കസേരകളികുട്ടികൾക്കും മുതിർന്നവർക്കും പ്രിയങ്കരമായ ഒരു വിനോദ മത്സരമാണ് കസേരകളി. ഈ വിനോദത്തിന് "മ്യൂസിക്കൽ ചെയർ' എന്നാണ് ഇംഗ്ലീഷിൽ പറയുക. സാധാരണയായി ആറുപേരാണ് ഈ കളിയിൽ പങ്കെടുക്കുക. വരിയായോ വൃത്തത്തിലോ അഞ്ചു കസേര സംവിധാനം ചെയ്‌തിരിക്കും. സമയം സൂചിപ്പിക്കാനായി തുടരെ മണിയടിക്കുകയോ ഏതെങ്കിലും സംഗീതോപകരണം പ്രവർത്തിപ്പിക്കുകയോ ചെയ്യുന്നു. ശബ്‌ദം ഉണ്ടാക്കുന്ന ആൾ കളിക്കാരെ ശ്രദ്ധിക്കരുതെന്നാണ് വ്യവസ്ഥ. ശബ്‌ദം ആരംഭിക്കുമ്പോൾ കളിയിൽ പങ്കെടുക്കുന്നവർ കസേരകൾക്കു ചുറ്റുമായി ധൃതിയിൽ നടന്നുതുടങ്ങുന്നു. മണിയൊച്ച പൊടുന്നനെ നിലയ്‌ക്കുമ്പോൾ കളിക്കാർ കറക്കം അവസാനിപ്പിച്ച് കസേരകളിൽ ഇരിക്കുന്നു. തൊട്ടു മുമ്പിൽ കാണുന്ന കസേരയിലാണ് ഓരോരുത്തരും ഇരിക്കേണ്ടത്. പുറകിലേക്കു തിരിഞ്ഞു കസേര കൈവശപ്പെടുത്തുന്നത് നിയമവിരുദ്ധമാണ്. കസേര കിട്ടാത്തയാൾ പുറത്തുപോകണം. ഒരു കസേര എടുത്തു മാറ്റിയശേഷം മത്സരം തുടരും. അങ്ങനെ ഓരോ കസേരയായി എടുത്തുമാറ്റി ഒരു കസേരയും രണ്ടു കളിക്കാരും അവശേഷിക്കുമ്പോഴാണ് മത്സരത്തിന്റെ അവസാനഘട്ടം. ശബ്‌ദം നിലയ്‌ക്കുമ്പോൾ അവസാനത്തെ കസേരയിൽ ഇരിക്കാൻ സന്ദർഭം ലഭിച്ച ആളെ വിജയിയായി പ്രഖ്യാപിക്കും. കസേരകളുടെ എണ്ണം കൂട്ടി ഈ മത്സരത്തിന്റെ ദൈർഘ്യം വർധിപ്പിക്കാവുന്നതാണ്. അവലംബം
|