കേരളത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകയും സിപിഐ(എം) കേന്ദ്ര കമ്മിറ്റിയംഗവുമാണ് കെ.കെ. ഷൈലജ (ഇംഗ്ലീഷ്: K. K. Shailaja). രണ്ടു തവണ നിയമസഭാ സാമാജികയായിരുന്നു. 2016 മുതൽ 2021 വരെ പതിനാലാം നിയമസഭയിലെ കേരളത്തിന്റെ ആരോഗ്യ സാമൂഹികക്ഷേമവകുപ്പ് മന്ത്രിയായിരുന്നു ഷൈലജ. 2016ൽ അധികാരത്തിൽ വന്ന മന്ത്രിസഭയിലെ രണ്ട് വനിതാ മന്ത്രിമാരിലൊരാൾ. ഇരിട്ടി സ്വദേശിയും മട്ടന്നൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുകയും ചെയ്യുന്നു. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിലെ നേതൃത്വമികവ് ലോകശ്രദ്ധ പിടിച്ചുപറ്റി.[1] കേരളനിയമസഭാ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിലെ എറ്റവും ഉയർന്ന ഭൂരിപക്ഷത്തിനാണ് (60963 വോട്ട്) അവർ 2021-ൽ മട്ടന്നൂർ മണ്ഡലത്തിൽനിന്ന് വിജയിച്ചത്. [2]
ജീവിതരേഖ
ഇരിട്ടിക്കടുത്ത് മാടത്തി സ്വദേശി. 1956 നവംബർ 20ന് കെ. കുണ്ടന്റെയും കെ.കെ.ശാന്തയുടെയും മകളായി കണ്ണൂർ ജില്ലയിലെ മാടത്തിലാണ് കെ.കെ.ശൈലജ ജനിച്ചത്. മട്ടന്നൂർ കോളേജിൽ നിന്ന് ബിരുദവും വിശ്വേശരയ്യ കോളേജിൽ നിന്ന് 1980 ൽ ബിഎഡ് വിദ്യാഭ്യാസവും നേടി.[3] തുടർന്ന് ശിവപുരം ഹൈസ്‌കൂളിൽ ശാസ്ത്രാദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചു. ഭർത്താവ് കെ. ഭാസ്കരനും അദ്ധ്യാപകനായിരുന്നു. ശോഭിത്ത് (എൻജിനീയർ, ഗൾഫ്), ലസിത്ത് (എൻജിനീയർ, കിയാൽ).[4] മഹിളാ അസോസിയേഷന്റെ സ്ത്രീശബ്ദം മാസികയുടെ പത്രാധിപസ്ഥാനവും വഹിച്ചിട്ടുണ്ട്
ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും സി.പി.ഐ. (എം) സംസ്ഥാനകമ്മറ്റി അംഗവുമാണ് കെ.കെ. ഷൈലജ. ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. ഏഴ് വർഷത്തെ സർവീസ് ബാക്കി നിൽക്കെ മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തനത്തിനായി 2004ൽ സ്വയം വിരമിച്ചു.
രാഷ്ട്രീയത്തിൽ
മട്ടന്നൂർ പഴശ്ശിരാജ കോളേജിൽ വിദ്യാർത്ഥിയായിരിക്കെ എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ ശൈലജ പിന്നീട് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗമായി. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ച ശൈലജ മഹിളാ അസോസിയേഷന്റെ സ്ത്രീശബ്ദം മാസികയുടെ പത്രാധിപസ്ഥാനവും വഹിച്ചിട്ടുണ്ട്. പഴയ കൂത്തുപറമ്പ് മണ്ഡലത്തിൽ നിന്നും 1996ലും പേരാവൂർ മണ്ഡലത്തിൽ നിന്നും 2006ലും നിയമസഭാംഗമായി. മണ്ഡലം പുനർനിർണയത്തിനുശേഷം നിലവിൽവന്ന പേരാവൂർ മണ്ഡലത്തിൽനിന്ന് 2011ൽ പരാജയപ്പെട്ടു. കേരള നിയമസഭയിൽ 1996ൽ കൂത്തുപറമ്പിനേയും 2006ൽ പേരാവൂരിനേയും പ്രതിനിധീകരിച്ചു.[5] 2016ൽ കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് മണ്ഡലത്തിൽ 67,013 വോട്ട് നേടി 12,291 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് കെ.കെ. ഷൈലജ വിജയിച്ചത് [4] പിണറായി മന്ത്രിസഭയിൽ ആരോഗ്യം, സാമൂഹിക ക്ഷേമം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയായി. നിപ്പ വൈറസ് പ്രതിരോധ പ്രവർത്തനത്തിന്റെ പേരിൽ അന്തർദേശീയ ശ്രദ്ധ നേടി.[6][7] 2019 ൽ ഇറങ്ങിയ ആഷിക്ക് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തിൽ രേവതി കെ. കെ. ശൈലജ ആയി വേഷമിട്ടു.
കൊറോണ മഹാമാരി സമയത്തെ നേതൃത്വം
കേരളത്തിലെ കോവിഡ്-19 മഹാമാരി കൈകാര്യം ചെയ്യുന്നതിൽ കെ.കെ. ഷൈലജ ടീച്ചറുടെ നേതൃത്വത്തിന് അന്താരാഷ്ട്ര ശ്രദ്ധ ലഭിച്ചു.[8][9][10][11][12] 2020 ജൂൺ 23 ന് ഐക്യരാഷ്ട്രസഭ അവരെ ആദരിച്ചു.[13][14][15][16] കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെതിരെയുള്ള കേരളത്തിന്റെ പോരാട്ടത്തിൽ യുഎൻ പൊതുസേവന ദിനത്തിൽ സ്പീക്കറായി ടീച്ചറെ ക്ഷണിച്ചു. "കൊറോണ വൈറസ് കൊലയാളി", "റോക്ക് സ്റ്റാർ ആരോഗ്യമന്ത്രി" എന്നാണ് ഗാർഡിയൻ ടീച്ചറെ വിശേഷിപ്പിച്ചത്.[17][18] ഏഷ്യൻ വനിതാ കൊറോണ പോരാളികൾക്കായി ജംഗ് യുൻ-ക്യോങ് (ദക്ഷിണ കൊറിയ), സൺ ചുൻലാൻ (ചൈന), ചെൻ വെയ് (ചൈന), ലി ലഞ്ചുവാൻ (ചൈന), ഐ ഫെൻ (ചൈന), സി ലിങ്ക (ചൈന) എന്നിവരോടൊപ്പം ബിബിസി ന്യൂസിൽ ഇടംപിടിച്ചു.[19] കൊറോണ വാരിയർഷിപ്പിനായി വോഗ് മാസികയും ടീച്ചറെ തിരഞ്ഞെടുത്തു.[20] ബ്രിട്ടനിലെ പ്രോസ്‌പെക്ട് മാഗസിൻ 2020ലെ ലോകത്തെ മികച്ച ചിന്തകരുടെ ഗണത്തിൽ കെ.കെ. ഷൈലജയെ തിരഞ്ഞെടുത്തു.[21][22] ന്യൂസീലൻഡ് പ്രധാനമന്ത്രി ജസീന്താ അർഡേനെ പിന്തള്ളിയാണ് കോവിഡ് കാലത്ത് ചിന്തകളെ പ്രായോഗികതലത്തിൽ എത്തിച്ച മികച്ച 50 പേരിൽ നിന്ന് കെ. കെ. ശൈലജ ഒന്നാം സ്ഥാനത്തെത്തിയത്.[22][23][24] ആരോഗ്യരംഗത്തെ സംഭാവനകൾ പരിഗണിച്ച് 2021-ലെ സെന്റ്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റിയുടെ 'ഓപ്പൺ സൊസൈറ്റി പ്രൈസ്' എന്ന ബഹുമതിയും ഷൈലജ ടീച്ചർ നേടി. ഈ പുരസ്ക്കാരം നേടുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ വ്യക്തിയാണ് കെ.കെ. ഷൈലജ.[25][26]