കന്നഡ എഴുത്തുകാരനും വ്യാകരണ പണ്ഡിതനും ലെക്സിക്കോഗ്രാഫറും സാഹിത്യ വിമർശകനുമാണ് ജി. വെങ്കടസുബ്ബയ്യ (23 ആഗസ്റ്റ് 1913 - 19 ഏപ്രിൽ 2021). പത്മശ്രീ പുരസ്കാരവും കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഭാഷാ സമ്മാൻ അവാർഡും ലഭിച്ചിട്ടുണ്ട്.[1] കന്നട സാഹിത്യത്തിൻെറ സഞ്ചരിക്കുന്ന എൻസൈക്ലോപീഡിയ എന്നാണ് അറിയപ്പെട്ടിരുന്നത്.
1913 ആഗസ്റ്റ് 23നു മാണ്ഡ്യയിലെ ശ്രീരംഗപട്ടണത്തെ ഗഞ്ചാം ഗ്രാമത്തിലാണ് ജനനം. മൈസൂരുവിലെ മഹാരാജ കോളജിൽനിന്നാണ് ബിരുദം പൂർത്തിയാക്കിയത്. ബിരുദാനന്തര ബിരുദത്തിനു ശേഷം മാണ്ഡ്യയിലെ മുനിസിപ്പൽ സ്കൂളിൽ അധ്യാപകനായി ജോലിയിൽ ചേർന്നു. തുടർന്ന് സംസ്ഥാനത്തെ വിവിധ കോളജുകളിലും സ്കൂളുകളിലും അധ്യാപകനായി ജോലി ചെയ്തു. ജോലിയിൽനിന്ന് വിരമിച്ച ശേഷം ബംഗളൂരുവിലായിരുന്നു സ്ഥിരതാമസം. 17 വർഷമായി ഇന്ത്യൻ ലെക്സിക്കോഗ്രാഫിക്കൽ അസോസിയേഷന്റെ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു.[2]
ഇദ്ദേഹത്തിൻെറ നേതൃത്വത്തിലാണ് 60 വർഷത്തെ നീണ്ട പരിശ്രമത്തിനൊടുവിൽ കന്നട ഭാഷയിലെ സമഗ്രമായ നിഘണ്ടു തയാറാക്കിയത്. 12 വാല്യങ്ങളുള്ള നിഘണ്ടുവിൻെറ ആദ്യപതിപ്പ് 1973ലാണ് പുറത്തിറങ്ങിയത്. കന്നടയിലെ ഏറ്റവും മികച്ചതും സമഗ്രവുമായ നിഘണ്ടുവായാണ് ഇത് അറിയപ്പെടുന്നത്. നിഘണ്ടു തയാറാക്കിയതിനൊപ്പം നിരവധി കന്നട സാഹിത്യനിരൂപണങ്ങളും വെങ്കടസുബ്ബയ്യ എഴുതി. 60ഓളം കൃതികൾ അദ്ദേഹത്തിൻെറ നേതൃത്വത്തിൽ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഥകളും കവിതകളും നോവലുകളുമെല്ലാം ഒരുപോലെ നിരൂപണം ചെയ്യാനുള്ള അദ്ദേഹത്തിൻെറ കഴിവ് ഏറെ പ്രശസ്തമായിരുന്നു. വിവിധ ഭാഷകളിൽനിന്ന് ഒട്ടേറെ കൃതികൾ കന്നടയിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. 2011ൽ ബംഗളൂരുവിൽ നടന്ന അഖില ഭാരത കന്നട സാഹിത്യസമ്മേളനത്തിന് ജി. വെങ്കടസുബ്ബയ്യയാണ് അധ്യക്ഷതവഹിച്ചത്.[3]
പത്തിലധികം നിഘണ്ടുക്കൾ തയ്യാറാക്കിയിട്ടുണ്ട്. ക്ലിഷ്ടപദ കോശ എന്ന കന്നഡ നിഘണ്ടുവിൽ സങ്കീർണമായ നിരവധി കന്നഡ പദങ്ങളുടെ അർത്ഥം വിശദീകരച്ചിരിക്കുന്നു. നിഘണ്ടു ശാസ്ത്രവുമായി ബന്ധപ്പെട്ട നാല് കന്നഡ ഗ്രന്ഥങ്ങൾ എഡിറ്റ് ചെയ്യുകയും എട്ട് വിവർത്തന ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
ആദ്യത്തെ ആധുനിക കന്നഡ-കന്നഡ നിഘണ്ടു രചിച്ചത് ജി. വെങ്കടസുബ്ബയ്യ ആണ്. 9,000 താളുകളുള്ള ഈ കന്നഡ-കന്നഡ നിഘണ്ടു എട്ട് ലക്കങ്ങളിലായി പ്രസിദ്ധീകരിച്ചത് കന്നഡ സാഹിത്യ പരിഷത്ത് ആണ്. ജി. വെങ്കടസുബ്ബയ്യ ഒരു കന്നഡ-ഇംഗ്ലീഷ് നിഘണ്ടുവും ക്ലിഷ്ടപദകോശ എന്ന കന്നഡയിലെ ക്ലിഷ്ട പദങ്ങൾ അടങ്ങിയ നിഘണ്ടുവും രചിച്ചിട്ടുണ്ട്.[4][5]
{{cite web}}