ചാരനിറപ്പാത്ര സംസ്കാരം![]() ക്രി.മു. 1100 മുതൽ ക്രി.മു. 350 വരെ ഗംഗാതടത്തിൽ നിലനിന്ന ഒരു അയോയുഗ പുരാവസ്തു സംസ്കാരമാണ് ചാരനിറപ്പാത്ര സംസ്കാരം (Painted Grey Ware culture, അഥവാ PGW). ഇത് കറുപ്പും ചുവപ്പും മൺപാത്ര സംസ്കാരത്തിന് സമകാലികമായും അതിന് ശേഷവും നിലനിന്നു. ഈ സംസ്കാരത്തിന്റെ കാലഘട്ടം പിൽക്കാല വേദ കാലഘട്ടം ആണെന്ന് കരുതപ്പെടുന്നു. ഈ സംസ്കാരത്തിനു പിന്നാലെ ക്രി.മു. 500-ഓടെ വടക്കൻ മിനുസപ്പെടുത്തിയ കറുപ്പ് മൺപാത്ര സംസ്കാരം നിലവിൽ വന്നു. കറുപ്പിൽ ജ്യാമിതീയരൂപങ്ങൾ വരച്ച, ചാരനിറത്തിലുള്ള മൺപാത്രങ്ങളാണ് ഈ ശൈലിയുടെ സവിശേഷത.[1] ചാരനിറപ്പാത്ര സംസ്കാരം ഗ്രാമ-പട്ടണ വാസസ്ഥലങ്ങൾ, വളർത്തു കുതിരകൾ, ആനക്കൊമ്പ് കൊണ്ടുള്ള ശില്പങ്ങൾ, ഇരുമ്പിന്റെ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.[2] 2018-ലെ കണക്കനുസരിച്ച് 1,576 ചാരനിറപ്പാത്രസംസ്കാര ഇടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മിക്ക ചാരനിറപ്പാത്രസൈറ്റുകളും ചെറിയ കാർഷിക ഗ്രാമങ്ങളായിരുന്നുവെങ്കിലും, നിരവധി ചാരനിറപ്പാത്രസൈറ്റുകൾ താരതമ്യേന വലിയ വാസസ്ഥലങ്ങളായി ഉയർന്നുവന്നു. അവയെ പട്ടണങ്ങളായി കരുതിപ്പോരുന്നു. ഇവയിൽ ഏറ്റവും വലുത് കിടങ്ങുകളോ മരം കൊണ്ടുള്ള വേലികളോ കൊണ്ടുറപ്പിച്ചതായിരുന്നു. എന്നിരുന്നാലും ഈ വേലികൾ ബി.സി. ഇ 600-നു ശേഷം വലിയ നഗരങ്ങളിൽ ഉയർന്നുവന്ന വിപുലമായ കോട്ടകളേക്കാൾ ചെറുതും ലളിതവുമായിരുന്നു.[3] ചാരപ്പാത്ര സംസ്കാരത്തിലെ മൺപാത്ര ശൈലി ഇറാനിയൻ പീഠഭൂമിയിലെയും അഫ്ഗാനിസ്ഥാനിലെയും മൺപാത്ര ശൈലിയിൽ നിന്നും വ്യത്യസ്തമാണ് (ബ്രയന്റ് 2001). ചില സ്ഥലങ്ങളിൽ (ഖനന സ്ഥലങ്ങളിൽ), ചാരപ്പാത്ര സംസ്കാരത്തിലെ മൺപാത്രങ്ങളും പിൽക്കാല ഹാരപ്പൻ മൺപാത്രങ്ങളും ഒരേ കാലത്ത് നിർമ്മിച്ചവയാണ്. [4] പുരാവസ്തു ശാസ്ത്രജ്ഞനായ ജിം ഷാഫറിന്റെ അഭിപ്രായത്തിൽ (1984:84-85) "ഇന്നത്തെ നിലയിൽ, പുരാവസ്തു ഖനനഫലങ്ങൾ ചാരനിറപ്പാത്ര സംസ്കാരവും തദ്ദേശീയമായ ചരിത്രാതീത സംസ്കാരങ്ങളും തമ്മിലുള്ള തുടർച്ചയിൽ ഒരു വിടവും കാണിക്കുന്നില്ല." ചക്രബർത്തിയുടെയും (1968) മറ്റ് വിചക്ഷണന്മാരുടെയും അഭിപ്രായത്തിൽ, ഭക്ഷ്യവസ്തുക്കളുടെ ക്രമമായ ഉപയോഗവും (ഉദാ: അരിയുടെ ഉപയോഗം), ചാരനിറപ്പാത്ര സംസ്കാരത്തിന്റെ മറ്റ് മിക്ക സ്വഭാവവിശേഷങ്ങളും കിഴക്കേ ഇന്ത്യയിലും തെക്ക് കിഴക്കേ ഇന്ത്യയിലുമാണ് കാണപ്പെട്ടത്. അവലംബം
ഇതും കാണുകപുറത്തുനിന്നുള്ള കണ്ണികൾ
|