തറൈൻ യുദ്ധങ്ങൾ
ഇന്ത്യയിൽ മുഹമ്മദ് ഗോറിയുടെ ആധിപത്യത്തിൻകീഴിൽ ഒരു മുസ്ലീം സുൽത്താന്മാരുടെ ഭരണം സ്ഥാപിതമാവുന്നതിനു കാരണമായിത്തീർന്ന രണ്ട് യുദ്ധങ്ങളാണ് തറൈൻ യുദ്ധങ്ങൾ. 1191 -ൽ ഒന്നാം തറൈൻ (തരാവഡി) യുദ്ധവും 1192-ൽ രണ്ടാം തറൈൻ യുദ്ധവും നടന്നു. തുർക്കി ഭരണാധികാരിയായ സുൽത്താൻ മുഹമ്മദ് ഗോറിയും ഡൽഹിയിലെ രജപുത്ര രാജാവായിരുന്ന പൃഥ്വീരാജ് ചൗഹാനും തമ്മിലായിരുന്നു ഈ യുദ്ധങ്ങൾ. ചരിത്രംഎ.ഡി. 1174-ൽ മുഹമ്മദ് ഗോറി അഫ്ഗാനിസ്ഥാന്റെ ഭരണാധികാരിയായി. കേവലം ഗോത്രവർഗ്ഗ നേതാവായിരുന്ന ഗോറി ഈ നേട്ടം കൈവരിച്ചത് തന്റെ അസാമാന്യമായ യുദ്ധസാമാർത്ഥ്യം കൊണ്ട് മാത്രമായിരുന്നു. അഫ്ഗാനിസ്ഥാൻ കൈപ്പിടിയിലായത്തോടെ ഗോറിയുടെ നോട്ടം ഇന്ത്യയിലേക്കായി. സമ്പൽ സമൃദ്ധമായ ഇന്ത്യൻ ഭൂവിഭാഗങ്ങൾ കീഴടക്കി രാജ്യ വിസ്തൃതി വർധിപ്പിക്കാൻ ഗോറി കരുക്കൾ നീക്കി. 1175-ൽ ഇന്ത്യയെ ആക്രമിച്ച ഗോറി പെഷവാർ, ലാഹോർ തുടങ്ങിയ സ്ഥലങ്ങൾ പിടിച്ചെടുത്തു. അതെ സമയം രാജസ്ഥാൻ മുതലുള്ള വിശാലമായ ഭൂപ്രദേശങ്ങൾ മുഴുവൻ തമ്മിൽ കലഹിച്ചുകഴിഞ്ഞിരുന്ന രജപുത്ര രാജാക്കൻമാരുടെ അധീനതയിലായിരുന്നു. ഈ രജപുത്ര രാജാക്കൻമാരിൽ പ്രമുഖരായിരുന്നു അജ്മീർ-ഡൽഹി രാജാവായിരുന്ന ചൗഹാൻ വംശത്തിൽപ്പെട്ട പൃഥ്വീരാജ് ചൗഹാനും കന്യാകുബ്ജത്തിലെ രാജാവായിരുന്ന ജയചന്ദ്രനും. ജയചന്ദ്രന്റെ മകളായ സംയുക്താറാണിയെ സ്വയംവര വേളയിൽ പൃഥ്വീരാജ് ചൗഹാൻ തട്ടിക്കൊണ്ടുപോയി. ഇത് ഇരുവരും തമ്മിലുള്ള ശത്രുത വർദ്ധിക്കാൻ കാരണമായി. എണ്ണമറ്റ സൈനിക നിര സ്വന്തമായുള്ള ധീരയോദ്ധാവായിരുന്നു പൃഥ്വീരാജ് ചൗഹാൻ .ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ പൃഥ്വീരാജ് ചൗഹാനെ പരാജയപ്പെടുത്തണം എന്ന് മനസ്സിലാക്കിയ ഗോറി അതിനായുള്ള തന്ത്രങ്ങൾ മെനഞ്ഞെടുത്ത് യുദ്ധത്തിനായുള്ള ഒരുക്കങ്ങൾ തുടങ്ങി. മുഹമ്മദ് ഗോറിയുടെ സേന ഡൽഹിയെ ലക്ഷ്യമാക്കി നീങ്ങിയപ്പോൾ ജയചന്ദ്രനും പൃഥ്വീരാജ് ചൗഹാനും അവരുടെ ശത്രുതയുടെ പാരമ്യതയിലായിരുന്നു. പൃഥ്വീരാജിനെ തോല്പിക്കുവാൻവേണ്ടി ജയചന്ദ്രൻ മുഹമ്മദ് ഗോറിക്കു സ്വയം കീഴടങ്ങിക്കൊണ്ട് ഡൽഹിയെ ആക്രമിക്കുവാൻ മുഹമ്മദ് ഗോറിയെ പ്രേരിപ്പിച്ചു. എന്നാൽ ജയചന്ദ്രൻ ഒഴികെയുള്ള മിക്ക രജപുത്ര രാജാക്കന്മാരും പൃഥ്വീരാജ് ചൗഹാൻറെ സഹായത്തിനുണ്ടായിരുന്നു. അങ്ങനെ 1191-ൽ മുഹമ്മദ് ഗോറിയുടെ സൈന്യം പൃഥ്വീരാജ് ചൗഹാൻറെ സൈന്യവുമായി ഏറ്റുമുട്ടലിനു കളമൊരുങ്ങി. ഡൽഹിയിൽ നിന്നും 80 കിലോമീറ്റർ ദൂരെയുള്ള തറൈൻ എന്ന ചെറിയ ഗ്രാമത്തിൽ വെച്ചായിരുന്നു ആ യുദ്ധം. ചരിത്രത്തിൽ അത് ഒന്നാം തറൈൻ യുദ്ധം എന്നറിയപ്പെടുന്നു. ഒന്നാം തറൈൻ യുദ്ധം
ലക്ഷക്കണക്കിനു സൈനികർ പങ്കെടുത്ത മഹായുദ്ധമായിരുന്നു ഒന്നാം തറൈൻ യുദ്ധം. പൃഥ്വീരാജ് ചൗഹാൻറെ സൈന്യത്തിൽ രണ്ടു ലക്ഷം കുതിരപ്പടയാളികളും മൂവായിരം ആനകളും വലിയൊരു സംഖ്യയിലുള്ള കാലാൾപ്പടയും ഉണ്ടായിരുന്നു. മുഹമ്മദ് ഗോറി പ്രതീക്ഷിച്ചതിനേക്കാൾ അതിശക്തമായിരുന്നു രജപുത്രസൈന്യം. മുഹമ്മദ് ഗോറി തന്റെ സൈന്യത്തെ മൂന്നായി തരം തിരിച്ചു. വലത്, ഇടത്, മദ്ധ്യം എന്നിങ്ങനെ.സൈനികരുടെ മദ്ധ്യത്തിൽ നിന്ന് തന്നെ ഗോറി പടനയിച്ചു. ആൾ ബലത്തിൽ രാജപുത്രർക്ക് തന്നെയായിരുന്നു മുൻതൂക്കം. ഇതുമൂലം രാജപുത്രസൈന്യത്തിൽ നിന്ന് ശക്തമായ ഒരാക്രമണമുണ്ടായാൽ തൻറെ മൂന്നു സൈനിക ദളങ്ങളും ചിതറിപ്പോവുമെന്നു ഗോറി ഭയന്നു. പൃഥ്വീരാജ് ചൗഹാൻറെ സഹോദരനായിരുന്ന ഗോവിന്ദ് റായിയായിരുന്നു രജപുത്ര സൈന്യത്തിൻറെ മുൻനിരയിൽ നിന്നിരുന്നത്. തന്റെ ഒരു സംഘം കുതിരപ്പടയാളികലുമായി കുതിച്ചു കയറിയ ഗോറി ഗോവിന്ദ് റായിയെ ആക്രമിച്ചു. ഗോവിന്ദ് റായിയുടെ സമീപമെത്തിയതും ഗോറി തൻറെ കുന്തം ചുഴറ്റിയെറിഞ്ഞു. ആനപ്പുറത്തിരുന്ന ഗോവിന്ദ് റായിയെ മുറിവേൽപ്പിച്ചു കൊണ്ട് കുന്തം പാഞ്ഞുപോയി. കോപാകുലനായ ഗോവിന്ദ് റായി ഗോറിയെ ലക്ഷ്യമാക്കി കുന്തമെറിഞ്ഞു. അത് ഗോറിയുടെ മേൽ പതിച്ചു. ഗോറി കുതിരപ്പുറത്തുനിന്നും താഴെ വീണു. ഗോറി വീണപ്പോൾ അഫ്ഗാൻ സൈന്യം സ്തബ്ധരായിപ്പോയി. ഗോറി മരിച്ചെന്നു ആദ്യം കരുതിയെങ്കിലും ജീവിച്ചിരിപ്പുണ്ടെന്ന് ബോധ്യമായപ്പോൾ ഗോറിയെ രജപുത്രരിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. രജപുത്രരുടെ ആക്രമണത്തെ അവർ ധീരമായി ചെറുത്തു. ഗോറിയെയും കൊണ്ട് താബറിന്ത് എന്ന കോട്ടയിലേക്ക് പിൻവാങ്ങി. രജപുത്ര സൈന്യത്തെ പ്രതിരോധിക്കാൻ താബറിന്ത് കോട്ടയിൽ സിയാവുദ്ദീൻ തുലാക്കിയുടെ നേതൃത്വത്തിൽ രണ്ടായിരം സൈനികരെ നിലനിർത്തി പരിക്കേറ്റ ഗോറി സൈന്യവുമായി ഗസ്നിയിലേക്കു മടങ്ങി. രജപുത്ര സൈന്യം കിണഞ്ഞു ശ്രമിച്ചിട്ടും താബറിന്ത് കോട്ട തകർക്കാൻ കഴിഞ്ഞില്ല. 13 മാസത്തോളം താബറിന്തിൽ രജപുത്ര സൈന്യത്തെ തടഞ്ഞു നിർത്താൻ സിയാവുദ്ധീനു കഴിഞ്ഞു. ഇതിനകം മുഹമ്മദ് ഗോറി ആരോഗ്യം വീണ്ടെടുത്തു കഴിഞ്ഞിരുന്നു. 1,20,000 വരുന്ന സൈനിക നിറയെ ഗോറി സജ്ജമാക്കി. പക്ഷെ മദ്ധ്യേഷ്യയിൽ മറ്റു പല ഭീഷണികളും ഗോറി നേരിടുന്നുണ്ടായിരുന്നു. അതിനാൽ മുഴുവൻ സൈന്യത്തെയും ഇന്ത്യയിലേക്ക് നയിക്കാൻ കഴിയുമായിരുന്നില്ല. 40,000 സൈനികരെ ഗോറി ഇന്ത്യ ആക്രമിക്കാൻ തെരഞ്ഞെടുത്തു. ബാക്കിയുള്ള സൈന്യത്തെ രാജ്യ സംരക്ഷണത്തിന് അഫ്ഗാനിൽ തന്നെ നിലനിർത്തി.കൃത്യം ഒരു വർഷത്തിനു ശേഷം 1192ൽ മുഹമ്മദ് ഗോറി വീണ്ടും പടയോട്ടം ആരംഭിച്ചു. അങ്ങനെ പൃഥ്വീരാജ് ചൗഹാനുമായുള്ള രണ്ടാമത്തെ തറൈൻ യുദ്ധത്തിന് കളമൊരുങ്ങി. രണ്ടാം തറൈൻ യുദ്ധം
![]() തറൈൻ ഗ്രാമത്തിൽ തന്നെയായിരുന്നു ഗോറിയും പൃഥ്വീരാജ് ചൗഹാനും തമ്മിലുള്ള രണ്ടാമത്തെയുദ്ധവും . അതിനാൽ രണ്ടാം തറൈൻ യുദ്ധം എന്ന് ചരിത്രത്തിൽ ഇതറിയപ്പെടുന്നു. ഒന്നാം തറൈൻ യുദ്ധത്തിലെ വിജയത്തിൻറെ ഓർമയിൽ പൃഥ്വീരാജ് ചൗഹാന്റെ രജപുത്രസൈന്യം വർധിച്ച ആത്മവിശ്വാസത്തിലായിരുന്നു. ഗോറിയുടെ 40,000 സൈനികർക്കെതിരെ പൃഥ്വീരാജ് ചൗഹാൻ അണിനിരത്തിയത് 2,00,000 ലക്ഷം കുതിരപ്പടയാളികളും 3,000 ആനകളും ഒട്ടനവധി സൈനികരുമടങ്ങുന്ന മഹാ സൈന്യത്തെയായിരുന്നു. ഒരു വര്ഷം മുൻപ് തനിക്കേറ്റ പരാജയത്തിൻറെ കൈപ്പായിരുന്നു ഗോറിയുടെ മനസ്സ് നിറയെ. ഇത്തവണ വിട്ടുകൊടുക്കില്ലെന്ന് മുഹമ്മദ് ഗോറി ഉറപ്പിച്ചു. എങ്ങനെയും പൃഥ്വീരാജ് ചൗഹാനെ പരാജയപ്പെടുത്തണം. അംഗബലം കുറവായതിനാൽ ഗോറി ഗറില്ലാ യുദ്ധമുറകൾ ഉപയോഗിക്കാൻ തീരുമാനിച്ചു. മുഹമ്മദ് ഗോറി തന്റെ സൈന്യത്തെ അഞ്ചായി തിരിച്ചു. ആദ്യത്തെ നാലു വിഭാഗങ്ങളിലും 7000 വീതം കുതിരപ്പടയാളികളാണുണ്ടായിരുന്നത്. കുതിരപ്പുറത്തു പാഞ്ഞു ചെന്നു തുരുതുരാ അമ്പെയ്ത് ശത്രുസൈന്യത്തെ ചിന്നിച്ചിതറിക്കുകയായിരുന്നു ഇവരുടെ ജോലി. ചിതറിയ ശത്രുസൈന്യത്തെ കുന്ത പ്രയോഗത്തിലൂടെ വകവരുത്തുകയായിരുന്നു അഞ്ചാമത്തെ വിഭാഗത്തിൻറെ ജോലി. ഗോറിയുടെ സൈന്യവും രജപുത്ര സൈന്യവും എതിർ ദിശകളിലായി തമ്പടിച്ചു. യുദ്ധം ആരംഭിച്ചതോടെ ഗോറിയുടെ സൈനികർ ആവേശത്തോടെ യുദ്ധരംഗത്തെക്ക് കുതിച്ചു. യുദ്ധലഹരിയിൽ അവരെ തടയാൻ രജപുത്ര സൈന്യവും കുതിച്ചു. ഒരു ആനയുടെ പുറത്തിരുന്നു പൃഥ്വീരാജ് ചൗഹാൻ തന്നെ ആക്രമണത്തിനു നേതൃത്വം നൽകി. അപ്രതീക്ഷിതമായി ഗോറിയുടെ ഒരു സംഘം കുതിരപ്പടയാളികൾ പൃഥ്വീരാജ് ചൗഹാന്റെ സൈന്യത്തിൻറെ പിൻനിരയെ ആക്രമിച്ചു. രജപുത്ര സൈന്യം പ്രത്യാക്രമണം നടത്താനൊരുങ്ങിയപ്പോൾ താമസം നേരിട്ടു. ആനകളുടെ മന്ദഗതിയായിരുന്നു കാരണമായത്. ഇതിനകം ഗോറിയുടെ പടയാളികൾ ആക്രമണം നടത്തി പിൻവാങ്ങിയിരുന്നു. ഗോറിയുടെ മിന്നലാക്രമണത്തിൽ ഒന്നാം ദിവസം രജപുത്ര സൈന്യത്തിന് കാര്യമായ ആൾ നാശമുണ്ടായി. അന്ന് രാത്രി പ്രത്യേക പരിശീലനം നേടിയ ഗോറിയുടെ സൈനികർ രജപുത്ര സൈനിക താവളത്തിൽ കടന്നു കനത്ത ഗറില്ലാ ആക്രമണം നടത്തി. അപ്രതീക്ഷിത ആക്രമണമായതിനാൽ അനേകം രജപുത്ര സൈനികർ വധിക്കപ്പെട്ടു. വലിയ നാശനഷ്ടങ്ങളുണ്ടായി. രജപുത്ര സൈന്യം പ്രത്യാക്രമണത്തിന് ഒരുങ്ങുമ്പോഴേക്കും ഗോറിയുടെ ഒളിപ്പോരാളികൾ പിടികൊടുക്കാതെ രക്ഷപ്പെട്ടു. രണ്ടാം ദിവസം നേരം വെളുത്തപ്പോൾ തന്നെ ഗോറിയുടെ സൈന്യം കനത്ത ആക്രമണം അഴിച്ചുവിട്ടു. നാലു വിഭാഗങ്ങളിലുള്ള കുതിരപ്പടയാളികൾ നാലു വശത്തുനിന്നും ഒരേ സമയം രജപുത്ര സൈന്യത്തെ ആക്രമിച്ചു. ഗോറിയുടെ പടയാളികളുടെ ശരവർഷത്തിൽ രജപുത്ര സൈന്യം വലഞ്ഞു. എങ്കിലും അവർ പിന്തിരിഞ്ഞില്ല. ശത്രുക്കളെ ധീരമായി നേരിട്ടു. പക്ഷെ ഭാരം കൂടിയ പടച്ചട്ടകളും മോശം കുതിരകളും രജപുത്ര സൈന്യത്തിന് വിനയായി. ഗോറിയുടെ വേഗം കൂടിയ കുതിരപ്പടയാളികളോട് പിടിച്ചു നിൽകാൻ അവർക്കായില്ല. നീളം കൂടിയ വാളുകലായിരുന്നു രജപുത്ര സൈന്യത്തിൻറെ പ്രധാന ആയുധം. അത് ശരിയാം വിധം പ്രയോഗിക്കാനും അവർക്ക് കഴിഞ്ഞില്ല. പെട്ടെന്ന് ആക്രമിക്കുക, മിന്നൽ പോലെ മറയുക. ഇതായിരുന്നു ഗോറിയുടെ തന്ത്രം. രജപുത്രസൈനികർ പ്രത്യാക്രമണം നടത്താനോരുങ്ങുമ്പോഴെക്കും ശത്രുക്കൾ രക്ഷപ്പെട്ടിരിക്കും.. രജപുത്രർ പിൻവാങ്ങുമ്പോൾ പെട്ടെന്ന് ആക്രമണമുണ്ടാവും. ഈ ആക്രമണ രീതി രജപുത്ര സൈന്യത്തെ പരിക്ഷീണിതരാക്കി. ഒട്ടേറെ കനത്ത ആൾനാശമുണ്ടായി. ഉച്ച കഴിഞ്ഞതോടെ പൃഥ്വീരാജ് ചൗഹാൻറെ രജപുത്രസൈന്യം തീർത്തും പൊറുതിമുട്ടിയ അവസ്ഥയിലായി. ഈ അനുകൂല അവസരം മുതലെടുത്ത് ഗോറി തൻറെ 12,000ത്തോളം വരുന്ന അഞ്ചാം സൈനിക വിഭാഗത്തെ ആക്രമണത്തിനു നിയോഗിച്ചു. അവരുടെ കുന്തപ്രയോഗത്തിൽ ആയിരക്കണക്കിന് രജപുത്ര സൈനികർ വധിക്കപ്പെട്ടു. പൃഥ്വീരാജ് ചൗഹാൻറെ സഹോദരൻ ഗോവിന്ദ് റായിയും ആക്രമണത്തിൽ കൊല്ലപ്പെട്ടു. സൂര്യാസ്തമയത്തോടെ പൃഥ്വീരാജ് ചൗഹാനു ഒരുകാര്യം ബോധ്യമായി. തൻറെ രജപുത്ര സൈന്യം പരാജയപ്പെട്ടിരിക്കുന്നു. അതോടെ പൃഥ്വീരാജ് ചൗഹാൻ ഒരു കുതിരപ്പുറത്തു രക്ഷപ്പെടാൻ ഒരുങ്ങിയെങ്കിലും അദ്ദേഹത്തിനു കഴിഞ്ഞില്ല. ഗോറിയുടെ സൈന്യത്തിൻറെ പിടിയിൽ അകപ്പെട്ട പൃഥ്വീരാജ് ചൗഹാൻ ഒടുവിൽ വധിക്കപ്പെട്ടു. രണ്ടാം തറൈൻ യുദ്ധത്തിൽ മുഹമ്മദ് ഗോറി നേടിയ വിജയം തികച്ചും നിർണായകമായിരുന്നു. ഇന്ത്യയിൽ മുസ്ളിം(തുർക്കി)സുൽത്താൻമാരുടെ ഭരണത്തിന് അടിസ്ഥാനമിടാൻ വഴിയൊരുക്കിയത് ഈ യുദ്ധമായിരുന്നു. രജപുത്രർ തങ്ങളുടെ രാജ്യം പുനഃസ്ഥാപിക്കുവാൻ പല തവണ ശ്രമിച്ചെങ്കിലും അതു പരാജയത്തിൽ മാത്രമാണ് കലാശിച്ചത്. ഏതാനും വർഷങ്ങൾക്കുള്ളിൽ വടക്കേ ഇന്ത്യയിലെ പല സ്ഥലങ്ങളും തുർക്കി സൈന്യം തങ്ങളുടെ അധീനതയിൻ കീഴിലാക്കി. മുഹമ്മദ് ഗോറിയുടെ ഏറ്റവും വിശ്വസ്ത അടിമകളായിരുന്ന കുത്ബുദ്ദീൻ ഐബക്ക്, ഇക്തിയാറുദ്ദീൻ മുഹമ്മദ് എന്നിവരാണ് ഈ ആക്രമണങ്ങൾക്കു നേതൃത്വം നൽകിയത്. രണ്ടാം തറൈൻ യുദ്ധം കഴിഞ്ഞതിനുശേഷം മുഹമ്മദ് ഗോറി ഗസ്നിയിലേക്കു മടങ്ങി. ഇന്ത്യയിൽ അദ്ദേഹം പിടിച്ചെടുത്ത പ്രദേശങ്ങളുടെ ഭരണാധിപനായി കുത്ബുദ്ദീൻ ഐബക്ക് നിയമിക്കപ്പെട്ടു. ഈ സംഭവം ഇന്ത്യയിൽ തുർക്കി-ഇസ്ലാം ഭരണത്തിന്റെ ആരംഭം കുറിച്ചു. അവലംബം
പുറത്തേക്കുള്ള കണ്ണികൾ |