ഗ്വാങ്ഡോങ്
ദക്ഷിണ ചൈനാക്കടലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ദക്ഷിണ ചൈനയിലെ ഒരു പ്രവിശ്യയാണ് ഗ്വാങ്‌ഡോങ്(ഉച്ചാരണം:ⓘ). ഹെനാൻ, ഷാൻഡോങ് പ്രവിശ്യകളെ പിന്തള്ളി ചൈനയിലെ ഏറ്റവും ജനസംഖ്യയുള്ള പ്രവിശ്യ എന്ന സ്ഥാനം 2005-ൽ ഗ്വാങ്‌ഡോങ് നേടി. ജനുവരി 2005 ൽ 79.1 ദശലക്ഷം സ്ഥിരതാമസക്കാരും 31 ദശലക്ഷം കുടിയേറ്റക്കാരും ഗ്വാങ്‌ഡോങിൽ രജിസ്റ്റർ ചെയ്യപ്പെട്ടു.[5][6] 2010 ലെ കാനേഷുമാരിയിൽ 104,303,132 ആയിരുന്നു ഗ്വാങ്‌ഡോങിലെ ജനസംഖ്യ. ഇത് ചൈനയിലെ ആകെ ജനസംഖ്യയുടെ 7.79 ശതമാനമാണ്.[7] ഇത് ദക്ഷിണേഷ്യക്കു പുറത്തുള്ള പ്രഥമതല ഭരണപ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പ്രദേശം എന്ന ഖ്യാതി ഗ്വാങ്‌ഡോങിന് നൽകുന്നു. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയും[8] ഇന്ത്യയിലെ ബീഹാർ, മഹാരാഷ്ട്ര, ഉത്തർ പ്രദേശ് സംസ്ഥാനങ്ങളും[9] മാത്രമാണ് ജനസംഖ്യയിൽ ഗ്വാങ്‌ഡോങിനെ കവച്ചു വെക്കുന്നത്. പ്രവിശ്യാ ആസ്ഥാനമായ ഗ്വാങ്ജോ, സാമ്പത്തിക തലസ്ഥാനമായ ഷെൻസെൻ എന്നിവ ചൈനയിലെ തന്നെ ഏറ്റവും കൂടുതൽ ജനവാസമുള്ളവയും പ്രാധാന്യമുള്ളവയുമാണ്. 2010-ലെ സെൻസസിന് ശേഷം ജനസംഖ്യാ വളർച്ച കുറവാണ്. 2015 ലെ കണക്കനുസരിച്ച് 108,500,000 ജനങ്ങളാണ് ഗ്വാങ്‌ഡോങിൽ വസിക്കുന്നത്.[10] കാലങ്ങളായി ഗ്വാങ്‌ഡോങ് പ്രവിശ്യാഭരണം ജനകീയ ചൈനക്ക് കീഴിലാണ്. എന്നാൽ ദക്ഷിണ ചൈനാക്കടലിലെ പ്രറ്റസ് ദ്വീപസമൂഹങ്ങൾ ചൈന റിപ്പബ്ലിക്കിന്റെ (തായ്‌വാൻ) കീഴിലാണ്. ഇവ ചൈനീസ് ആഭ്യന്തരയുദ്ധം വരെ ഗ്വാങ്‌ഡോങ് പ്രവിശ്യക്ക് കീഴിലായിരുന്നു.[11][12] 1989 മുതൽ തുടർച്ചയായി ഗ്വാങ്‌ഡോങ് പ്രവിശ്യകളുടെ ജി.ഡി.പി. പട്ടികയിൽ ഏറ്റവും മുന്നിലാണ്. ജിയാങ്‌സു, ഷാങ്‌ഡോങ് എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ചൈനീസ് വൃത്തങ്ങൾക്കനുസരിച്ച് 2017-ൽ ഗ്വാങ്‌ഡോങ് ജി.ഡി.പി. 1.42 ലക്ഷം കോടി ഡോളർ (8.99 ലക്ഷം കോടി യെൻ) ആണ്. ഇത് ഏകദേശം മെക്സിക്കോയുടെ അത്ര വരും. ഗ്വാങ്‌ഡോങ് പ്രവിശ്യ ചൈനയുടെ ദേശീയ സാമ്പത്തിക ഉത്പാദനത്തിന്റെ ഏകദേശം 12% പ്രദാനം ചെയ്യുന്നു. ഒട്ടുമുക്കാലും ചൈനീസ് കമ്പനികളുടെയും വിദേശ കമ്പനികളുടെയും ഉത്പാദന സൗകര്യങ്ങളും കാര്യാലയങ്ങളും ഗ്വാങ്‌ഡോങിലാണ് സ്ഥിതിചെയ്യുന്നത്. കൂടാതെ ചൈനയിലെ ഏറ്റവും വലിയ കയറ്റുമതി ഇറക്കുമതി വ്യാപാരമേളയായ കാന്റൺ ഫെയറിന് ആതിഥേയത്വം വഹിക്കുന്നതും ഗ്വാങ്‌ഡോങിലെ ഗ്വാങ്‌ജോ നഗരമാണ്. സ്ഥലനാമ ചരിത്രംഗ്വാങ് എന്ന ചൈനീസ് വാക്കിന് വിസ്താരമുള്ള അല്ലെങ്കിൽ വിസ്‌തൃതമായ എന്നാണർത്ഥം. എഡി 226-ൽ പ്രീഫെക്ച്ചർ ഉണ്ടാക്കിയപ്പോളേ ഈ വാക്ക് ആ ഭൂമികയോട് ചേർന്നിരുന്നു. ഗ്വാങ്‌ഡോങ്, അയൽപ്രവിശ്യയായ ഗ്വാങ്‌ക്സി എന്നിവക്ക് യഥാക്രമം വിസ്‌തൃതമായ പൂർവം, വിസ്‌തൃതമായ പശ്ചിമം എന്നാണർത്ഥം. ഇവയെ ഒന്നിച്ച് രണ്ട് വിസ്തൃതികൾ എന്ന് പറയുന്നു. സോങ് രാജവംശത്തിന്റെ കാലത്ത് രണ്ടു വിസ്‌തൃതികളെ വിഭജിച്ച് ഗ്വാങ്‌നൻ ഡോങ്ലു, ഗ്വാങ്‌നൻ ക്സിലു എന്നീ പ്രദേശങ്ങളാക്കി. ഈ പേരുകൾ ലോപിച്ചാണ് ഗ്വാങ്‌ഡോങ്, ഗ്വാങ്‌ക്സി എന്നീ പേരുകളുണ്ടായത്. ഭൂമിശാസ്ത്രംഗ്വാങ്ഡോങ് തെക്കോട്ട് ദക്ഷിണ ചൈനാക്കടലിനെ അഭിമുഖമായി സ്ഥിതിചെയ്യുന്നു. 4300 കിലോമീറ്റർ കടൽത്തീരം ഗ്വാങ്‌ഡോങ് പ്രവിശ്യക്കുണ്ട്. ലൈജോ ഉപദ്വീപാണ് പ്രവിശ്യയുടെ തെക്കുപടിഞ്ഞാറൻ അതിർത്തി. ലൈജോ ഉപദ്വീപിൽ നിഷ്ക്രിയ അഗ്നിപർവ്വതങ്ങൾ കാണപ്പെടുന്നു. മൂന്ന് നദികൾ കൂടിച്ചേരുന്ന - പൂർവ നദി, ഉത്തര നദി, പശ്ചിമ നദി - സ്ഥാനമാണ് പേൾ നദീ ഡെൽറ്റ. ഇവിടം അസംഖ്യം ചെറു ദ്വീപുകളാൽ നിറഞ്ഞിരിക്കുന്നു. പ്രവിശ്യ രാജ്യത്തിൻറെ വടക്കുഭാഗവുമായി നാൻ പർവതങ്ങൾ എന്ന് വിളിക്കപ്പെടുന്ന മലനിരകളാൽ വേർതിരിക്കപ്പെട്ടിരിക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് 6240 അടി ഉയരമുള്ള ഷികെങ്കോങ്ങ് ആണ് ഗ്വാങ്‌ഡോങിലെ ഏറ്റവും ഉയരമുള്ള കൊടുമുടി. ഗ്വാങ്‌ഡോങിന്റെ അതിർത്തികൾ വടക്കുകിഴക്ക് ഫ്യുജിയാൻ പ്രവിശ്യ,വടക്ക് ജിയാങ്ക്സി, ഹുനാൻ പ്രവിശ്യകൾ, പടിഞ്ഞാറ് ഗുവാങ്ക്സി സ്വയംഭരണ പ്രദേശം, തെക്ക് ഹോങ്കോങ്, മക്കാവു എന്നിവയാണ്. ലൈജോ ഉപദ്വീപിൽ നിന്ന് കടലിനക്കരെയാണ് ഹൈനാൻ പ്രവിശ്യ. പേൾ നദീ ഡെൽറ്റക്ക് പരിസരത്തുള്ള നഗരങ്ങൾ ഡോൻഗുവാൻ, ഫൊഷാൻ, ഗ്വാങ്‌ജോ, ഹുയിജോ, ജിയാങ്‌മെൻ, ഷെൻജെൻ, ഷുണ്ടേ, തൈഷാൻ, ജോങ്ഷാൻ, ജുഹൈ എന്നിവയാണ്. പ്രവിശ്യയിലെ മറ്റുള്ള പ്രധാന നഗരങ്ങൾ ചാജോ, ചെങ്ഹായ്, നാൻഹായ്, ഷാൻടൗ, ഷാവോഗ്വാൻ, ജാൻജിയാങ്, ജോക്വിങ്, യാങ്ജിയാങ്,യുൻഫു എന്നിവയാണ്. ഗ്വാങ്‌ഡോങ് കാലാവസ്ഥ ആർദ്രതയുള്ള ഉപഉഷ്ണമേഖലാ കാലാവസ്ഥയാണ്. മഞ്ഞുകാലം നീളം കുറഞ്ഞതും, ലഘുവും, ഉണങ്ങിയതുമാണ്. എന്നാൽ വേനൽക്കാലം നീണ്ടതും നല്ല ചൂടും ആർദ്രതയും ഉള്ളതാണ്.ജനുവരിയിലും ജൂലൈയിലും ഗ്വാങ്‌ഡോങിൽ 18 ഡിഗ്രിയും 33 ഡിഗ്രിയും താപനില കാണപ്പെടുന്നു. ആർദ്രത ഉള്ള താപനില കൂടുതലായതായി തോന്നിപ്പിക്കുന്നു. തീരങ്ങളിൽ മഞ്ഞുവീഴ്ച സാധാരണമല്ലെങ്കിലും വളരെ ഉള്ളിലുള്ള സ്ഥലങ്ങളിൽ അപൂർവമായി ഉണ്ടാവാറുണ്ട്. അവലംബം
|