ദ ലാസ്റ്റ് ലീഫ്
1907 ൽ പ്രസിദ്ധീകരിച്ച ഒ. ഹെൻറി എഴുതിയ ചെറുകഥയാണ് ദ ലാസ്റ്റ് ലീഫ്. ദ ട്രിമ്മ്ഡ് ലാമ്പ് ആന്റ് അദർ സ്റ്റോറീസ് എന്ന സമാഹാരത്തിലാണ് ഈ കഥ പ്രസിദ്ധീകരിച്ചത്. ഗ്രീൻവിച്ച് വില്ലേജിൽവച്ച് നടക്കുന്ന കഥയിൽ ഒ. ഹെൻറിയുടെ സ്ഥിരം ശൈലിയിലുള്ള കഥാപാത്രങ്ങളും കഥാപരിസരവും പ്രത്യക്ഷപ്പെടുന്നു. കഥാസംഗ്രഹംന്യുമോണിയ വ്യാപകമായി പടർന്ന് പിടിക്കുന്ന ന്യുയോർക്ക് സിറ്റിക്കടുത്തുള്ള ഗ്രീൻവിച് വില്ലേജാണ് കഥാപശ്ചാത്തലം. വൃദ്ധനായ ഒരു ചിത്രകാരൻ ന്യൂമോണിയ ബാധിച്ച് മരണം കാത്തുകിടക്കുന്ന തന്റെ അയൽവാസിയായ യുവ ചിത്രകാരിയെ മനോധൈര്യം നൽകി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതാണ് കഥ. പുറത്തെ ചുമരിൽ പടർന്ന വള്ളിയുടെ ഇലകൾ ശരത്കാലമാവുന്നതോടെ ഒന്നൊന്നായി പൊഴിഞ്ഞുകൊണ്ടിരിക്കുന്നത് കിടക്കക്കരികിലായുള്ള ജാലകത്തിലൂടെ ശ്രദ്ധിക്കുന്ന അവൾ തന്റെ മരണത്തിന്റെ ദിനങ്ങളും ഇതുപോലെ അടുത്തുവരുന്നതായി കണക്ക്കൂട്ടി കിടക്കുകയാണ്. ഒടുവിൽ ഒരില മാത്രം ബാക്കിയാവുന്നു. ആ ഇല പൊഴിയാതെ കുറച്ച് ദിവസങ്ങൾ അങ്ങനെ തന്നെ നിൽക്കുമ്പോൾ അവൾ തന്റെ ആയുസ്സും, പൊഴിയാതെ നിൽക്കുന്ന ഇലപോലെ ഇനിയും നീളുമെന്ന പ്രതീക്ഷയിൽ മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് മടങ്ങുന്നു. എന്നാൽ ഒരു മാസ്റ്റർപീസിനായി ഏറെ നാൾ കാത്തിരുന്ന വൃദ്ധനായ ആ ചിത്രകാരൻ യുവതിയുടെ വീട്ടുമതിലിൽ രാവേറെ അദ്ധ്വാനിച്ച് മഞ്ഞും മഴയുമേറ്റ്, ഉറക്കമിളച്ച് വരച്ച ഒരിലയായിരുന്നു പൊഴിയാതെ നിന്നതായി അവൾ കണ്ട ആ ഇല. ആ യുവ ചിത്രകാരിയുടെ ജീവിതം തിരിച്ചുകൊണ്ടുവരാനായി ഈ വൃദ്ധൻ സ്വന്തം ജീവിതമാണ് ബലി നൽകേണ്ടി വന്നത് എന്ന് ഒടുവിൽ വായനക്കാരൻ തിരിച്ചറിയുന്നു. ഒരു രാത്രി മുഴുവൻ മഞ്ഞും മഴയുമേറ്റ അദ്ദേഹത്തെ ന്യുമോണിയ പിടികൂടുകയും ഒടുവിലയാൾ മരണത്തിന് കീഴടങ്ങുകയും ചെയ്യുന്നു |