ടി. ഭാസ്കരൻ
ജീവിതരേഖ1929 ഓഗസ്റ്റ് 20-ന് (1105 ചിങ്ങം അവിട്ടം) ഇരിങ്ങാലക്കുടയിലെ ഒരു കർഷകകുടുംബത്തിലാണ് ടി. ഭാസ്കരൻ ജനിച്ചത്. അച്ഛൻ തറയിൽ തെയ്യൻ; അമ്മ ഇടച്ചാലിൽ ഇറ്റായ. എറണാകുളം മഹാരാജാസ് കോളേജിൽനിന്ന് ബിരുദം നേടി. സംസ്കൃതത്തിലും മലയാളത്തിലും ബിരുദാനന്തരപഠനത്തിനു ശേഷം ‘മലയാളകാവ്യശാസ്ത്രം: കൃഷ്ണഗാഥ അവലംബമാക്കി ഒരു പഠനം‘ എന്ന വിഷയത്തിൽ ഗവേഷണം നടത്തി. കൊല്ലം എസ്.എൻ. കോളേജ്, പാലക്കാട് വിക്റ്റോറിയ കോളേജ്, കേരള സർവകലാശാല, മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽ സംസ്കൃതം, മലയാളം എന്നിവയ്ക്ക് അധ്യാപകനായി സേവനമനുഷ്ഠിച്ചു. 1982 മുതൽ 1989 വരെ കേരള സർവകലാശാലയ്ക്കു കീഴിലുള്ള പൗരസ്ത്യഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് & ഹസ്തലിഖിതഗ്രന്ഥാലയത്തിന്റെ ഡയറക്ടറായിരുന്നു. വിരമിച്ച ശേഷം സർവകലാശാലയുടെ തന്നെ ശ്രീനാരായണപഠനകേന്ദ്രത്തിന്റെ ഓണററി ഡയറക്ടറായി അഞ്ചുവർഷം പ്രവർത്തിച്ചു. കേരള സര്വകലാശാല സെനറ്റ് അംഗം, കാലടി സർവകലാശാല സിൻഡിക്കേറ്റ് അംഗം എന്നീ പദവികളും വഹിച്ചിട്ടുണ്ട്. ഭാര്യ സജീബായി (മരണം:2009 ഒക്ടോബർ 2). മസ്തിഷ്കാഘാതം മൂലം 2010 ഓഗസ്റ്റ് 12-ന് [3](1185 കർക്കടകം 27) മരണമടഞ്ഞു. പ്രവർത്തനമണ്ഡലംശ്രീനാരായണഗുരുദർശനങ്ങളുടെ പഠിതാവ് എന്ന നിലയിലാണ് ഡോ. ടി. ഭാസ്കരൻ അറിയപ്പെടുന്നത്. ശ്രീനാരായണഗുരുവിന്റെ സമ്പൂർണ്ണകൃതികൾക്ക് 'വിദ്യോതിനി' എന്ന പേരിൽ അദ്ദേഹം എഴുതിയ വ്യാഖ്യാനം പ്രസിദ്ധമാണ്. കുമാരനാശാന്റെ പ്രരോദനത്തിന്റെ 'പ്രദ്യോതിനി' എന്ന വ്യാഖ്യാനമാണ് മറ്റൊന്ന്. കേരള സർവ്വകലാശാലാ ഹസ്തലിഖിതഗ്രന്ഥാലയത്തിന്റെ ഡയറക്റ്ററായിരിക്കെ നിരവധി ഗ്രന്ഥങ്ങൾ സംശോധനംചെയ്ത് പ്രസിദ്ധീകരിച്ചു. ഭാസനാടകങ്ങൾ മലയാളലിപിയിൽ ഭാസനാടകചക്രം എന്ന പേരിൽ പരമ്പരയായി പ്രസിദ്ധീകരിച്ചതാണ് അദ്ദേഹത്തിന്റെ ഒരു നേട്ടം. കൃഷ്ണഗാഥയെ സംബന്ധിച്ച അദ്ദേഹത്തിന്റെ പഠനങ്ങളും ' ഭാരതീയകാവ്യശാസ്ത്രം ' എന്ന ഗ്രന്ഥവും ഭാഷാവിദ്യാർത്ഥികൾ ആശ്രയിക്കുന്ന ആധികാരികഗ്രന്ഥങ്ങളാണ്. കൃതികൾ
പുരസ്കാരങ്ങൾ
അവലംബം
പുറത്തേക്കുള്ളാ കണ്ണി
|