കേരളത്തിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമാണ്, കെ. ദേവയാനി . കരിവെള്ളൂർ സമരനായകനായ എ വി കുഞ്ഞമ്പുവിന്റെ ജീവിതപങ്കാളികൂടിയായിരുന്നു ഇവർ. ചോരയും കണ്ണീരും നനഞ്ഞ വഴികൾ എന്ന ആത്മകഥ രചിച്ചിട്ടുണ്ടു്[1][2].
ആലപ്പുഴ ജില്ലയിലെ, പുന്നപ്രയിൽ പറവൂർ കന്നിട്ടയിൽ വീട്ടിൽ പാപ്പിയമ്മയുടേയും കെ.എസ്. ശങ്കരന്റേയും ഇളയമകളായാണ് ദേവയാനി ജനിച്ചത്. പരുത്തിക്കാട്ട് കുടിപ്പള്ളിക്കൂടത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. നാലു മുതൽ ഏഴു വരെ പുന്നപ്ര കരിഞ്ചീരയിൽ സ്കൂളിൽ വിദ്യാഭ്യാസം തുടർന്നു. എട്ടാം ക്ലാസ്സു മുതൽ പുന്നപ്ര ബി.ഇ.എം ഹൈസ്കൂളിലേക്കു മാറി. പുന്നപ്ര ഹൈസ്കൂളിലെ പഠനകാലത്തു് വി.എസ്.അച്യുതാനന്ദനും എം.കെ.സുകുമാരനും ദേവയാനിയുടെ സഹപാഠികളായിരുന്നു[2]. പഠനത്തേക്കാളധികം പൊതുപ്രവർത്തനങ്ങളോട് താൽപ്പര്യമുണ്ടായിരുന്ന ദേവയാനിക്ക്, ഒമ്പതാം ക്ലാസ്സിൽ വെച്ച് പഠനം നിർത്തേണ്ടി വന്നു. പ്രായപൂർത്തിയായ പെൺകുട്ടികൾ ഒറ്റക്ക് ഏറെ ദൂരം നടന്ന് പോകുന്നത് പൊതുവേ അന്നത്തെ മാതാപിതാക്കൾക്ക് താൽപര്യമുള്ള കാര്യമായിരുന്നില്ല.[3] പൊതു പ്രവർത്തനത്തിനിടെ പരിചയപ്പെട്ട, കൃഷ്ണൻ നായരെന്ന വ്യാജപ്പേരിൽ ആലപ്പുഴയിൽ മൊറാഴ കേസിനെത്തുടർന്നു ഒളിവിലിരുന്ന് പാർട്ടിപ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്ന, എ വി കുഞ്ഞമ്പുവിനെ കല്യാണം കഴിച്ചു. അതിന് ശേഷം കരിവെള്ളൂരിലായി താമസം. പ്രശസ്ത കവിയായ കരിവെള്ളൂർ മുരളിയടക്കം ആറു് മക്കളുണ്ടു്.
വാഗ്ഭടാനന്ദന്റെ നേതൃത്വത്തിലുള്ള ആത്മവിദ്യാസംഘത്തിന്റെ പ്രവർത്തനത്തിൽ ദേവയാനി സ്കൂൾ കാലഘട്ടം മുതൽക്കേ താൽപര്യം കാണിച്ചിരുന്നു. സംഘം നടത്തിയിരുന്ന സാമൂഹ്യപരിഷ്കരണപ്രവർത്തനങ്ങൾ വിദ്യാർത്ഥിയായിരുന്ന ദേവയാനിയെ വളരെയധികം സ്വാധീനിച്ചിരുന്നു. ചേച്ചിയുടെ ഭർത്താവായ അയ്യൻപിള്ളയുടെ പ്രോത്സാഹനവും വേണ്ടുവോളമുണ്ടായിരുന്നു, കൂടാതെ പഠനത്തിനു പോകാതെ വീട്ടിലിരിക്കുന്ന സമയമായതിനാൽ സംഘത്തിൽ ചേർന്നു പ്രവർത്തിക്കാൻ യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല.[4]വാഗ്ഭാടാനന്ദന്റെ ശിഷ്യനായ ആര്യഭടസ്വാമിയാണ് ദേവയാനിയെ അത്മവിദ്യാസംഘത്തിലേക്ക് നയിച്ചത്.
വാഗ്ഭടാനന്ദന്റെ ആത്മവിദ്യാ സംഘത്തിന്റെ മുഴുവൻ സമയപ്രവർത്തകനായിരുന്നു ദേവയാനിയുടെ ചേച്ചിയുടെ ഭർത്താവ് അയ്യൻപിള്ള . ചേട്ടന്റെ സ്വാധീനത്തിൽ ആത്മവിദ്യാ സംഘത്തിന്റെ മഹിളാവിഭാഗം പ്രവർത്തയായി രാഷ്ട്രീയപ്രവർത്തനം തുടങ്ങി. കുമാരനാശാന്റെ കവിതകൾ, മറ്റ് സ്ത്രീകൾക്ക് ചൊല്ലിക്കൊടുത്ത്, ജാതിരഹിത ചിന്താഗതി സമൂഹത്തിൽ വളർത്തിക്കൊണ്ട് വരാൻ ദേവയാനി ശ്രമിച്ചു. കുമാരനാശാന്റെ കവിതകളും ആത്മവിദ്യാ സംഘത്തിലെ പ്രവർത്തനപങ്കാളിത്തവും പൊതുപ്രവർത്തനത്തിനുള്ള വലിയ പ്രചോദനം നൽകി.
പതിനഞ്ചു വയസുള്ളപ്പോൾ ആർ. സുഗതൻ പങ്കെടുത്ത യോഗത്തിൽ വച്ച് അമ്പലപ്പുഴ താലൂക്ക് കയറുപിരിത്തൊഴിലാളി യൂണിയൻ എന്ന പേരിൽ സ്ത്രീകളുടെ ഒരു സംഘടന രൂപംകൊള്ളുകയും,ദേവയാനി അതിന്റെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു[5].അക്കാലത്തു്, കയറു പിരിയ്ക്കുന്ന സ്ത്രീത്തൊഴിലാളികൾ പാടത്ത് പണിയെടുക്കാനും പോയിരുന്നു. അവർക്ക് രാവിലെ എട്ടുമണി മുതൽ വൈകിട്ട് ആറുമണിവരെ വിശ്രമമില്ലാതെ പണി ചെയ്യേണ്ടിയിരുന്നു . ഇതിനെതിരായ പ്രതിഷേധത്തിനു് ദേവയാനി നേതൃത്വം കൊടുക്കുകയും, പിന്നീടതു് കളർകോട് പാടം പണിമുടക്കായി വളരുകയും ചെയ്തു. കൂലി അഞ്ച് അണ എന്നത് ആറ് "അണ" ആയി വർദ്ധിപ്പിക്കാനും ഉച്ചയ്ക്ക് അര മണിക്കൂർ വിശ്രമമനുവദിപ്പിക്കാനും ആ സമരംകൊണ്ടു കഴിഞ്ഞു. പ്രശ്നങ്ങൾക്ക് സംഘടിതമായ പ്രവർത്തനത്തിലൂടെ പരിഹാരം കണ്ടെത്താൻ കഴിയുമെന്നും സമരത്തിലൂടെ പാവപ്പെട്ടവന് അവകാശങ്ങൾ പിടിച്ചുപറ്റാനുവുമെന്നു്, ഈ സമരം ദേവയാനിയെ പഠിപ്പിച്ചു. ഇതു് അവർക്കു് പൊതു പ്രവർത്തനത്തിൽ വലിയ ആത്മവിശ്വാസം നൽകി. 1942 ൽ കോഴിക്കോട്ടു വെച്ചു നടന്ന സംസ്ഥാന മഹിളാ ക്യാമ്പിൽ മറ്റു വനിതാ നേതാക്കൾക്കൊപ്പം പങ്കെടുത്തു. തന്റെ രാഷ്ട്രീയ വിശ്വാസങ്ങളെ ദൃഢപ്പെടുത്തിയ ഒന്നായിരുന്നു ഈ ക്യാമ്പെന്നായിരുന്നു ദേവയാനി പിന്നീട് അഭിപ്രായപ്പെട്ടത്. ഈ പഠനക്യാമ്പിനു പോകും മുമ്പാണ് തന്റെ ഭാവി വരനായ കൃഷ്ണൻ നായർ എന്ന എ.വി.കുഞ്ഞമ്പുവിനെ ദേവയാനി പരിചയപ്പെടുന്നത്. അമ്പലപ്പുഴ താലൂക്കിൽനിന്ന് ചേർത്തലയിലേക്കും, എറണാകുളം, തൃശൂർ എന്നിവിടങ്ങളിലേക്കും ദേവയാനിയുടെ പൊതുപ്രവർത്തന പിന്നീടു് മേഖല വ്യാപിച്ചു. കൊല്ലത്ത് കശുവണ്ടിത്തൊഴിലാളി യോഗത്തിലും കോട്ടയത്ത് തിരുനക്കര മൈതാനത്തും അവർ പൊതുയോഗങ്ങളിൽ പങ്കെടുത്ത് പ്രസംഗിച്ചു.
പി. കൃഷ്ണപ്പിള്ളയുടെ സ്വാധീനം ഒരു അവരുടെ രാഷ്ട്രീയ കാഴ്ചപാടിനെ ഏറെ സ്വാധീനിച്ചിരുന്നു[6]. മനുഷ്യമനസ്സിന്റെ മോചനമാണ് കമ്മ്യൂണിസം എന്ന ബോധം ദേവയാനിയിൽ വളരാൻ അതു് സഹായിച്ചു. അതാണു് അവരെ ഒരു കമ്യൂണിസ്റ്റുകാരിയാക്കി മാറ്റിയതു്. ഈ സമയത്താണ് കൃഷ്ണൻനായർ ദേവയാനിയെ വിവാഹം ചെയ്യാൻ ആഗ്രഹം പ്രകടിപ്പിക്കുന്നത്. എന്നാൽ വിവാഹം മൂലം പൊതുപ്രവർത്തനത്തിനു തടസ്സമുണ്ടാകരുതെന്ന നിർദ്ദേശം, എ.വി. കുഞ്ഞമ്പു കല്യാണത്തിനു് മുമ്പേ മുന്നോട്ടു് വെച്ചു. 1943 ജൂൺ 23 ന് വളരെ രഹസ്യമായിട്ടായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. വിവാഹം കഴിഞ്ഞ ഉടൻ പോലീസിൽ നിന്നും രക്ഷപ്പെടാൻ എ വി കുഞ്ഞമ്പു മണലൂരിലേക്കു പോയി, ദേവയാനി കോഴിക്കോട്ടേക്കും. കോഴിക്കോട്ടെ കമ്യൂണിസ്റ്റ് നേതാക്കളുടെ "കമ്യൂൺ" ജീവിതകാലം, ദേവയാനിയെ ഏറെ സ്വാധീനിച്ചു.[7]
"എന്റെ കൈ വിറച്ചു തുടങ്ങിയിരിക്കുന്നു, ഓർമ്മയ്ക്ക് നേരിയ തോതിലെങ്കിലും മങ്ങലേറ്റിരിക്കുന്നു"
വടക്കേ മലബാറിൽ പോലീസുകാർ കമ്മ്യൂണിസ്റ്റുകാരെ അന്വേഷിച്ചു നടക്കുന്ന സമയം, കുഞ്ഞമ്പുവും, ദേവയാനിയും പരസ്പരം പിരിയേണ്ടിവന്നു. ഈ കാലഘട്ടം ദുരിതപൂർണ്ണമായിരുന്നു. നിറവയറുമായി ബോംബെയിലെ പാർട്ടി ആസ്ഥാനത്തേക്ക് യാത്രതിരിച്ചുവെങ്കിലും, കഠിനമായ ആലസ്യംമൂലം മദ്രാസിൽവെച്ച് യാത്ര അവസാനിപ്പിക്കേണ്ടിവന്നു[9]. കരിവെള്ളൂരിലേക്ക് വീണ്ടും കുഞ്ഞമ്പുവുമൊത്ത് പോയെങ്കിലും, അവിടെ1946 ഡിസംബർ 20നു നടന്ന കർഷക സമരത്തിൽ എ വി കുഞ്ഞമ്പുവിന് പോലീസിൽ നിന്നും ബയനറ്റു ചാർജ്ജു മൂലം മാരകമായ പരിക്ക് എൽക്കുകയുണ്ടായി. കുഞ്ഞമ്പു ജയിലിൽ കിടക്കുന്ന സമയത്ത് ദേവയാനിയെ സഹായിക്കുന്നവരെല്ലാം പോലീസിന്റെ നോട്ടപ്പുള്ളികളായി മാറി. ദേവയാനിയെ കാണുമ്പോൾ ആളുകൾ എല്ലാം ഒഴിഞ്ഞുമാറി തുടങ്ങി. നരകപൂർണ്ണമായ കാലം എന്നാണ് ദേവയാനി തന്നെ ഈ സമയത്തെക്കുറിച്ച് വിശേഷിപ്പിച്ചിരിക്കുന്നത്[10]. തന്റെ പിഞ്ചുകുഞ്ഞിനെ വീട്ടിൽ ഉറക്കികിടത്തിയിട്ടാണ് ദേവയാനി ജോലിക്കുപോയിരുന്നത്. കരിവെള്ളൂരിലെ പോലീസ് ഉപദ്രവം സഹിക്കാതെയായപ്പോൾ ദേവയാനി കുഞ്ഞിനേയുംകൊണ്ട് പുന്നപ്രയിലേക്ക് തിരികെപോന്നു. പക്ഷേ അവിടെവെച്ച് കടുത്ത രോഗം മൂലം ആ കുഞ്ഞ് മരണമടഞ്ഞു[11]. വർഷങ്ങൾക്കുശേഷം കുഞ്ഞമ്പുവുമൊന്നിച്ച് ദേവയാനി തികച്ചും ശാന്തമായ കരിവെള്ളൂരിലേക്ക് മടങ്ങിപോയി.
തൃശ്ശൂരിലെ സമത പുറത്തിറക്കിയ കെ.ദേവയാനിയുടെ 'ചോരയും കണ്ണീരും നനഞ്ഞ വഴികൾ ' എന്ന ആത്മകഥ അവരുടെ ധീരതയും, സഹനശേഷിയും പൊതുപ്രവർത്തനത്തിലനുഭവിക്കേണ്ടി വന്ന യാതനകളും തീക്ഷ്ണമായി വിവരിക്കുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കടന്നുപോയ മർദ്ദനങ്ങളുടേയും പോരാട്ടങ്ങളുടേയും ചരിത്രംകൂടി ഈ പുസ്തകം പകർന്നു നൽകുന്നുണ്ടു്.
{{cite news}}
|accessdate=
ദേവയാനിയുടെ ആത്മകഥ വി.എസ്.അച്യുതാനന്ദൻ പ്രകാശനം ചെയ്യുന്നു
കെ.ദേവയാനി - ആദ്യകാലജീവിതം
കെ.ദേവയാനി - ആത്മവിദ്യാസംഘം
കെ.ദേവയാനി - എ.വി.കുഞ്ഞമ്പുവുമായുള്ള വിവാഹം