കൊക്കോ ദ്വീപുകൾ
മ്യാൻമറിന്റെ ഭാഗമായി ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ഒരു കൂട്ടം ചെറുദ്വീപുകളെയാണ് കൊക്കോ ദ്വീപുകൾ എന്നുപറയുന്നത്. മ്യാൻമറിന്റെ കരഭാഗത്തു നിന്ന് 414 കിലോമീറ്റർ അകലെയായി ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തോടു ചേർന്നാണ് ഇവ സ്ഥിതിചെയ്യുന്നത്. ഗ്രേറ്റ് കൊക്കോ, ലിറ്റിൽ കൊക്കോ, ടേബിൾ, സ്ലിപ്പർ, റാറ്റ് , ബിന്നക്കിൾ പാറ, ജെറി എന്നിങ്ങനെയുള്ള ഏഴു ചെറുദ്വീപുകളുടെ സമൂഹമായ കൊക്കോ ദ്വീപുകൾക്ക് ആകെ 20.53 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയാണുള്ളത്. ആയിരത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള ഈ ദ്വീപുകളിൽ അപൂർവ്വയിനം കടലാമകളും പക്ഷികളും മറ്റു ജീവജാലങ്ങളും കാണപ്പെടുന്നു. ചരിത്രംപതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസ് നാവികരാണ് 'കൊക്കോ' എന്ന പേര് സംഭാവന ചെയ്തതെന്നു കരുതപ്പെടുന്നു. പോർച്ചുഗീസ് ഭാഷയിൽ നാളികേരത്തെ സൂചിപ്പിക്കാനാണ് 'കൊക്കൊ' എന്ന വാക്ക് ഉപയോഗിച്ചു വരുന്നത്. ധാരാളം തെങ്ങുകളുള്ള പ്രദേശമായതിനാലാവാം ദ്വീപുകൾക്ക് ആ പേരു ലഭിക്കാൻ കാരണമെന്നു വിശ്വസിക്കുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളെയും കൊക്കോ ദ്വീപുകളെയും ബ്രിട്ടീഷുകാർ പിടിച്ചെടുത്തു. ഇന്ത്യയിൽ നിന്നും മറ്റുമുള്ള കുറ്റവാളികളെ പാർപ്പിക്കുവാനായി അവർ ആൻഡമാനിൽ സെല്ലുലാർ ജയിൽ നിർമ്മിച്ചു. തടവുകാർക്കു നൽകുവാൻ നാളികേരം ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ കൊക്കോ ദ്വീപുകളിൽ നിന്ന് ശേഖരിച്ചിരുന്നു. ബ്രിട്ടീഷുകാർ ബർമ്മയിലെ ഒരു ഉന്നത കുടുംബത്തിന് ദ്വീപുകളുടെ നടത്തിപ്പുചുമതല വിട്ടുകൊടുത്തു.[1][2] കരയിൽ നിന്ന് ഏറെ ദൂരത്തായി ഒറ്റപ്പെട്ടു കിടക്കുന്ന കൊക്കോ ദ്വീപുകളിലെ ഭരണകാര്യങ്ങളൊന്നും ശരിയായി നടന്നിരുന്നില്ല. ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായിരുന്ന റങ്കൂണിലെ ലോവർ ബർമ്മാ ഭരണകൂടമാണ് കൊക്കോ ദ്വീപുകളുടെ ഭരണച്ചുമതല നിർവ്വഹിച്ചിരുന്നത്. 1882-ൽ ഈ ദ്വീപുകളെ ബ്രിട്ടീഷ് ഇന്ത്യയിലേക്ക് ഔദ്യോഗികമായി കൂട്ടിച്ചേർത്തു. 1937-ൽ ഇന്ത്യയിൽ നിന്നും ബർമ്മയെ വേർതിരിച്ചപ്പോൾ സ്വാഭാവികമായും കൊക്കൊ ദ്വീപുകൾ ബർമ്മയുടെ ഭാഗമായിത്തീർന്നു. 1942-ൽ ജപ്പാൻ സൈന്യം ആൻഡമാൻ നിക്കോബാറിനെയും കൊക്കോ ദ്വീപുകളെയും പിടിച്ചെടുത്തു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം 1948-ൽ ബർമ സ്വതന്ത്രമായപ്പോൾ കൊക്കോ ദ്വീപുകൾ ബർമ്മീസ് യൂണിയന്റെ ഭാഗമായിത്തീർന്നു. 1959-ൽ ജനറൽ നി വിന്റെ നേതൃത്വത്തിലുള്ള താൽക്കാലിക പട്ടാള ഭരണകൂടം തടവുകാരെ പാർപ്പിക്കുന്നതിനായി കൊക്കോ ദ്വീപുകളിൽ കോളനി സ്ഥാപിച്ചു. 1962-ൽ പട്ടാള അട്ടിമറിയിലൂടെ രാജ്യത്തിന്റെ അധികാരം കൈവശപ്പെടുത്തിയ സൈന്യം ഇവിടേക്ക് കൂടുതൽ തടവുകാരെ കൊണ്ടുവന്ന് ക്രൂരമായ ശിക്ഷാവിധികൾക്കു വിധേയമാക്കിയിരുന്നു. 1969-ൽ ഇവിടെ രാഷ്ട്രീയത്തടവുകാരുണ്ടായിരുന്നു. മ്യാ തൻ ടിന്റിനെ പോലുള്ള ബർമ്മീസ് എഴുത്തുകാരും ഇവിടെ തടവിൽ കഴിഞ്ഞിട്ടുണ്ട്. 1971-ൽ കൊക്കോ ദ്വീപുകളിലെ എല്ലാ തടവുകാരെയും റംഗൂണിലുള്ള ജയിലിലേക്കു മാറ്റി. പിന്നീട് ബർമ്മീസ് നാവികസേന ഇവിടെയൊരു നേവൽ ബേസ് സ്ഥാപിച്ചു. വിവാദങ്ങൾആൻഡമാൻ നിക്കോബാറിലെ ഇന്ത്യൻ നാവികസേനയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി 1992-ൽ ചൈന ഇവിടെയൊരു സിഗ്നൽസ് ഇന്റലിജൻസ് (SIGINT) സ്റ്റേഷൻ സ്ഥാപിച്ചുവെന്ന് അഭ്യൂഹമുണ്ടായിരുന്നു.[3] അങ്ങനെയൊരു നിരീക്ഷണകേന്ദ്രം സ്ഥാപിച്ചിരുന്നുവെങ്കിൽ അവർക്ക് മലാക്കാ കടലിടുക്കിലൂടെയും ബംഗാൾ ഉൾക്കടലിലെയുമുള്ള കപ്പൽ ഗതാഗതം നിരീക്ഷിക്കുവാൻ കഴിയുമായിരുന്നു.[3] കൂടാതെ ഐ.എസ്.ആർ. ഓ.യുടെ ഉപഗ്രഹ വിക്ഷേപണകേന്ദ്രമായ ശ്രീഹരിക്കോട്ടയും ഡി.ആർ.ഡി.ഓ.യുടെ മിസൈൽ പരീക്ഷണകേന്ദ്രമായ അബ്ദുൾ കലാം ദ്വീപും നിരീക്ഷണവലയത്തിൽ ഉൾപ്പെടുത്താനും സാധിക്കുമായിരുന്നു. 1994-ൽ കൊക്കൊ ദ്വീപുകൾ ചൈനയ്ക്കു വാടകയ്ക്കു നൽകിയതായി ആരോപണമുയർന്നെങ്കിലും മ്യാൻമാർ ഗവൺമെന്റും സൈന്യവും ഇത് നിഷേധിച്ചിരുന്നു.[3][4] ചൈനയ്ക്ക് കൊക്കൊ ദ്വീപുകളിൽ താവളമുണ്ടോ എന്ന കാര്യം ഇപ്പോഴും ചർച്ചാവിഷയമാണ്.[4] ഇവിടെ യാതൊരു തരത്തിലുള്ള ചൈനീസ് പ്രവർത്തനവും നടക്കുന്നില്ലെന്ന് 1998-ൽ അമേരിക്ക പ്രസ്താവിച്ചിരൂന്നു.[5] 2005 ഒക്ടോബറിൽ ഇന്ത്യൻ നാവികസേനാ മേധാവി ഇവിടെ ചൈനയുടെ നിരീക്ഷണകേന്ദ്രമില്ല എന്നു വ്യക്തമാക്കിയിരുന്നു.[4][6] 2014-ൽ ഇന്ത്യൻ വ്യോമസേനയുടെ ആൻഡമാൻ നിക്കോബാർ കമാൻഡിന്റെ മേധാവി എയർമാർഷൽ പി.കെ. റോയ് ഇങ്ങനെ പറഞ്ഞു. "ചൈന ഇവിടെ സൈനികാവശ്യങ്ങൾക്കായി ഒരു റൺവേ നിർമ്മിക്കുന്നു. കൊക്കൊ ദ്വീപുകളിലെ ചൈനീസ് സാന്നിദ്ധ്യത്തെപ്പറ്റി മറ്റു റിപ്പോർട്ടുകളില്ല. ഇന്ത്യയ്ക്ക് ഇവിടെ യാതൊരു ഭീഷണിയൂമില്ല.[7][8][9] ഭൂമിശാസ്ത്രംപടിഞ്ഞാറ് ബംഗാൾ ഉൾക്കടലിനും കിഴക്ക് ആൻഡമാൻ കടലിനും ഇടയിലാണ് കൊക്കൊ ദ്വീപുകൾ സ്ഥിതിചെയ്യുന്നത്. 250 കിലോമീറ്റർ വടക്കായി മ്യാൻമറും 77 കിലോമീറ്റർ വടക്കുകിഴക്കായി മ്യാൻമറിന്റെ പ്രിപാരിസ് ദ്വീപും സ്ഥിതിചെയ്യുന്നു.[10] ഏഴു ദ്വീപുകൾ ചേർന്നതാണ് കൊക്കോ ദ്വീപസമൂഹം. ഗ്രേറ്റ് കൊക്കോ ദ്വീപ്, ലിറ്റിൽ കൊക്കോ ദ്വീപ്, ടേബിൾ ദ്വീപ് എന്നിവയാണ് പ്രധാനപ്പെട്ട ദ്വീപുകൾ. ഗ്രേറ്റ് കൊക്കോയെയും ലിറ്റിൽ കൊക്കോയെയും വേർതിരിക്കുന്ന സമുദ്രഭാഗമാണ് അലക്സാണ്ട്ര ചാനൽ. ഇന്ത്യയുടെ ഭാഗമായ ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ ലാൻഡ് ഫാൾ ദ്വീപിനെ കൊക്കോ ദ്വീപുകളിൽ നിന്നും വേർതിരിക്കുന്ന 20 കിലോമീറ്റർ നീളമുള്ള ചാനലാണ് കൊക്കോ ചാനൽ. ദ്വീപുകൾഗ്രേറ്റ് കൊക്കോ ദ്വീപ്10.4 കിലോമീറ്റർ നീളവും 2 കിലോമീറ്റർ വീതിയുമുള്ള ഗ്രേറ്റ് കൊക്കോ ദ്വീപിൽ പച്ച നിറത്തിലുള്ള ആമകൾ ധാരാളമുണ്ട്. കടലാമകളെ സംബന്ധിച്ച് മ്യാൻമാർ സർക്കാർ ഇവിടെ പഠനം നടത്തുന്നുണ്ട്. ജെറി ദ്വീപ്ഗ്രേറ്റ് കൊക്കോ ദ്വീപിന്റെ തെക്കുഭാഗത്തായി 1.1 കി.മീ. നീളവും 0.2 കി.മീ. വീതിയുമുള്ള ജെറി ദ്വീപ് സ്ഥിതിചെയ്യുന്നു.[11] ലിറ്റിൽ കൊക്കോ ദ്വീപ്ഗ്രേറ്റ് കൊക്കോ ദ്വീപിനു 16 കി.മീ. തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ലിറ്റിൽ കൊക്കോ ദ്വീപിന് 5 കി.മീ. നീളവും 1.2 കി.മീ. വീതിയുമുണ്ട്. ഇവിടെ ഒരു സമുദ്രനിരീക്ഷണകേന്ദ്രം സ്ഥാപിക്കാൻ ചൈനയ്ക്കു പദ്ധതിയുണ്ട്.[12]
ടേബിൾ ദ്വീപ്ഗ്രേറ്റ് കൊക്കോയ്ക്ക് 2.5 കി.മീ. വടക്കായി 1.6 കി.മീ. നീളവും 1.2 കി.മീ. വീതിയുമുള്ള ടേബിൾ ദ്വീപ് സ്ഥിതിചെയ്യുന്നു. 1867-ൽ നിർമ്മിച്ച ഒരു വിളക്കുമാടം ഇവിടെയുണ്ട്.[13] സ്ലിപ്പർ ദ്വീപ്ടേബിൾ ദ്വീപിന് വടക്കുപടിഞ്ഞാറായി 0.4 കി.മീ. നീളവും 0.2 കി.മീ. വീതിയുമുള്ള സ്ലിപ്പർ ദ്വീപ് സ്ഥിതിചെയ്യുന്നു.[10][14] മറ്റു ദ്വീപുകൾഇവയ്ക്കു പുറമെ റാറ്റ് ദ്വീപ്, ബിന്നക്കിൾ പാറ എന്നീ ദ്വീപുകളും ഇവിടെയുണ്ട്. ദ്വീപുകളുടെ ആകെ വിസ്തൃതി 20.53 ചതുരശ്രകിലോമീറ്ററാണ്. ജനവാസം7 ദ്വീപുകളുണ്ടെങ്കിലും ഗ്രേറ്റ് കൊക്കോ ദ്വീപിലും ലിറ്റിൽ കൊക്കോ ദ്വീപിലും മാത്രമാണ് ജനവാസമുള്ളത്. 200-ൽ കൂടുതൽ വീടുകളിലായി ഏകദേശം ആയിരത്തോളം പേരാണ് കൊക്കോ ദ്വീപുകളിൽ താമസിക്കുന്നത്. മ്യാൻമാർ നാവികസേനയുടെ ഇരുനൂറോളം സൈനികരും കുടുംബവുമാണ് ഇവിടെ പ്രധാനമായും താമസിക്കുന്നത്. എല്ലാവർക്കുമായി ഇവിടെ വലിയൊരു ജലസംഭരണിയുണ്ട്.[15] കാലാവസ്ഥഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. വർഷത്തിൽ കൂടുതൽ സമയവും ചൂട് അനുഭവപ്പെടുന്നു.[16] ഏപ്രിൽ മുതൽ നവംബർ വരെ ഉഷ്ണകാലം അനുഭവപ്പെടുന്ന ദ്വീപുകളിൽ ഡിസംബർ മുതൽ മാർച്ച് വരെ ശൈത്യകാലമാണ്. സെപ്റ്റംബർ മാസത്തിൽ ശരാശരി 761 മില്ലിമീറ്റർ മഴ ലഭിക്കുന്നു. ജീവജാലങ്ങൾഅപൂർവ്വയിനം ഉരഗങ്ങൾ, പക്ഷികൾ, സസ്തനികൾ മറ്റു ജീവജാലങ്ങൾ എന്നിവയുടെ വാസസ്ഥലം കൂടിയാണ് കൊക്കോ ദ്വീപുകൾ.[17] ഭരണംമ്യാൻമാർ സർക്കാരിനു കീഴിലുള്ള കൊക്കോക്യുൻ ടൗൺഷിപ്പാണ് ദ്വീപുകളുടെ ഭരണച്ചുമതല നിർവ്വഹിക്കുന്നത്. 2015-ലെ മ്യാൻമാർ പൊതുതെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറിൽ കൃത്രിമം കാണിച്ചതിലൂടെ ഈ ടൗൺഷിപ്പ് വാർത്തകളിൽ ഇടം നേടിയിരുന്നു.[18][19][20]
ഗതാഗതംഗ്രേറ്റ് കൊക്കോ ദ്വീപിൽ കൊക്കോ ഐലന്റ് വിമാനത്താവളം സ്ഥിതിചെയ്യുന്നു. ചൈന ഈ വിമാനത്താവളത്തെ സൈനികാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന് അഭ്യൂഹങ്ങളുണ്ട്.[21] T ചിത്രശാല
അവലംബം
പുറംകണ്ണികൾCoco Islands എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |