കൊനിജെറ്റി റോസയ്യ (Telugu: కొణజేటి రోశయ్య) എന്ന കെ. റോസയ്യ(ജനനം: 1933 ജൂലൈ 04 - മരണം : 04 ഡിസംബർ 2021) തമിഴ്‌നാടിന്റെ മുൻ ഗവർണ്ണറും [4]ആന്ധ്രാപ്രദേശിന്റെ മുൻ മുഖ്യമന്ത്രിമാരിലൊരാളും[5]ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ) പാർട്ടിയുടെ സംസ്ഥാനത്തെ മുതിർന്ന നേതാവായിരുന്നു. പല മന്ത്രിസഭകളിലും അംഗമായിരുന്ന റോസയ്യ പ്രധാനമായും ധനകാര്യവകുപ്പിന്റെ ചുമതലയാണ് വഹിച്ചിരുന്നത്. മുഖ്യമന്ത്രിയായിരുന്ന ഡോ.വൈ.എസ് രാജശേഖരറെഡ്ഡിയുടെ അകാലനിര്യാണത്തെത്തുടർന്നു ഇദ്ദേഹം ആന്ധ്രാപ്രദേശിന്റെ പതിനഞ്ചാമത്തെ മുഖ്യമന്തിയായി 2009 സെപ്തംബർ 3 -ന് അധികാരം എറ്റെടുത്തു. തെലുങ്കാന പ്രക്ഷോഭകർക്ക് പുറമേ വൈ.എസ് രാജശേഖരറെഡ്ഡിയുടെ മകൻ ജഗൻമോഹന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്സിലെ തന്നെ വിമതവിഭാഗവും സുഗമമായ ഭരണം നടത്തുവാൻ അദ്ദേഹത്തിന് പലപ്പോഴും പ്രതിബന്ധം സൃഷ്ടിച്ചു. വിമതനീക്കങ്ങൾ ശക്തമാകുന്നതിനിടെ 2010 നവംബർ 24 ന് അപ്രതീക്ഷിതമായി മുഖ്യമന്തിസ്ഥാനം രാജി വെക്കുകയും തുടർന്നു നിയമസഭാ സ്പീക്കറായിരുന്ന നല്ലാരി കിരൺ കുമാർ റെഡ്ഡി മുഖ്യമന്തിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.[6] വാർധക്യസഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ 2021 ഡിസംബർ 4ന് അന്തരിച്ചു.
ജീവിതരേഖ
ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ 1933 ജൂലൈ 4 ന് ജനിച്ചു. വിദ്യാർത്ഥിയായിരിക്കുമ്പോഴെ രാഷ്ട്രീയത്തിലെത്തി. സ്വതന്ത്ര പാർട്ടി ലീഡർ എൻ.ജി.രംഗയാണ് രാഷ്ട്രീയ ഗുരു. 1956-ൽ കോൺഗ്രസ് പാർട്ടിയംഗമായ റോസയ്യ 1968-ൽ ആന്ധ്ര പ്രദേശ് നിയമസഭ കൗൺസിൽ അംഗമായതോടെയാണ് പാർലമെൻ്ററി ജീവിതമാരംഭിക്കുന്നത്.
പ്രധാന പദവികളിൽ
1968-1974, 1974-1980, 1980-1985, 2009-2011 : ആന്ധ്ര പ്രദേശ് നിയമസഭ കൗൺസിൽ അംഗം
1989-1994, 2004-2009 : ആന്ധ്ര പ്രദേശ് നിയമസഭാംഗം
1978, 1980 : പൊതുഗതാഗത വകുപ്പ് മന്ത്രി
1982 : ആഭ്യന്തര വകുപ്പ് മന്ത്രി
1990, 1992 : ധനകാര്യ, വൈദ്യുതി വകുപ്പ് മന്ത്രി
2004-2009 : ധനകാര്യ പ്ലാനിംഗ് വകുപ്പ് മന്ത്രി
1992-1993 : കോൺഗ്രസ് നിയമസഭ കക്ഷി നേതാവ്
1994-1996 : പ്രസിഡൻറ്, ആന്ധ്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എ.പി.സി.സി.)
1998-1999 : ലോക്സഭാംഗം
2009-2010 : ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി
2011-2016 : തമിഴ്നാട് ഗവർണർ
2014 : കർണ്ണാടക ഗവർണർ (അധിക ചുമതല)
2016 : സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു
മരണം
വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിൽ കഴിയവെ
2021 ഡിസംബർ 4ന്
88-മത്തെ വയസിൽ ഹൈദരാബാദിലെ ആശുപത്രിയിൽ വച്ച് അന്തരിച്ചു.[7]