ജയിംസ് ഗാർഫീൽഡ്
അമേരിക്കൻ ഐക്യനാടുകളുടെ ഇരുപതാമത്തെ പ്രസിഡന്റായിരുന്നു ജയിംസ് ഗാർഫീൽഡ് - James Abram Garfield (നവംബർ 19, 1831 - സെപ്റ്റംബർ 19, 1881) 1881 മാർച്ച് മാസം മുതൽ ആ വർഷം സെപ്റ്റംബറിൽ വെടിയേറ്റ് മരിക്കുന്നതുവരെ അദ്ദേഹം സേവനമനുഷ്ഠിച്ചു. ഒരു പ്രാസംഗികനും അഭിഭാഷകനും ആഭ്യന്തരയുദ്ധ ജനറലുമായിരുന്ന ഗാർഫീൽഡ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവിൽ ഒമ്പത് തവണ സേവനമനുഷ്ഠിച്ച, പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു സിറ്റിംഗ് അംഗവുമാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നതിന് മുമ്പ്, ഒഹായോ ജനറൽ അസംബ്ലി അദ്ദേഹത്തെ യുഎസ് സെനറ്റിലേക്ക് തിരഞ്ഞെടുത്തിരുന്നു - പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അദ്ദേഹം ഈ സ്ഥാനം നിരസിച്ചു. ആദ്യകാലം1831 നവംബർ 19 ന്, ഒഹായോ സംസ്ഥാനത്തെ ഇപ്പോൾ മോർലാൻഡ് ഹിൽസിലുള്ള ഓറഞ്ച് ടൗൺഷിപ്പിലെ ഒരു തടികൊണ്ടുള്ള ഭവനത്തിൽ മാതാപിതാക്കളുടെ അഞ്ച് കുട്ടികളിൽ ഇളയവനായി ജെയിംസ് അബ്രാം ഗാർഫീൽഡ് ജനിച്ചു. ഗാർഫീൽഡിന്റെ പൂർവ്വികനായ എഡ്വേർഡ് ഗാർഫീൽഡ് 1630 ഓടെ ഇംഗ്ലണ്ടിലെ വാർവിക്ഷെയറിലെ ഹിൽമോർട്ടണിൽ നിന്ന് മസാച്യുസെറ്റ്സിലേക്ക് കുടിയേറി വ്യക്തിയായിരുന്നു. ന്യൂയോർക്കിലെ വോർസെസ്റ്ററിൽ ജനിച്ച ജെയിംസിന്റെ പിതാവായ അബ്രാം, തന്റെ ബാല്യകാല പ്രണയിനിയായ മെഹിതാബെൽ ബല്ലൂവിനെ വിവാഹം കഴിക്കുന്നതിനായയി ഒഹായോയിലേക്ക് വന്നുവെങ്കിലും അവളുടെ വിവാഹം കഴിഞ്ഞിരുന്നതിനാൽ ന്യൂ ഹാംഷെയറിൽ ജനിച്ച അവളുടെ സഹോദരി എലിസയെ അദ്ദേഹം വിവാഹം കഴിച്ചു. എലിസയുടെയും അബ്രാമിന്റെയും ശൈശവാവസ്ഥയിൽ മരിച്ച ഒരു മകന്റെ പേരാണ് ജെയിംസിന് നൽകപ്പെട്ടത്.[2] 1833 ന്റെ തുടക്കത്തിൽ, അബ്രാമും എലിസ ഗാർഫീൽഡും ഒരു സ്റ്റോൺ-കാംബെൽ പള്ളിയിൽ ചേരാൻ തീരുമാനിച്ചത് അവരുടെ ഇളയ മകന്റെ ജീവിതത്തെ സ്വാധീനിച്ചു. ആ വർഷം അവസാനം അബ്രാം മരണമടഞ്ഞതോടെ ജെയിംസ് ദാരിദ്ര്യത്തിലാണ് വളർന്നത്. ശക്തമായ ഇച്ഛാശക്തിയുള്ള അമ്മയുടെ നേതൃത്വത്തിലുള്ള അദ്ദേഹത്തിന്റെ കുടുംബം. അമ്മയുടെ പ്രിയപ്പെട്ട കുട്ടിയായിരുന്നു അദ്ദേഹം. ഇരുവരും ജീവിതകാലം മുഴുവൻ അടുപ്പത്തിലായിരുന്നു. എലിസ 1842 ൽ പുനർവിവാഹം കഴിച്ചുവെങ്കിലും താമസിയാതെ തന്റെ രണ്ടാമത്തെ ഭർത്താവായ വാറൻ (അല്ലെങ്കിൽ ആൽഫ്രഡ്) ബെൽഡനെ ഉപേക്ഷിക്കുകയും 1850 ൽ ഒരു അപമാനകരമായ വിവാഹമോചനം ലഭിക്കുകയും ചെയ്തു. ഈ വിഷയത്തിൽ അമ്മയുടെ പക്ഷം ചേർന്ന ജെയിംസ്, 1880 ലെ ബെൽഡന്റെ മരണം തന്റെ ഡയറിയിൽ സംതൃപ്തിയോടെ രേഖപ്പെടുത്തി. തന്റെ വംശപരമ്പരയെക്കുറിച്ചുള്ള അമ്മയുടെ കഥകളും ഗാർഫീൽഡ് ആവോളം ആസ്വദിച്ചു, പ്രത്യേകിച്ച് തന്റെ വെൽഷ് മുതുമുത്തച്ഛന്മാരെയും കേർഫില്ലി കാസിലിലെ നൈറ്റായി സേവനമനുഷ്ഠിച്ച ഒരു പൂർവ്വികനെയും കുറിച്ചുള്ള കഥകളും ഗാർഫീൽഡ് ആസ്വദിച്ചു.[3] ദരിദ്രനായ അദ്ദേഹം പിതാവിന്റെ മരണത്തോടെ സമപ്രായക്കാരുടെ പരിഹാസത്തിന് പാത്രമായിത്തീർന്നു. ജീവിതകാലം മുഴുവൻ അവഹേളനങ്ങളോട് സംവേദനക്ഷമതയുള്ളവനായി മാറിയ അദ്ദേഹം; അമിതമായ വായനയിലൂടെ ഇത്തരം സാഹചര്യങ്ങളിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. 1847-ൽ 16-ാം വയസ്സിൽ വീട് വിട്ടിറങ്ങിയ അദ്ദേഹത്തിന്, ക്ലീവ്‌ലാൻഡിലെ തുറമുഖത്തുള്ള ഒരേയൊരു കപ്പലിൽ ജോലി ചെയ്യാൻ കഴിഞ്ഞില്ല. പകരം ഗാർഫീൽഡ് ഒരു കനാൽ ബോട്ടിൽ ജോലി കണ്ടെത്തുകയും അത് വലിക്കുന്ന കോവർകഴുതകളെ നിയന്ത്രിക്കുകയും ചെയ്തു. 1880-ൽ ഗാർഫീൽഡിന്റെ പ്രചാരണ ജീവചരിത്രം എഴുതിയപ്പോൾ ഹൊറേഷ്യോ അൾജർ പിന്നീട് അദ്ദേഹത്തിന്റെ ഈ അധ്വാന സാഹചര്യം നല്ല രീതിയിൽ ഉപയോഗിച്ചു.[4] കുറിപ്പുകൾ
അവലംബം
|