ചുരുളൻ
ചരിത്രം1756ൽ ഫ്രഞ്ച് ജ്യോതിശാസ്ത്രനായ നികൊളാസ് ലൂയി ദെ ലകലൈൽ ആണ് ഈ രാശിയെ അവതരിപ്പിച്ചത്. കോമ്പസിനെ പ്രതിനിധീകരിക്കുന്ന ലെ കോമ്പസ് എന്ന ഫ്രഞ്ച് പേരാണ് അദ്ദേഹം ഇതിന് നൽകിയത്.[1] സാമാന്തരികം, ദക്ഷിണ ത്രിഭുജം എന്നിവക്ക് അദ്ദേഹം കൊടുത്ത ഫ്രഞ്ച് പേരുകൾ റൂളർ, സെറ്റ്സ്ക്വയർ എന്നീ ഉപകരണങ്ങളുടേതായിരുന്നു.[2] 1763ൽ ലാറ്റിൻ നാമങ്ങളോടു കൂടി അദ്ദേഹം തന്റെ നക്ഷത്ര മാപ്പ് പരിഷ്കരിച്ചപ്പോളാണ് ഇപ്പോൾ പൊതുവായി ഉപയോഗിക്കുന്ന സിർസിനസ് (Circinus) എന്ന പേര് നൽകിയത്.[1] പ്രത്യേകതകൾസെന്റാറസ് നക്ഷത്രഗണം, മഷികം, സ്വർഗപതംഗം, സമാന്തരികം, ദക്ഷിണ ത്രിഭുജം എന്നിവയാണ് ചുരുളനു ചുറ്റുമുള്ള മറ്റു നക്ഷത്രരാശികൾ. 1930 ബൽജിയൻ ജ്യോതിശാസ്ത്രജ്ഞനായ യൂജീൻ ഡെൽപോർട്ട് ആണ് ഇതിന്റെ ഔദ്യോഗിക അതിരുകൾ നിർണ്ണയിച്ചത്. 14 വശങ്ങളുള്ള ബഹുഭൂജാകൃതിയിലാണ് ഇതിന്റെ അതിരുകൾ. ഖഗോളരേഖാംശം 13മ. 38.4മി.നും 15മ. 30.2മി.നും ഇടയിലും അവനമനം −55.43° നും −70.62°നും ഇടയിലും ആണ് ഈ രാശിയുടെ സ്ഥാനം.[3] 1922ൽ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന "Cir" എന്ന ചുരുക്കപ്പേര് അനുവദിച്ചു.[4] നക്ഷത്രങ്ങൾവളരെ മങ്ങിയ നക്ഷത്രങ്ങൾ മാത്രമേ ഈ രാശിയിലുള്ളു. കാന്തിമാനം 4ൽ കൂടുതലുള്ള ഒരു നക്ഷത്രം മാത്രമേ ഇതിലുള്ളു.[5] ഭൂമിയിൽ നിന്നും 54 പ്രകാശവർഷം അകലെ കിടക്കുന്ന ആൽഫാ സിർസിനി ഒരു മുഖ്യധാരാ നക്ഷത്രം ആണ്. ആൽഫാ സെന്റോറിയുടെ 4° തെക്കുഭാഗത്ത് കാണുന്ന ഇതിന്റെ ദൃശ്യകാന്തിമാനം 3.19 ആണ്.[6] വളരെ വേഗത്തിൽ ദോലനം ചെയ്യുന്ന എ പി നക്ഷത്രങ്ങളിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രമാണ് ഇത്. A7 Vp SrCrE എന്ന അസാധാരണമായ സ്പെക്ട്രൽ വിഭാഗത്തിലാണ് ഇത് ഉൾപ്പെടുന്നത്. ഇത് സ്ട്രോൺഷിയം, ക്രോമിയം, യൂറോപ്പിയം എന്നീ മൂലകങ്ങൾ ഈ നക്ഷത്രം പുറംതള്ളുന്നുണ്ട് എന്നതിന്റെ സൂചനയാണ്. ഈ തരം നക്ഷത്രങ്ങൾ വിചിത്രമായ കാന്തികക്ഷേത്രം ഉള്ളവയും നേരിയ തോതിൽ തിളക്കവ്യത്യാസം ഉള്ളവയും ആയിരിക്കും.[7] ആൽഫാ സിർസിനി ഒരു ദ്വന്ദ്വ നക്ഷത്രമാണ്. രണ്ടാമത്തേത് സ്പെക്ട്രൽ തരം K5 ആയതും കാന്തിമാനം 8.5 ഉള്ളതുമായ ഒരു ഓറഞ്ചു കുള്ളൻ നക്ഷത്രമാണ്.[7] കാഴ്ചയിൽ ഇവ തമ്മിലുള്ള അകലെ 5.7 കോണീയ സെക്കന്റുകൾ മാത്രമായതിനാൽ ദൂരദർശിനിയിൽ കൂടി മാത്രമേ വേർതിരിച്ചു കാണാൻ കഴിയൂ.[5][8] യഥാർത്ഥത്തിൽ ഇവ തമ്മിലുള്ള അകലം 260 അസ്ട്രോണമിക്കൽ യൂണിറ്റ് ആണ്. പൊതു കേന്ദ്രത്തെ ചുറ്റി ഒരു പരിക്രമണം പൂർത്തിയാക്കാൻ എടുക്കുന്ന സമയം 2600 വർഷം ആണ്.[7] സ്പെക്ട്രൽ തരം A3Va ആയ ബീറ്റ സിർസിനി ഭൂമിയിൽ നിന്നും ഏകദേശം 100 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്നു. ഇതിന്റെ കാന്തിമാനം 4.07 ആണ്.[9] ഇതിന് സൂര്യന്റെ ഏകദേശം 1.8 മടങ്ങ് വലിപ്പമുണ്ട്.[10] ഭൂമിയിൽ നിന്ന് 450 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഗാമ സിർസിനി ഒരു ദ്വന്ദ്വനക്ഷത്രം ആണ്.[11] ഇവ തമ്മിലുള്ള അകലം 0.8 കോണീയ സെക്കന്റ് മാത്രമാണ്. അതുകൊണ്ട് ഈ നക്ഷത്രങ്ങളെ വേർതിരിച്ചു കാണണമെങ്കിൽ ഒരു 150മി.മീറ്റർ ദൂരദർശിനി വേണം.[5][8] ഇതിലെ തിളക്കം കൂടിയ നക്ഷത്രത്തിന്റെ കാന്തിമാനം 4.5 ആണ്. സ്പെക്ട്രൽ തരം B5IV+ ആയ നീല നക്ഷത്രമാണിത്.[11] തിളക്കം കുറഞ്ഞ മഞ്ഞ നക്ഷത്രത്തിന്റെ കാന്തിമാനം 5.5 ആണ്.[12] ഇവ പരസ്പരം ഒരു പരിക്രമണം പൂർത്തിയാക്കാൻ 180 വർഷം എടുക്കുന്നുണ്ട്.[5] ഡെൽറ്റ സിർസിനി മറ്റൊരു ബഹുനക്ഷത്രവ്യവസ്ഥയാണ്. രണ്ടു ഘടകഭാഗങ്ങളിൽ ഒന്നിന്റെ കാന്തിമാനം 5.1ഉം രണ്ടാമത്തേതിന്റെ കാന്തിമാനം 13.4ഉം ആണ്. ഇവ 3.9 ദിവസം കൊണ്ടാണ് പൊതുകേന്ദ്രത്തെ ചുറ്റി ഒരു പ്രദക്ഷിണം പൂർത്തിയാക്കുന്നത്. ഇതിലെ തിളക്കം കൂടിയ ഘടകം മറ്റൊരു ഗ്രഹണദ്വന്ദ്വം ആണ്.[5] ഇവയോരോന്നും സൂര്യന്റെ 22ഉം 12ഉം മടങ്ങ് പിണ്ഡമുള്ളവയാണ്.[13] 3600 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം.[14] ഇതിലെ പ്രധാനപ്പെട്ട രണ്ടു ഘടകങ്ങൾ 50 കോണീയസെക്കന്റ് അകലത്തിലാണ് കാണപ്പെടുന്നത്. നല്ല കാഴ്ചശക്തിയുള്ള ഒരാൾക്ക് നഗ്നനേത്രങ്ങൾ കൊണ്ടു തന്നെ ഇവയെ വേർതിരിച്ചറിയാൻ കഴിയും.[5] ഈറ്റ സിർസിനി ഭൂമിയിൽ നിന്നും 276 പ്രകാശവർഷം അകലെ കിടക്കുന്ന മഞ്ഞഭീമൻ നക്ഷത്രമാണ്. സ്പെക്ട്രൽ തരം G8III ആയ ഇതിന്റെ കാന്തിമാനം 5.17 ആണ്.[15] സീറ്റ സിർസിനി ഒരു മുഖ്യധാരാ നക്ഷത്രമാണ്. ഇതിന്റെ സ്പെക്ട്രൽ തരം B3Vഉം കാന്തിമാനം 6.09ഉം ആണ്. ഭൂമിയിൽ നിന്നുള്ള അകലം 1273 പ്രകാശവർഷം ആണ്.[16] 493 വേരിയബിൾ നക്ഷത്രങ്ങൾ ചുരുളനിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മിക്കവയും വളരെ മങ്ങിയതാണ്.[17] തീറ്റ സിർസിനി, ടി സിർസിനി, എ എക്സ് സിർസിനി എന്നിവയാണ് പ്രധാനപ്പെട്ട മൂന്ന് നക്ഷത്രങ്ങൾ.[18][19] കാന്തിമാനം 5നും 5.4നും ഇടയിൽ മാറിക്കൊണ്ടിരിക്കുന്ന ക്രമരഹിത ചരനക്ഷത്രമാണ് തീറ്റ സിർസിനി.[5] ടി സിർസിനിയുടെ കാന്തിമാനം 10.6നും 9.3നും ഇടയിലാണ് മാറിക്കൊണ്ടിരിക്കുന്നത്. 3.298 ദിവസമാണ് ഇതിനെടുക്കുന്നത്.[18] ഇതൊരു ഗ്രഹണചരനക്ഷത്രമാണ്.[20] എ എക്സ് ഒരു സെഫീഡ് ചരനക്ഷത്രം ആണ്. 5.3 ദിവസം കൊണ്ട് ഇതിന്റെ കാന്തിമാനം 5.6നും 6.19നും ഇടയിൽ മാറിക്കൊണ്ടിരിക്കും.[19] ഇത് സ്പെക്ട്രൽ തരം F8II+ൽ പെട്ട ഒരു മഞ്ഞ അതിഭീമൻ നക്ഷത്രമാണ്. ഭൂമിയിൽ നിന്നും 1600 പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.[21] ബി പി സിർസിനി മറ്റൊരു സെഫീഡ് ചരനക്ഷത്രം ആണ്. 2.4 ദിവസങ്ങൾക്കിടയിൽ ഇതിന്റെ ദൃശ്യകാന്തിമാനം 7.37നും 7.71നും ഇടയിൽ മാറിക്കൊണ്ടിരിക്കും.[22] രണ്ടു സെഫീഡുകളും സ്പെക്ട്രോസ്കോപിക് ദ്വന്ദ്വങ്ങളാണ്. ഇവയുടെ സ്പെക്ട്രൽ തരം B6 ആണ്. ഇവയിൽ ഒന്നിന് സൂര്യന്റെ 5 മടങ്ങു പിണ്ഡവും മറ്റേതിന് സൂര്യന്റെ 4.7 മടങ്ങു പിണ്ഡവുമുണ്ട്.[23] ബി എക്സ് സിർസിനി വളരെ മങ്ങിയ നക്ഷത്രമാണ്. ഇതിന്റെ കാന്തിമാനം 12.57നും 12.62നും ഇടയിൽ മാറിക്കൊണ്ടിരിക്കുന്നു. ഇതിനെടുക്കുന്ന സമയം 2 മണിക്കൂറും 33 മിനിറ്റുമാണ്.[24] ഇതിലെ 99 ശതമാനവും ഹീലിയം ആണ്. ഹീലിയവും കാർബൺ അഥവാ ഓക്സിജനും അടങ്ങിയ രണ്ടു വെള്ളക്കുള്ളന്മാർ കൂടിച്ചേർന്നായിരിക്കും ഈ നക്ഷത്രം രൂപം കൊണ്ടത് എന്നു കരുതപ്പെടുന്നു.[25] ഏറെ തിളക്കമുള്ള നക്ഷത്രങ്ങൾ ചുരുളനിൽ ഇല്ലെങ്കിലും സ്വന്തമായി ഗ്രഹങ്ങളുള്ള കുറേ നക്ഷത്രങ്ങൾ ഇതിലുണ്ട്. HD 13406 സൂര്യനെപ്പോലെയുള്ള ഒരു മഞ്ഞക്കുള്ളൻ നക്ഷത്രമാണ്. 79 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഇതിന്റെ സ്പെക്ട്രൽ തരം G0VFe+0.4ഉം കാന്തിമാനം 6.29ഉം ആണ്.[26] 2011ൽ ഇതിന്റെ രണ്ടു ഗ്രഹങ്ങളെ കണ്ടെത്തി. ചെറിയ ഗ്രഹമായ HD 134060 bക്ക് 0.0351 വ്യാഴപിണ്ഡമാണുള്ളത്. മാതൃനക്ഷത്രത്തിൽ നിന്നു 0.0444 സൗരമാത്ര അകലെ കിടക്കുന്ന ഈ ഗ്രഹം 3.27 ദിവസം കൊണ്ടാണ് ഒരു പരിക്രമണം പൂർത്തിയാക്കുന്നത്.[27] വലിയ ഗ്രഹമായ HD 134060 cക്ക് 0.15 വ്യാഴപിണ്ഡമാണുള്ളത്. മാതൃനക്ഷത്രത്തിൽ നിന്ന് 2.226 സൗരദൂരം അകലെയുള്ള ഇതിന് ഒരു പരിക്രമണം പൂർത്തിയാക്കാൻ 1161 ദിവസങ്ങൾ ആവശ്യമാണ്.[28] 220 പ്രകാശവർഷം അകലെ കിടക്കുന്ന HD 129445ന്റെ കാന്തിമാനം 8.8 ആണ്. 2010ൽ റേഡിയോ വെലോസിറ്റി സങ്കേതം ഉപയോഗിച്ച് HD 129445 b എന്ന ഗ്രഹത്തെ കണ്ടെത്തി. സൂര്യന്റ പിണ്ഡത്തിന്റെ 99% വരും ഇതിന്റെ പിണ്ഡം. 1.6 വ്യാഴപിണ്ഡമുള്ള മാതൃനക്ഷത്രത്തിൽ നിന്ന് 2.9 സൗരദൂരം അകലെയാണ് ഇതിന്റെ ഭ്രമണപഥം. 1840 ദിവസമാണ് ഒരു പരിക്രമണത്തിനെടുക്കുന്ന സമയം.[29] ജ്യോതിശാസ്ത്രവസ്തുക്കൾ![]() ചുരുളനിൽ മൂന്നു താരവ്യൂഹങ്ങളും ഒരു ഗ്രഹനീഹാരികയും ഉണ്ട്. ഇവ സാധാരണ ദൂരദർശിനികൾ ഉപയോഗിച്ചു കാണാനാവും. 8000 വർഷം പ്രായമുള്ള ക്വാഡ്‌വെൽ 88 എന്നുകൂടി അറിയപ്പെടുന്ന എൻ ജി സി 5823 ഭൂമിയിൽ നിന്നും 3500 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്.[5] 12 പ്രകാശവർഷം വിസ്താരമുണ്ട് ഇതിന്.[30] ഇതിന്റെ കാന്തിമാനം 7.9 ആണ്.[5] 10 കോണീയ സെക്കന്റ് വിസ്താരമുള്ള ഇതിൽ 80നും 100നും ഇടയിൽ നക്ഷത്രങ്ങൾ ഉണ്ട്.[19] 10 ആണ് ഇതിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രത്തിന്റെ കാന്തിമാനം. ഈ ഭാഗത്ത് കാണുന്ന തിളക്കമുള്ള നക്ഷത്രങ്ങൾ യഥാർത്ഥത്തിൽ ഈ വ്യൂഹത്തിൽ ഉൾപ്പെടുന്നവയല്ല. അവ താരതമ്യേന ഭൂമിയോടടുത്ത് കിടക്കുന്നവയാണ്.[31] ഇംഗ്ലീഷിലെ 'S' എന്ന അക്ഷരം തിരിച്ചിട്ടതു പോലെ എന്നാണ് ജോൺ ഹെർഷെൽ എൻ ജി സി 5823നെ വിശേഷിപ്പിച്ചത്.[30][32] തുലിപ് പൂവിനോടും പെട്ടിയോടും ഇതിന്റെ ആകൃതിയെ താരതമ്യം ചെയ്തിട്ടുണ്ട്.[31] നിരീക്ഷകർക്ക് വൃകം നക്ഷത്രരാശിക്കു സമീപത്തുള്ള എൻ ജി സി 5822മായി ഇതു മാറിപ്പോകാനുള്ള സാദ്ധ്യതയുണ്ട്.[33] എൻ ജി സി 5715 താരതമ്യേന മങ്ങിയതും ചെറുതുമായ ഒരു തുറന്ന താരവ്യൂഹമാണ്. ഇതിന്റെ ആകെ കാന്തിമാനം 9.8ഉം ഏറ്റവും തിളക്കം കൂടിയ നക്ഷത്രത്തിന്റെ കാന്തിമാനം 11ഉം ആണ്. 30 നക്ഷത്രങ്ങൾ മാത്രമാണ് ഇതിലുള്ളത്. മൂന്നാമത്തെ തുറന്ന താരവ്യൂഹമായ പിസ്മിസ് 20ൽ 12 നക്ഷത്രങ്ങൾ മാത്രമേ ഉള്ളു എങ്കിലും തിളക്കം എൻ ജി സി 5823നോട് ഏകദേശം തുല്യമാണ്. ഇതിന്റെ കാന്തിമാനം 7.8 ആണ്. 8270 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഇതിനെ 300mmൽ കൂടുതൽ അപർച്ചറുള്ള ദൂരദർശിനി ഉപയോഗിച്ച് കാണാൻ കഴിയും.[18] ![]() ആൽഫ സിർസിനിയിൽ നിന്നും 5.2 ഡിഗ്രി അകലെ കിടക്കുന്നു എൻ ജി സി 5315. ഇതിന്റെ കാന്തിമാനം 9.8 ആണ്.[34] ബേർണസ് കാറ്റലോഗിൽ 1971ൽ ആദ്യമായി ലിസ്റ്റു ചെയ്ത ഇരുണ്ട റിഫ്ലൿഷൻ നെബുലയാണ് ബേർണസ് നെബുല. 1977ലാണ് സിർസിനസ് താരാപഥം കണ്ടെത്തുന്നത്.[19] ഇതിന്റെ കാന്തിമാനം 10.6 ആണ്. ആകാശഗംഗയോട് അടുത്ത് കാണപ്പെടുന്ന താരാപഥങ്ങൾ പൊതുവെ ഇത്രയും തിളക്കത്തിൽ കാണപ്പെടാറില്ല. ഭൂമിയിൽ നിന്നും 130 ലക്ഷം പ്രകാശവർഷം ഈ സർപ്പിള താരാപഥത്തിന്റെ വ്യാസം 26,000 പ്രകാശവർഷം ആണ്.[18] ആകാശഗംഗയുടെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന സെയ്ഫർട്ട് ഗാലക്സി ആണ് ഇത്.[35] സജീവമായ ഒരു താരാപഥകേന്ദ്രവും ഇതിലുണ്ട്.[36] ![]() ന്യൂട്രോൺ നക്ഷത്രം ഉൾപ്പെടുന്ന എക്സ്-റേ ദ്വന്ദ്വ നക്ഷത്രവ്യവസ്ഥയാണ് സിർസിനസ് എക്സ് -1. 2007 ജൂലൈയിൽ നടത്തിയ നിരീക്ഷണത്തിൽ തമോദ്വാരങ്ങളിൽ സാധാരണയായി കാണപ്പെടുന്ന എക്സ്-റേ ജെറ്റുകളുടെ സാന്നിധ്യം കണ്ടെത്തി.[37] 19,000 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന പൾസാർ പിഎസ്‌ആർ ബി 1509-58 സിർസിനസ് പൾസാർ എന്നും അറിയപ്പെടുന്നു. അതിന്റെ ദക്ഷിണധ്രുവത്തിൽ നിന്ന് 20 പ്രകാശവർഷം നീളമുള്ള ഒരു പ്രവാഹം എക്‌സ്‌റേ സ്പെക്ട്രത്തിൽ വ്യക്തമായി കാണാം.[38] ചുരുളനിലെ മറ്റൊരു സൂപ്പർനോവാ അവശിഷ്ടം എസ്എൻ 185 ആണ്. സി ഇ 185 ൽ ചൈനീസ് നിരീക്ഷകർ ഇത് എട്ട് മാസത്തോളം രാത്രി സമയത്ത് കാണാൻ കഴിഞ്ഞിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ആർസിഡബ്ല്യു 86 എന്നറിയപ്പെടുന്ന ഇതിന്റെ അവശിഷ്ടങ്ങൾ പൂർണ്ണചന്ദ്രനെക്കാൾ വലിപ്പത്തിൽ പരന്നു കിടക്കുന്നു.[39] വളരെ അടുത്തു കിടക്കുന്ന രണ്ടു നക്ഷത്രങ്ങളടങ്ങിയ ഒരു ദ്വന്ദ്വനക്ഷത്രവ്യവസ്ഥയിലെ വെള്ളക്കുള്ളൻ നക്ഷത്രം പൊട്ടിത്തെറിച്ച് നോവയാവുന്നതു വരേക്കും സഹനക്ഷത്രത്തിൽ നിന്ന് ദ്രവ്യം വലിച്ചെടുത്തു കൊണ്ടിരിക്കും.[40] ഈ നക്ഷത്രങ്ങളുടെ കാന്തിമാനം സാധാരണയായി 7നും 16 നും ഇടയിലായിരിക്കും.[41] എക്സ് സിർസിനി എന്നു കൂടി അറിയപ്പെടുന്ന നോവാ സിർസിനി 1926ന്റെ കാന്തിമാനം 1926 സെപ്റ്റംബർ 4ന് 6.5 വരെ എത്തിയിരുന്നു. 1928ൽ ഇത് 11.7നും 12.5നും ഇടയിൽ ചാഞ്ചാടിക്കൊണ്ടിരുന്നു. 1929ൽ 13ലേക്കെത്തി.[42] നോവ സിർസിനി 1995 ( ബി വൈ സിർസിനി) 1995 ജനുവരിയിലാണ് അതിന്റെ പരമാവധി കാന്തിമാനത്തിലെത്തിയത്. ഇത് 7.5 ആയിരുന്നു.[40] ബി ഡബ്ലിയു സിർസിനി ഒരു എക്സ് റേ ദ്വന്ദ്വനക്ഷത്രമാണ്. ഇതിൽ 8 സൗരപിണ്ഡമുള്ള ഒരു തമോദ്വാരവും ഒരു മഞ്ഞ ഭീമൻ നക്ഷത്രവുമുണ്ട്.[43] 1987ലും 1997ലും എക്സ്-റേ വിസ്ഫോടനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.[44] അവലംബം
നിർദ്ദേശാങ്കങ്ങൾ:
88 ആധുനിക നക്ഷത്രരാശികൾ
|