ജോർജ് ബെസ്റ്റ്
വടക്കൻ അയർലന്റുകാരനായ ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനായിരുന്നു ജോർജ് ബെസ്റ്റ് (22 മെയ് 1946 – 25 നവംബർ 2005) . മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിനു വേണ്ടിയും വടക്കൻ അയർലന്റ് ദേശീയ ടീമിനുവേണ്ടിയും ഇദ്ദേഹം കളിച്ചിരുന്നു. വേഗത, ത്വരണം, സന്തുലനം, ഇരുകാലുകളുടെയും പ്രയോഗം, പ്രതിരോധക്കാരെ മറികടക്കുന്നതിലുള്ള മികവ് തുടങ്ങിയവ വിങ്ങറായി കളിച്ച ഇദ്ദേഹത്തിന്റെ കേളീശൈലിയുടെ പ്രത്യേകതകളായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച വർഷമായ 1968-ൽ, മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം യൂറോപ്യൻ കപ്പ് നേടുകയും യൂറോപ്പിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ശാരീരികക്ഷമത ഉള്ളപ്പോഴെല്ലാം സ്ഥിരമായി അദ്ദേഹം ദേശീയ ടീമിൽ ഇടം നേടിയിരുന്നു. 37 മത്സരങ്ങൾ കളിക്കുകയും 9 ഗോളുകൾ അടിക്കുകയും ചെയ്തെങ്കിലും ദേശീയ ടീമിനു ലോകകപ്പ് യോഗ്യത നേടിക്കൊടുക്കാൻ അദ്ദേഹത്തിനായില്ല. 1999-ൽ ഐ.എഫ്.എഫ്.എച്ച് നടത്തിയ നൂറ്റാണ്ടിലെ മികച്ച യൂറോപ്യൻ കളിക്കാരുടെ തെരെഞ്ഞെടുപ്പിൽ 11 -ാമനായും നൂറ്റാണ്ടിലെ മികച്ച ലോക കളിക്കാരുടെ തെരഞ്ഞെടുപ്പിൽ 16-ആമനായും ബെസ്റ്റ് തെരഞ്ഞെടുക്കപ്പെട്ടു. യുവെഫ സുവർണ്ണ ജൂബിലി തെരെഞ്ഞെടുപ്പിൽ ജെർഡ് മുള്ളറിനു പിറകിലായി 19-ാം സ്ഥാനം ഇദ്ദേഹം നേടി. വടക്കൻ അയർലന്റിലെ വളരെയധികം ആരാധിക്കപ്പെട്ട ഇദ്ദേഹത്തെപ്പറ്റി അവിടെ ഇങ്ങനെ ഒരു ചൊല്ലുണ്ട്: "മറഡോണ മികച്ചത്; പെലെ അതിനേക്കാൾ മികച്ചത്; ജോർജ് ഏറ്റവും മികച്ചത്." ("Maradona good; Pelé better; George Best.") താരപദവിയിലെത്തിയ ആദ്യ ഫുട്ബോൾ കളിക്കാരിലൊരാളായിരുന്നു ബെസ്റ്റ്. എന്നാൽ അതിരുവിട്ട ജീവിതശൈലി അമിത മദ്യപാനത്തിലേക്ക് നയിച്ചു. ബെസ്റ്റിന്റെ കളിജീവിതത്തിന് നേരത്തേ തിരശ്ശീല വീഴുന്നതിന് ഇത് കാരണമായി. വൃക്കയിലെ അണുബാധയെത്തുടർന്ന് വിവിധ അവയവങ്ങൾക്കുണ്ടായ തകരാറു മൂലം 2005-ൽ 59-ആം വയസ്സിൽ ഇദ്ദേഹം മരണമടഞ്ഞു. |