ഗീയസ് ഭാഷ![]() തെക്കൻ സെമറ്റിക് ഭാഷാഗോത്രത്തിൽ പെട്ട ആഫ്രിക്കയിലെ ഒരു പുരാതന ഭാഷയാണ് ഗീയസ് (Ge'ez). ആഫ്രിക്കയുടെ കൊമ്പിൽ(Horn of Africa) എറിത്രിയ, വടക്കൻ എത്യോപ്യ പ്രദേശങ്ങളിലാണ് അത് വികസിച്ചുവന്നതും ഉപയോഗത്തിലിരിക്കുന്നതും. അത്ര കൃത്യതയോടെയല്ലെങ്കിലും "എത്യോപ്പിക്" എന്നും ഈ ഭാഷയെ വിളിക്കാറുണ്ട്. ഏറെക്കാലം അത് അസ്കം രാഷ്ട്രത്തിന്റേയും എത്യോപ്യൻ രാജകുടുംബത്തിന്റേയും ഔദ്യോഗിക ഭാഷയായിരുന്നു. ഇന്ന് ഗീയസ് ഭാഷ നിലനിൽക്കുന്നത് എത്യോപ്യയിലെ മതവിഭാഗങ്ങളിൽ പലതിന്റേയും മുഖ്യ ആരാധനാഭാഷ എന്ന നിലയിലാണ്. എത്യോപ്യൻ ഓർത്തഡോക്സ് സഭ, എറിത്രിയൻ ഓർത്തഡോക്സ് സഭ, എത്യോപ്യൻ കത്തോലിക്കാ സഭ, ഇരുപതാം നൂറ്റാണ്ടിൽ എത്യോപ്യയിൽ നിന്ന് ഇസ്രായേലിലേയ്ക്ക് മാറ്റപ്പെട്ട "ബേതാ യിസ്രായേൽ" യഹൂദസമൂഹം എന്നിവയാണ് ഗീയസ് ഭാഷയിൽ വിശുദ്ധലിഖിതങ്ങൾ സൂക്ഷിക്കുന്നതും ദൈവാരാധന നടത്തുന്നതും. ഉത്ഭവംതെക്കൻ സെമറ്റിക് ഭാഷയായാണ് ഗീയസ് വർഗ്ഗീകരിക്കപ്പെട്ടിരിക്കുന്നത്. ആധുനിക ഏറിത്രിയയും വടക്കൻ എത്യോപ്യയും ചേർന്ന പ്രദേശത്ത് ക്രി.മു. 8-7 നൂറ്റാണ്ടുകളിൽ നിലവിലിരുന്ന ഡിമറ്റ് രാജ്യത്ത് തെക്കൻ അറേബ്യൻ ലിപിയിൽ രാജകീയശാസനങ്ങൾ എഴുതാൻ ഉപയോഗിച്ചിരുന്ന ആദിമ എത്യോ-സെമറ്റിക് ഭാഷ പരിണമിച്ചുണ്ടായതാണത്. കാലക്രമേണ തെക്കൻ അറേബ്യൻ ലിപിയുടെ സ്ഥാനം ഗീയസ് ലിപി കയ്യടക്കി. ആദ്യകാല ഗീയസ് ഭാഷയേയും ലിപിയേയും സംബന്ധിച്ച തെളിവുകൾ ക്രിസ്തുവിനു മുൻപ് അഞ്ചാം നൂറ്റാണ്ടോളം ചെന്നെത്തുന്നു.[1] ഒരു തരം ആദിമ ഗീയസ് ക്രിസ്തുവിനു മുൻപ് എട്ടാം നൂറ്റാണ്ടിൽ പോലും എഴുതപ്പെട്ടിരുന്നു. സാഹിത്യചരിത്രം5 മുതൽ 7 വരെ നൂറ്റാണ്ടുകൾ![]() ഗീയസ് ഭാഷയിൽ നിലവിലുള്ള ഏറ്റവും പഴയ കൈയെഴുത്തു പ്രതി 5-6 നൂറ്റാണ്ടുകളിലെ ഗരിമാ സുവിശേഷങ്ങളാണെന്ന് കരുതപ്പെടുന്നു.[2] ക്രിസ്തുവർഷം 494-ൽ ബൈസാന്തിയ സാമ്രാജ്യത്തിലെ മതപരമായ പീഡനത്തിൽ നിന്ന് രക്ഷപെടാൻ എത്യോപ്യയിലെത്തിയതായി കരുതപ്പെടുന്ന നവദിവ്യന്മാരിൽ(9 Saints) ഒരാളായിരുന്ന ഗരിമയുടെ പേരിലാണ് അതറിയപ്പെടുന്നത്. "അസ്ക്മം യുഗം" എന്നറിയപ്പെടുന്ന ഈ ആദ്യ കാലഘട്ടത്തിലേതായി ലഭ്യമായ രചനകൾ എല്ലാം തന്നെ ക്രിസ്തീയമത സാഹിത്യമാണ്. അവയിൽ പലതും ഗ്രീക്ക്, സുറിയാനി, കോപ്റ്റിക്, ഒടുവിലാകുമ്പോൾ അറബി തുടങ്ങിയ ഭാഷകളിൽ നിന്നുള്ള പരിഭാഷകളാണ്. "നവദിവ്യന്മാർ" എന്നറിയപ്പെടുന്ന 9 സിറിയൻ സന്യാസികളാണ് 5-6 നൂറ്റാണ്ടുകളിൽ ക്രിസ്തീയ ബൈബിളിനെ ഗീയസ് ഭാഷയിലേയ്ക്കു മൊഴിമാറ്റം ചെയ്തത്. ഈ എത്യോപ്യൻ ബൈബിളിൽ, 46 പഴയനിമഗ്രന്ഥങ്ങളും 35 പുതിയനിയമഗ്രന്ഥങ്ങളും ചേർന്ന് മൊത്തം 81 പുസ്തകങ്ങളുണ്ട്; ഇവയിൽ ഏശയ്യായുടെ സ്വർഗ്ഗാരോഹണം, ജൂബിലികൾ, ഈനോക്കിന്റെ പുസ്തകം, നോഹയുടെ പുസ്തകം എന്നിവ പോലുള്ള ചിലതൊക്കെ, ഇതര ഇതരക്രിസ്തീയസഭകൾ അംഗീകരിക്കാത്തവയാണ്. ഗീയസ് ഭാഷയിൽ മാത്രം സമ്പൂർണ്ണ രൂപത്തിൽ ലഭിച്ചിട്ടുള്ള ഈനോക്കിന്റെ പുസ്തകം, ജൂബിലികൾ എന്നിവ പ്രത്യേകം ശ്രദ്ധേയമാണ്. എത്യോപ്യൻ ദൈവശാസ്ത്രത്തിലെ അടിസ്ഥാന ഗ്രന്ഥമായ ക്വെർലോസ് എന്ന കൃതിയും ഈ ആദ്യകാലങ്ങളിലെ സൃഷ്ടിയാണ്. വിശുദ്ധ സിറിളിന്റെ "ഹമാനോത്ത് റിത്തീത്" ഉൾപ്പെടെയുള്ള ഒരുകുട്ടം ക്രിസ്തുശാസ്ത്രരചനകളുടെ ശേഖരമാണത്. പക്കോമിയൂസിന്റെ സന്യാസനിയമങ്ങളുടെ പരിഭാഷയായ "സെരാത്ത പക്നേമിസ്" ആണ് മറ്റൊരു പ്രധാന കൃതി. യൂറോപ്പിൽ വളരെ പ്രചാരമുള്ള 'ഫിസിയോലോഗസ്' എന്ന പ്രകൃതിശാസ്ത്രഗ്രന്ഥത്തിന്റെ പരിഭാഷ ഇക്കാലത്തെ മതേതര രചനകളിൽ ഒന്നാണ്. [3] 13, 14 നൂറ്റാണ്ടുകൾഅസ്കം രാഷ്ട്രത്തിന്റെ പതനം ഗീയസ് സാഹിത്യത്തിൽ ഒരു നിഷ്ഫലകാലത്തിനു തുടക്കമിട്ടു; എട്ടുമുതൽ പന്ത്രണ്ടു വരെ നൂറ്റാണ്ടുകളിലേതായി ഒരു രചനയും കണ്ടുകിട്ടിയിട്ടില്ല. 1270-ൽ ഒരു സോളമനിക രാജവംശം ഉയർന്നുവന്നതോടുകൂടിയാണ് ഈ സ്ഥിതിക്കു മാറ്റം വന്നു പുതിയ രചനകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. തുടർന്ന്, 14-ആം നൂറ്റാണ്ടുമുതലുള്ള ഒരു കാലഘട്ടം ഗീയസ് സാഹിത്യത്തിലെ സുവർണ്ണയുഗമാണെന്നു പോലും കരുതുന്നവരുണ്ട്. എന്നാൽ അപ്പോഴേയ്ക്ക് സാധാരണജനങ്ങളുടെ സംസാരഭാഷയെന്ന സ്ഥാനം ഗീയസിനു മിക്കവാറും നഷ്ടപ്പെട്ടിരുന്നു. ആ സ്ഥാനം തെക്കൻ ദേശങ്ങളിൽ അംഹാറിക്ക് ഭാഷയും, വടക്കൻ ദേശങ്ങളിൽ തിഗ്രിഗ്നാ, തൈഗ്രേ ഭാഷകളും കയ്യടക്കിയെന്നതിനു ഒട്ടേറെ തെളിവുകളുണ്ട്. എങ്കിലും മദ്ധ്യകാല യൂറോപ്പിൽ ലത്തീൻ എന്ന പോലെ, ഔദ്യോഗിക ലിഖിതഭാഷ എന്ന സ്ഥാനം 19-ആം നൂറ്റാണ്ടു വരെ ഗീയസ് നിലനിർത്തി. രക്തസാക്ഷികളുടെ നടപടികൾ, അപ്പസ്തോലന്മാരുടെ നടപടികൾ എന്നീ പേരുകളുള്ള ഓരോ ഗ്രന്ഥങ്ങൾ എത്യോപ്യൻ സഭയിലെ വിശുദ്ധന്മാരെക്കുറിച്ചുള്ള ഒരു കൃതി എന്നിവ ഇക്കാലത്തെ രചനകളിൽ ചിലതാണ്. മരുഭൂമിയിലെ അന്തോനീസ്, ഗീവർഗീസ് തുടങ്ങിയ പുണ്യവാന്മാരുടെ ജീവചരിത്രങ്ങളും ഇക്കാലത്ത് രചിക്കപ്പെട്ടു.
പിൽക്കാലംമതവും സാഹിത്യവുംസാഹിത്യത്തിന്റെ മതാഭിമുഖ്യം![]() ഗീയസ് ഭാഷയിലെ പ്രധാനകൃതികളിൽ മിക്കവയും എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ മതസാഹിത്യം കൂടിയാണ്. ഉത്തരകാനോനികങ്ങൾ അടക്കമുള്ള ബൈബിൾ ഗ്രന്ഥങ്ങളായിരുന്നു അതിൽ മുന്നിട്ടു നിന്നത്. ശുശ്രൂഷാക്രമങ്ങൾ, പ്രാർത്ഥനകൾ, കീർത്തനങ്ങൾ, പുണ്യവാന്മാരുടെ ചരിതങ്ങൾ, ആദിമസഭാപിതാക്കന്മാരുടെ ലിഖിതങ്ങൾ(Patristic Literature) എന്നിവയും ഈ മതോന്മുഖ സാഹിത്യത്തിന്റെ ഭാഗമായി. 14-ആം നൂറ്റാണ്ടു മുതൽ 19-ആം നൂറ്റാണ്ടു വരെ എത്യോപ്യൻ പുണ്യവാളന്മാരുടെ ചരിതങ്ങൾ തന്നെ 200-ഓളം എണ്ണം രചിക്കപ്പെട്ടു.
മതേതര സാഹിത്യംബൈബിൾ പശ്ചാത്തലമായുള്ള ധാർമ്മികരചനകളാണ് ഗീയസ് സാഹിത്യത്തിൽ മുന്നിട്ടുനിൽക്കുന്നതെന്നു പറയാമെങ്കിലും മദ്ധ്യകാലത്തേതും ആധുനികകാലത്തിന്റെ ആരംഭത്തിലേതുമായ അനേക സ്വതന്ത്ര മതേതര രചനകളും ആ ഭാഷയിലുണ്ട്. ചരിത്രം, നാളാഗമങ്ങൾ, നിയമങ്ങൾ, ഭാഷാശാസ്ത്രം, വൈദ്യം, സാധാരണ കത്തുകൾ എന്നിവയും അതിന്റെ സാഹിത്യസമ്പത്തിന്റെ ഭാഗമാണ്. ബ്രിട്ടീഷ് ഗ്രന്ഥശാലയിലെ എത്യോപ്യൻ ശേഖരത്തിൽ 15 മുതൽ 20 വരെ നൂറ്റാണ്ടുകാലത്തെ 800-ഓളം കൈയെഴുത്തുപ്രതികളുണ്ട്. 16, 17 നൂറ്റാണ്ടുകളിലെ മന്ത്രങ്ങളും, ദൈവപ്രീതിസൂത്രങ്ങളുടെ ചുരുളുകളും സചിത്രരചനകളും അവയിൽ ഉൾപ്പെടുന്നു. 1830-40-കളിൽ ആംഗ്ലിക്കൻ പ്രേഷിതസമൂഹം സംഭാവന ചെയ്ത 74 ഗ്രന്ഥങ്ങളിൽ തുടങ്ങിയ ആ ശേഖരം 1868-ൽ എത്യോപ്യയിലെ തെവൊദ്രോസ് രണ്ടാമൻ രാജാവിന്റെ തലസ്ഥാനമായ മഗ്ദലയിലേക്കുള്ള ബ്രിട്ടീസ് ദൗത്യസംഘം ഏടുത്തുകൊണ്ടുപോന്ന 349 പുസ്തകങ്ങൾ ചേർന്നു വികസിച്ചു. ലിപിവ്യവസ്ഥആ ഭാഷയ്ക്കു വേണ്ടി പ്രത്യേകം രൂപപ്പെടുത്തിയ ഒരു ലിപിയിലാണ് ഗീയസ് എഴുതുന്നത്. ഇടത്തു നിന്ന് വലത്തോട്ടെഴുതുന്ന ഈ ലിപി എത്യോപ്പിക്ക്, ഗീയസ് അബുഗിഡാ എന്നൊക്കെ അറിയപ്പെടുന്നു. മറ്റു ഭാഷകൾ, പ്രത്യേകിച്ച് ഗീയസ് ഉൾപ്പെടുന്ന സെമറ്റിക് ഗോത്രത്തിൽ പെട്ടവ, എഴുതുവാനും ഗീയസ് ലിപി ഉപയോഗിക്കാറുണ്ട്. ഗീയസിനു പുറമേ ഈ ലിപി ഉപയോഗിക്കുന്ന പ്രധാനഭാഷകൾ എത്യോപ്യയിലെ അംഹാറിക്, എറിത്രിയായിലും എത്യോപ്യയിലും പ്രചാരത്തിലുള്ള തിഗ്രിന്യാ എന്നിവയാണ്. ആ ഭാഷകളിൽ ഈ ലിപി അറിയപ്പെടുന്നത് ഫിദാൽ എന്നാണ്. ലിപി, അക്ഷരമാല എന്നൊക്കെയാണ് ആ വാക്കിന് അർത്ഥം. സെബാത്ബീറ്റ്, മീയൻ, അഗ്യൂ എന്നിവയുൾപ്പെടെ എത്യോപ്യയിലെ ഇതരഭാഷകളും എറിത്രിയായിലെ ടിഗ്രെ, ബ്ലിൻ ഭാഷകളും ഈ ലിപി ഉപയോഗിച്ചാണെഴുതുന്നത്. ആഫ്രിക്കൻ കൊമ്പിലെ (Horn of Africa) ഒറോമോ പോലുള്ള മറ്റുചില ഭാഷകളും നേരെത്തെ ഈ ലിപിയിൽ എഴുതിയിരുന്നെങ്കിലും ഇപ്പോൾ അവ റോമൻ ലിപിയെ അടിസ്ഥാനമാക്കിയ എഴുത്തുവ്യവസ്ഥയിലേക്കു മാറി. അവലംബം
|