50 സ്റ്റോക്ക് മാർക്കറ്റ് സൂചികയുടെ ഒരു ഘടകമാണ്. കഴിഞ്ഞ 150 വർഷങ്ങളായി വിവിധ വ്യവസായങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള നോക്കിയ ഒരു പൾപ്പ് മില്ലായിട്ടാണ് സ്ഥാപിതമായത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഒരു കേബിൾ കമ്പനിയുടെ ഓഹരി വാങ്ങി പ്രവർത്തനം തുടങ്ങിയെങ്കിലും അതത്ര ശോഭിച്ചില്ല. എന്നാൽ 1990 കൾ മുതൽ വലിയ തോതിലുള്ള ടെലികമ്മ്യൂണിക്കേഷൻ ഇൻഫ്രാസ്ട്രക്ചർ, സാങ്കേതിക വികസനം, ലൈസൻസിംഗ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.[5] GSM, 3G, LTE മാനദണ്ഡങ്ങൾ വികസിപ്പിക്കുന്നതിൽ സഹായിച്ചുകൊണ്ട് നോക്കിയ മൊബൈൽ ടെലിഫോണി വ്യവസായത്തിന് ഗണ്യമായ സംഭാവനകൾ നൽകി. 1998 മുതൽ ഒരു ദശാബ്ദക്കാലം, മൊബൈൽ ഫോണുകളുടെയും സ്മാർട്ട്‌ഫോണുകളുടെയും ഏറ്റവും വലിയ ലോകമെമ്പാടുമുള്ള വിൽപ്പനക്കാരനായിരുന്നു നോക്കിയ. എന്നിരുന്നാലും, 2000 കളുടെ അവസാനത്തിൽ, നോക്കിയ നിരവധി മോശം മാനേജ്‌മെന്റ് തീരുമാനങ്ങൾ മൂലം കഷ്ടപ്പെടുകയും മൊബൈൽ ഫോൺ വിപണിയിൽ അതിന്റെ പങ്ക് പെട്ടെന്ന് കുറയുകയും ചെയ്തു. 2011 -ന്റെ തുടക്കം മുതൽ, 2013 വരെയുള്ള കാലഘട്ടത്തിൽ വിപണിയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന നോക്കിയ പത്താം സ്ഥാനത്തിൽ എത്തി. മൈക്രോസോഫ്റ്റുമായുള്ള പങ്കാളിത്തത്തിനും നോക്കിയയുടെ തുടർന്നുള്ള വിപണി പോരാട്ടങ്ങൾക്കും ശേഷം[6][7][8] 2013 സെപ്റ്റംബർറിൽ നോക്കിയയുടെ 'ഉപകരണ', 'സേവന' വിഭാഗങ്ങളെ 717 കോടി യു.എസ് ഡോളറിന് മൈക്രോസോഫ്റ്റ് വാങ്ങും എന്ന് അറിയിക്കുകയും; 2014 ഏപ്രിലോടെ വാങ്ങൽ നടപടികൾ പൂർത്തിയാകുകയും ചെയ്തു.,[9][10][11] ഈ വിഭാഗങ്ങൾ മൈക്രോസോഫ്റ്റ് മൊബൈൽ എന്ന പേരിൽ മൈക്രോസോഫ്റ്റ്-ന്റെ അനുബന്ധമായി പ്രവർത്തിച്ചിരുന്നു. വിൽപ്പനയ്ക്ക് ശേഷം, നോക്കിയ അതിന്റെ ടെലികമ്മ്യൂണിക്കേഷൻ ഇൻഫ്രാസ്ട്രക്ചർ ബിസിനസിലും ഇന്റർനെറ്റ് ഓഫ് തിംഗ്സ് സാങ്കേതികവിദ്യകളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി, ഹിയർ മാപ്പിംഗ് ഡിവിഷന്റെ ഓഹരി വിറ്റഴിക്കലും ബെൽ ലാബ്സ് ഗവേഷണ സ്ഥാപനം ഉൾപ്പെടെയുള്ള അൽകാറ്റെൽ-ലൂസെന്റിന്റെ ഏറ്റെടുക്കലും ഇതിൽ ഉൾപ്പെടുന്നു.[12] തുടർന്ന് കമ്പനി വെർച്വൽ റിയാലിറ്റി, വിതിംഗ്സ് കമ്പനി വാങ്ങിയതിലൂടെ ഡിജിറ്റൽ ഹെൽത്ത് എന്നിവയിലും പരീക്ഷണം നടത്തി.[13][14][15][16] എച്ച്എംഡിയുമായുള്ള ലൈസൻസിംഗ് കരാറിലൂടെ 2016 ൽ നോക്കിയ ബ്രാൻഡ് മൊബൈൽ, സ്മാർട്ട്‌ഫോൺ വിപണിയിലേക്ക് തിരിച്ചുവന്നു.[17] 2017 ൽ പുറത്തിറങ്ങുന്ന നോക്കിയയുടെ നോക്കിയ 6 ഇന്ത്യയിൽ എത്തിയത് ജൂൺ 13ന് ആണ്. [18] പിന്നീട് നോക്കിയയുടെക്യാമറ ഫോണായ നോക്കിയ 9 പ്യൂവർവ്യൂ പുറത്തിറങ്ങിയിരുന്നു.[19] എന്നാൽ സ്മാർട്ട്‌ഫോണുകളും ടാബ്‌ലെറ്റുകളും ഉൾപ്പെടെയുള്ള മൊബൈൽ ഫോണുകൾക്കുള്ള നോക്കിയയുമായുള്ള എച്ച്എംഡി ഗ്ലോബലിന്റെ എക്‌സ്‌ക്ലൂസീവ് ലൈസൻസിംഗ് കരാർ 2026 മാർച്ചോടെ അവസാനിക്കുന്നതനുസരിച്ച് സുരക്ഷ, സുസ്ഥിരത, അറ്റകുറ്റപ്പണികൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് എച്ച്എംഡി ഗ്ലോബൽ സ്വന്തം ബ്രാൻഡ് നിർമ്മിക്കുന്നതിലേക്ക് മാറിക്കൊണ്ടിരിക്കുന്നു.[20][21] എന്നിരുന്നാലും മിക്ക വലിയ മൊബൈൽ ഫോൺ നിർമ്മാതാക്കളുടെയും പ്രധാന പേറ്റന്റ് ലൈസൻസറായി നോക്കിയ തുടരുന്നു. 2018 ലെ കണക്കനുസരിച്ച്, ലോകത്തിലെ മൂന്നാമത്തെ വലിയ നെറ്റ്‌വർക്ക് ഉപകരണ നിർമ്മാതാവാണ് നോക്കിയ.[22] ഫിൻലാൻഡിൽ നിന്നുള്ള ഏറ്റവും വലിയ ആഗോള കമ്പനിയും ബ്രാൻഡുമായി നോക്കിയയുടെ മൊബൈൽ ഫോൺ ബിസിനസ് വളർന്നുവന്നതോടെ ഫിൻലാൻഡുകാർ ഈ കമ്പനിയെ ദേശീയ അഭിമാനമായാണ് വീക്ഷിച്ചത്.[23] 2000-ൽ നോക്കിയയുടെ വളർച്ച അതിന്റെ ഉന്നതിയിൽ എത്തിയപ്പോൾ, നോക്കിയയുടെ വിഹിതം രാജ്യത്തിന്റെ ജിഡിപിയുടെ 4% ആയിരുന്നു, മൊത്തം കയറ്റുമതിയുടെ 21% ആയിരുന്നു, നാസ്ഡാക്ക് ഹെൽസിങ്കി വിപണി മൂലധനത്തിന്റെ 70% ആയിരുന്നു.[24][25] അവലംബം
|