ജൂലിയൻ മൂർ
ജൂലിയൻ മൂർ (ജനനം: ജൂലി ആൻ സ്മിത്ത്, ഡിസംബർ 3, 1960) ഒരു അമേരിക്കൻ-ബ്രിട്ടീഷ് അഭിനേത്രിയും ബാലസാഹിത്യകാരിയുമാണ്. 1990-കളുടെ തുടക്കം മുതൽ തന്നെ ചലച്ചിത്രരംഗത്ത് സജീവമായിരുന്ന മൂർ ആർട്ട് ഫിലിമുകളിലും ഹോളിവുഡ് ചലച്ചിത്രങ്ങളിലും ഒരുപോലെ അഭിനയിച്ചു പോന്നു. വൈകാരിക പ്രശ്നങ്ങളുള്ള സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ പ്രശസ്തയായ അവർ മികച്ച നടിക്കുള്ള അക്കാദമി പുരസ്കാരമടക്കം ധാരാളം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ബോസ്റ്റൺ സർവകലാശാലയിലെ പഠനത്തിനു ശേഷം ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചു കൊണ്ടാണ് മൂർ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. 1985 മുതൽ 1988 വരെ സ്ഥിരമായി ആസ് ദി വേൾഡ് ടേൺസ് (As the World Turns) എന്ന സോപ്പ് ഓപ്പറയിൽ അഭിനയിക്കുകയും അതിലെ പ്രകടനത്തിന് ഡേടൈം എമ്മി പുരസ്കാരം (Daytime Emmy Award) നേടുകയും ചെയ്തു. ടേയ്‌ൽസ് ഫ്രം ദി ഡാർക്ക്സൈഡ്: ദി മൂവി എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തെത്തിയ അവർ തുടർന്നുള്ള നാല് വർഷങ്ങളിൽ ദി ഹാൻഡ് ദാറ്റ് റോക്സ് ദി ക്രാഡ്‌ൽ (1992) മുതലായ ത്രില്ലർ ചിത്രങ്ങളടക്കമുള്ളവയിൽ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു പോന്നു. പുറത്തേക്കുള്ള കണ്ണികൾJulianne Moore എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|