ദിലീഷ് പോത്തൻമലയാള ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്ന ഒരു നടനും സംവിധായകനുമാണ് ദിലീഷ് പോത്തൻ. 2016 ഫെബ്രുവരിയിൽ റിലീസ് ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായത്. ഫഹദ് ഫാസിൽ നായകനായ ഈ ചിത്രത്തെ പ്രേക്ഷകരും നിരൂപകരും ഒരുപോലെ സ്വീകരിച്ചു. 64-ആം ദേശീയ ചലച്ചിത്ര പുരസ്ക്കാര മേളയിൽ ഏറ്റവും മികച്ച മലയാളചിത്രമായി ‘മഹേഷിന്റെ പ്രതികാരം’ തിരഞ്ഞെടുക്കപ്പെട്ടു[1][2][3]. ചലച്ചിത്രത്തിന്റെ സൂക്ഷ്മാംശങ്ങളിലേക്ക് കടന്നുള്ള ദിലീഷ് പോത്തന്റെ സംവിധാന മികവിനെ സൂചിപ്പിക്കുവാൻ ആരാധകരും മാധ്യമങ്ങളും "പോത്തേട്ടൻസ് ബ്രില്ല്യൻസ്" എന്ന സംജ്ഞ ഉപയോഗിക്കുന്നു[4][5]. ആദ്യകാല ജീവിതംകോട്ടയം ജില്ലയിലെ കുറുപ്പന്തറയ്ക്കടുത്ത് ഓമല്ലൂർ എന്ന ഗ്രാമത്തിലാണ് ജനിച്ചത്. പിതാവ് കൊല്ലംപറമ്പിൽ ഫിലിപ്പ് ഒരു ഫിലിം റെപ്രസന്റീവ് ആയിരുന്നു. മാതാവ് ചിന്നമ്മ[6]. നാലാം ക്ലാസ്സ് വരെ കുറുപ്പന്തറ എൽ.പി. സ്കൂളിലും തുടർന്ന് പത്താം ക്ലാസ്സ് വരെ കോതനല്ലൂർ എമ്മാനുവേൽസ് സ്കൂളിലും പഠിച്ചു. മാന്നാനം കെ ഇ കോളേജിൽ നിന്നും പ്രീഡിഗ്രി പൂർത്തിയാക്കി. മൈസൂർ സെന്റ് ഫിലോമോനാസ് കോളേജിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ബിരുദമെടുത്തു. ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന കാലത്ത് ചില ഹ്രസ്വചിത്രങ്ങളും ആൽബങ്ങളും ചെയ്തിരുന്നു. പിതൃസഹോദരനായ സ്റ്റീഫൻ ജേക്കബ് നിർമ്മിച്ച് ദിലീഷ് പോത്തൻ സംവിധാനം ചെയ്ത 'വർണ്ണച്ചെപ്പുകൾ' എന്ന ടെലിഫിലിം ദൂരദർശൻ സംപ്രേഷണം ചെയ്തിരുന്നു. പിന്നീട് സിനിമയിൽ സജീവമാകുവാനായി ജോലി ഉപേക്ഷിച്ചു. ഏഴോളം ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ചു. ആഷിഖ് അബുവിന്റെ സഹസംവിധായകനായി പ്രവർത്തിച്ചുകൊണ്ടിരിക്കെ കാലടി ശ്രീ ശങ്കരാ യൂണിവേഴ്സിറ്റിയിൽ നിന്നും തിയേറ്റർ ആർട്ട്സിൽ എം എയും മഹാതമാഗാന്ധി സർവ്വകലാശാലയിൽ നിന്നും എം ഫില്ലും കരസ്ഥമാക്കി[7]. ചലച്ചിത്രരംഗത്ത്2010-ൽ പുറത്തിറങ്ങിയ ’’9 KK റോഡ്’’ എന്ന ചിത്രത്തിന്റെ സഹസംവിധായകനായാണ് തുടക്കം. തുടർന്ന് 22 ഫീമെയിൽ കോട്ടയം, ടാ തടിയാ, ഗാംഗ്സ്റ്റർ എന്നീ ചിത്രങ്ങളിൽ ആഷിഖ് അബുവിന്റെ സഹസംവിധായകനായി പ്രവർത്തിച്ചു)[8] . സാൾട്ട് ആന്റ് പെപ്പർ (2011) എന്ന ചിത്രത്തിൽ അഭിനയിച്ച ചെറിയ വേഷം ശ്രദ്ധിക്കപ്പെട്ടു. 22 ഫീമെയിൽ കോട്ടയം (2012), ഇടുക്കി ഗോൾഡ്(2013), ഗാങ്സ്റ്റർ(2014), ഇയ്യോബിന്റെ പുസ്തകം(2014) റാണി പത്മിനി(2015) എന്നീ ചിത്രങ്ങളിലും ചെറിയ വേഷങ്ങൾ ചെയ്തു. ദിലീഷ് നായർ സംവിധാനം ചെയ്ത ടമാർ പഠാർ എന്ന ചിത്രത്തിന്റെ മുഖ്യ സഹസംവിധായകനായിരുന്നു.[9]. 2016-ൽ മഹേഷിന്റെ പ്രതികാരത്തിലൂടെ സ്വതന്ത്രസംവിധായകനായി. രണ്ടാമത്തെ ചിത്രമായ തൊണ്ടിമുതലും ദൃക്സാക്ഷിയും 2017 ജൂൺ 30-ൻ റിലീസായി. ഈ ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള വനിതാ ഫിലിം അവാർഡ് കരസ്ഥമാക്കി[10]. തന്റെ ആദ്യ രണ്ട് ചിത്രങ്ങളിലൂടെ 2016-ലെയും 2017-ലെയും മികച്ച മലയാളചിത്രത്തിനുള്ള ദേശീയപുരസ്ക്കാരങ്ങൾ തുടർച്ചയായി നേടി അപൂർവ്വ നേട്ടത്തിനുടമയായി.[11][12]. തിരക്കഥാകൃത്തായ ശ്യാം പുഷ്കരനുമൊത്ത് 'വർക്കിങ്ങ് ക്ലാസ്സ് ഹീറോ' എന്ന പേരിൽ ഒരു ചലച്ചിത്രനിർമ്മാണ കമ്പനി ആരംഭിച്ചു[13]. ശ്യാം പുഷ്ക്കരന്റെ തിരക്കഥയിൽ മധു സി. നാരായണൻ സംവിധാനം ചെയ്ത 'കുമ്പളങ്ങി നൈറ്റ്സ്' (2019) ആണ് ഈ ബാനറിൽ നിർമ്മിച്ച ആദ്യചിത്രം[14]. ചിത്രങ്ങളുടെ പട്ടികസംവിധാനം ചെയ്ത ചിത്രങ്ങൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ |