ചൈനയിലെ മംഗോളിയൻ വംശജാരാണ് ദാവോയർ. ഇവർ റഷ്യ, മഞ്ചൂറിയ, ചൈന തുടങ്ങിയ പല മേഖലകളിലായി അധിവസിക്കുന്നു. ദഘൊർ, ദാഘുർ, ദോർ, പിൻയിൻ എന്നീ പേരുകളിലും ഇവർ അറിയപ്പെടുന്നു. 16-ആം നൂറ്റാണ്ട് വരെ റഷ്യയിലെ അമുർ (Amur) നദീതടത്തിൽ വസിച്ചിരുന്ന ഇവർ 20-ടുകൂടി ചൈനയിലെ ഷിഹാർ (Tsitshihar) പട്ടണത്തിലുള്ള നെൻ (Nen) നദീതട താഴ്വരയിലേക്കു മാറി. ചൈനയിലെ ഹെയൽലുങ്കിയാങ് പ്രവിശ്യയിലും കിഴക്കൻ മംഗോളിയയിലെ ഉൾനാടുകളിലുമാണ് ഇവർ ഇപ്പോൾ വസിക്കുന്നത്. തുങ്കുസിക് (Tungusic) ഭാഷയും, മംഗോളിയനും തുങ്കുസിക്കും കലർന്ന ആർട്ടെയിക് (Artaic) ഭാഷയുമാണ് ഇവർ സംസാരിക്കുന്നത്. ഇവരിൽ ചിലർ ബുദ്ധമതാനുയായികളാണ്. ഗ്രാമത്തിനടുത്തുള്ള പാടങ്ങളിൽ കൃഷി ചെയ്താണ് ഉപജീവനം നടത്തുന്നത്. മറ്റു പ്രധാന തൊഴിലുകൾ പന്നി-കോഴി-കുതിര വളർത്തലാണ്. കൂടാതെ ദൂരെയുള്ള വനാന്തരങ്ങളിൽ വേട്ടയാടലിലും മരം മുറിക്കലിലും ഏർ പ്പെട്ടുവരുന്നു.
ഗോത്രസമ്പ്രദായക്കാരായ ദാവോർ വംശജരുടെ ഇടയിൽ കൂട്ടുകുടുംബ വ്യവസ്ഥിതിയാണുള്ളത്. പൊതുവായ ഒരു മുൻഗാമിയുടെ കുടുംബത്തിലെ (ഹാലാ) പിൻഗാമികളാണ് ഗ്രാമവാസികളെല്ലാം എന്ന് അവർ വിശ്വസിക്കുന്നു. ഒരേ ഹാലായിലുള്ളവർ തമ്മിൽ വിവാഹബന്ധത്തിൽ ഏർ പ്പെടാറില്ല. പുറത്തുള്ളവർക്ക് ഗ്രാമവാസികളുടെ അനുവാദം കൂടാതെ ഗ്രാമത്തിൽ താമസിക്കാൻ പാടില്ല. മുൻഗാമികളെ ആരാധിക്കുന്ന പതിവ് ഇക്കൂട്ടരിലുണ്ട്.
പുറംകണ്ണികൾ