കണ്ണിൽ എന്തെങ്കിലും സ്പർശിക്കുന്നത് അല്ലെങ്കിൽ അന്തരീക്ഷത്തിലെ പൊടിയോ മറ്റെന്തെങ്കിലുമോ കണ്ണിലേക്ക് കടക്കുന്നത് ആദ്യം ബാധിക്കുന്നത് കണ്ണിലെ കോർണിയയെ ആണ്. പുറത്തു നിന്നുള്ള വസ്തുതുക്കൾ കണ്ണിൽ സ്പർശിക്കുമ്പോൾ പെട്ടെന്ന് തന്നെ സംഭവിക്കുന്നത് ബ്ലിങ്ക് റിഫ്ലക്സ്, കണ്ണിൽ നിന്ന് അമിതമായി വെള്ളം വരൽ എന്നീ രണ്ട് കാര്യങ്ങളാണ്. മേൽ സൂചിപ്പിച്ച പോലുള്ള ബാഹ്യ ഉത്തേജകങ്ങളോടുള്ള അനൈച്ഛിക പ്രതികരണം എന്ന നിലയിൽ കൺപോളകൾ അനിയന്ത്രിതമായി അടച്ച് തുറക്കുന്നതാണ് കോർണിയൽ റിഫ്ലക്സ് അല്ലെങ്കിൽ ബ്ലിങ്ക് റിഫ്ലക്സ് എന്ന് അറിയപ്പെടുന്നത്. ഈ പ്രതികരണം നേരിട്ട് മാത്രമല്ല കോൺസെൻഷ്വലും (വിപരീത കണ്ണിന്റെ പ്രതികരണം) കൂടിയാണ്. 0.1 സെക്കൻഡ് വേഗതയിൽ ഈ റിഫ്ലക്സ് സംഭവിക്കുന്നു. കണ്ണിന് താങ്ങാനാവുന്നതിലും കൂടിയ അളവിലുള്ള പ്രകാശത്തിൽ നിന്നും കണ്ണുകളെ സംരക്ഷിക്കുന്നതിൻ്റെ ഭാഗമായി ഉണ്ടാകുന്ന റിഫ്ലക്സ് ഒപ്റ്റിക്കൽ റിഫ്ലക്സ് എന്ന് അറിയപ്പെടുന്നു. 40-60 ഡിബിയിൽ കൂടുതലുള്ള ശബ്ദങ്ങൾ ഉണ്ടാകുമ്പോഴും ബ്ലിങ്ക് റിഫ്ലക്സ് സംഭവിക്കുന്നു.
ബ്ലിങ്ക് റിഫ്ലക്സിന് കാരണമാകുന്നത്, ട്രൈജമിനൽ നാഡിയുടെ (CN V) ഒഫ്താൽമിക് ശാഖയുടെ (V1) നാസോസിലിയറി ബ്രാഞ്ച് (അഫറന്റ് ഫൈബർ) കോർണിയയിൽ ഉണ്ടാക്കുന്ന നാഡീ പ്രതികരണം. ഈ നാഡീ പ്രതികരണം കാരണം ഫേഷ്യൽ നാഡിയുടെ (സിഎൻ VII) ടെമ്പറൽ, സൈഗോമാറ്റിക് ശാഖകൾ വഴിയുണ്ടാകുന്ന മോട്ടോർ പ്രതികരണം (എഫറന്റ് ഫൈബർ) എന്നിവയാണ്. ഈ പ്രതികരണത്തിൽ ഭാഗമാകുന്ന തലച്ചോറിൻ്റെ ഭാഗം (ന്യൂക്ലിയസ്) മസ്തിഷ്കവ്യവസ്ഥയുടെ പോണുകളിൽ സ്ഥിതിചെയ്യുന്നു.
കോണ്ടാക്ട് ലെൻസുകളുടെ ഉപയോഗം ഈ റിഫ്ലക്സിനെ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യാം.
കൂടിയ പ്രകാശത്തോടുള്ള പ്രതികരണമായ ഒപ്റ്റിക്കൽ റിഫ്ലക്സ് മന്ദഗതിയിലുള്ളതാണ്. ഇതിൽ ഭാഗമാകുന്ന മസ്തിഷ്ക പ്രദേശം, ഓസിപിറ്റൽ ലോബിലുള്ള വിഷ്വൽ കോർട്ടെക്സ് ആണ്. ഒൻപത് മാസത്തിൽ താഴെയുള്ള ശിശുക്കളിൽ ഈ റിഫ്ലക്സ് ഇല്ല.
കോർണിയൽ റിഫ്ലക്സിന്റെ പരിശോധന ചില ന്യൂറോളജിക്കൽ പരിശോധനകളുടെ ഭാഗമാണ്, പ്രത്യേകിച്ചും ഫോർ സ്കോർ പോലുള്ള കോമ വിലയിരുത്തുമ്പോൾ. ട്രൈജമിനൽ നാഡിയുടെ ഒഫ്താൽമിക് ശാഖയുടെ (V1) കേടുപാടുകൾ ബാധിച്ച കണ്ണ് ഉത്തേജിപ്പിച്ചാലും കോർണിയൽ റിഫ്ലക്സ് ഉണ്ടാവുകയില്ല. ഒരു കോർണിയയുടെ ഉത്തേജനത്തിന് സാധാരണയായി ഒരു കോൺസെൻഷ്യൽ പ്രതികരണമുണ്ട്, അതായത് ഒരു കണ്ണിലെ ഉത്തേജനത്തിലൂടെ രണ്ട് കണ്പോളകളും സാധാരണയായി അടയുന്നു.
ഉണർന്നിരിക്കുമ്പോൾ, 2 മുതൽ 10 സെക്കൻഡ് ഇടവിട്ട് കൺപോളകൾ അടച്ച് തുറന്ന് കണ്ണുനീർ കോർണ്ണിയക്ക് മുകളിൽ പരത്തി കോർണ്ണിയ വരണ്ട് പോകുന്നത് തടയുന്നു. കണ്ണ് അടച്ച് തുറക്കുന്നത് പക്ഷെ കണ്ണുകളുടെ വരൾച്ചയെയും കൂടാതെ / അല്ലെങ്കിൽ പ്രകോപിപ്പിക്കലിനെയും മാത്രം ആശ്രയിച്ചിരിക്കുന്നില്ല. ബാസൽ ഗാംഗ്ലിയയുടെ ഗ്ലോബസ് പല്ലിഡസ് എന്ന മസ്തിഷ്ക പ്രദേശത്ത് കണ്ണുകളുടെ അടച്ച് തുറക്കൽ നിയന്ത്രിക്കുന്ന ഒരു ബ്ലിങ്കിങ്ങ് കേന്ദ്രം ഉൾക്കൊള്ളുന്നു. എന്നിരുന്നാലും, ബാഹ്യ ഉത്തേജനങ്ങളും അതിൽ ഉൾപ്പെടുന്നു. കണ്ണടച്ച് തുറക്കുന്നത് എക്സ്ട്രാഒക്യുലർ പേശികളുമായി ബന്ധപ്പെട്ടിരിക്കുന്നു. കണ്ണുചിമ്മുന്നത് പലപ്പോഴും നോട്ടത്തിന്റെ മാറ്റവുമായി യോജിക്കുന്നു, ഇത് കണ്ണിന്റെ ചലനത്തെ സഹായിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.[1]