ഗാലിയം
സ്വഭാവസവിശേഷതകൾമൂലകരൂപത്തിലുള്ള ഗാലിയം പ്രകൃതിയിൽ കാണപ്പെടുന്നില്ല. എന്നാൽ സ്മെൽടിങ്ങിലൂടെ ഇതിനെ വളരെ എളുപ്പത്തിൽ നിർമ്മിക്കാനാവും. അതിശുദ്ധമായ ഗാലിയം ലോഹത്തിന് തിളക്കമുള്ള വെള്ളി നിറമാണ്. ഖരലോഹത്തിന്റെ പൊട്ടൽ ഗ്ലാസിന്റേതിന് സമാനമാണ്. ഖരാവസ്ഥയിലേക്ക് മാറുമ്പോൾ ഗാലിയം 3.1% വികസിക്കുന്നു. ഗ്ലാസ്, ലോഹം എന്നിവകൊണ്ടുള്ള ഉപകരണങ്ങളിൽ, തണുപ്പിക്കുമ്പോൾ പൊട്ടിപ്പോകാൻ സാധ്യതയുള്ളതിനാൽ ഗാലിയം സൂക്ഷിക്കാറില്ല. ദ്രാവകാവസ്ഥയിൽ ഖരാവസ്ഥയേക്കാൾ സാന്ദ്രതയുള്ള അപൂർവം ചില വസ്തുക്കളിൽ ഒന്നാണ് ഗാലിയം. ജെർമേനിയം, ബിസ്മത്, ആന്റിമണി, ജലം എന്നിവയാണ് ഈ പ്രത്യേകതയുള്ള മറ്റ് ചില വസ്തുക്കൾ. ഗാലിയം മിക്ക ലോഹങ്ങളേയും ലാറ്റൈസ് ആയി ഡിഫ്യൂസ് ചെയ്യുന്നു. 29.76 °Cൽ ദ്രവീകരിക്കുന്നതിനാൽ ഒരു മനുഷ്യന്റെ കയ്യിലെടുത്താൽ ഗാലിയം ദ്രാവകമാകുന്നു. റൂം താപനയിലോ അതിനടുത്തോ ദ്രവാവകാവസ്ഥയിലാകുന്ന ലോഹങ്ങളിൽ ഒന്നാണ് ഗാലിയം. സീസിയം, റുബിഡിയം, ഫ്രാൻസിയം, മെർക്കുറി എന്നിവയാണ് മറ്റുള്ളവ. മെർക്കുറിയിൽ നിന്ന് വ്യത്യസ്തമായി ദ്രാവക ഗാലിയം ഗ്ലാസിനേയും ത്വക്കിനേയും നനയ്ക്കുന്നു. വിഷാംശം കുറവാണെങ്കിലും ഈ പ്രത്യേകതയുള്ളതിനാൽ ദ്രാവക ഗാലിയത്തെ കൈകാര്യം ചെയ്യുന്നത് പ്രയാസമാണ്. ഉയർന്ന ശുദ്ധതയുള്ള ഗാലിയം ധാതു അംലങ്ങളിൽ സാവധാനം ലയിക്കുന്നു. ഗാലിയത്തിന് ശ്രദ്ധേയമായ ചില സ്വഭാവസവിശേഷതകൾ ചുവടെ സംഗ്രഹിച്ചിരിക്കുന്നു:
ഗാലിയത്തിന്റെ സ്പെക്ട്രംആ വർഷത്തിന്റെ അവസാനത്തിൽ തന്നെ പൊട്ടാസ്യംഹൈഡ്രോക്സൈഡിന്റെയും (KOH), ഗാലിയംഹൈഡ്രോക്സൈഡിന്റെയും (Ga(OH)3) മിശ്രിതത്തിൽ കൂടി വൈദ്യുതവിശ്ലേഷണം നടത്തി അദ്ദേഹം ആദ്യമായി ശുദ്ധമായ ഗാലിയം വേർതിരിച്ചെടുത്തു. ഖനിത്തൊഴിലാളികൾ അദ്ദേഹത്തിന് ഗവേഷണത്തിനായി നൽകിയ നിരവധി ടൺ സിങ്ക് അയിരിൽ നിന്ന് ഏതാനും ഗ്രാം ശുദ്ധമായ ഗാലിയം ഉത്പാദിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഇന്ന്, ഗാലിയത്തിന്റെ ഏറിയപങ്കും ഈ സിങ്കിന്റെയും അലുമിയത്തിന്റെയും അയിരുകളിൽ നിന്ന് നൂതനസാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് വേർതിരിച്ചെടുക്കുന്നത് [1] ഇന്ന് ഗാലിയത്തിന് അറിയപ്പെടുന്ന മുപ്പത്തിയൊന്നു ഐസോടോപ്പുകളുണ്ട്, അവ 56 മുതൽ 86 വരെ പിണ്ഡമുള്ളവയാണ്. അതിൽ ഗാലിയം 69 ഗാലിയം 71 എന്നീ രണ്ട് ഐസോടോപ്പുകൾ മാത്രമാണ് സ്ഥിരതയുള്ളത്, സ്വാഭാവിക ഗാലിയം ഇവയുടെ മിശ്രിതങ്ങളാണ്. മറ്റെല്ലാ ഐസോടോപ്പുകളും റേഡിയോ ആക്റ്റീവ് ആണ്. ചരിത്രംആവർത്തനപ്പട്ടികയിൽ അലുമിയത്തിനു താഴെയായി മുപ്പത്തിയൊന്നാം നമ്പർ കാരനായി വരേണ്ട ഈ മൂലകത്തെ ആദ്യമായ് (1871 ൽ) പ്രവചിച്ചത് ആവർത്തനപ്പട്ടികയുടെ സ്രഷ്ടാവും റഷ്യൻ രസതന്ത്രജ്ഞനുമായ ദിമിത്രി മെൻഡലീഫ് ആണ്. അലുമിനിയത്തിനു സമാനമായ രാസഗുണങ്ങൾ ഉണ്ടായിരിക്കണമെന്നു സൂചിപ്പിച്ച് അദ്ദേഹം സാങ്കൽപ്പിക മൂലകത്തിന് എക-അലുമിനിയം എന്ന് പേരിട്ടു.[2][1] 1875 ൽ ഫ്രഞ്ച് രസതന്ത്രജ്ഞനായ പോൾ-എമിലെ ലെക്കോക് ഡി ബോയിസ്ബഡ്രനാണ് ഈ മൂലകം ആദ്യമായി സ്പെക്ട്രോസ്കോപ്പിയിലൂടെ കണ്ടെത്തിയത്. 15 വർഷത്തോളം രാസമൂലകങ്ങളുടെ സ്പെക്ട്രത്തെക്കുറിച്ചുള്ള ഗവേഷണത്തിലായിരുന്ന അദ്ദേഹം അലൂമിനിയത്തിൻറെ സ്വഭാവവിശേഷങ്ങളടങ്ങിയ മൂലകം സിങ്ക് അയിരുകളിൽ കാണാമോ എന്ന സാധ്യതാപഠനം, സ്പെക്ട്രോസ്കോപ്പ് ഉപയോഗിച്ച് പരിശോധിക്കുമ്പോൾ ആയിരുന്നു ഈ കണ്ടെത്തൽ.[1] സിങ്ക് ബ്ലെൻഡിനെ നിരീക്ഷിക്കുമ്പോൾ അദ്ദേഹം അതിൽ ഗാലിയത്തിന്റെ പ്രത്യേകതയായ രണ്ട് വയലറ്റ് രേഖകൾ അതിന്റെ വർണരാജിയിൽ കണ്ടെത്തി. 1875ൽ തന്നെ ലീകോക്ക് ഗാലിയത്തിന്റെ ഹൈഡ്രോക്സൈഡ് പൊട്ടാസ്യം ഹൈഡ്രോക്സൈഡിൽ വൈദ്യുതവിശ്ലേഷണം നടത്തി സ്വതന്ത്ര ലോഹം വേർതിരിച്ചെടുത്തു. തന്റെ ജന്മരാജ്യമായ ഫ്രാൻസ് ഉൾപ്പെട്ട പ്രദേശങ്ങളുടെ ലാറ്റിൻ നാമമായ ഗാലിയ അദ്ദേഹം പുതിയ മൂലകത്തിന് പേരായി സ്വീകരിച്ചു. ലീ കോക്ക് സ്വന്തം പേരാണ് മൂലകത്തിനിട്ടതെന്നും ചിലർ വാദിച്ചു. ഫ്രെഞ്ചിൽ "ലീ കോക്ക്" എന്നാൽ പൂവൻകോഴി എന്നാണർത്ഥം. പൂവൻകോഴിക്ക് ലാറ്റിനിൽ "ഗാലസ്" എന്നാണ് പറയുന്നത്. എന്നാൽ 1877ൽ എഴുതിയ ഒരു ലേഖനത്തിൽ ഈ വാദം തെറ്റാണെന്ന് ലീ കോക്ക് എഴുതി. സാന്നിദ്ധ്യം![]() ഗാലിയം പ്രകൃതിയിൽ സ്വതന്ത്ര രൂപത്തിൽ കാണപ്പെടുന്നില്ല. ഗാലിയത്തിന്റെ അളവ് കൂടുതലുള്ള ധാതുക്കളുമില്ല. ബോക്സൈറ്റ്, കൽക്കരി, ഡയസ്പോർ, ജെർമനൈറ്റ്, സ്ഫാലറൈറ്റ് എന്നീ ധാതുക്കളിൽ ചെറിയ അളവിൽ ഗാലിയം കാണപ്പെടുന്നു. ഇവയിൽ നിന്നാണ് ഗാലിയം വേർതിരിച്ചെടുക്കുന്നത്. ഈ ലോഹം 99.9999% ശുദ്ധതയിൽ ലോക വ്യാപകമായി ലഭ്യമാണ്. ഇന്നത്തെ രീതിയിൽ ഉപഭോഗം തുടർന്നാൽ 2017ഓടെ ഗാലിയത്തിന്റെ ലഭ്യത ഇല്ലാതാവുമെന്ന് 2007ൽ ഒരു രസതന്ത്രജ്ഞൻ കണക്കാക്കിയിട്ടുണ്ട്. ഉപയോഗങ്ങൾഗാലിയത്തിന്റെ ഗണ്യമായ ഉപയോഗങ്ങൾ ലോഹത്തിന്റെ അതുല്യമായ ഭൗതിക സവിശേഷതകളെ അടിസ്ഥാനമാക്കിയല്ല, മറിച്ച് അതിന്റെ ചില സംയുക്തങ്ങളുടെ പ്രത്യേക രസതന്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അർദ്ധചാലകങ്ങൾആവർത്തനപ്പട്ടികയിലെ അഞ്ചാം ഗ്രൂപ്പ് മൂലകങ്ങളുമായി ഗാലിയം ഉണ്ടാകുന്ന സംയുക്തങ്ങൾ മികച്ച അർധചാലകങ്ങളാണെന്ന് ജർമൻ ശാസ്ത്രജ്ഞന്മാർ കണ്ടു പിടിച്ചതോടു കൂടി ഇലക്ട്രോണിക് യുഗത്തിൽ ഗാലിയം ഒരു നാഴികക്കല്ലായി മാറുകയായിരുന്നു. കാരണം അതുവരെ അർദ്ധചാലകങ്ങൾ എന്ന നിലയിൽ ആധിപത്യം പുലർത്തിയിരുന്ന സിലിക്കൺ, ജെർമേനിയം മുതലായ മൂലകങ്ങളേക്കാൾ ആയിരം മടങ്ങു മികച്ചതായിരുന്നു ഗാലിയം സംയുക്തങ്ങൾ. ഇവയിൽ ഏറ്റവും പ്രധാനം ആന്റിമണി, ആർസെനിക് അല്ലെങ്കിൽ ഫോസ്ഫറസ് എന്നിവയുമായുള്ള ഗാലിയത്തിന്റെ സംയുക്തങ്ങളാണ്. മികച്ച അർധചാലകങ്ങളുടെ വരവോടു കൂടി ശാസ്ത്രസാങ്കേതിക രംഗത്തുണ്ടായ ഉണർവ് സമൂഹത്തിൽ വരുത്തിയ മാറ്റങ്ങൾ അനവധിയാണ്, കാരണം ഡയോഡുകൾ, ട്രാൻസിസ്റ്ററുകൾ, ലേസർ ഡയോഡുകൾ, ലൈറ്റ് എമിറ്റിംഗ് ഡയോഡുകൾ, സോളാർ പാനലുകൾ തുടങ്ങി നിരവധി ഇലക്ട്രോണിക് ഭാഗങ്ങളുടെ നിർമ്മാണത്തിൽ ഈ സംയുക്തമാണ് ഉപയോഗിക്കുന്നത്. സൗരോർജത്തെ രാസോർജ്ജമാക്കി മാറ്റാൻ ഗാലിയം ആർസെനൈഡ് (GaAs) ഉപയോഗിച്ച് കൊണ്ടുള്ള നേർത്ത-ഫിലിം സോളാർ സെല്ലുകൾക്കു കഴിയും. ലബോറട്ടറി പരിതഃസ്ഥിതിയിൽ ഏകദേശം 30 ശതമാനം കാര്യക്ഷമതയിലെത്തിയിട്ടുണ്ടെങ്കിലും അവയുടെ നിർമ്മാണം വളരെ ചെലവേറിയതാണ്. അകൊണ്ട് ബഹിരാകാശ പേടകങ്ങളിലും ഉപഗ്രഹങ്ങളിലും മാത്രമാണ് ഇവ കൂടുതലും ഉപയോഗിക്കുന്നത്. അർദ്ധചാലകങ്ങളായ ഗാലിയം നൈട്രൈഡ്, ഇൻഡിയം ഗാലിയം നൈട്രൈഡ് എന്നിവ പല വർണ്ണങ്ങളിലുള്ള ലൈറ്റ് എമിറ്റിംഗ് ഡയോഡുകളിലാണ് ഉപയോഗിക്കുന്നത്. ഗാലിയം ആർസെനൈഡ് (Ga-As) സംയുക്തങ്ങളാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്നത്. ലോകമെമ്പാടും ഉപയോഗിക്കുന്ന ഗാലിയം ആർസെനൈഡ്, വാർഷിക ആഗോള ഗാലിയം ഉപഭോഗത്തിന്റെ ഏകദേശം 95% വരും. ഗാലിയം ആർസെനൈഡ് ഉപഭോഗത്തിലെ സമീപകാല വർദ്ധനവ് 3G, 4G സ്മാർട്ട്ഫോണുകളുടെ ആവിർഭാവവുമായി ബന്ധപ്പെട്ടതാണ്. ഇതിൽ പഴയ മോഡലുകളേക്കാൾ 10 മടങ്ങ് കൂടുതൽ Ga-As ഉപയോഗിക്കുന്നുണ്ട്. കൂടാതെ നിരവധി സെൻസറുകളിലും ഗാലിയം ആർസെനൈഡ് സംയുക്തങ്ങളാണ് ഉപയോഗിക്കുന്നത്.[1] ===വൈദ്യശാസ്ത്രം===സാങ്കേതികരംഗത്ത് മാത്രമല്ല വൈദ്യശാസ്ത്ര രംഗത്തും ഗാലിയം വളരെയധികം പ്രയോജനം ചെയ്യുന്നു. ഗാലിയം മനുഷ്യ ശരീരത്തിൽ വളരെ ചെറിയ അളവിൽ മാത്രമേ കണ്ടെത്താൻ കഴിയുള്ളുവെങ്കിലും ഇത് ശരീരത്തെ ദോഷകരമായി ബാധിക്കുന്നു എന്നതിനു തെളിവുകളൊന്നുമില്ല. വാസ്തവത്തിൽ ഗാലിയം (III) സംയുക്തം പല ഫാർമസ്യൂട്ടിക്കലുകളിലും ഹൈപ്പർകാൽസീമിയയ്ക്കുള്ള ചികിത്സയ്ക്ക് മരുന്നായി ഉപയോഗിക്കുന്നുണ്ട്. രക്തത്തിൽ കാൽസിയത്തിന്റെ അളവ് കൂടുന്ന അവസ്ഥയാണ് ഹൈപ്പർ കാൽസീമിയ. മിക്കവാറും വ്യക്തികൾക്കു പലതരം കാൻസർ ഉണ്ടാകുമ്പോൾ ഈ അവസ്ഥ സംജാതമാവാം. ഇതിനു ഫലപ്രദമായി ചികിൽസിക്കാൻ ഉപയോഗിക്കുന്ന മരുന്നാണ് ഗാനയിറ്റ് എന്ന ബ്രാൻഡ് നാമത്തിൽ അറിയപ്പെടുന്ന ഗാലിയം നൈട്രൈറ്റ്. ഗാലിയത്തിന്റെ റേഡിയോ ആക്ടീവ് ഐസോടോപ്പ് പലതരം ക്യാൻസറുകളുടെ നിർണയത്തിനും ചികിത്സയ്ക്കും സഹായിക്കുന്നു. റേഡിയോ ആക്റ്റീവ് ഐസോടോപ്പായ ഗാലിയം 67, ഗാലിയം 68 എന്നിവ ഗാലിയംസിട്രേറ്റ്, ഗാലിയംനൈട്രൈറ്റ് ലവണങ്ങളുടെ രൂപത്തിലാണ് മരുന്നുകളായി ഉപയോഗിക്കുന്നത്. റേഡിയോ ആക്റ്റീവ് മരുന്നുകളിൽ നിന്നും ബഹിർഗമിക്കുന്ന വികിരണങ്ങളെ അടിസ്ഥാനമാക്കി ലഭിക്കുന്ന ചിത്രത്തെ ഗാലിയം സ്കാൻ ഇമേജ് എന്നുപറയുന്നു. ശരീരത്തിലെ ചിലതരം കാൻസർ, വീക്കം, അണുബാധ (പ്രത്യകിച്ചും വിട്ടുമാറാത്ത പനിയുടെ കാരണമായേക്കാവുന്ന പഴക്കമുള്ള അണുബാധകൾ) എന്നിവ കണ്ടെത്താൻ ഗാലിയം സ്കാൻ ഇപ്പോഴും ഉപയോഗിക്കുന്നു. ഗാലിയം സംയുക്തങ്ങൾ ചെറിയ അളവിൽ ശരീരത്തിന് ദോഷകരമല്ലെങ്കിലും, ചിലസംയുക്തങ്ങൾ വളരെ അപകടകരമാണ്. ഗാലിയം (III) ക്ലോറൈഡുമായിട്ടുള്ള സമ്പർക്കവും അത് ഉൽപാദിപ്പിക്കുന്ന പുക ശ്വസിക്കുന്നതും തൊണ്ടയിൽ അസ്വസ്ഥത, നെഞ്ചുവേദന തുടങ്ങിയ ഗുരുതരമായ അവസ്ഥയിലേക്ക് നയിക്കും.[1] ലോഹസങ്കരംവഴക്കമുള്ളതും വലിച്ചു നീട്ടാവുന്നതുമായ ഗാലിയം അടങ്ങിയ ലോഹസങ്കരങ്ങൾ (Gallium alloy paste) ഇലക്ട്രോണിക്സ് രംഗത്ത് പുതിയ നിരവധി സാധ്യതകൾ ആണ് തുറന്നു തരുന്നത് . ഇവ ഉപയോഗിച്ച് വസ്തുക്കളുടെ ത്രിമാന ചിത്രങ്ങൾ കിട്ടുന്ന കാലം അതി വിദൂരമല്ലാതായി കൊണ്ടിരിക്കുകയാണ് . കൂടാതെ വിഷാംശം കുറഞ്ഞതും നല്ല ചാലകതയുള്ളതും വില കുറഞ്ഞതുമായതിനാൽ ഫ്ലെക്സിബിൾ ഇലക്ട്രോണിക്സ് വിപണിയിലും ഇവയുടെ ഉപയോഗം കുതിച്ചു കൊണ്ടിരിക്കുകയാണ്. ചുരുട്ടിയും മടക്കിയും വയ്ക്കാവുന്ന ദൃശ്യോപകരണങ്ങൾ , വൈദ്യുതചാലക തുണിത്തരങ്ങൾ, ടോർക്ക്, മർദ്ദം എന്നിവയ്ക്കനുസരിച്ച് പ്രവർത്തിക്കുന്ന സെൻസറുകൾ എന്നിവ ഉൾപ്പെടെ നിരവധി ഉത്പന്നങ്ങൾ വിപണന മേഖലയിൽ എത്തിയിരിക്കുന്നതിൽ ഗാലിയം ലോഹസങ്കരങ്ങളുടെ പങ്ക് വലുതാണ്. ഇന്ന് ഏറ്റവും കൃത്യതയോടു കൂടി കുട്ടികളിലെ പനി അളക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ഗാലിൻസ്റ്റാൻ തെർമോമീറ്ററിൽ, ഗാലിയം, ഇൻഡിയം, ടിൻ എന്നിവ അടങ്ങിയ ലോഹസങ്കരമാണ്. ദ്രവണാങ്കം −19°C (22.2° F) ). ഗാലിയം ഉപയോഗിച്ച് കുറഞ്ഞ ദ്രവണാങ്കങ്ങളുള്ള ലോഹസങ്കരം ഉണ്ടാക്കാൻ എളുപ്പത്തിൽ കഴിയുന്നതിനാൽ മെർക്കുറി ഇല്ലാത്ത വിഷരഹിതവും പരിസ്ഥിതി സൗഹൃദ പരവുമായ തെർമോമീറ്റർ ഉണ്ടാക്കുന്നതിനു വേണ്ടി ഗാലിയം ആണ് ഏറെയും ഉപയോഗിക്കുന്നത്.[1] കണ്ണാടിഗ്ലാസ്സിലോ സിറാമിക്സിലോ ഗാലിയം പൂശിയാൽ മിഴിവുള്ള, ആകർഷകമായ കണ്ണാടി സൃഷ്ടിക്കാൻ കഴിയും.[1] ന്യൂട്രിനോ പരീക്ഷണംഗാലിയം-ജർമ്മനിയം ന്യൂട്രിനോ ടെലിസ്കോപ്പു ഉപയോഗിച്ചു കൊണ്ടാണ് ആദ്യകാലത്തു സൗരോർജ്ജ ന്യൂട്രിനോ പ്രവാഹം അളന്നിരുന്നത്. ഇതിനു വേണ്ടി പ്രമുഖ ഭൗതികശാസ്ത്രജ്ഞരുടെ സഹകരണത്തോടെ രൂപം കൊണ്ട SAGE (സോവിയറ്റ്-അമേരിക്കൻ ഗാലിയം പരീക്ഷണം)നു വേണ്ടി റഷ്യയിലെ കോക്കസസ് പർവതനിരകളിലെ ബക്സൻ ന്യൂട്രിനോ പരീക്ഷണശാലയിൽ 50-57 ടൺ ദ്രാവക ഗാലിയം 2100 മീറ്റർ ഭൂമിക്കടിയിൽ സംഭരിച്ചിരുന്നു.[1] അവലംബം
|