കൽക്കം
![]() മെലീഗ്രസ് ( Meleagris) എന്ന വർഗ്ഗത്തിൽ പെട്ട ജീവിച്ചിരിക്കുന്ന വലിയ വർഗ്ഗങ്ങളിൽപ്പെട്ട പക്ഷികളാണ് കൽക്കം അഥവാ ടർക്കി പക്ഷി. കൽക്ക്, കളക്കം, വാങ്കോഴി എന്നിങ്ങനെ പേരുകളിലും അറിയപ്പെടുന്നു. കൊക്കിന്റെ അടിയിൽ നിന്ന് താഴേക്ക് തൂങ്ങിക്കിടക്കുന്ന താടി പോലെ തോന്നിക്കുന്ന മാംസള ഭാഗം പൂവൻ ടർക്കിക്കോഴികളുടെ പ്രത്യേകതയാണ്. സാധാരണ കോഴിയേക്കാൾ വലുപ്പവും കഴിക്കുന്ന ആഹാരം മുഴുവൻ ഇറച്ചിയാക്കാനുള്ള കഴിവുമുള്ള ഇവയ്‌ക്ക് രോഗ പ്രതിരോധശേഷിയും കൂടുതലാണ്. ഏഴ് മാസം പ്രായമാകുമ്പോൾ തന്നെ ഒമ്പത് കിലോയോളം ഭാരമുണ്ടാവും. ഇവയെ മുട്ടക്കും ഇറച്ചിക്കും ചിലപ്പോൾ അലങ്കാരത്തിനായും മറ്റുചിലപ്പോൾ പാമ്പ്, ചേര തുടങ്ങിയ ജന്തുക്കളുടെ ശല്യം നിയന്ത്രിക്കുവാനും മനുഷ്യർ ഇണക്കി വളർത്താറുണ്ട്. വർഷത്തിൽ നൂറോളം മുട്ടകൾ ഇടുന്ന ഇവയുടെ മുട്ട സാധാരണ കോഴി മുട്ടയെക്കാൾ പോഷക സമ്പുഷ്ടവും ഔഷധ ഗുണങ്ങൾ ഉള്ളതുമാണ്. പ്രോടീൻ, നാരുകളും, മറ്റു പോഷകങ്ങളും കൊണ്ടു സമൃദ്ധമാണ് കൊളെസ്ട്രോൾ കുറഞ്ഞതുമായ ഇവയുടെ മാംസം. പറമ്പുകളിൽ ചുറ്റി നടന്നു പുല്ലുകളും സസ്യങ്ങളും മറ്റും ധാരാളമായി ആഹാരമാക്കുന്ന ഇവ പ്രാണികളേയും ചെറു ജീവികളെയും മറ്റും ഭക്ഷിക്കാറുണ്ട്. പാമ്പ്, അതുപോലുള്ള ഇഴജന്തുക്കൾ, മറ്റു ജീവികൾ എന്നിവയുടെ ശത്രു കൂടിയാണ് ടർക്കി. പാമ്പുകളെയും മറ്റു ജീവികളെയും കണ്ടാൽ ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കുകയും കൂട്ടമായി ആക്രമണ സ്വഭാവം കാണിക്കുകയും, ഇടത്തരം പാമ്പുകളെവരെ ഭക്ഷിക്കുകയും ചെയ്യാറുണ്ട്. അതിനാൽ ഇവ വളരുന്ന പറമ്പുകളിൽ പൊതുവേ ഇഴ ജന്തുക്കളുടെയും മറ്റു ജീവികളുടെയും ശല്യം കുറവായിരിക്കും. ഇക്കാരണത്താൽ പാമ്പ് ശല്യം ഉള്ള പ്രദേശങ്ങളിൽ ഇവയെ വളർത്താറുണ്ട്. പരിചയം ഇല്ലാത്ത ആളുകളെയോ ജീവികളെയോ കണ്ടാൽ വളർത്തു നായകളെപ്പോലെ ഇവ ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കുകയും കൊത്താൻ ശ്രമിക്കുകയും ചെയ്യാറുണ്ട്. ഇതിൽ മെലീഗ്രിസ് ഗാലോപാവ എന്ന വർഗ്ഗത്തിൽ പെട്ട പക്ഷികൾ വൈൽഡ് ടർക്കി എന്നും അറിയപ്പെടുന്നു. ഇത് സാധാരണയായി വടക്കേ അമേരിക്കയിലാണ് കണ്ടു വരുന്നത്. മറ്റൊരു വർഗ്ഗമായ മെലിഗ്രസ് ഓസിലാറ്റ എന്ന വർഗ്ഗം ഓസിലേറ്റഡ് ടർക്കി എന്നും അറിയപ്പെടുന്നു. ഇത് സാധാരണ പെനിസുലിയൻ വനങ്ങളിലാണ് കാണപ്പെടുന്നത്. പതിനഞ്ചാം നൂറ്റാണ്ടിൽ യൂറോപ്യർ അമേരിക്കയിലെത്തിയപ്പോൾ നോർത്ത് അമേരിക്കയിലെ മെലെഗരിസ് വർഗ്ഗത്തിൽ പെടുന്ന വലിയ ‘കോഴി’യെ യൂറോപ്പിലെത്തിച്ചു. മെക്സിക്കോയിലാണ് ഇവ കൂടുതൽ കാണപ്പെട്ടിരുന്നത്. അക്കാലത്ത് യൂറോപ്പിൽ കൂടുതൽ കാണപ്പെട്ടിരുന്ന തുർക്കിക്കാർ എത്തിച്ച ഗിനിക്കോഴി തന്നെയാണിതെന്ന് തെറ്റിദ്ധരിക്കപ്പെടുകയും അവയെ ടർക്കി കോഴി എന്ന് വിളിക്കുകയും ചെയ്തു പോന്നു. ക്രിസ്മസ് കാലത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഇറച്ചിയാണ് ഇവയുടേത്. ചിത്രസഞ്ചയം
പുറത്തേക്കുള്ള കണ്ണികൾ
|