ക്രിസ്തുമതം (ഭൂരിപക്ഷ റോമൻ കത്തോലിക്കരും, ന്യൂനപക്ഷ പ്രൊട്ട്സ്റ്റന്റ് വിഭാഗക്കാരും)
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
മറ്റ് ഫിലിപ്പീൻ ജനവിഭാഗങ്ങൾ
ടാഗലോഗ് ഭാഷയെക്കുറിച്ചറിയാൻ, ദയവായി ടാഗലോഗ് കാണുക.
ഫിലിപ്പീൻസിലെ ഒരു ജനവിഭാഗമാണ് ടാഗലോഗ്. രാജ്യത്തിലെ ആകെ ജനസംഖ്യയുടെ 21 ശതമാനത്തോളം വരും ഇവരുടെ എണ്ണം. ഇവിടത്തെ മറ്റു ജനവിഭാഗങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണെങ്കിലും ഫിലിപ്പീൻസ് ദേശീയ രാഷ്ട്രീയത്തിൽ ടാഗലോഗുകളാണ് മുന്നിട്ടു നിൽക്കുന്നത്. മലേഷ്യൻ ജനവിഭാഗമായ മലയൻ വംശജരായ ഇവരുടെ പൂർവികർ 13-ാം ശതകത്തോടെ ഫിലിപ്പീൻസിലെത്തിയെന്നു കരുതപ്പെടുന്നു. മധ്യ ലുസോണിലെ ഫലഭൂയിഷ്ഠമായ സമതലങ്ങളിലും മിൻഡോറോയിലുമാണ് ടാഗലോഗുകൾ ഏറെയും താമസമുറപ്പിച്ചിട്ടുള്ളത്. മനില മെട്രോപ്പൊളിറ്റൻ നഗരത്തിലും ക്വിസോൺ നഗരത്തിലും ഇവർ വളരെ കൂടുതലായി കേന്ദ്രീകരിച്ചിരിക്കുന്നു.
ഫിലിപ്പൈൻസിൽ ടാഗലോഗ് ജനവിഭാഗം വസിക്കുന്ന പ്രദേശങ്ങൾ.
മലയോ-പോളിനേഷ്യൻ വിഭാഗത്തിൽപ്പെടുന്ന 'ടാഗലോഗ്' ആണ് ഇവരുടെ ഭാഷ. ഇത് 'ഫിലിപ്പിനോ' എന്ന പേരിലും അറിയപ്പെടുന്നു. ഫിലിപ്പീൻസിലെ ദേശീയ ഭാഷയാണിത്. മനില മെട്രോപ്പൊളിറ്റൻ നഗരത്തിൽ കേന്ദ്രീകരിച്ചിട്ടുള്ള ടാഗലോഗുകൾക്ക് വിദേശികളുമായി ഇടപഴകാൻ ഏറെ അവസരം ലഭിച്ചിട്ടുണ്ട്. ചൈനക്കാരുംയൂറോപ്യൻമാരുംഅമേരിക്കക്കാരുമായി ഇവർക്ക് വിവാഹബന്ധമുണ്ടാവുകയും തദ്ഫലമായി ഇവരുടെ സന്തതിപരമ്പരകൾക്ക് ഫിലിപ്പീൻസുകാരുടെ തനതായ ശരീരഘടനയിൽ നിന്നും പ്രാദേശികാചാരങ്ങളിൽ നിന്നും അല്പാല്പമായ വ്യതിയാനങ്ങൾ വന്നുചേരുകയും ചെയ്തിട്ടുണ്ട്. കൃഷി, വ്യവസായം, വാണിജ്യം, ആരോഗ്യം, വിദ്യാഭ്യാസം, കല, രാഷ്ട്രീയം എന്നീ മേഖലകളിൾ ടാഗലോഗുകൾ മുൻപന്തിയിലാണ്. സ്പെയിനിൽ നിന്നും സ്വാതന്ത്ര്യം നേടാനായി പ്രവർത്തിച്ച ജോസ് റിസാൽ, ആന്ദ്രെ ബോണിഫാഷ്യോ, എമിലിയോ അഗ്വിനാൾഡോ തുടങ്ങിയ പ്രമുഖ വിപ്ലവകാരികളെയും മാനുവൽ ക്വിസോൺ, രമൺ മഗ്സാസെ തുടങ്ങിയ പ്രശസ്ത രാജ്യതന്ത്രജ്ഞരെയും ഫിലിപ്പീൻസിനു സംഭാവന ചെയ്തത് ഈ ജനവിഭാഗമാണ്.