ചാൾസ് നേപ്പിയർ
ബ്രിട്ടീഷ് ഇന്ത്യൻ സേനയുടെ സർവ്വസൈന്യാധിപനായിരുന്ന ബ്രിട്ടീഷ് സൈനികനായിരുന്നു ചാൾസ് ജെയിംസ് നേപ്പിയർ (ജീവിതകാലം: 1782 ഓഗസ്റ്റ് 10 – 1853 ഓഗസ്റ്റ് 29). 1843-ൽ സിന്ധ് പ്രവിശ്യ, ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്തത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. 1849 മുതൽ 1851 വരെ ഇന്ത്യയിലെ സർവ്വസൈന്യാധിപനായിരുന്ന ഇദ്ദേഹം ബോംബെ പ്രെസിഡൻസിയുടെ ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഇന്ത്യയിൽ സിവിലിയൻ സർക്കാരിനുപകരം സൈന്യത്തിന്റെ നേതൃത്വത്തിലുള്ള ഭരണം വേണമെന്നായിരുന്നു നേപ്പിയറുടെ മതം.[1] ഇന്ത്യയിലെ ജോലിക്കാലംഉപദ്വീപീയയുദ്ധത്തിന്റെ കാലഘട്ടത്തിലാണ് നേപ്പിയർ തന്റെ സൈനികജീവിതം ആരംഭിച്ചത്. കൊറുണയിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച അദ്ദേഹത്തിന് കാര്യമായ പരിക്കുപറ്റുകയും ചെയ്തു. ഇന്ത്യയിലെത്തുമ്പോൾ അദ്ദേഹത്തിന് 60 വയസായിരുന്നു. 1843-ൽ നേപ്പിയർ സിന്ധ് പിടിച്ചടക്കിയപ്പോൾ അദ്ദേഹത്തിന്റെ തന്നെ രാഷ്ട്രീയ ഏജന്റുമാരുടെയും ഹൈദരാബാദിലെ ബ്രിട്ടീഷ് പ്രതിനിധിയായിരുന്ന ജെയിംസ് ഔട്ട്രാമിന്റെയും ഉപദേശങ്ങൾ ചെവിക്കൊണ്ടില്ലെന്നതിന്റെ പേരിൽ വിവാദപുരുഷനായിരുന്നു. ജടപിടിച്ച മുടിയും നീണ്ട താടിയുമടങ്ങിയ നേപ്പിയറുടെ വിചിത്രരൂപവും ശ്രദ്ധേയമായിരുന്നു. ഇന്ത്യയിലെ സൈനികസേവനം കഴിഞ്ഞ് ഇംഗ്ലണ്ടിലെത്തിയപ്പോൾ ഇന്ത്യൻ കൗൺസിലിൽ സ്ഥാനത്തിനായി ശ്രമിച്ചെങ്കിലും സിവിലിയൻ ഭരണത്തോടുള്ള വൈമുഖ്യം കൊണ്ടാവണം, ഡയറക്റ്റർ ബോർഡ് അത് നല്കിയില്ല. രണ്ടാം ആംഗ്ലോ-സിഖ് യുദ്ധത്തിന്റെ അവസാനഘട്ടത്തിൽ ജനറൽ ഹ്യൂ ഗഫ് കമാൻഡർ ഇൻ ചീഫ് സ്ഥാനത്തുനിന്ന് വിരമിച്ച് നാട്ടിലേക്കു തിരിച്ചപ്പോൾ ഡ്യൂക്ക് വെല്ലിങ്ടന്റെ ശുപാർശപ്രകാരം, നേപ്പിയർ ഈ സ്ഥാനത്തേക്ക് നിയമിക്കപ്പെട്ടു. എന്നാൽ സ്ഥാനമേൽക്കാൻ 1849 മേയിൽ അദ്ദേഹം ഇന്ത്യയിലെത്തിയപ്പോഴേക്കും യുദ്ധം അവസാനിച്ചിരുന്നു. ഇത് അദ്ദേഹത്തെ നിരാശപ്പെടുത്തി. നേപ്പിയറുടെ നിയമനം തുടക്കത്തിൽ പഞ്ചാബ് ഭരണബോർഡ് അദ്ധ്യക്ഷനായ ഹെൻറി ലോറൻസ് സ്വാഗതം ചെയ്തിരുന്നു. എന്നാൽ 1849 വേനൽക്കാലം പകുതിയായപ്പോഴേക്കും സൈനികവിന്യാസത്തെക്കുറിച്ചും, പഞ്ചാബിലെ സേനാകേന്ദ്രങ്ങളുടെ സ്ഥാനത്തിന്റെ കാര്യത്തിലും ബോർഡും നേപ്പിയറുമായി അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തു. ലാഹോറിലെ അനാർക്കലി കന്റോൺമെന്റ് അവിടെനിന്നു മാറ്റണമെന്ന നേപ്പിയറുടെ തീരുമാനം ഹെൻറിയും നേപ്പിയറും തമ്മിലുള്ള തർക്കത്തിലെ പ്രധാനവിഷയമായിരുന്നു. ഭരണബോർഡിന് മുൻ വിമതർ ഉണ്ടാക്കിയ ശല്യത്തേക്കാൾ അധികമാണ് മുഖ്യസേനാധിപനെക്കൊണ്ടുണ്ടായതെന്നുവരെ ഹെൻറി പറഞ്ഞു. ബോർഡും നേപ്പിയറും തമ്മിലുള്ള തർക്കത്തിൽ ഗവർണർ ജനറലായ ഡൽഹൗസി ഇടപെടുകയും സിവിൽ വിഷയങ്ങളും സൈനികവിഷയങ്ങളും പരമാവധി വേർതിരിച്ചുനിർത്തണമെന്നും ബോർഡും നേപ്പിയറും അവരുടേതല്ലാത്ത കാര്യങ്ങളിൽ ഇടപെടരുതെന്നു നിർദ്ദേശിച്ചു. ശമ്പളക്കാര്യം ഉന്നയിച്ച് കലാപമുയർത്തിയ ഗോവിന്ദ്ഗഡിലെ ഒരു സേനാവിഭാഗത്തിന് കൂടുതൽ ശമ്പളം നൽകി കലാപം അവസാനിപ്പിക്കാനുള്ള നേപ്പിയറുടെ തീരുമാനം അതിരുകടന്നതാണെന്ന് ഡൽഹൗസി വിമർശിച്ചു. ഇതേത്തുടർന്ന് നേപ്പിയർ 1851-ൽ സർവ്വസൈന്യാധിപസ്ഥാനത്തുനിന്ന് നേപ്പിയർ രാജിവച്ചു.[1] ഈ സംഭവത്തിനുശേഷം ഇന്ത്യയിലെ കമ്പനിഭരണത്തിനെയും പഞ്ചാബിലെ ബോർഡ് ഭരണത്തെയും വിമർശിച്ചുകൊണ്ട് ഡിഫെക്റ്റ്സ്, സിവിൽ ആൻഡ് മിലിറ്ററി, ഓഫ് ദ ഇന്ത്യൻ ഗവൺമെന്റ് എന്ന ഒരു പുസ്തകം നേപ്പിയർ എഴുതിയിരുന്നു.[2] നേപ്പിയറുടെ മരണശേഷമാണ് ഈ പുസ്തകം പുറത്തുവന്നത്. അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|